ADVERTISEMENT

കൃഷിയിൽ പലരും പലപ്പോഴും തോറ്റുപോകുന്നത് കീട–രോഗ നിയന്ത്രണത്തിലാണ്. കൃഷി തുടങ്ങിയ കാലം മുതൽ കീട, രോഗബാധയുണ്ട്. പണ്ടൊക്കെ പ്രകൃതിയില്‍ ഇവയുടെ  സ്വാഭാവിക നിയന്ത്രണം ശക്തമായിരു ന്നു. ഒരു കീടം മറ്റൊന്നിനെ തിന്നൊടുക്കുന്ന ജൈവ ഭക്ഷ്യശൃംഖലയാണ് പ്രകൃതിയുടെ സ്വാഭാവിക രീതി. അതുപ്രകാരം കീട, രോഗബാധയുടെ നിരക്ക് പരിധി വിടുമായിരുന്നില്ല. പ്രകൃതിയിലെ ഭക്ഷ്യശൃംഖലയിലെ കണ്ണികൾ ചിലതൊക്കെ നഷ്ടപ്പെടുകയോ എണ്ണത്തിൽ കുറയുകയോ ചെയ്തതാണ് ഇപ്പോൾ കൃഷിയിൽ രോഗ, കീടശല്യം രൂക്ഷമാകാൻ കാരണം. 

സ്വാഭാവിക ശത്രുക്കളില്ലാതാവുമ്പോൾ  ഓരോ ജീവിയും പെരുകും.  അങ്ങനെയുണ്ടാവുന്നതാണ് വെട്ടുക്കിളിശല്യവും പട്ടാളപ്പുഴു ആക്രമണങ്ങളും മറ്റും. കാലാവസ്ഥാവ്യതിയാനവും അതിവൃഷ്ടിയും അനാവൃഷ്ടി യും തീവ്രകൃഷി സമ്പ്രദായങ്ങളും കാലം തെറ്റിയുള്ള കൃഷിയുമൊക്കെയാണ് ഈ വിപത്തിനു കാരണം.

പ്രകൃതിയെ ഹനിക്കാതെ, വിളകളെ  മലിനപ്പെടുത്താതെ, രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാൻ പല മാർഗങ്ങളുണ്ട്.

വിത്തുഗുണം

ഏതു വിളയുടെയും രോഗ,കീട പ്രതിരോധശക്തിയുള്ള ഇനങ്ങൾ ലഭ്യമാണ്. നെല്ലിലെ പോളരോഗങ്ങളെയും തണ്ടുതുരപ്പനെയും ഇലചുരുട്ടികളെയും ഒരേപോലെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങളുണ്ട്. വാട്ടരോഗങ്ങളെ ചെറുക്കുന്ന തക്കാളിയിനങ്ങളുണ്ട്. ഈയിനങ്ങളുടെ മികച്ച വിത്ത്/നടീൽ വസ്തുക്കൾ തിരഞ്ഞെടുത്തു കൃഷിയിറക്കിയാൽ കീട, രോഗബാധകൾ ഒരു പരിധിവരെ ചെറുക്കാം.

വിത്ത്/നടീൽ വസ്തുക്കളിലൂടെ രോഗ, കീടബാധ അടുത്ത തലമുറയിലേക്കും പകരാം.  അതിനാൽ രോഗ,കീടബാധകളില്ലാത്ത മാതൃവിളയിൽനിന്നു വിത്ത്/നടീൽ വസ്തുക്കൾ ശേഖരിച്ചു കൃഷി ചെയ്യാൻ ശ്രദ്ധിക്കണം.

വിത്തുകളും മറ്റു നടീൽവസ്തുക്കളും രോഗ–കീട മുക്തമാക്കാനുള്ള  ഉപചാരക്രിയകൾ നടത്തിയശേഷം നടുന്നതും പ്രധാനം. ഉദാഹരണത്തിനു വിത്തുകൾ സ്യൂഡോമൊണാസിൽ കുതിർത്തു നടുക. വാഴവിത്തുകൾ ചാണകക്കുഴമ്പിൽ മുക്കി വെയിലിൽ ഉണക്കുകയോ, ചൂടുവെള്ളത്തിൽ മുക്കി നടുകയോ ചെയ്യുക.

കൃഷിരീതിയും കാലവും

കാലമനുസരിച്ചുള്ള കൃഷി കൃത്യമായും പിന്തുടരുക. പല രോഗങ്ങളും കീടങ്ങളും പൊട്ടിപ്പുറപ്പെടുന്നത് കൃത്യമായ ഇടവേളകളിലാണ്. ഈ ഇടവേള നോക്കി കൃഷി ചെയ്താൽതന്നെ രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാനാവും. കൃഷിയിൽ വിളപരിക്രമം പാലിക്കുക പ്രധാനം. അതായത്, തുടർച്ചയായി ഒരേ സ്ഥലത്ത് ഒരേ വിള കൃഷി ചെയ്യരുത്. അങ്ങനെ വരുമ്പോൾ ആ വിളകളെ ബാധിക്കാവുന്ന കീടങ്ങളുടെയും രോഗാണുക്കളുടെയും സാന്ദ്രത കൂടി വരും. അതിനാൽ വാഴയ്ക്കുശേഷം ചേനയോ, ചേമ്പോ, മരച്ചീനിയോ കൃഷിചെയ്യാം. നെല്ലിനു ശേഷം പയറോ, എള്ളോ ചെയ്യുക. വെള്ളരി വിളകൾക്കു ശേഷം പയർ ആകാം. പയറിനുശേഷം ആ പന്തൽ കോവലിന് ഉപയോഗിക്കാം. വഴുതനയ്ക്കു ശേഷം വെണ്ടയാകാം. ഇതിനെയാണ് വിള പരിക്രമം എന്നു പറയുന്നത്.

അധികതോതിലുള്ള  നനയും വളം, കീടനാശിനിപ്രയോഗവും രോഗ, കീടങ്ങളെ ക്ഷണിച്ചുവരുത്തും. കൃഷിയിടങ്ങൾ ആഴത്തിൽ കിളച്ചിളക്കി വെയിൽ കൊള്ളിക്കുന്നത് മികച്ച രീതിയാണ്. കിളച്ചുമറിച്ച മണ്ണിലുള്ള കീടങ്ങളുടെ മുട്ടകളും രോഗാണുക്കളും വെയിലിൽ നശിച്ചു പോകും. വയലാണെങ്കിൽ വെള്ളം വറ്റിച്ചു വെയിൽ കൊള്ളിക്കാം. ഇത്തരം താപീകരണം മികച്ച കീട, രോഗ നിയന്ത്രണമാർഗമാണ്. കഴിഞ്ഞ കൃഷിയിലെ അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യുകയും കളകളെ നശിപ്പിക്കുകയും വേണം. വിളകൾ വേണ്ടത്ര ഇടയകലത്തിൽ നടുക, തെങ്ങായാലും പച്ചക്കറിയായാലും വാഴയായാലും പരസ്പരം കൂട്ടിമുട്ടാത്ത അകലം നൽകുക, രോഗ–കീടങ്ങളുടെ പെട്ടെന്നുള്ള സംക്രമണം തടയാൻ ഇതു വഴിവയ്ക്കും.

നിയന്ത്രണരീതികൾ

വിളകളിലെ കീടങ്ങളെയും പുഴുക്കളെയും മുട്ടകളെയും കൈകൊണ്ടു നശിപ്പിക്കുന്നത് അടുക്കളത്തോട്ടത്തിലും തെങ്ങിലെ ചെല്ലിക്കുമെതിരെ ഫലപ്രദമാണ്. രോഗം വന്ന ചെടികൾ അപ്പപ്പോൾ പിഴുതു നശിപ്പിക്കുന്നതും കൊള്ളാം. 

കെണിവയ്ക്കലും  കീടനിയന്ത്രണത്തിനു നന്ന്. എലിക്കെണി, പച്ചക്കറിത്തോട്ടത്തിൽ ചിരട്ടക്കെണി, നെല്ലിൽ തെങ്ങിൻമടൽ കുത്തിനിർത്തൽ (പക്ഷികൾ അതിലേക്കു പറന്നിറങ്ങി കീടങ്ങളെ തിന്നുനശിപ്പിക്കും) എന്നിവ പരമ്പരാഗത രീതികളാണ്. പച്ചക്കറികളിൽ മഞ്ഞക്കെണി, നീലക്കെണി എന്നിവ ഏറെ ഫലപ്രദം.

വെളിച്ചക്കെണി

നെല്ലിനും പച്ചക്കറികൾക്കും ഫലപ്രദം. നെല്ല് കതിരിടുന്ന കാലത്തെ പരമ്പരാഗതാചാരമായ ചൂട്ടുകറ്റ കത്തിക്കൽ വിളക്കുകെണിയുടെ പ്രാഗ്‌രൂപമാണ്. വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്ന ചാഴികൾ വെന്തു ചാവുമെന്നതാണ് ചൂട്ടുകറ്റ കത്തിക്കലിന്റെ ശാസ്ത്രീയ വശം. ഇതേപോലെ വെളിച്ചക്കെണിയിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ വെളിച്ചത്തിനു താഴെ വയ്ക്കുന്ന വെള്ളത്തിൽ വീണു നശിച്ചുപോകും.

ആധുനിക ഫിറമോൺകെണികളും ഇന്നു സാധാരണമാണ്. ഇണയെ ആകർഷിക്കുന്ന ലൈംഗിക ഹോർമോണാണ് ഇത്തരം കെണികളിൽ ഉപയോഗിക്കുന്നത്. ഹോർമോണുകളാൽ ആകർഷിക്കപ്പെടുന്ന കീടങ്ങൾ അതിനു ചുവട്ടിലുള്ള വിഷത്തിൽ/കെണിയിൽ കുടുങ്ങി നശിക്കുന്നു. തെങ്ങിലെ ചെല്ലികൾക്കെതിരെയും മാവിലെ പുഴുവിനെതിരെയും പച്ചക്കറികളിലെ കായീച്ചകൾക്കെതിരെയും ഫിറമോൺകെണികൾ ഇപ്പോൾ ലഭ്യമാണ്.

തെങ്ങിൽ ഉടക്കുവല ഒരുക്കിയും പടവലത്തിനും പാവലിനും കവറിട്ടും കീടങ്ങളിൽനിന്നു രക്ഷപ്പെടുത്താം.

ബയോ എൻജിനീയറിങ്

കെണിവിളകൾ  നട്ടുവളർത്തുന്നതാണ് മറ്റൊരു രീതി. മരച്ചീനിക്കിടയിൽ മഞ്ഞൾ നട്ടാൽ മരച്ചീനിയെ എലി‌കളിൽനിന്നു സംരക്ഷിക്കാം. കൂവയ്ക്കു ചുറ്റും പാൽച്ചേമ്പ്/വെട്ടുചേമ്പ് നട്ടാൽ എലികൾ അവ തിന്നിട്ടു മടങ്ങിപ്പോകും.

പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാൻ തോട്ടത്തിനു ചുറ്റും ഇടയ്ക്കും മഞ്ഞപ്പൂക്കളുള്ള ബന്ദിയോ, ചെണ്ടുമല്ലിയോ, ആന്തൂറിയമോ, തുളസിയോ കെണിവിളയായി നട്ടുകൊടുക്കാം. കമ്യൂണിസ്റ്റ് പച്ചയുടെ സാമീപ്യം വാഴക്കൃഷിയിലെ നിമവിരബാധ കുറയ്ക്കും. 

പ്രകൃതിയിലെ കർഷകമിത്രങ്ങൾ

രോഗ, കീടങ്ങളിൽനിന്നു കൃഷിയെ സംരക്ഷിക്കുന്ന ഒട്ടേറെ കർഷകമിത്രങ്ങൾ നമുക്കു ചുറ്റുമുണ്ട്. മരച്ചീനിത്തോട്ടത്തിലെ എലികളെ തിന്നാൻ ചേരപ്പാമ്പുകളുണ്ട്. വയലിലെ കീടങ്ങളെ തിന്നാൻ ചെറുകിളികൾ ധാരാളം. പച്ചക്കറികളിലെയും നെല്ലിലെയും കീടങ്ങളെ തിന്നൊടുക്കുന്ന ചിലന്തികളും തുമ്പികളും പുൽച്ചാടികളും വണ്ടുകളും കര്‍ഷകമിത്രങ്ങളായി കൃഷിയിടങ്ങളിലുണ്ട്. വിവേകരഹിതമായ വിഷപ്രയോഗത്താൽ ആദ്യം നശിച്ചുപോകുന്നത് ഇത്തരം കർഷകമിത്രങ്ങൾ തന്നെയാണെന്ന് ഓർമ വേണം. കൃഷിയിലെ ശത്രുകീടങ്ങളെ തിന്നൊടുക്കുന്ന മിത്രകീട പരാദങ്ങളെ കൃത്രിമമായി ഉൽപാദിപ്പിച്ച് കൃഷിയിടത്തിൽ വിടുന്ന രീതിയുമുണ്ട്.   

തെങ്ങോലപ്പുഴുക്കളെ നിയന്ത്രിക്കാൻ അവയെ നശിപ്പിക്കുന്ന നെഫാന്റിസ് വിഭാഗത്തിൽപെട്ട മിത്രപ്രാണികളെ കൃത്രിമമായി വിരിയിച്ച് തെങ്ങിൻതോപ്പിൽ തുറന്നുവിട്ടാൽ മതി. നെല്ലിലെ തണ്ടുതുരപ്പനെ നശിപ്പിക്കാൻ ട്രൈക്കോഗ്രാമ ജപ്പോണിക്കം, ഇലചുരുട്ടിയെ നശിപ്പിക്കാൻ ട്രൈക്കോഗ്രാമ ചിലോണിക്കം എന്നീ ചെറുപ്രാണികളുടെ മുട്ടക്കാർഡുകൾ നെൽവയലിൽ വിന്യസിച്ചാൽ അവ വിരിഞ്ഞ് കീടങ്ങളെ ആക്രമിച്ചു നശിപ്പിക്കും. വാഴയിലെ പിണ്ടിപ്പുഴുവിനെതിരെ ‘കഡാവർ’ പ്രയോഗിക്കാം. ചത്ത മെഴുകുപുഴുക്കളിൽ സന്നിവേശിപ്പിച്ച മിത്ര അണുജീവികൾ വാഴയ്ക്കുള്ളിലെത്തി പിണ്ടിപ്പുഴുക്കളെ കൊന്നൊടുക്കുന്നു. മിത്ര പരാദങ്ങളെ ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്നതിന് കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനുകളുണ്ട്.

നെല്ലിലും മറ്റും കീടാധിക്യമുള്ളപ്പോൾ വയലിൽനിന്നു കീടങ്ങളെ വലവീശിപ്പിടിച്ച് അവയെ തരംതിരിച്ച് ഉപദ്ര വകാരികളെയും ഉപകാരികളെയും തിട്ടപ്പെടുത്തുന്ന വയൽപഠന വിദ്യാലയം (ഫാം ഫീൽഡ് സ്കൂൾ) കൃഷിഭ വൻ വഴി നടത്താറുണ്ട്. ഉപകാരികളുടെ എണ്ണവും തോതും ഉപദ്രവകാരികളെക്കാൾ കൂടുതലെന്നു കണ്ടാൽ പിന്നെ കീടനാശിനിപ്രയോഗം ആവശ്യമില്ല.

ശാസ്ത്രീയ മണ്ണുപരിശോധന നടത്തി അമ്ലത തിട്ടപ്പെടുത്തി അതുപ്രകാരം മണ്ണിൽ കുമ്മായം ചേർക്കുന്നതായാൽ പല ബാക്ടീരിയ, കുമിൾരോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാനാവും. കീട, രോഗങ്ങളെ ചെറുക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്. ബാക്ടീരിയ, കുമിൾ, നിമറ്റോഡുകൾ എന്നിവ ഇക്കൂട്ടത്തിൽപെടും. സ്യൂ ഡോമോണാസും ട്രൈക്കോഡെർമയും ഇ.എം. ലായനി, പി.ജി.പി.ആർ–1 എന്നിവയുമൊക്കെ ബാക്ടീരിയ, കുമിൾ രോഗങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിച്ചുവരുന്ന സൂക്ഷ്മാണുക്കളാണ്. ഇവയുടെ കൾച്ചർ വിപണിയിൽ ലഭ്യമാണ്.

ബാസിലസ് തുറിഞ്ചൻസ് എന്ന ബാക്ടീരിയ കൾച്ചർ ഉപയോഗിച്ചു തണ്ടുതുരപ്പൻ, കായ്തുരപ്പൻ, ശലഭപ്പുഴുക്കൾ എന്നിവയെ ഇല്ലാതാക്കാം. ബിവേറിയ ബാസിയാന എന്ന കുമിൾ കൾച്ചർ ഉപയോഗിച്ചു മുഞ്ഞ, ചാഴി, ഇലചുരുട്ടിപ്പുഴു, ശലഭപ്പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം. മെറ്റാറൈസിയം അനിസോപ്ലിയേ എന്ന കുമിൾ കൾച്ചർ ഉപയോഗപ്പെടുത്തി ഉറുമ്പ്, ചിതൽ, മണ്ണിലെ മറ്റു കീടങ്ങൾ എന്നിവയെ ഇല്ലാതാക്കാം.  വെർട്ടിസീലിയം ലക്കാസി എന്ന കുമിൾ കൾച്ചർ ഉപയോഗിച്ച് മീലിമൂട്ട, ശൽക്കകീടങ്ങൾ, വെള്ളീച്ച എന്നിവയെ നശിപ്പിക്കാം. വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെസിക്യുലാർ ആർ ബസ്കുലാർ മൈക്കോ റൈസ, നിമാ വിരകൾക്കെതിരെ (വാഴയിലെ വേരുകളിലും മാണത്തിലും ശല്യമാകുന്ന) ഉപയോഗിക്കാം.

English summary: Natural Pest Control Methods in Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com