ADVERTISEMENT

കീടങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയാൽ എന്തു ചെയ്യും? കീടനാശിനി തളിക്കും എന്ന ഒറ്റ മറുപടിയേ ലഭിക്കാനുള്ളൂ. നാളുകളായി നാം പിൻതുടരുന്നതും ഇതുതന്നെ. എന്നാൽ ഒരു കാലത്ത് ലക്കും ലഗാനുമില്ലാതെ കീടനാശിനി പ്രയോഗം നടത്തിയതിന്റെ അനന്തര ഫലം ഇന്നും നമ്മൾ അനുഭവിക്കുന്നു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിത മേഖലകൾ അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തിന്റെ അനന്തരഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. നെല്ല്, പച്ചക്കറികൾ, തോട്ടവിളകൾ തുടങ്ങിയവയിലെല്ലാം കർഷകരെ തളർത്തിക്കളയുന്നത് കീടങ്ങളും പുഴുക്കളും പരാദജീവികളുമൊക്കെയാണ്. പ്രകൃതിക്കിണങ്ങിയ കഷിയുടെയും ജൈവ കൃഷിയുടെയും വക്താക്കളും പ്രയോക്താക്കളും ആയി നാം മാറുമ്പോഴും കീടങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൽ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.

ഏതൊന്നിനും പ്രകൃതിയിൽ സന്തുലനം ഉണ്ട്. ഏതൊരു കീടം ഒരു സ്ഥലത്ത് വ്യാപിക്കുമ്പോഴും അവക്കെതിരെയുള്ള പ്രാണികളും അവിടെ ഉണ്ടാകാറുണ്ട്. ശത്രുകീടങ്ങളും അവയെ നിയന്ത്രിക്കുന്ന മിത്ര കീടങ്ങളും ഉണ്ടെന്ന് അർഥം. ഇത് മനസ്സിലാക്കാതെ ഒരു സ്ഥലത്ത് കീടനാശിനി പ്രയോഗിക്കുമ്പോൾ അവിടെയുള്ള മിത്ര കീടങ്ങളും മണ്ണിന് അവശ്യമുള്ള സൂക്ഷ്മ ജീവികളും നശിക്കുന്നു. അതിനാൽ പ്രകൃതിക്കിണങ്ങിയ രീതിയിൽ കീടശല്യം നിയന്ത്രിക്കാനുള്ള വഴികൾ സർക്കാർ തലത്തിൽ തന്നെ തേടാനുള്ള യത്നത്തിന്റെ ഭാഗമായാണ് ബയോ കൺട്രോൾ ലാബുകൾ പ്രവർത്തിക്കുന്നത്. ജൈവ കീടനിയന്ത്രണ മാർഗങ്ങൾ കണ്ടെത്തി ആവിഷ്കരിക്കുക എന്ന ലക്ഷ്യമാണ് ഇവയ്ക്കുള്ളത്. ഓരോ കീടത്തിനെതിരെയും പ്രവർത്തിക്കുന്ന സൂക്ഷ്മജീവികൾ, ഫംഗസുകൾ. എതിർ പ്രാണികൾ, കീടങ്ങളെയോ അവയുടെ മുട്ടകളെയോ ലാർവകളെയോ പുഴുക്കളെയോ ഒക്കെ തിന്നു തീർക്കുന്ന എതിർകീടങ്ങൾ തുടങ്ങിയവയെ ശാസ്തീയമായി കൃഷിയിടങ്ങളിൽ വ്യാപിപ്പിക്കുന്നതാണ് ഒരു രീതി.  രാസകീടരോഗനാശിനികളുടെ അമിതവും അശാസ്‌ത്രീയവുമായ ഉപയോഗം മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഹാനികരമായി മാറിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാൻ എതിർപ്രാണികളെയും അണുജീവികളെയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ജൈവീക കീടരോഗ നിയന്ത്രണ രീതികൾ ആവിഷ്കരിക്കുന്നത്.

നെൽകൃഷിയിലെ പ്രധാനകീടങ്ങളായ തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടി പുഴു എന്നിവയെ നിയന്ത്രിക്കാൻ എതിർപ്രാണികളെയും കുമ്പോട്ടം, പുള്ളിക്കുത്ത്, തണ്ടുണക്കം, തണ്ടഴുകൽ, ഓലകരിച്ചിൽ എന്നീ രോഗങ്ങളെ നിയന്ത്രിക്കാൻ സ്യൂഡോമോണസ് ഫ്ലൂറസെൻസ് എന്ന ബാക്‌ടീരയയെയും പ്രയോജനപ്പെടുത്താം.

സംയോജിത കീടനിയന്ത്രണത്തിന് പല ഘട്ടങ്ങളുണ്ട്. കൃഷിയിടത്തിലെ നിരന്തര നിരീക്ഷണം. ചെറിയ കൃഷികളാണെങ്കിൽ രാവിലെയും വൈകിട്ടും സൂക്ഷ്മമായി നോക്കിയാൽ ഒട്ടുമിക്ക കീടങ്ങളെയും പുഴുക്കളെയും കണ്ടെത്താനും പിടിച്ചെടുത്ത് നശിപ്പിക്കാനും കഴിയും. കീട പ്രതിരോധശേഷിയുള്ള വിത്തിനങ്ങൾ ഇന്ന് ലഭ്യമാണ്. പ്രകൃതിയിൽ നിന്നു തന്നെ കീടങ്ങളെ അകറ്റി നിർത്താനുള്ള വഴികൾ തേടുകയെന്നതാണ് മറ്റൊരു മാർഗം. വാഴത്തോട്ടങ്ങൾക്കിടയിൽ ചെണ്ടുമല്ലി ചെടികൾ നട്ടുവളർത്തുന്നത് ഒരു കെണി വിള എന്ന നിലയിലാണ്. നിമാ വിരകൾക്കെതിരെയുള്ള പ്രതിരോധ വഴിയായി ഇതിനെ സ്വീകരിക്കാറുണ്ട്. വിളകളുടെ മാറി മാറിയുള്ള പരീക്ഷണമാണ് മറ്റൊന്ന്. ക്രോപ് റൊട്ടേഷൻ എന്ന് ഇത് അറിയപ്പെടും. ധാന്യ കൃഷിക്ക് ശേഷം പയർ വർഗങ്ങൾ ക്യഷി ചെയ്യുന്ന പഴയ രീതിക്ക് ഇന്ന് ശാസ്ത്രീയ പിൻബലമുണ്ട്.

ഇത്തരം മാർഗങ്ങളെല്ലാം പരാജയപ്പെട്ടാൽ മാത്രമേ കീടനാശിനി പ്രയോഗം പാടുള്ളൂ എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇത് അനുസരിക്കുന്നവർ എത്രയുണ്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല.

അതേസമയം ശാസ്ത്രീയമായിത്തന്നെ കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാൻ കഴിയുന്ന ജൈവ നിയന്ത്രണങ്ങൾ ഇന്ന് ലഭ്യമാണ്. അത്തരം ചില ജൈവ നിയന്ത്രണങ്ങവെ പരിചയപ്പെടാം.

സ്യൂഡോമോണസ് ഫ്ലൂറസെൻസ്

തിളങ്ങുന്ന ബാക്ടീരിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ചലിക്കാനും ഇതിന് കഴിയും. ചെടിക്ക് ആവശ്യമായ പ്രതിരോധശേഷി കൂട്ടാനാണ് സ്യൂഡോമോണസ് ഫ്ലൂറസെൻസ് ഉപയോഗിക്കുന്നത്. അയണിന്റെ ശക്തി കൂടുതലായി നൽകുന്നു. മണ്ണിലൂടെ വേരിലെത്തി വേരു വഴിയാണ് ചെടികളിലെത്തുന്നത്. ചെടിയിലെ രോഗഹേതുവായ അണുക്കളെ നശിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. ഇലപ്പുള്ളി പോലുള്ള രോഗങ്ങൾക്ക് ഫലപ്രദമാണ്.നെൽക്കൃഷിയിലാണ് ഇത് കൂടുതലും ഉപയോഗിക്കുക. മിത്ര സ്യൂഡോമോണസ് എന്നും ഇതിന് പേരുണ്ട്. പൊടിരൂപത്തിലുള്ളത് ഒരു ഗ്രാം നെൽ വിത്തിന് 10 ഗ്രാം എന്ന രീതിയിലും ദ്രാവക രൂപത്തിലുള്ളത് 1 മില്ലിലീറ്റർ എന്ന രീതിയിലുമാണ് ഉപയോഗിക്കുന്നത്. നെൽവിത്തുകൾ ഈ ലായനിയിൽ മുക്കിയാൽ വിത്തിലൂടെയുള്ള രോഗാണുക്കളെ ചെറുക്കാം. ഞാറ് പറിച്ചു നടുന്നതിന് മുൻപും മുക്കിവയ്ക്കാം. അരമണിക്കൂർ ലായനിയിൽ മുങ്ങിക്കിടക്കണം. അല്ലെങ്കിൽ ഞാറ്റടിയിൽ ഞാർ പറിക്കുന്നതിന് മുൻപ് വെള്ളത്തിൽ കലർത്തി നിർത്തിയാലും മതി.

സ്യൂഡോമോണസ് ലിക്വിഡിന് ഒര വർഷം വരെ സൂക്ഷിപ്പുകാലം ഉണ്ട്. പൊടി രൂപത്തിലുള്ളത് 6 മുതൽ 12 മാസം വരെ ഉപയോഗിക്കാം. ബാക്ടീരിയ ആയതിനാൽ മറ്റു വളങ്ങളുമായി മിക്സ് ചെയ്യരുത്. പച്ചച്ചാണകവും കലർത്തരുത്. 

കൈറ്റിൻ സമ്പുഷ്ട സ്യൂഡോ മോണസ് 

രോഗങ്ങളെ അകറ്റി നിർത്തുകയെന്നതാണ് ഈ സ്യൂഡോമോണസിന്റെ ദൗത്യം. ജാതിക്കൃഷിയിലാണ് ഇത് ഏറെ ഫലപ്രദമായി പറയുന്നത്. ഇലകൊഴിച്ചിൽ, പൂവ്, കായ തുടങ്ങിയവ കൊഴിയുന്നത് തടയൽ എന്നിവയ്ക്ക് ഉപകരിക്കും. പച്ചക്കറി കൃഷിയിലും ഉപയോഗിക്കാം. ചാറ് ഊറ്റിക്കുടിക്കുന്ന പ്രാണികൾക്കെതിരെയും ഫലപ്രദമാണ്. രൂക്ഷഗന്ധമുള്ളതിനാൽ പ്രാണികൾ വരില്ല. പൊടിരൂപത്തിലാണ് ലഭിക്കുക.

ട്രൈക്കോഡർമ വിരിഡെ

ഇത് കുമിൾ രൂപത്തിലുള്ള ഒരു ബാക്ടീരിയയാണ്. ഇതിനെ അനുകൂല സാഹചര്യമൊരുക്കി വളർത്തണം. മണ്ണിലെ ശത്രുവായ കീടാണുക്കളെ നശിപ്പിക്കാൻ കഴിവുണ്ട്. പൊടി രൂപത്തിലാണ് ലഭിക്കുക. ചെടികളുടെ വേരിലാണ് വളരുക. അനുകൂല സാഹചര്യമുണ്ടെങ്കിൽ കൂടുതൽകാലം മണ്ണിൽ നിലനിൽക്കും. പച്ചക്കറികൾക്കും കിഴങ്ങ് ഇനങ്ങൾക്കും ഫലപ്രദം. ചീരയിലെ ഇലപ്പുള്ളി രോഗത്തിനും നെല്ലിന്റെ ഓലയിലെ രോഗങ്ങൾക്കും സ്പ്രേ ചെയ്തും കൊടുക്കാം. വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് അതിൽ കലർത്തി പാകപ്പെടുത്തിയ ശേഷമാണ് മണ്ണിൽ ഇട്ടു കൊടുക്കേണ്ടത്. ചാണകമിശ്രിതത്തിൽ ട്രൈക്കോഡർമ വളർന്നു കൊള്ളും.

സർക്കാർ നിയന്ത്രണത്തിലുള്ള ബയോ കൺട്രോൾ ലാബുകളാണ് ഇത്തരത്തിൽ പ്രകൃതി സൗഹൃദകീടനിയന്ത്രണ രീതികളിൽ ഗവേഷണങ്ങൾ നടത്തുന്നതും അവ കർഷകരിലെത്തിക്കുന്നതും. ഇന്ത്യയൊട്ടാകെ 28 ബയോ കൺട്രോൾ ലാബുകളുണ്ട്. കേരളത്തിൽ ഒരു ലാബ് മാത്രമേയുള്ളൂ. 

English summary: Beneficial Microbes for Agriculture 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com