ADVERTISEMENT

അടുക്കളത്തോട്ടമൊരുക്കുമ്പോൾ പരിചിതമായ കുറെ പച്ചക്കറികൾക്കായിരിക്കുമല്ലോ എപ്പോഴും നമ്മൾ ഇടം നൽകുക. അതായത് കറിക്കൂട്ടുകൾക്കുള്ള ഇനങ്ങൾ. എന്നാൽ ആരോഗ്യസംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ മാത്രം പോരാ. അടുക്കളത്തോട്ടം ഒരു പോഷകത്തോട്ടം തന്നെയായി മാറണം. കുടുംബത്തിന്റെ സമ്പൂർണ ആരോഗ്യ സുരക്ഷയ്ക്ക് ഉതകുംവിധം പോഷക മൂല്യമേറിയ പഴം–പച്ചക്കറിയിനങ്ങൾകൂടി അടുക്കളത്തോട്ടത്തിൽ നട്ടു പരിപാലിക്കണം. ഒപ്പം വീട്ടിലേക്ക് ആവശ്യമുള്ള സുഗന്ധവിളകളും കിഴങ്ങുവിളകളും ഔഷധവിളകളുമെല്ലാം അടുക്കളത്തോട്ടത്തിന്റെ ഭാഗമാക്കാം. 

ആകെയുള്ള സ്ഥലത്തിന്റെ മൂന്നിലൊരു ഭാഗം പഴവർഗങ്ങൾക്കും ലഘുവൃക്ഷങ്ങളായി വളരുന്ന കറിവേപ്പ്, മുരിങ്ങ, അഗത്തിച്ചീര തുടങ്ങിയവയ്ക്കുമായി മാറ്റിവയ്ക്കാം. സ്ഥലവിസ്തൃതി നോക്കി പുതു തലമുറ ഇനങ്ങളിൽപ്പെട്ട, അധികം സ്ഥലം അപഹരിക്കാത്ത, പ്ലാവ്, മാവ്, കുടംപുളി, പേര, ചാമ്പ, സപ്പോട്ട എന്നിവയ്ക്കും ഇടം നൽകാം. സ്ഥലലഭ്യത നോക്കി പോഷകത്തോട്ടത്തിന്റെ ഭാഗമാക്കാവുന്ന ഇനങ്ങൾ ഇനിയുമുണ്ട്. ഞാവൽ, മാതളം, പപ്പായ, വെസ്റ്റിന്ത്യൻ ചെറി, കാരംബോള, ചെറുനാരകം, ചൈനീസ് ഓറഞ്ച്, മൾബറി, ആത്തച്ചക്ക, പൈനാപ്പിൾ, റംബുട്ടാൻ, മാംഗോസ്റ്റിൻ, വാഴ തുടങ്ങി ആരോഗ്യമേന്മകൾ ഏറെയുള്ള ഇനങ്ങൾക്കെല്ലാം പോഷകത്തോട്ടത്തിൽ ഇടം നൽകാം. ഇടവിളകളായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, മധുരക്കിഴങ്ങ് എന്നിവയും ഉൾപ്പെടുത്തുക. സ്ഥലം കുറവുള്ളവർ അതിന്റെ മൂന്നിലൊരു ഭാഗം സാധ്യമായ ഇനങ്ങൾക്കായി മാറ്റിവച്ച ശേഷം ബാക്കിയുള്ള സ്ഥലം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കുക. 

ഉയർന്ന പോഷകമൂല്യമുണ്ടെങ്കിലും കാര്യമായി പരിഗണിക്കപ്പെടാത്ത ഏതാനും ഇനങ്ങൾ സാമാന്യമായി നമുക്കൊന്നു പരിചയപ്പെടാം. സ്ഥലസൗകര്യം നോക്കി അവയെല്ലാം അടുക്കളത്തോട്ടത്തിൽ ഉൾപ്പെടുത്താനും മനസ്സു വയ്ക്കണം.

agathi

1. അഗത്തിച്ചീര

തമിഴ്നാട്ടിൽ സുപരിചിതമായ അഗത്തിയുടെ മേന്മകൾ മലയാളികൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. കേരളത്തിൽ ജൈവകൃഷിക്കു പ്രചാരമേറിയപ്പോൾ പ്രാധാന്യം വർധിച്ച ചെടികൂടിയാണ് അഗത്തി. ഒട്ടേറെ പോഷക, ഔഷധഗുണങ്ങളടങ്ങിയ അഗത്തിയുടെ ഇലയും പൂവും ഒന്നുപോലെ ആഹാരയോഗ്യമാണ്. വെള്ള, ചുവപ്പ് പൂക്കൾ വിരിയുന്ന രണ്ടിനങ്ങൾക്കാണ് കൂടുതൽ പ്രചാരം. വെള്ളയിനമാണ് പച്ചക്കറിയായി ഉപയോഗിക്കാൻ കൂടുതൽ യോജ്യം. ചെറു മരമായി വളരുന്ന അഗത്തിയെ മട്ടുപ്പാവിലെ കൃഷിയിടത്തിൽപ്പോലും ഒട്ടേറെപ്പേർ വളർത്തുന്നതായി കാണാം.

അടുക്കളത്തോട്ടത്തിൽ പരിപാലിക്കുന്ന അഗത്തിയുടെ പൂക്കൾ വിറ്റ് ചെറു വരുമാനം നേടുന്ന വീട്ടമ്മമാരുണ്ട് ഇന്നു നമ്മുടെ നാട്ടിൽ. വൈറ്റമിൻ എ യും കാത്സ്യവും ഉൾപ്പെടെ ഒട്ടേറെ ആരോഗ്യ ഘടകങ്ങളുണ്ട് അഗത്തിയിൽ. നേത്രരോഗം, ചർമരോഗം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് ഔഷധമായി പാരമ്പര്യ വൈദ്യം അഗത്തി പ്രയോജനപ്പെടുത്തുന്നു. പുതിയ ചെടികൾ ഉൽപാദിപ്പിക്കുന്നതിനായി വിത്തുകൾ പ്രയോജനപ്പെടുത്താം. 30x30x30 സെ. മീറ്റർ അളവിൽ കുഴിയെടുത്ത് ജൈവവളം ചേർത്ത് ഒരാഴ്ചയ്ക്കു ശേഷം വിത്തോ തൈയോ നടാം. 2–3 വിത്തുകൾ ഒരു കുഴിയിലിട്ട ശേഷം മുളച്ചു കഴിയുമ്പോൾ ആരോഗ്യമുള്ള ഒരെണ്ണം നിലനിർത്തി ബാക്കിയുള്ളവ പറിച്ചു നീക്കുക. 

curry-vepp

2. കറിവേപ്പ്

നേത്രരോഗം, ജ്വരം, വയറുകടി, അലർജി, അജീർണം തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾക്ക് ആശ്വാസം പകരുന്ന ഔഷധമാണ് കറിവേപ്പിലയെന്ന് പാരമ്പര്യ വൈദ്യം. മുടി തഴച്ചു വളരാനും എണ്ണക്കറുപ്പിന്നേഴഴക് കൈവരാനും കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ ഫലപ്രദം. തലമുടി കൊഴിയുന്നതു തടയാൻ കറിവേപ്പിലയും കറ്റാർവാഴയും മൈലാഞ്ചിയും ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്ന പതിവുമുണ്ടായിരുന്നു. ഉദരരോഗങ്ങളുള്ളവർ കറിവേപ്പിലയിട്ടു വെന്ത വെള്ളം കുടിക്കുന്നതായിരുന്നു മറ്റൊരു ശീലം. വൈറ്റമിൻ എ ഏറെയുള്ള കറിവേപ്പില ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരം. 

എന്നാൽ വിപണിയിൽനിന്നു വാങ്ങുന്ന മറുനാടൻ കറിവേപ്പില മേൽപ്പറഞ്ഞ ഔഷധങ്ങളൊക്കെയായി പ്രയോഗിക്കുമ്പോൾ ഉദ്ദേശിച്ച ഫലങ്ങളൊന്നും ഉണ്ടായെന്നു വരില്ല. മാത്രമല്ല, വിരുദ്ധഫലങ്ങൾക്കു സാധ്യതയുമുണ്ട്. കാരണം അയൽനാട്ടിൽനിന്നു വരുന്ന പച്ചക്കറികളിൽ കൂടുതൽ വിഷാംശം തെളിഞ്ഞത് കറിവേപ്പിലയിൽത്തന്നെ. അതുകൊണ്ട് അടുക്കളത്തോട്ടത്തിൽ കറിവേപ്പിലത്തൈ നട്ടു വളർത്തുക. മഴയും വെയിലും തുല്യ നിലയിൽ ലഭ്യമാകുന്ന സ്ഥലമാണ് കറിവേപ്പില നടാൻ യോജിച്ചത്. മുതിർന്ന കറിവേപ്പിന്റെ വേരു പൊട്ടിയുണ്ടാകുന്ന കന്ന് പറിച്ചു നട്ട് തൈകൾ വളർത്താമെങ്കിലും വിത്തു മുളപ്പിച്ചെടുക്കുന്ന തൈകൾക്കാണ് ആരോഗ്യം കൂടുതലുണ്ടാവുക. മേയ്, ജൂൺ മാസങ്ങൾ നടീലിന് കൂടുതൽ യോജ്യം.    

Photo credit : Rejja / Shutterstock.com
Photo credit : Rejja / Shutterstock.com

3. മണിത്തക്കാളി

വഴുതനവർഗ കുടുംബം. മണത്തക്കാളി, മണിത്തക്കാളി, മെളകു തക്കാളിക്കീര തുടങ്ങി പല പേരുകൾ. ഇലകളും കായ്കളും ഒന്നുപോലെ ഔഷധയോഗ്യം. ഇലകൾ കറിയായും കായ്കൾ കൊണ്ടാട്ടമായും ഉപയോഗിക്കാം. മണത്തക്കാളിയുടെ ഔഷധഗുണം ആയുർവേദവും സിദ്ധയുമെല്ലാം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഉദരരോഗങ്ങൾക്ക് ഉൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം. 

വിത്തുകളാണ് നടീൽവസ്തു. തണ്ടുകൾ മുറിച്ചുനട്ടും വളർത്താം. കാലിവളമോ കമ്പോസ്റ്റോ വളമായി നൽകാം. പഴുക്കുമ്പോൾ കായ്കൾക്ക് കടുംനീല കലർന്ന കറുപ്പു നിറം. നേരിയ കയ്പും പുളിയുമുള്ള ചെറു കായ്കൾ കുട്ടികൾക്കും ഇഷ്ടപ്പെടും. ചുരുക്കത്തിൽ, ആരോഗ്യരക്ഷയ്ക്കായി അടുക്കളത്തോട്ടത്തിൽ ഇടം നൽകാവുന്ന ഒന്നാന്തരം ഇലക്കറി തന്നെ മണത്തക്കാളി. 

4. പൊൻതകര

പയർവർഗത്തിൽപ്പെട്ട ചെടി. പൊന്നാവിരം, പൊന്നാരം എന്നെല്ലാം പേരുണ്ട് പൊൻതകരയ്ക്ക്. കരൾരോഗത്തിനു നൽകുന്ന ലിവ്–52 എന്ന മരുന്നിന്റെ പ്രധാന ഘടകമാണ് പൊൻതകര. ബുദ്ധിവികാസത്തിനും ഓർമശക്തിക്കുമെല്ലാം പൊൻതകര ഗുണകരമത്രെ. ഇല, തൊലി, വേര്, വിത്ത് തുടങ്ങി എല്ലാം ഔഷധയോഗ്യം. മഞ്ഞ നിറത്തിൽ കുലകളായാണ് പൂക്കൾ വിരിയുക. ഇലയും പൂക്കളും തോരന് നന്ന്. തകരയില–പരിപ്പു കറി പലർക്കും പരിചിതമായിരിക്കുമല്ലോ. കാലിത്തീറ്റയായും പച്ചിലവളമായും പൊൻതകര പ്രയോജനപ്പെടുത്താറുണ്ട്. 

5. എരുമപ്പാവൽ

കാട്ടുപാവൽ, നെയ്പ്പാവൽ, മുള്ളൻപാവൽ എന്നൊക്കെ അറിയപ്പെടുന്ന ഈ സസ്യം നമ്മുടെ വേലിപ്പടർപ്പുകളിലൊക്കെ പണ്ട് പതിവുകാഴ്ചയായിരുന്നു. പേരിൽ പാവൽ ഉണ്ടെങ്കിലും പാവയ്ക്കയെപ്പോലെ കയ്പില്ല എരുമപ്പാവലിന്. റംബുട്ടാന്റേതുപോലെ മൃദുവായ മുള്ളുകൾ. ഇളം കായ്കളെങ്കിൽ വിത്തുൾപ്പെടെ കറിവയ്ക്കാം. പഴുക്കുമ്പോൾ ചുവപ്പു നിറമെത്തി വിണ്ടുകീറും. പാവയ്ക്കകൊണ്ട് പാകം ചെയ്യുന്ന വിഭവങ്ങളെല്ലാം എരുമപ്പാവൽകൊണ്ടും ഉണ്ടാക്കാം. മരുന്നിനും ഭക്ഷണത്തിനുമായി പണ്ടുകാലം മുതലേ എരുമപ്പാവൽ പ്രയോജനപ്പെടുത്തിയിരുന്നു. 

ഹൃദയാരോഗ്യത്തിന് എരുമപ്പാവൽ മികച്ചതെന്നു നാട്ടറിവ്. ജീവിതശൈലീരോഗങ്ങളെ അകറ്റി നിർത്താനുള്ള കഴിവുമുണ്ട്. അൾസർ, മൂലക്കുരു തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരമായി ആദിവാസി വൈദ്യത്തിലും എരുമപ്പാവൽ പ്രയോജനപ്പെടുത്തുന്നുണ്ട്. മൂപ്പെത്തിയ കായ്കളിൽനിന്നു വിത്തുകൾ ശേഖരിച്ചും നടുതലകൾ വേരുപിടിപ്പിച്ചെടുത്തും കൃഷി ചെയ്യാം. നട്ട് 45–50 ദിവസത്തിനുള്ളിൽ കായ്കൾ പിടിക്കും. നന്നായി വളരുന്ന ഒരു ചെടിയിൽനിന്നു 2 കിലോ വരെ കായ്കൾ ലഭിക്കും. വള്ളികൾ ഉണങ്ങിത്തുടങ്ങിയാലും പുതുമഴ പെയ്യുന്നതോടെ പുതിയ ചിനപ്പുകൾ വളർന്ന് വള്ളി വീശി പൂവിട്ടുകൊള്ളും. തണൽ ഇഷ്ടപ്പെടുന്നതിനാൽ ഇടവിളയായി കൃഷി ചെയ്യാനും നന്ന്.

6. ബസല്ല

നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇലക്കറിയാണ് മലബാർ സ്പിനാച്ച്, വള്ളിച്ചീര എന്നെല്ലാം അറിയപ്പെടുന്ന ബസല്ല. വിത്തു പാകിയും തണ്ടു മുറിച്ചു നട്ടുമാണ് പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്. ജൈവവളം ചേർത്താൽ സമൃദ്ധമായി വളരും. പോഷകസമൃദ്ധമായ ഈ നാട്ടുസസ്യത്തെ ഇടക്കാലത്ത് നാം അവഗണിച്ചെന്നു മാത്രം. മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് എന്നിവകൊണ്ടു സമ്പന്നമായ ബസല്ലയിൽ ബീറ്റാ കരോട്ടിൻ, ലൂട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകളുമുണ്ട്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനുമുള്ള അനുകൂല ഘടകങ്ങൾ ബസല്ലയിലുണ്ട്. വൈറ്റമിൻ സി യുടെ സമൃദ്ധസാന്നിധ്യം ശരീരത്തിന് രോഗപ്രതിരോധശേഷിയും നൽകും. ബസല്ല–പരിപ്പ് കറിയും ബസല്ല–ചക്കക്കുരു തോരനും ഉൾപ്പെടെ ഒട്ടേറെ രുചികരമായ കറികൾ തയാറാക്കാം. 

7. പുളിവെണ്ട

മീൻകറികളിലും മറ്റും പുളിക്കു പകരമായി പണ്ട് ഉപയോഗിച്ചിരുന്നെങ്കിലും ഇടക്കാലത്തു പഴയ പ്രാധാന്യം നഷ്ടപ്പെട്ടുപോയ സസ്യയിനമാണ് പുളിവെണ്ട, മത്തിപ്പുളി എന്നെല്ലാം പേരുകളുള്ള റോസല്ല. ചെമ്പരത്തി കുടുംബാംഗം. പൂവിന്റെ ചുറ്റുമുള്ള പുളിരസമുള്ള ദളങ്ങളാണ് ഭക്ഷ്യയോഗ്യം. പോഷക, ഔഷധ സമ്പന്നമാണ് ഈ ദളങ്ങൾ. വൈറ്റമിൻ എ, ബി എന്നിവ സമൃദ്ധം. ഇലയും തണ്ടുമിട്ട വെള്ളം കുടിച്ചാൽ വയറുവേദന കുറയുമെന്ന് നാട്ടറിവ്. ഇലയിട്ട് വെന്ത വെള്ളത്തിൽ കുളിച്ചാൽ ശരീരവേദനയ്ക്കും നീരിനുമെല്ലാം ആശ്വാസം ലഭിക്കും. ചമ്മന്തിയും അച്ചാറുമെല്ലാം തയാറാക്കാൻ റോസല്ലാദലങ്ങൾ നന്ന്. മത്തി, ചെമ്മീൻ കറികളിലും ചേർക്കാം. റോസല്ല ടീ, ജാം, ജെല്ലി, സിറപ്പ് എന്നിവയും പ്രചാരത്തിലുണ്ട്. വെണ്ടപോലെ ശിഖരങ്ങളുമായി ഏഴടി വരെ ഉയരത്തിൽ വളരുന്ന റോസല്ലയ്ക്ക് ഇന്ന് മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമെല്ലാം വാണിജ്യ പ്രാധാന്യംതന്നെ കൈവന്നിട്ടുണ്ട്. വിത്തും തണ്ടും നട്ട് പുതിയ തൈകൾ ഉൽപാദിപ്പിക്കാം.

8. തഴുതാമ

തുറസ്സായ സ്ഥലങ്ങളിലും വഴിയോരങ്ങളിലും പാഴ്ച്ചെടിയായി ഒതുങ്ങിപ്പോയ തഴുതാമ മികച്ച ഔഷധാഹാരമാണ്. നിലത്തു പടർന്നു വളരുന്ന സ്വഭാവം. ഇലകൾ വലുപ്പമുള്ളതും കട്ടി കൂടിയതും. വേരോടുകൂടിയ തണ്ടുകൾ നടീൽവസ്തുവായി പ്രയോജനപ്പെടുത്താം. തണലുള്ളിടത്തുപോലും നന്നായി വളരും. തഴുതാമയില തോരൻവച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ആശ്വാസം നൽകുമെന്നും ഹൃദ്രോഗങ്ങളെ തടയുമെന്നും നാട്ടുവൈദ്യം. ആഹാരക്രമത്തിൽ തഴുതാമയില ഉൾപ്പെടുത്തിയാൽ   പുളിച്ചു തികട്ടൽ, വായുക്ഷോഭം എന്നിവയ്ക്കും പരിഹാരമാകും.

papaya

9. പപ്പായ

പപ്പായ സമൂലം ഔഷധയോഗ്യമെന്നു പാരമ്പര്യ വൈദ്യം. സകല ഉദരരോഗങ്ങൾക്കും വിശേഷിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പപ്പായ ഗുണം ചെയ്യും. മുഖക്കുരു മാറാൻ പച്ച പപ്പായയുടെ നീരു പുരട്ടുന്ന രീതിയും പഴമക്കാർ മറന്നിട്ടില്ല. ഡെങ്കിപ്പനി വ്യാപകമായപ്പോൾ പപ്പായ ഇലയുടെ നീരു പിഴിഞ്ഞ് അരിച്ചു കഴിക്കാനും നിർദേശമുണ്ടായിരുന്നു. റെഡ് ലേഡി പോലുള്ള പുതിയ ഇനങ്ങൾ വന്നതോടെ പപ്പായപ്പഴം കഴിക്കുന്നവർ കൂടിയിട്ടുണ്ടെങ്കിലും പച്ചപപ്പായക്കറിയോട് പുതു തലമുറയ്ക്ക് അത്ര പ്രിയം പോരാ. അടുക്കളത്തോട്ടത്തിൽ അനായാസം വളർത്തിയെടുക്കാവുന്ന പപ്പായയുടെ ഔഷധമേന്മകൾ ചൂണ്ടിക്കാട്ടി പഴത്തിനൊപ്പം പപ്പായക്കറികളും വിളമ്പാൻ മേലിൽ ശ്രദ്ധിക്കുക. 

malli

10. മല്ലി

ഭക്ഷണത്തിന് ആസ്വാദ്യകരമായ രുചിയും മണവും നൽകുന്നു എന്നതു മാത്രമല്ല മല്ലിയിലകൊണ്ടുള്ള നേട്ടം. നല്ല ഉറക്കം നൽകാനും കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനുമെല്ലാം ഗുണം ചെയ്യുന്ന ഘടകങ്ങൾ മല്ലിയിലയിലുണ്ട്. അതേസമയം നാം കടയിൽനിന്നു വാങ്ങുന്ന മല്ലിയില ആരോഗ്യപരമായി അത്ര സുരക്ഷിതമല്ലെന്നതാണ് വാസ്തവം. അടുക്കളത്തോട്ടത്തിൽ മല്ലി വളർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതായി പലരും പറയാറുണ്ട്. നേരിയ വെയിൽ ലഭിക്കുന്ന സ്ഥലത്തോ മഴമറയ്ക്കുള്ളിലോ മല്ലി കൃഷി ചെയ്യാം. 

മണ്ണ്–മണൽ–ചാണകപ്പൊടി (2:1:1)എന്നിവ ചേർന്ന നടീൽമിശ്രിതം നിറച്ച, അധികം കുഴിയാത്ത പരന്ന ചട്ടികളിൽ മല്ലി കൃഷി ചെയ്യാം. മണൽ ലഭ്യമല്ലെങ്കിൽ പകരം ചകിരിച്ചോർ മതി. നിലവാരമുള്ള കമ്പനികളുടെ മല്ലിവിത്തുകൾ വിപണിയിൽനിന്നു വാങ്ങാം. വിത്തുകൾ ഉരുണ്ട തടികൊണ്ട് ഉരുട്ടി രണ്ടാക്കുക. ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേന്ന് അര സെ.മീറ്റർ മാത്രം ആഴത്തിൽ പാകുക. ഒരു ചതുരശ്രയടിയിൽ പ12 വിത്തുകൾ പാകാം. രണ്ടാഴ്ചയ്ക്കുള്ളിൽ മല്ലി കിളിർത്തു വരും. കത്രികകൊണ്ട് തണ്ടോടുകൂടി മുറിച്ചെടുത്താണു വിളവെടുപ്പ്. ശേഷം ചാണകം, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേർത്തു തയാറാക്കുന്ന സ്ലറി തളിച്ചുകൊടുത്ത് തുടർ വളർച്ച വേഗത്തിലാക്കാം.

11. ‌പുതിന

ഭക്ഷ്യവസ്തുക്കൾക്ക് രുചിയും സുഗന്ധവും പകരുന്ന പുതിനയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. മെൻതോൾ (menthol) എന്ന ഘടകമാണ് പുതിനയ്ക്ക് സവിശേഷ രുചിയും മണവും ഔഷധഗുണവും നൽകുന്നത്. പുതിന ഭക്ഷണത്തിന്റെ ഭാഗമാകുന്നത് ദഹനക്കുറവിനും വായുകോപത്തിനുമെല്ലാം ആശ്വാസം നൽകും. മാനസികസമ്മർദം ലഘൂകരിക്കാനും നല്ല ഉറക്കം നൽകാനും സഹായകം. പുതിനയിൽനിന്നെടുക്കുന്ന തൈലംകൊണ്ടുള്ള ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിലുണ്ട്. തലവേദന, മൈഗ്രെയ്ൻ, വെർട്ടിഗോ, വയറുവേദന, ശ്വാസകോശരോഗങ്ങൾ, പല്ലുവേദന എന്നിവയ്ക്കെല്ലാം പരിഹാരമാകുന്ന ഔഷധോൽപന്നങ്ങളാണ് അവയിൽ കൂടുതലും. ഒട്ടേറെ ക്രീമുകൾ, ലോഷനുകൾ, മൗത്ത് വാഷ്, എയർ ഫ്രഷ്നർ എന്നിവയ്ക്കെല്ലാം പുതിന പ്രയോജനപ്പെടുത്തുന്നുണ്ട്. 

കടയിൽനിന്നു വാങ്ങുന്ന പുതിന സുരക്ഷിതമായിരിക്കണമെന്നില്ല. കീടനാശിനിപ്രയോഗം കൂടാതെ അടുക്കളത്തോട്ടത്തിൽ നമുക്കുതന്നെ പുതിന വളർത്തിയെടുക്കാവുന്നതേയുള്ളൂ. സൂര്യപ്രകാശലഭ്യത കുറഞ്ഞ സ്ഥലത്തും പുതിന നന്നായി വളരും. വിത്തുകൾ വഴിയും തണ്ടുകൾ മുറിച്ചു നട്ടും പുതിയ തലമുറയെ വളർത്തിയെടുക്കാം. മുറിച്ചെടുത്ത തണ്ടുകൾ വെള്ളത്തിൽ രണ്ടു മണിക്കൂർ ഇറക്കിവച്ച ശേഷം തണലിൽ നടാം. നടുന്നതിനു മുൻപ് തണ്ടിന്റെ താഴ്ഭാഗത്തെ ഇലകൾ നീക്കം ചെയ്യണം. ജൈവവളങ്ങൾ നൽകി വളർത്തിയെടുക്കുന്ന പുതിന പുതുമയോടെ പറിച്ചെടുത്ത് ഭക്ഷ്യവിഭവങ്ങളിൽ ചേർക്കാം.

leafy-vegetables

12. സെലറി

ഔഷധഗുണങ്ങളും പോഷകമേന്മകളുമുള്ള ഇലവർഗ പച്ചക്കറിയാണ് സെലറി. ദഹനപ്രശ്നങ്ങൾക്കും ശരീരവേദനയ്ക്കും രക്തസമ്മർദത്തിനുമെല്ലാം പരിഹാരമേകുന്ന ഘടകങ്ങൾ സെലറിയിലുണ്ട്. തണുപ്പുള്ള കാലാവസ്ഥയാണ് സെലറിക്കു പ്രിയം. നന്നായി പരിപാലിച്ചാൽ അടുക്കളത്തോട്ടത്തിലും സെലറി വളർത്തിയെടുക്കാം. വിത്തുകൾ വഴിയാണ് തൈ ഉൽപാദനം. വിത്തുകൾ ചെറു ചൂടുവെള്ളത്തിൽ ഒരു രാത്രി മുക്കിവച്ചാൽ മുളയ്ക്കാനെടുക്കുന്ന സമയം കുറയ്ക്കാം. തൈകൾ പറിച്ചുനടും മുൻപ് നന കുറയ്ക്കണം. തൈകൾ 30 സെ.മീറ്റർ അകലത്തിൽ നടാം. 

13. ചായമൻസ

പോഷകസമൃദ്ധമായ ഇലക്കറിയാണ് ചായമൻസ (മരച്ചീര). കടുത്ത വേനലും വർഷവുമൊക്കെ അതിജീവിച്ചു നിലനിൽക്കാൻ കഴിവുള്ള ചെടി. 10–15 അടി വരെ ഉയരത്തിൽ വളരുമെങ്കിലും 5–6 അടി ഉയരത്തിൽ കമ്പുകോതി വളർത്തുന്നത് വിളവെടുപ്പ് എളുപ്പമാക്കും. മാംസ്യം, ഇരുമ്പ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, കാത്സ്യം എന്നിവയുടെയെല്ലാം സമൃദ്ധമായ സാന്നിധ്യമുണ്ട് ചായമൻസയിൽ. ഇലകളിൽ Hydrocyanic acid അടങ്ങിയിരിക്കുന്നതിനാൽ കപ്പയിലെന്നപോലെ ചെറിയൊരു കട്ട് ചായമൻസയുടെ ഇലയ്ക്കുണ്ട്. ഇലകൾ 15–20 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടാൽ ഈ കട്ട് നീങ്ങും. ശേഷം വെള്ളം വാർത്തു കളഞ്ഞ് കറിവയ്ക്കാവുന്നതാണ് 

14. ഗാർളിക് ചൈവ്

ഉള്ളിച്ചെടികളോടു സാമ്യമുള്ള ഇലവിള. വെളുത്തുള്ളിയുടെ മണവും രുചിയും. സ്വദേശം ചൈന. നമ്മുടെ മണ്ണിലും നന്നായി വളരുന്ന ഇനം. ഇലകൾക്ക് പുല്ലിനോടു സാമ്യമുള്ളതിനാൽ വെളുത്തുള്ളിപ്പുല്ല് എന്നു മലയാളം. മണ്ണിനടിയിലെ ഭാഗം ഭക്ഷ്യയോഗ്യമല്ല. ഇലകളും പൂക്കളുമാണ് കറികൾക്ക് രുചിയും മണവും നൽകുന്നത്. പൂക്കൾക്ക് നക്ഷത്രഭംഗിയും വെള്ള നിറവും സുഗന്ധവുമുണ്ട്. വിത്തുകൾ പാകിയോ തൈകൾ അടർത്തി മാറ്റിയോ പുതിയ തൈകൾ ഉൽപാദിപ്പിക്കാം. ചട്ടിയിലും നിലത്തും ഒരുപോലെ വളർത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് തൈകൾ നടേണ്ടത്. മണലും ജൈവവളവും ചേർന്ന മണ്ണിൽ നടാം. തൈകൾ നട്ട ശേഷം അസോള അല്ലെങ്കിൽ കരിയിലകൊണ്ട് പുത നൽകാം. വിത്ത് നട്ടാണെങ്കിൽ 60 ദിവസം കഴിഞ്ഞും തൈകൾ പറിച്ചു നട്ടതെങ്കിൽ 30 ദിവസം കഴിഞ്ഞും വിളവെടുക്കാം. ഇലകൾ സാലഡ്, ഫ്രൈഡ് റൈസ്, ഇറച്ചിക്കറി, മുട്ടക്കറി എന്നിവയിലെല്ലാം ചേർക്കാം. കറികൾ അലങ്കരിക്കാൻ പൂമൊട്ടുകൾ ഉപയോഗിക്കുന്ന രീതിയുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കും എന്നതാണ് ഗാർളിക് ചൈവിന്റെ മുഖ്യ ഗുണം. 

micro-greens

15. മൈക്രോ ഗ്രീൻസ്

മുളച്ചുയർന്ന് ഏതാനും ദിവസം മാത്രം പ്രായമെത്തിയ ചെടികളാണ് മൈക്രോഗ്രീൻസ്. സാധാരണ ഇലകളെക്കാൾ പല മടങ്ങ് പോഷകഗുണമുണ്ട് ഈ ചെറു തൈകൾക്ക്. വിത്തിൽനിന്നു മുളച്ചുയർന്ന് മൂന്നു ദിവസം മുതൽ പത്തു ദിവസം വരെയാണ് ഇവ കറികൾക്കായി പ്രയോജനപ്പെടുത്താറ്. മണ്ണും വളവുമൊന്നുമില്ലാതെ അടുക്കളയിൽതന്നെ അനായാസം വളർത്തിയെടുക്കാമെന്നുള്ളതും ഒട്ടേറെ ആരോഗ്യ മേന്മകൾ ഉണ്ടെന്നതും മൈക്രോഗ്രീൻസിന് സ്വീകാര്യത കൂട്ടുന്നു. ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, ഉലുവ തുടങ്ങി ഒട്ടേറെ ഇനങ്ങൾ ഇങ്ങനെ വിത്തുമുളപ്പിച്ച് മൈക്രോ ഗ്രീൻസായി പ്രയോജനപ്പെടുത്താം. 

വിത്ത് 6–7 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം മുള വരാനായി വാരി വയ്ക്കുക. പരന്ന പാത്രത്തിലോ ട്രേയിലോ 3–4 പാളികളായി ടിഷ്യു പേപ്പർ വിരിച്ച് അതിൽ വെള്ളം തളിച്ച ശേഷം അതിലേക്ക് മുളച്ച വിത്തുകൾ വിതറി മൂടി വയ്ക്കാം. മുടങ്ങാതെ രണ്ടു നേരം തളിനന നൽകുക. രണ്ടു ദിവസം പിന്നിട്ടാൽ പിന്നീട് മൂടേണ്ടതില്ല. 7–10 ദിവസമെത്തിയാൽ കറിക്കെടുക്കാം. 

സ്ഥലസൗകര്യമുള്ളവർക്ക് അടുക്കളത്തോട്ടത്തിന്റെ ഭാഗമാക്കാവുന്ന പോഷക ഔഷധഗുണങ്ങളുള്ള ഇനങ്ങൾ ഇനിയുമേറെയുണ്ട്. അടുക്കളത്തോട്ടത്തിൽ സ്ഥിരമായി ഉണ്ടായിരിക്കേണ്ട പോഷകസമൃദ്ധമായ വള്ളിച്ചെടികളാണ് കോവലും ചതുരപ്പയറും. ആദ്യ ത്തേത് കമ്പു മുറിച്ചു നട്ടും രണ്ടാമത്തേത് വിത്തു പാകിയുമാണ് വളർത്തേണ്ടത്. പാലിൽ ഉള്ളതിന്റെ പത്തിരട്ടി മാംസ്യം ചതുരപ്പയറിന്റെ വിത്തിലുണ്ട്. ചതുരപ്പയറിന്റെ ഇലയും പൂവും കിഴങ്ങും ആഹാരയോഗ്യമാണ്. കോവൽ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന പച്ചക്കറിവിളയാണ്. 

മുരിങ്ങയാണ് പ്രാധാന്യത്തോടെ പരിപാലിക്കേണ്ട മറ്റൊന്ന്. മുരിങ്ങയുടെ ഇല, പൂവ്, കായ് തുടങ്ങി എല്ലാം തന്നെ ആരോഗ്യരക്ഷയ്ക്കുതകും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ്  മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലുള്ള വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകം. നാരുകൾ അടങ്ങിയതിനാൽ ശോധനയ്ക്കു നന്ന്.

വൈറ്റമിൻ സി കൊണ്ടു സമ്പന്നമായ വെസ്റ്റിന്ത്യൻ ചെറി, വിറ്റമിനുകളും ധാതുക്കളുംകൊണ്ടു സമ്പന്നമായ കടച്ചക്ക വിളയുന്ന കടപ്ലാവ്, വൈറ്റമിൻ സി, കാത്സ്യം, ഫോസ്ഫറസ്, അയൺ എന്നി ലഭ്യമാക്കുന്ന ഇലന്തപ്പഴം, വിദേശിയാണെങ്കിലും നമ്മുടെ നാട്ടിൽ നന്നായി വളരുന്നതും മികച്ച പോഷകഗുണങ്ങളുള്ളതുമായ ഡ്രാഗൺ ഫ്രൂട്ട്, എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റിയ പാഷൻ ഫ്രൂട്ട് എന്നിവയെല്ലാം സ്ഥലസാധ്യതകൾ അനുസരിച്ച് നട്ടുവളർത്താം. നിലത്തു മാത്രമല്ല ഗ്രോബാഗിലും ചാക്കിലും നന്നായി വളരുന്നവയാണ് ഇഞ്ചിയും മഞ്ഞളും. ആഹാരമായും ഔഷധമായും പ്രയോജനപ്പെടുന്ന ഈ രണ്ടിനങ്ങളും അടുക്കളത്തോട്ടത്തിൽ അനായാസം കൃഷി ചെയ്യാം. ഗ്രോബാഗിലോ ചാക്കിലോ കൃഷി ചെയ്യുമ്പോൾ രണ്ടിനും രോഗ, കീട ബാധ നന്നേ കുറവുമാണ്. 

ചട്ടിയിൽ മൂന്നോ നാലോ കുറ്റിക്കുരുമുളകു ചെടികൾ പരിപാലിച്ചാൽ വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള കുരുമുളകു ലഭിക്കും. നന്നായി പരിപാലിച്ചാൽ നല്ല വിളവ് ഉറപ്പ്. ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം നൽകുന്നതും രണ്ട് ആഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് തളിച്ചു കൊടുക്കുന്നതും ചെടിയെ ആരോഗ്യത്തോടെ നിലനിർത്തും. കുറ്റിക്കുരുമുളകു തൈകൾ വളർത്തി വിൽക്കുന്നത് സംരംഭമാക്കിയ ഒട്ടേറെ കൃഷിക്കാരും ഇന്നുണ്ട്. 

വിലാസം: റോസ്മേരി ജോയ്സ്, ഡെപ്യൂട്ടി ഡയറക്ടർ(റിട്ട.), കൃഷിവകുപ്പ്, എറണാകുളം

English summary: 15 Healthiest Vegetables For Kitchen Garden 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com