ADVERTISEMENT

മണ്ണിൽനിന്നും ജൈവവളങ്ങളിൽനിന്നും കിട്ടുന്നതിലും കൂടുതലളവിൽ വേണ്ടിവരുന്ന മൂലകങ്ങൾ വളരെ പെട്ടെന്ന്  വിളകൾക്കു ലഭ്യമാക്കാനാണ് കൃത്രിമ വളങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. ഇവയാണ് രാസവളങ്ങൾ. മൂലകലഭ്യത കൂടുതൽ വേണ്ട വളർച്ചഘട്ടങ്ങളിൽ ചെടികൾക്കു പെട്ടെന്ന് വലിച്ചെടുക്കാൻ പറ്റിയ രൂപത്തിലുള്ളതാണ് എന്നതാണ് ഇവയുടെ മെച്ചം. 

വിളകളുടെ ചില വളർച്ചഘട്ടങ്ങളിൽ  ചില മൂലകങ്ങളുടെ ആവശ്യകത വളരെ കൂടുതലാണ്. അത്തരം മൂലകങ്ങൾ ചിലപ്പോൾ മണ്ണിൽ വേണ്ടത്ര അളവിൽ കാണണമെന്നില്ല. അവ കിട്ടാതിരിക്കുമ്പോൾ വിളകളുടെ വളർച്ച മുരടിക്കുകയും വിളവിനെ ബാധിക്കുകയും ചെയ്യും. ഈ പ്രതിസന്ധി പരിഹരിക്കാനാണ്  കൃഷിയിൽ രാസവളങ്ങൾ പ്രയോഗിച്ചു തുടങ്ങിയതും തുടര്‍ന്നു സർവസാധാരണമായതും. 

രാസവളങ്ങളെ  നാലായി തരംതിരിക്കാം. നേർവളങ്ങൾ, കൂട്ടുവളങ്ങൾ, കോംപ്ലക്സ് വളങ്ങൾ, പുതുതലമുറ വളങ്ങൾ. 

സസ്യവളർച്ചയിൽ ഏറ്റവും കൂടുതൽ അളവിൽ മണ്ണിൽനിന്നു കിട്ടേണ്ട മൂലകങ്ങൾ  നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്(എന്‍പികെ) എന്നിവയാണ്.  ഈ മൂലകങ്ങള്‍ നല്‍കുന്ന രാസവളങ്ങളാണ് ആദ്യ കാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നീ ദ്വിതീയ മൂലകങ്ങളും വളരെക്കുറഞ്ഞ അളവിൽ മാത്രം വേണ്ടിവരുന്നവയെങ്കിലും  കിട്ടാതെ വന്നാൽ വളർച്ചയിലും വിളവിലും കുറവുണ്ടാക്കുന്ന പത്തിലധികം സൂക്ഷ്മമൂലകങ്ങളുംവരെ പ്രത്യേകമായോ, കൂട്ടുസംയുക്തങ്ങളായോ ഉള്ള രാസവളങ്ങൾ ഇന്നു ലഭ്യമാണ്.

മൂലകങ്ങൾ ഏതെങ്കിലും ഒന്നു മാത്രം അടങ്ങിയ വളങ്ങളെയാണ് നേർവളങ്ങൾ എന്നു പറയുന്നത്. ഉദാഹരണമായി യൂറിയ വളം. ഇതിൽ നൈട്രജൻ അഥവാ പാക്യജനകം എന്ന മൂലകം മാത്രമേയുള്ളൂ. രാജ്ഫോസ്, മസൂറിഫോസ് എന്നീ പേരുകളില്‍  വിപണിയിൽ കിട്ടുന്ന വളത്തിൽ  ഫോസ്ഫറസ്  മൂലകം മാത്രമാണുള്ളത്. എംഒപി അഥവാ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന വളത്തിൽ പൊട്ടാഷ് മൂലകം മാത്രമേയുള്ളൂ. ഇവ നേർവളങ്ങൾ. 

വളത്തിന്റെ ഓരോ തരിയിലും രണ്ടോ അതിൽ കൂടുതലോ മൂലകങ്ങൾ  നിശ്ചിത അനുപാതത്തിൽ രാസപരമായി സന്നിവേശിപ്പിച്ച വളങ്ങളാണ് കോംപ്ലക്സ് വളങ്ങൾ. ഉദാഹരണമായി കൃഷിക്കാർക്കിടയിൽ ഏറെ പ്രചാരമുള്ള ഫാക്ടംഫോസ് കോപ്ലക്സ് വളമാണ്. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, സൾഫർ എന്നീ മൂന്നു മൂലകങ്ങൾ  ഓരോ തരിയിലും ഉണ്ടാവും.

നിശ്ചിത അനുപാതത്തിൽ ഒരു വിളയ്ക്കു വേണ്ട മൂലകങ്ങളെ പൊതുശുപാർശയുടെ അടിസ്ഥാനത്തിൽ ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേകമായി നേർവളങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കുന്നവയാണ് കൂട്ടു വളങ്ങൾ. കൂട്ടുവളങ്ങളിലെ ഓരോ തരിയും ഓരോ ഇനം നേർവളമായിരിക്കും. കോംപ്ലക്സ് വളങ്ങളിലെപ്പോലെ ഓരോ തരിയിലും നിശ്ചിത അനുപാതത്തിലുള്ള മൂലകങ്ങൾ കൂട്ടുവളത്തിൽ ഉ ണ്ടാവില്ല.  ഓരോ വിളയ്ക്കും വേണ്ടി പ്രത്യേകം കൂട്ടി യോജിപ്പിച്ച് അപ്പപ്പോൾ ഉണ്ടാക്കുന്ന ഈ  വളങ്ങൾ കാലവിളംബം കൂടാതെ ഉപയോഗിച്ചിരിക്കണം. കാരണം, പഴകുംതോറും ഇവയില്‍ മൂലകലഭ്യത കുറയാനിടയുണ്ട്.

ഇപ്പറഞ്ഞവയൊക്കെ മണ്ണിൽ ചേർക്കുന്ന വളങ്ങളാണ്. ഇവ പഴഞ്ചനായി മാറുകയാണിപ്പോൾ. കൃത്യതാകൃഷി അഥവാ പ്രിസിഷൻ ഫാമിങ് എന്ന പുത്തൻ കൃഷിസമ്പ്രദായത്തിൽ നനയ്ക്കൊപ്പം വളം നൽകുന്ന ഫെർട്ടിഗേഷൻ രീതിയാണുള്ളത്.  വേരുപടലങ്ങളിലേക്ക് നനയ്ക്കൊപ്പം അവശ്യ പോഷകമൂലകങ്ങളും കൃത്യമായ അളവിൽ കൃത്യമായ ഇടവേളകളിൽ പല തവണകളായി നൽകുന്നു. നനയ്ക്കുള്ള വെള്ളത്തിൽ ലയിപ്പിക്കുന്ന വളങ്ങളെ പുതുതലമുറ വളങ്ങൾ എന്നാണ് പറയുന്നത്.

സാമ്പ്രദായിക രാസവളങ്ങളെക്കാൾ കാര്യക്ഷമത പുതുതലമുറ വളങ്ങൾക്കുണ്ട്. സാധാരണ രാസവളങ്ങൾ മണ്ണിലിട്ടാൽ പരമാവധി 40 ശതമാനം മാത്രമേ സസ്യങ്ങൾക്കു വാസ്തവത്തിൽ പ്രയോജനപ്പെടുന്നുള്ളൂ. വെള്ളത്തിൽ അധികമായി കലർന്നും ചിലപ്പോൾ ലയിക്കാതെയും സംയുക്തമായും വായുവിൽ ലയിച്ചും പല രീതിയിൽ മൂലകങ്ങൾ നഷ്ടപ്പെടുന്നുണ്ട്. എന്നാൽ പുതുതലമുറ വളങ്ങൾ 70 ശതമാനത്തിലധികവും വിളകൾക്കു ലഭ്യമാകും. കുറഞ്ഞ അളവിൽ പല തവണകളായി വെള്ളത്തിലൂടെ നല്‍കുന്നതിനാൽ പരമാവധി മൂലകങ്ങളും വിളകൾക്കു ലഭ്യമാകും.

പുതുതലമുറ വളങ്ങൾ വേരുകളിൽക്കൂടി മാത്രമല്ല, പത്രപോഷണമായും നൽകാം. വളങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ മാത്രമായി തളിച്ചു നൽകുന്ന രീതിയാണ് പത്രപോഷണം.  സസ്യങ്ങളുടെ ഇലക ളി ൽ ‘സ്റ്റൊമാറ്റ’ എന്ന ചെറുസുഷിരങ്ങളുണ്ട്. ഇവയിലൂടെയാണ് സസ്യങ്ങൾ ശ്വസിക്കുന്നതും ബാഷ്പീക രണം നടത്തുന്നതും. ഈ അവയവത്തിലൂടെ സസ്യപോഷകങ്ങള്‍ സ്വീകരിക്കാനും  സസ്യങ്ങൾക്കു കഴിയും. ഈ കഴിവ് ഉപയോഗപ്പെടുത്തലാണ് പത്രപോഷണത്തിന്റെ അടിസ്ഥാനം.

പച്ചക്കറിക്കൃഷിയിലും മറ്റും വളരെ എളുപ്പത്തിൽ വളം നൽകുന്ന പത്രപോഷണം ഏറെ പ്രചാരത്തിലായിട്ടുണ്ട്. പച്ചക്കറിക്കൃഷിയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചു വരുന്ന പുതുതലമുറ വളങ്ങളാണ് 19:19:19,  13:0:45  എന്നിവ. വളരെക്കുറച്ചു മതിയാകും ഈ വളങ്ങൾ. പരമ്പരാഗത രാസവളങ്ങൾ ടൺ കണക്കിന്  ഉപയോഗിക്കേണ്ട സ്ഥാനത്ത് കിലോക്കണക്കില്‍ മതിയാകും പുതുതലമുറ രാസവളങ്ങൾ. ഇവ താരതമ്യേന പരിസ്ഥിതിസൗഹാർദപരമാണെന്ന മെച്ചവുമുണ്ട്. ഇവ വായുവിനെയോ, വെള്ളത്തെയോ, മണ്ണിനെയോ, വിളവിനെയോ മലിനപ്പെടുത്തുന്നില്ല. കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്.

ഏറ്റവും പുതിയ ‘നാനോ’ വളങ്ങളും  പ്രചാരത്തില്‍ വരുന്നുണ്ട്. നാനോ വളങ്ങൾ എന്നാൽ മൂലകങ്ങള്‍ അതിസൂക്ഷ്മ അളവിൽ, ഏറ്റവും കാര്യക്ഷമമായി, കൂടുതൽ  വേഗത്തിൽ,  മതിയായ അളവിൽ വിളകൾ ക്കു ലഭ്യമാക്കുന്നവയാണ്. ‘നാനോ വളങ്ങൾ’ മെട്രിക് കണക്കിൽ പറഞ്ഞാൽ ‘ഗ്രാം’ തൂക്കത്തിൽ നല്‍കിയാല്‍ മതിയാകും.  ഇവ നല്‍കിയാല്‍ വിളവേറുകയും ചെയ്യും. ഇറക്കുമതിയിലൂടെ ഇത്തരം വളങ്ങളും  നാട്ടില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഏതു തരം വളങ്ങളായാലും സസ്യങ്ങൾക്ക് ‘മൂലകങ്ങൾ’ ലഭ്യമാക്കലാണ് അവയുടെ ധര്‍മം. സസ്യങ്ങൾക്കു വേണ്ടതും  മൂലകങ്ങൾ മാത്രമാണ്. മണ്ണിലൂടെയോ വെള്ളത്തിലൂടെയോ വായുവിലൂടെയോ മൂലകങ്ങളെ മാത്രമാണ് സസ്യങ്ങൾ വളർച്ചയ്ക്കായി വലിച്ചെടുക്കുന്നത്. അവയ്ക്കു രാസവളങ്ങൾ എന്നോ ജൈവ വളങ്ങൾ എന്നോ  വേർതിരിവില്ല. വളങ്ങളിലെ മൂലകങ്ങള്‍ മാത്രമാണ് അവ പ്രയോജനപ്പെടുത്തുന്നത്.

English summary: The Importance Of Using Chemical Fertilizers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com