ADVERTISEMENT

പ്രോട്രേകളിൽ ചകിരിപ്പിത്ത് നിറച്ച് വിത്തു കിളിർപ്പിക്കുന്ന രീതി നഴ്സറിമേഖലയിൽ വലിയ മാറ്റമാണുണ്ടാക്കിയ ത്. വിശേഷിച്ച് പച്ചക്കറിത്തൈകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തില്‍. വൃക്ഷങ്ങളുടെ കപ്പുതൈ കളുണ്ടാക്കുന്ന രീതിയും കേരളത്തിൽ പ്രചരിച്ചിട്ട് അധിക കാലമായില്ല. സമാന മാറ്റത്തിനു വഴിയൊരുക്കുകയാണ് ഹൈഡ്രോപോണിക്സ് തൈ ഉൽപാദനം. 

പ്രോട്രേ തൈകളെക്കാൾ ആരോഗ്യമുള്ള തൈകൾ അതിവേഗം ലഭ്യമാക്കാൻ  ഈ സംവിധാനം സഹായകമാണെ ന്നു കുണ്ടറ വെള്ളിമണ്ണിലെ യുവസംരംഭക  അശ്വതി ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് പ്രോട്രേ മൂലമുള്ള മലിനീകരണം ഒഴിവാക്കുന്ന പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ കൂടിയാണിത്. എബ് ആൻഡ് ഫ്ലോ മാതൃകയിലുള്ള ഹൈഡ്രോപോണിക്സ് സംവിധാനവും ജിഫി പെല്ലറ്റുകളിലെ തൈകളുമാണ് ഈ ഹൈടെക് നഴ്സറിയെ വ്യത്യസ്തമാക്കുന്നത്. 

ഇലക്ട്രോണിക്സിൽ എംടെക് കഴിഞ്ഞ് ഡോക്ടറേറ്റ് നേടാനുള്ള  ഗവേഷണത്തിലാണ് അശ്വതി. പഠനത്തിരക്കിനിടയിലും നഴ്സറിക്കായി സമയവും സൗകര്യവും കണ്ടെത്താൻ ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യ സഹായിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. സമയലാഭവും സൗകര്യവും മാത്രമല്ല, മെച്ചപ്പെട്ട നിലവാരവും ഇതുവഴി ഉറപ്പാക്കാനാകുന്നു. കേരളത്തിലെ ആദ്യകാല പോളിഹൗസ് സംരംഭങ്ങളിലൊന്നായിരുന്നു അഷ്ടമുടിക്കായലിന്റെ തീരത്തെ ഈ ഫാം. സാലഡ് വെള്ളരിയും തക്കാളിയുമൊക്കെ കൃഷി ചെയ്തു തുടങ്ങിയ ഇവർ വൈകാതെ തൈ ഉൽപാദനത്തിലേക്കു കടക്കുകയായിരുന്നു. ഇപ്പോൾ ഒന്നരയേക്കറിലായി 4 പോളിഹൗസുകളാണുള്ളത്.

eb-and-flow-1
എബ് ആൻഡ് ഫ്ലോ സംവിധാനത്തിൽ വളരുന്ന തൈകൾ

വലിയ ട്രേയ്ക്കുള്ളിൽ തൈകൾ നിരത്തിയ ശേഷം ഹൈഡ്രോപോണിക്സ് കൃഷിക്കാവശ്യമായ പോഷകദ്രാവകം നിറയ്ക്കുന്ന രീതിയെന്ന് എബ് ആൻഡ് ഫ്ലോ സംവിധാനത്തെ വിശേഷിപ്പിക്കാം. കടൽതീരത്തെ വേലിയേറ്റവും ഇറക്കവുംപോലെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്. എബ് എന്നാൽ വേലിയിറക്കവും ഫ്ലോ എന്നാൽ വേലിയേറ്റവുമാണ്. ട്രേയുടെ കീഴിലുള്ള സംഭരണിയിലാവും പോഷകദ്രാവകം സൂക്ഷിച്ചിരിക്കുക.  മോട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ടാങ്കിലെ പോഷകലായനി ട്രേയിലേക്കു പമ്പ് ചെയ്യപ്പെടുന്നു. ഒഴുകുന്ന പോഷകലായനിയിൽ പാതി മുങ്ങിയ ചട്ടികളിലെ നടീൽമാധ്യമ(ചകിരിപ്പിത്ത്)ത്തിലേക്ക് അത് ആഗിരണം ചെയ്യപ്പെടുന്നു. ഇതിനായി ചുവടുഭാഗത്ത് വലിയ ദ്വാരമുള്ള ചട്ടികളാണ് ട്രേയിൽ വയ്ക്കാറുള്ളത്. മൂന്നു മിനിറ്റ് നേരം മാത്രമാണ് ഇപ്രകാരം ചട്ടികൾ പോഷകദ്രാവകം പമ്പ് ചെയ്യുക. ട്രേയുടെ ചുവട്ടിലെ വാൽവിലൂടെ പോഷകലായനി വീണ്ടും ടാങ്കിൽ സംഭ രിക്കപ്പെടുന്നു. 3 ദിവസത്തിലൊരിക്കൽ ഈ പ്രക്രിയ ആവർത്തിക്കുക വഴി തൈകൾക്കാവശ്യമായ പോഷകങ്ങ ളും ജലവും ലഭിക്കും. മുഖ്യപോഷകങ്ങൾക്കും സൂക്ഷ്മപോഷകങ്ങൾക്കുമായി 2 സംഭരണികളാണുള്ളത്. പോഷകലായനി വാർന്നു പോകുമ്പോൾ ചെടിച്ചട്ടിക്കുള്ളിൽ വായുസഞ്ചാരം വർധിക്കും. മണ്ണ് ഒഴിവാക്കുന്നതിനാൽ  രോഗബാധയില്ലാതെ ആരോഗ്യത്തോടെ വളരുന്ന ചെടികൾ ഉൽപാദിപ്പിക്കാൻ ഈ സംവിധാനം സഹായകമാണ്.

ഇൻഡോർ ചെടികളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. ടിഷ്യുകൾച്ചർ ലാബുകളിൽനിന്ന് ഡിമാൻഡ് കൂടുതലുള്ള അലങ്കാരസസ്യങ്ങളുടെ ഫ്ലാസ്ക് തൈകൾ വാങ്ങി  എബ് ആൻഡ് ഫ്ലോ സംവിധാനത്തിലൂടെ വലുതാക്കി ഉദ്യാനപ്രേമികൾക്ക് എത്തിക്കുകയാണിവർ. സ്വന്തമായും തൈകൾ ഉൽപാദിപ്പിക്കുന്നുണ്ട്. തൈ ഉൽപാദനത്തിനു മാത്രമല്ല, വിവിധ തരം പച്ചക്കറികൾ ഉൽപാദിപ്പിക്കാനും ഇതുപകരിക്കുന്നതായി അശ്വതി പറഞ്ഞു. ഹൈ ടെക് നഴ്സറി എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് വഴിയാണ്  വിപണനം.

eb-and-flow-2
ജിഫി കൂടകളിൽ വളരുന്ന തൈകൾ

ജിഫി കൂടകളിൽ വളരുന്ന പച്ചക്കറിത്തൈകളാണ് ഈ നഴ്സറിയുടെ  മറ്റൊരു സവിശേഷത. ജിഫ് പെല്ലറ്റുകൾ വെള്ളത്തിൽ കുതിരുമ്പോഴാണ്  കൂടകളായി മാറുന്നത്.  തൈ ഉൽപാദനത്തിനുള്ള  മാധ്യമം പല വലുപ്പത്തിൽ അമർത്തിയെടുത്താണ് ഇത്തരം പെല്ലറ്റുകൾ നിർമിക്കുന്നത്. കൈകാര്യം ചെയ്യാനുള്ള സൗകര്യവും ശരിയായ പോഷകലഭ്യതയുമാണ് ഈ രീതിയുടെ മെച്ചങ്ങൾ.

തൈ ഉൽപാദനത്തിനു വിവിധ തരം മാധ്യമങ്ങൾ നിർമിക്കുന്ന രാജ്യാന്തര കമ്പനിയാണ് ജിഫി. 15 ദിവസത്തേക്കുള്ള പോഷകമിശ്രിതം ചേർത്ത ചകിരിപ്പിത്ത് ചെറുകൂടകളിൽ നിറച്ച ഈ പെല്ലറ്റുകൾ പല വലുപ്പത്തിൽ ലഭിക്കും. മണ്ണിൽ ദ്രവിച്ചുചേരുന്ന നേർത്ത സ്തരത്തിനുള്ളിലായതിനാൽ ഇതിനുള്ളിലേക്കു ജലം ആഗിരണം ചെയ്യപ്പെടും. മതിയായ തോതിൽ നനവ് ലഭിക്കുമ്പോൾ പെല്ലറ്റ് വികസിക്കുമെങ്കിലും കൂടയ്ക്കുള്ളിലായതിനാൽ ചകിരിപ്പിത്തുപോലെ പൊടിഞ്ഞുപോകില്ല. ജിഫിക്കൂടകളിൽ നടുന്ന വിത്തുകളും നടീൽവസ്തുക്കളും അതിവേഗം മുളയ്ക്കുക യും  വേരുപിടിക്കുകയും ചെയ്യുമെന്ന് അശ്വതി അവകാശപ്പെട്ടു.  കമ്പുകൾ മുറിച്ചു നട്ടാൽ വേരുപിടിക്കാനും ഇത് ഉത്തമം. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ വേണ്ട എല്ലാ പോഷകങ്ങളും പെല്ലറ്റിലുള്ളതാണ് കാരണമെന്ന് അശ്വതി പറഞ്ഞു. ചകിരിപ്പിത്ത് നിറച്ച പ്രോട്രേകളിൽ 16–17 ദിവസത്തിനകം തൈകൾക്കുണ്ടാകുന്ന വളർച്ച  പെല്ലറ്റിലെ തൈകൾക്ക് 7 ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. 

പ്രോട്രേകളെ അപേക്ഷിച്ച് ജിഫി പെല്ലറ്റിൽ വിത്തു പാകാൻ കുറച്ചു സമയം മതിയെന്ന മെച്ചമുണ്ട്.  നല്ല തോതിൽ വേരുപിടിക്കുമെന്നതും വേരു പിടിക്കുന്ന പെല്ലറ്റിൽതന്നെ തൈകൾ തുടർന്നും വളർത്താമെന്നതും ഈ രീതിയുടെ സവിശേഷത. അനായാസം കൈകാര്യം ചെയ്യാവുന്ന  പെല്ലറ്റുകൾക്ക് വളരെ കുറച്ചു സമയവും സ്ഥലവും അധ്വാന വും മതി. വേരുപൊട്ടാതെ തൈകൾ മറ്റൊരിടത്തേക്കു കൊണ്ടുപോകാനും  നേരിട്ടു കൃഷിയിടത്തിൽ നടാനും സാ ധിക്കും. 

പെല്ലറ്റുകളില്‍ വിത്തു പാകി സൂക്ഷിക്കുന്നതിന് സുതാര്യമായ അടപ്പോടു കൂടിയ ട്രേകളും ലഭ്യമാണ്. ട്രേകളിൽ വെള്ളമുണ്ടെങ്കിൽ ജിഫി പെല്ലറ്റ് ആവശ്യാനുസരണം വലിച്ചെടുത്തുകൊള്ളും. പല വലുപ്പത്തിലും രൂപത്തിലുമുള്ള  ജിഫി പെല്ലറ്റുകളുടെയും ഗ്രോ ബ്ലോക്കുകളുടെയും കേരളത്തിലെ വിതരണക്കാരാണ് ഹൈടെക് നഴ്സറി ഇപ്പോൾ. മണ്ണില്ലാക്കൃഷി വ്യാപകമാകുന്നതോടെ ഇവയ്ക്ക് ആവശ്യക്കാരേറുമെന്ന് അശ്വതി ചൂണ്ടിക്കാട്ടി.

ഫോൺ: 9567367419

English summary: Eco Friendly Hydroponic Growing Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com