ADVERTISEMENT

ജൈവവളമായും വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റയായും ജൈവ ഇന്ധനമായും ഉപയോഗിക്കാവുന്ന കുഞ്ഞൻ ഇലസസ്യമാണ് അസോള. ഇതു ശുദ്ധജലത്തിൽ വളരുന്ന പന്നൽ വിഭാഗത്തിൽപ്പെടുന്നു. വെള്ളത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഈ ജലസസ്യത്തിന്റെ ഇലകളുടെ മുകൾഭാഗത്തുള്ള അറകളിൽ ജീവിക്കുന്ന അനബീന അസോള എന്ന നീല ഹരിത പായൽ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്തു ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രൂപത്തിലാക്കുന്നതിനാലാണു മികച്ച ജൈവവളമായി കണക്കാക്കുന്നത്. നെൽകൃഷിക്ക് വളമാക്കാൻ ഇതു പാടത്തുതന്നെ വളർത്താം. ഞാറ് പറിച്ചു നടുന്നതിനു മുൻപു നിലം ഒരുക്കുമ്പോൾ ഹെക്ടറിന് 10 ടൺ എന്ന തോതിൽ അസോള ചേർക്കണം.

അസോളയിൽ 20–25% വരെ മാംസ്യവും 10–15% ധാതുക്കളും 7–10% അമിനോ അമ്ലങ്ങളും അടങ്ങിയിരിക്കുന്നതിനാലാണ് വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും മറ്റും മികച്ച തീറ്റയാകുന്നത്. അസോള നൽകുന്നതു വഴി കന്നുകാലികളിൽ പാലുൽപാദനം വർധിക്കുന്നു. അസോള കൊടുക്കുമ്പോൾ തിരിത്തീറ്റയുടെ അളവ് 10–15% വരെ കുറയ്ക്കാം. പശുവിന് 2–3 കിലോ, ആടിന് 300–500 ഗ്രാം, മുട്ടക്കോഴിക്ക് 20 ഗ്രാം, താറാവിന് 30–40 ഗ്രാം എന്ന തോതിൽ നൽകാം. മത്സ്യങ്ങൾക്കും ഇതു തീറ്റയിൽ കലർത്തി നൽകാം.

കൃഷിരീതി

അധികം വെയിലില്ലാത്ത സ്ഥലത്ത് രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയും 20 സെന്റിമീറ്റർ ആഴവുമുള്ള കുഴിയുണ്ടാക്കുക. കുഴിയുടെ അടിഭാഗം നിരപ്പാക്കി അതിനു മുകളിൽ 150 ഗേജ് പോളിത്തീൻ ഷീറ്റ് വിരിക്കുക. ഷീറ്റ് ഉള്ളിലേക്ക് വീഴാതിരിക്കാൻ ഇഷ്ടിക നിരത്തുക. ശേഷം 25 കിലോ മണ്ണ് ഇതിലേക്ക് നിരത്തുക. തുടർ ന്ന് 5 കിലോ ചാണകം, 30 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ് എന്നിവ 10 ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. ഇതിനു മേല്‍ 10 സെന്റിമീറ്റർ ഉയരത്തിൽ വെള്ളം ഒഴിച്ചു ചതുരശ്രമീറ്ററിന് 500 ഗ്രാം എന്ന തോതിൽ അസോള ഇട്ടുകൊടുക്കണം. ആറു മാസം കഴിയുമ്പോൾ ഇത്തരത്തിൽ അടിയിലുള്ള മിശ്രിതം മാറ്റി പുതിയത് ഇടാം.

വിളവെടുപ്പ്

ഏകദേശം ഒരാഴ്ചകൊണ്ട് ടാങ്ക് അസോളകൊണ്ടു നിറയും. ഇതിനു ശേഷം പ്രതിദിനം അര കിലോ മുതൽ ഒരു കിലോവരെ അസോള വിളവെടുക്കാം. ദിവസേന അസോള വിളവെടുക്കുകയാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ രാജ്ഫോസും ഒരു കിലോ ചാണകവും ടാങ്കില്‍ ചേർത്തു കൊടുക്കണം. പ്ലാസ്റ്റിക്ക് അരിപ്പയോ ചുവട്ടിൽ ദ്വാരങ്ങളുള്ള ട്രേയിലോ അസോള ശേഖരിക്കാം. വിളവെടുത്ത അസോള ശുദ്ധജലത്തിൽ കഴുകി ചാണകമണം മാറ്റിയതിനു ശേഷം മാത്രമേ കന്നുകാലികൾക്കു നൽകാവൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • തിങ്ങിവളർന്നാൽ തുടർ വളർച്ചയെ ബാധിക്കും. അതിനാൽ ദിവസേന വിളവെടുക്കുക.
  • അസോള കോരിയെടുക്കുന്നതിന് ഒരു ച.സെ.മീ. കണ്ണി വലുപ്പമുള്ള ട്രേ ഉപയോഗിക്കുന്നതു വിത്തുകൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
  • അസോളയ്ക്ക് ചാണകത്തിന്റെ മണമുണ്ടാകും എന്നതിനാൽ കന്നുകാലിക്കു കൊടുക്കും മുൻപ് നന്നായി കഴുകണം.
  • ആഴ്ചയിൽ ഒരിക്കൽ മൂന്നിലൊന്നു ഭാഗം വെള്ളം മാറ്റി പുതിയ വെള്ളം ഒഴിക്കുക. ഇതു നൈട്രജന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതു തടയും.
  • ആറു മാസം കൂടുമ്പോഴോ, വലിയ തോതിൽ രോഗ കീട ലക്ഷണങ്ങൾ കാണുമ്പോഴോ ബെഡ് മാറ്റി പുതു തായി കൃഷി ചെയ്യുന്നതാണ് ഉത്തമം.
  • നേരിട്ട് സൂര്യപ്രകാശം അടിക്കുന്നതു ചൂട് അധികമാകാനും അസോള തവിട്ടുനിറമായി നശിക്കാനും ഇടവരുത്തും. തൻമൂലം കുറച്ചു സമയമെങ്കിലും തണലുള്ള സ്ഥലം തിരഞ്ഞെടുക്കുക.
  • അസോള വളർത്തുന്ന കുഴിയിൽ കാറ്റ് വീശി അടിച്ചാൽ അത് വെള്ളത്തിൽ അനക്കം ഉണ്ടാക്കി വിത്തുകൾ ഒരു വശത്തേക്ക് അടിഞ്ഞുകൂടാൻ കാരണമാവും. അതുകൊണ്ട് കാറ്റ് കുറവുള്ള സ്ഥലം തിരഞ്ഞെടുക്കുന്ന താണ് ഉചിതം.

തയാറാക്കിയത്:

സി. ദീപ്തി, എം.വി. നവ്യ, പി. മുബീന, ഡോ. ഉഷ സി. തോമസ്

അഖിലേന്ത്യാ സംയോജിത തീറ്റപ്പുൽ ഗവേഷണപദ്ധതി, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,  (ദക്ഷിണമേഖല) കാർഷിക കോളജ് വെള്ളായണി, തിരുവനന്തപുരം.

English summary: Benefits of feeding Azolla to cows 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com