ADVERTISEMENT

‘അലങ്കാരച്ചെടികളുമായുള്ള ഇത്രകാലത്തെ പരിചയത്തിനിടയിൽ ഇതുപോലൊരു അത്ഭുതച്ചെടി വേറെ കണ്ടിട്ടില്ല. വീടിനകത്തും വീട്ടുമുറ്റത്തും ഒരുപോലെ പരിപാലിക്കാവുന്ന ഇനം. മണ്ണിലും വെറും പച്ചവെള്ളത്തിലും പരാതികളില്ലാതെ വളരുന്ന ചെടി. മലയാളിക്കു പ്രിയപ്പെട്ട ഇൻഡോർ പ്ലാന്റുകളിൽ ഇന്നും മുൻപന്തിയിലുണ്ട് ലക്കി ബാംബു’, കോഴിക്കോട് തിരുവമ്പാടിയിലെ ഉദ്യാന സംരംഭകനായ മുട്ടത്തുകുന്നേൽ ബോണി പറയുന്നു.

കേരളത്തിലെ  മിക്ക വീടുകളിലും കാണാം ലക്കി ബാംബു. എന്നിട്ടും ഇപ്പോഴുമത് വിപണി നേടുന്നത് എങ്ങനെയാണ്? പാലും പാൽപ്പായസവും തമ്മിലുള്ള വ്യത്യാസമാണത്. പാലുണ്ടെങ്കിലും പാൽപ്പായസമുണ്ടാക്കി കഴിക്കൽ എളുപ്പമല്ല. പാചകമറിയണം, പണിയെടുക്കണം. അറിയാത്ത കാര്യങ്ങളിൽ വൈദഗ്ധ്യം നേടാൻ നേരവും അധ്വാനവും ചെലവിടണം. അതിലും നല്ലത് പാഴ്സൽ പാൽപ്പായസം തന്നെ. ഉദ്യാനച്ചെടികളുടെ കാര്യവും അങ്ങനെയാണ്. ഒരു ചെടിയെ ആകർഷകമായി വളർത്തിയെടുക്കാനും പരിപാലിക്കാനും ക്ഷമ വേണം, കരവിരുതു വേണം. അതിനു സമയമില്ലാത്തവർ സ്വാഭാവികമായും വിപണിയെത്തന്നെ ആശ്രയിക്കും. അതിസാധാരണ ചെടിയായ ലക്കി ബാംബു അസാധാരണ ജനപ്രീതിയോടെ വിപണിയിൽ വിലസുന്നതിന്റെ കാരണവും മറ്റൊന്നല്ല. 

കലയും കരവിരുതും കൈമുതലായ ബോണി ദീർഘകാലം ഫൊട്ടോഗ്രഫറായിരുന്നു. ഇടയ്ക്കതു വിട്ട് അലങ്കാരമത്സ്യക്കൃഷിയിലേക്കു തിരിഞ്ഞു. പനങ്ങാട് ഫിഷറീസ് കോളജുമായി ചേർന്ന് മിസ് കേരള ഇനത്തിന്റെ ബ്രീഡിങ് വിജയകരമായി ആദ്യം നടത്തിയ ഹാച്ചറി ബോണിയുടേതാണ്. അലങ്കാരമത്സ്യക്കൃഷി നിലനിർത്തിക്കൊണ്ടുതന്നെ ഏതാനും വർഷം മുൻപ് ബോണി ലക്കി ബാംബുവിലേക്കു തിരിഞ്ഞു. ഒരേക്കറിലധികം സ്ഥലത്ത് റബറിന് ഇടവിളയായി ലക്കി ബാംബു കൃഷി ചെയ്ത്,  മൂല്യവർധന വരുത്തി മികച്ച വരുമാനം നേടുന്നു ഇന്ന് ഈ കർഷകൻ. 

lucky-bamboo-2
ബോണിയുടെ മകൾ സോണൽ

അലങ്കാരച്ചെടിയിലും മൂല്യവർധന

ഒരേക്കറിൽ, മൂന്നിനങ്ങളിലായി ഏകദേശം ഇരുപതിനായിരം ലക്കി ബാംബു ചെടികളാണ് ബോണിയുടെ കൃഷിയിടത്തിലുള്ളത്. ഇരുണ്ട പച്ച, മഞ്ഞ, വേരിഗേറ്റഡ് എന്നീ മൂന്നിനങ്ങളും കാര്യമായ പരിപാലനമൊന്നുമില്ലാതെതന്നെ കരുത്തോടെ വളരുന്നു. അത്ര വേഗത്തിൽ വളരുന്ന ചെടിയല്ല ലക്കി ബാംബുവെന്ന് ബോണി. തണ്ട് ഒരു മീറ്റർ വളരാൻ ഒരു വർഷമെടുക്കും. മുറിച്ചെടുത്ത ഭാഗത്തുനിന്ന് പുതിയ മുളവരും. ചെടി മൂപ്പെത്തുന്നതോടെ ചുവട്ടിൽനിന്ന് കണകൾ പൊട്ടി വളരുകയും ചെയ്യും.  

നീളമുള്ള പട്ടികക്കഷണത്തിൽ പല ദിശകളിൽ ആണിയടിച്ച് ചെടിയോടു ചേർത്തു സ്ഥാപിച്ച് തണ്ടുകൾ ആണികൾക്കിടയിൽ വളച്ചു വച്ച് വളർത്തിയെടുക്കുന്ന ‘ഡാൻസിങ് ലക്കി ബാംബു’ ഉൾപ്പെടെ ലളിതമായ ഡിസൈനുകൾ മുൻപേ വിപണിയിലുണ്ട്. എന്നാൽ അതിനപ്പുറം സങ്കീർണമായ ഡിസൈനുകൾ ഒരുക്കാൻ നല്ല ക്ഷമയും വൈദഗ്ധ്യവും ആവശ്യമെന്ന് ബോണി. കമ്പികൊണ്ട് വിവിധ രൂപങ്ങളില്‍ ചട്ടമുണ്ടാക്കി  അതിനോടു ചേർത്തുകെട്ടി വളർത്തുന്നതുൾപ്പെടെ മനസ്സിൽ കാണുന്ന രൂപങ്ങളിലേക്കു മാറ്റി വളർത്താൻ ഒട്ടേറെ മാർഗങ്ങൾ അവലംബിക്കുന്നു ബോണി. തായ്‌ലൻഡിൽനിന്ന് ലോകമെമ്പാടും ലക്കി ബാംബു കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ബോണി. എന്നാൽ അവയൊക്കെയും പതിവു ഡിസൈനുകളിലാണ്. അവയെ  മറികടക്കുന്ന പുതുമകൾ സൃഷ്ടിക്കാൻ കഴിയുന്നതുകൊണ്ടുതന്നെ ബോണിയുടെ കരവിരുതിന് മികച്ച വിലയും വിപണിയും ലഭിക്കുന്നു. 

ഇന്നു ലഭിക്കുന്ന ഇൻഡോർ ചെടികളിൽ ഏറ്റവും മികച്ചത് എന്നാണ് ലക്കി ബാംബുവിനെക്കുറിച്ച് ബോണിയുടെ വിലയിരുത്തൽ. പൊതുവെ അകത്തളച്ചെടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്. ഇലച്ചാർത്തു കൂടിയ ചെടികളാകട്ടെ, പലപ്പോഴും പരിപാലനത്തിന്റെ കുറവുകൊണ്ട് ക്രമേണ അനാകർഷകമാകാറുമുണ്ട്. എന്നാൽ, ആരും പരിഗണിച്ചില്ലെങ്കിലും പരാതിയില്ലാതെ പച്ചവെള്ളം മാത്രം കുടിച്ചു വളരും ലക്കി ബാംബു. വളരെ കുറഞ്ഞ സ്ഥലത്ത്, ഇലകോതി നിർത്തി ആകർഷകമായി പരിപാലിക്കാനുമാവും. 

ഇൻഡോർ ചെടികൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ വരുമാന ഭാഗ്യം നൽകുന്ന ചെടിയായി ലക്കി ബാംബു തുടരുമെന്ന് ബോണി ഉറച്ചു വിശ്വസിക്കുന്നു. ഭാര്യ സിൽവിയും വിദ്യാർഥികളായ മക്കൾ സെനിത്തും സോണലും ബോണിക്കൊപ്പം ലക്കിബാംബുവിന്റെ കൃഷിയിലും മൂല്യവർധനയിലും സജീവം. 

ഫോൺ: 9605501232

English summary: Art with lucky bamboo plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com