പൂച്ചെടികൾപോലെ സുന്ദരം, കാഴ്ചവസന്തമൊരുക്കി അഭിലാഷിന്റെ പൂച്ചട്ടികൾ

garden-pots
അഭിലാഷ് ഭാര്യ നിമിഷയ്ക്കും മക്കൾക്കുമൊപ്പം
SHARE

വിദേശത്ത് ഓട്ടോമൊബൈൽ എൻജിനീയറിങ് മേഖലയിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്തിരുന്ന കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി അഭിലാഷ് ജോലി വിട്ട് നാട്ടിൽ പൂച്ചട്ടി നിർമാണത്തിന്റെ തിരക്കിലാണിപ്പോൾ. 13 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ മടങ്ങിയെത്തി പഠിച്ച മേഖലയിൽ ത്തന്നെ ജോലിയില്‍ ചേരാന്‍ കാത്തിരിക്കുമ്പോഴാണ് കോവിഡ് കാലം തുടങ്ങുന്നത്. ലോക്ഡൗണിൽ നേരമ്പോക്കിനു തുടങ്ങിയ പൂച്ചട്ടിനിർമാണം സംരംഭമായി വളർന്ന് കമ്പനി രൂപീകരണത്തിലെത്തി നിൽക്കുന്നു ഇപ്പോൾ. 

‘ലോക്ഡൗണിൽ വിരസമായി വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ സുഹൃത്തും മാർഗദർശിയുമായ സന്ദീപ് മാഷാണ് വിനോദമെന്ന നിലയിൽ പൂച്ചട്ടിനിർമാണം പരിചയപ്പെടുത്തുന്നത്. വീട്ടിലെ ഉദ്യാനത്തിലേക്ക് സ്വന്തം നിലയിൽ എളുപ്പത്തിൽ പൂച്ചട്ടി നിർമിക്കാനുള്ള മോൾഡും നൽകി. ഒന്നുരണ്ടെണ്ണം നിർമിച്ചപ്പോൾ സംഗതി ഇഷ്ടപ്പെട്ടു. പിന്നാലെ, പതിവു ഡിസൈൻ വിട്ട് പുതുമകൾ പരീക്ഷിച്ചാലോ എന്നായി. അങ്ങനെ നിർമിച്ച പുതുമകൾ ഇഷ്ടപ്പെട്ടവർ വാങ്ങാൻ താൽപര്യം കാണിച്ചു. ഇപ്പോളതൊരു സംരംഭമായി വളർന്നു’, സന്ദീപിന്റെ വാക്കുകൾ. 

pots-1

സിമന്റുചട്ടികളുടെ സ്ഥിരം രൂപഘടന കണ്ട് മടുത്തവർക്ക് കലയും കരവിരുതും ചേരുന്ന ഈ പൂച്ചട്ടികൾ കൗതുകമായെന്ന് അഭിലാഷ്. പഴയ പ്ലാസ്റ്റിക് ബക്കറ്റിൽ കുഴച്ച മണ്ണു നിറച്ച ശേഷം കമഴ്ത്തിവച്ച് ബക്കറ്റ് ഊരിയെടുത്ത്, ഈ മൺകട്ടയിൽ സിമന്റും മണലും ചേർന്ന പരുക്കൻ പാളികളായി തേച്ചു പിടിപ്പിച്ചാണ് വേറിട്ട ഡിസൈനുകളില്‍ പൂച്ചട്ടിനിർമാണം. സിമന്റ് ഉറയ്ക്കുന്നതോടെ അകത്തെ മണ്ണു നീക്കി 4–5 ദിവസം വെള്ളത്തിലിട്ട് ചട്ടി ഉറപ്പുള്ളതാക്കി മാറ്റുന്നു. അടുത്ത ഘട്ടം പെയ്ന്റിങ്ങാണ്. മനോഹരമായ നിറങ്ങൾ നൽകി പൂച്ചട്ടികൾ ആകർഷകമാക്കാൻ ഭാര്യ നിമിഷയും ഒപ്പം കൂടും. 

pots-3

പൂച്ചെടിയായാലും ഇലച്ചെടിയായാലും അതിന്റെ അഴകു വർധിപ്പിക്കുന്നതിൽ പൂച്ചട്ടികൾക്കുമുണ്ട് പങ്ക്. വിശേഷിച്ചും ഇൻഡോർ ഗാർഡനിങ്ങിൽ. അതുകൊണ്ടുതന്നെ ഉദ്യാനച്ചെടികൾക്കൊപ്പം ഡിമാൻഡുള്ള ഉൽപന്നമായി പൂച്ചട്ടികളും മാറിയിട്ടുണ്ട്. ചൈനയിൽനിന്ന് വൻതോതിൽ ഇറക്കുമതിയും നടക്കുന്നു. അതേസമയം, സ്ഥിരം സിമന്റുചട്ടികളിൽനിന്നു മാറി പുതുമകൾ തേടുന്നവരുടെ എണ്ണവും വർധിച്ചു വരുന്നു. അഭിലാഷിന്റെ പൂച്ചട്ടികൾ ശ്രദ്ധ നേടുന്നതിന്റെ കാരണവും അതുതന്നെ. 

ഫോൺ: 9656485256

English summary: New designer garden pots

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA