ADVERTISEMENT

പൊക്കവും തൂക്കവുമല്ല ജീവിതത്തിലെ ആനക്കാര്യം എന്നു തെളിയിച്ച ഒരപ്പനും അമ്മയും മകനുമുണ്ട് അങ്കമാലിക്ക് അടുത്തു കാലടിയിൽ. പടയാട്ടിൽ വീട്ടിൽ അഡ്വ. പോൾ വർഗീസും ഭാര്യ ലിസിയും മകൻ അഡ്വ. ഷെല്ലിയും ചേരുന്ന ചെറു കുടുംബം. ഇന്ത്യയിലെ പൊക്കം കുറഞ്ഞ വക്കീൽ എന്ന വിശേഷണത്തോടെ പ്രാക്ടീസ് തുടങ്ങിയ പോളിന് പൊക്കമില്ലായ്മയെക്കുറിച്ച്  വാദിച്ചും ചിന്തിച്ചും കളയാൻ നേരമില്ലായിരുന്നു. അപ്പന്റെ അതേ വഴിയിൽത്തന്നെ, ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മകൻ അഡ്വ. ഷെല്ലിയും. 

അപ്പനും മകനും കേസും കോടതിയുമായി നീങ്ങിയപ്പോൾ അമ്മ ലിസിയുടെ താൽപര്യം പുല്ലിലും പൂച്ചെടികളിലുമായിരുന്നു. പത്തു പതിനെട്ടു വർഷം മുൻപ് ഏതോ നഴ്സറിയിൽനിന്നു വാങ്ങി നട്ട അലങ്കാരപ്പുല്ലിനത്തോടായിരുന്നു ലിസിക്ക് കൂടുതൽ കമ്പം. കൊറിയൻ–മെക്സിക്കൻ ഗ്രാസിനങ്ങളും ബഫലോ ഗ്രാസുംപോലെ പുല്‍ത്തകിടിക്കു യോജിച്ച, പൊക്കം കുറഞ്ഞ ഇനം. ഒാരോ ചുവടിൽനിന്നും പൊട്ടിമുളയ്ക്കുന്ന പുതിയ പുൽക്കണകൾ അടർത്തി നട്ടുനട്ട് ക്രമേണ മുറ്റം നിറയെ പച്ച വിരിച്ചു ലിസി.

dwarf-mondo-grass
ഡ്വാർഫ് മോണ്ടോ ഗ്രാസ്

അമ്മയൊരുക്കിയ പുൽത്തകിടിയുടെ പച്ചപ്പും കുളിർമയും കണ്ടുവളർന്ന ഷെല്ലിക്ക് പുല്ലിനത്തിന്റെ പേരറിയാൻ തോന്നിയ കൗതുകം ഒരു സംരംഭത്തിന്റെ തുടക്കം കൂടിയായി. പുല്ലിന്റെ പേര് ഡ്വാർഫ് മോണ്ടോഗ്രാസ്. പൊക്കമില്ലായ്മയെ കൂസാതെ ജീവിക്കുന്ന കുടുംബത്തിന് കൂട്ടായി എത്തിയത് പൊക്കമില്ലായ്മകൊണ്ട് മനം കവരുന്ന പുല്ലിനം. അതിനാകട്ടെ, മികച്ച വിലയും വിപണിയും.

ഓൺലൈൻ വിപണികളിൽ ഒട്ടേറെ സംരംഭകർ വിൽപനയ്ക്കു വച്ചിരിക്കുന്ന പുല്ലിനം വീട്ടുവളപ്പിൽ വിപുലമായി കൃഷി ചെയ്യാൻ ആലോചന തുടങ്ങിയത് അങ്ങനെയെന്നു ഷെല്ലി. രണ്ടു വർഷം മുൻപ് കൃഷി തുടങ്ങിയതിനു പിന്നാലെ കോവിഡ് എത്തി. കോടതി പൂട്ടി വീട്ടിലിരുന്നതോടെ അപ്പനും മകനും അമ്മയ്ക്കൊപ്പം പുൽക്കൃഷിയിൽ സജീവമായി. ഡ്വാർഫ് മോണ്ടോഗ്രാസ് കൃഷിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചെറു വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വിപണിയും വിശാലമായെന്നു ഷെല്ലി. കോവിഡ് കാലയളവിൽ മാത്രം ഈ കുടുംബം ഡ്വാർഫ് മോണ്ടോഗ്രാസ് തൈകൾ വിറ്റത് 2 ലക്ഷത്തിലധികം രൂപയ്ക്ക്. 

adv-shelly

കൃഷി, വിപണി

നിലവിൽ 35 സെന്റ് വരുന്ന, ഫലവൃക്ഷസമൃദ്ധമായ പുരയിടത്തിൽ വീട് ഒഴിച്ച് ബാക്കി സ്ഥലം മുഴുവൻ ഡ്വാർഫ് മോണ്ടോഗ്രാസ് കൃഷിക്കായി നീക്കിവച്ചിരിക്കുന്നു. ഒഴിവുസമയമത്രയും എല്ലാവരും കൃഷിയിടത്തിൽ. മരങ്ങൾ മുറിച്ചു മാറ്റാതെ, ചോലയിലും കൃഷി ചെയ്യാം എന്നതാണ് ഡ്വാർഫ് മോണ്ടോഗ്രാസിന്റെ മെച്ചം. നല്ല തണലിലും നന്നായി വളരുന്ന ഇനമായതിനാൽ അതിനു മുകളിൽ പന്തലിട്ട് പച്ചക്കറിക്കൃഷി ചെയ്യാനും സൗകര്യമെന്നു ഷെല്ലി. 

നന്നായി കൊത്തിയിളക്കിയ മണ്ണിലാണ് കൃഷി. വേരോട്ടം വേഗത്തിലാകാൻ മണ്ണിൽ ചകിരിച്ചോർ കൂടി ചേർക്കും. വളർച്ചയ്ക്കു  പോഷകമായി, അടിവളമായും തുടർവളമായും ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും നൽകും. ഒരു ചതുരശ്രയടിയിൽ 16–18 കടകൾ എന്ന കണക്കി ലാണ് നടീൽ. നടുമ്പോൾ രണ്ട്–രണ്ടര ഇഞ്ച് അകലത്തിലായിരിക്കും ഓരോ കടകളെങ്കിലും ക്രമേണ വളർന്ന് പടർന്ന് ഇടതിങ്ങി മനോഹരമായ പുൽത്തകിടിയായി മാറും.  6–7 മാസമെത്തുന്നതോ ടെ ഓരോ ചുവടിലും 6–8 കണകൾ പൊട്ടി വളർന്നുവരും, അവ വേർപെടുത്തിയെടുത്ത്  വീണ്ടും നടീൽവസ്തുവാക്കാം.

ഓൺലൈൻ വഴി ഓർഡർ നൽകുന്നവർക്ക് കടയൊന്നിന് 5 രൂപ നിരക്കിലാണ് വിൽപനയെന്നു ഷെല്ലി. നഴ്സറികളും ആവശ്യക്കാര്‍. കോവിഡ് കാലത്ത് കോടതി പൂട്ടി വീട്ടിലിരുന്നപ്പോഴും വരുമാനത്തിന് മുട്ടില്ലാതിരിക്കാൻ കാരണം ഡ്വാർഫ് മോണ്ടോഗ്രാസെന്ന് ചിരിയോടെ പറയുന്നു പോളും ലിസിയും ഷെല്ലിയും.

ഫോൺ: 9400454176 Instagram: dwarf_greenhome

English summary: Dwarf Mondo Grass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com