ADVERTISEMENT

വേനലിൽ കുടിവെള്ളത്തിനുപോലും ടാങ്കർ ലോറിയെ ആശ്രയിച്ചിരുന്നൊരു സമയമുണ്ടായിരുന്നു മലപ്പുറം കരിപ്പൂർ ആൽപറമ്പ് വളപ്പിൽ ഹൗസിൽ ആയിഷ ബാവയ്ക്ക്. എന്നാൽ ഇന്ന്, ഏത്ര കഠിന വേനലിലും വറ്റാത്ത കിണറും അതിൽ നിന്നുള്ള വെള്ളം കൊണ്ട് ഒരേക്കർ സ്ഥലത്ത് കൃഷിയും മീൻ വളർത്തലും. കൊണ്ടോട്ടിലെ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കൃഷിഭവനുകളിലേക്കും കുടുംബശ്രീ യൂണിറ്റുകൾക്കും സ്കൂളുകൾക്കുമുള്ള ലക്ഷക്കണക്കിനു പച്ചക്കറി തൈകൾ കൊണ്ടുപോകുന്നത് ആയിഷ ബാവ(45)യുടെ ഹൈബ്രിഡ് ഫാമിൽ നിന്നാണ്. മഴക്കാലത്ത് കിണർ റീച്ചാർജിങ്ങിലൂടെ വെള്ളം സംഭരിച്ച് വലിയൊരു ഫാമിനുടമയായ വിജയകഥയാണ് ആയിഷയ്ക്കു പറയാനുള്ളത്. 

ഏഴു വർഷം മുൻപു വരെ, വേനലാകുമ്പോഴേക്കും എല്ലാം കരിഞ്ഞുണങ്ങുന്നൊരു പറമ്പായിരുന്നു ഇവരുടേത്. മാർച്ച് ആകുമ്പോഴേക്കും വെള്ളത്തിനായി ടാങ്കർ ലോറിയെ ആശ്രയിക്കണം. പാറപ്രദേശമായതിനാൽ കൃഷിയൊന്നും ചെയ്യാൻ കഴിയില്ല. മഴക്കാലത്ത് മുറ്റത്തുണ്ടാക്കുന്ന ചെടികളെല്ലാം കരിഞ്ഞുണങ്ങുന്നത് സങ്കടത്തോടെ മാത്രമേ നോക്കിനിൽക്കാൻ പറ്റൂ. അപ്പോഴാണ് കിണർ റീച്ചാർജിങ്ങിനെക്കുറിച്ച് പത്രങ്ങളിലൂടെ അറിയുന്നത്. കിണറിനടുത്ത് ചെറിയൊരു കുളം കുഴിച്ചുകൊണ്ട് എല്ലാത്തിനും തുടക്കമിട്ടു. മഴക്കാലത്ത് ടെറസിനു മുകളിലെ വെള്ളമെല്ലാം കുളത്തിലെത്തിക്കും. അവിടെ നിന്ന് ആ വെള്ളം കിണറിനുള്ളിലേക്കും. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളമെല്ലാം കിണറിനടുത്ത് കെട്ടിനിർത്തി താഴേക്കിറക്കും. മൂന്നുകൊല്ലം കൊണ്ട്  റീചാർജിങ് വിജയിച്ചു. ഒരിക്കലും വറ്റാത്ത കിണറായി മാറി. 

ഏതുവേനലിലും കൃഷി ചെയ്യാൻ വെള്ളം കിട്ടുമെന്നു കണ്ടപ്പോൾ ആയിഷ ജൈവകൃഷി ആരംഭിച്ചു. ഭർത്താവ് മുഹമ്മദും ഭർത്തൃമാതാവുമെല്ലാം സഹായത്തിനുണ്ടായിരുന്നു. പള്ളിക്കൽ കൃഷിഭവനിലെ കൃഷി ഓഫിസറായിരുന്ന സുരേഷാണ് ആയിഷയ്ക്ക് പച്ചക്കറിക്കൃഷിക്കുള്ള ശാസ്ത്രീയ പരിശീലനം നേടാൻ സഹായിച്ചത്. മലപ്പുറത്തെ ആനക്കയത്തുനിന്നും മണ്ണുത്തിയിൽ നിന്നും ഹൈടെക് ഫാമിങ്ങിൽ പരിശീലനം ലഭിച്ചു. പച്ചക്കറിത്തൈകൾ ഉൽപാദിപ്പിക്കുന്നതിലായിരുന്നു പരിശീലനം. തുടർന്ന് വീട്ടിൽ ഗ്രീൻഹൗസ് നിർമിച്ച് തൈകൾ ഉൽപാദിപ്പിക്കാൻ തുടങ്ങി. ആദ്യകാലത്തൊന്നും മുഴുവൻ തൈകളും മുളയ്ക്കുമായിരുന്നില്ല. പിന്നീട് കർണാടകയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ് തൈകൾ ഉൽപാദനത്തിന്റെ പുത്തൻരീതികൾ പഠിച്ചെടുത്തത്. അതോടെയാണ് ഫാം ലാഭത്തിലേക്കു നീങ്ങി. ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ചുള്ള തൈ ഉൽപാദനം 100 ശതമാനം വിജയമായിരുന്നു. കഴിഞ്ഞ വർഷം 5 ലക്ഷം തൈകളാണ് കൃഷിഭവനുകൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കുമായി നൽകിയത്. 

മഴവെള്ളം സംഭരിക്കുന്ന പടുതാക്കുളത്തിലെ മീൻവളർത്തലും വലിയ വിജയമാണ്. മീൻകുഞ്ഞുങ്ങളെയാണ് കൂടുതലായും വിൽക്കുന്നത്. മീൻകുളത്തിലെ മാലിന്യം പച്ചക്കറികൾക്ക് വളമായി ഉപയോഗിക്കും. വേനൽക്കാലത്തെ പച്ചക്കറികൃഷിയും ആയിഷയ്ക്ക് നല്ല ലാഭം നൽകുന്നുണ്ട്. ജൈവപച്ചക്കറികൾ മുൻകൂട്ടി ആവശ്യപ്പെട്ട് ആളുകളെത്തും. 

ayisha-1
കമ്പോസ്റ്റിങ് യൂണിറ്റിനു സമീപം ആയിഷ

10 കൃഷിഭവനുകൾക്കാണ് ആയിഷ പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നത്. തക്കാളി, വെണ്ട, പച്ചമുളക്, വഴുതന, പയർ, ശീതകാലപച്ചക്കറികൾ എന്നിവയുടെ തൈകൾ പോളിഹൗസിൽ മുളപ്പിക്കും. ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വിളവും കൂടുതൽ ലഭിക്കും. കഴിഞ്ഞ വർഷം 5 ലക്ഷം തൈകൾ വിറ്റത് ഈ വർഷം അതിന്റെ ഇരട്ടിയാകുമെന്നാണ് ആയിഷ പറയുന്നത്. പച്ചക്കറികൾക്ക് ക്രമാതീതമായി വില കൂടിയതോടെ കൂടുതൽ പേർ കൃഷിയിലേക്കിറങ്ങുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകളാണ് തൈകൾക്കായി കൂടുതൽ  എത്തുന്നത്. 

ചകിരികമ്പോസ്റ്റിലാണ് തൈകൾ മുളപ്പിക്കുന്നത്. ചകിരിച്ചവറും പിത്ത് പ്ലസും യൂറിയും ചേർത്തിളക്കി 40 ദിവസം മൂടിയിടും. ഇത് പ്രോട്രേകളിൽ നിറച്ച് വിത്തു പാകും.

കുറ്റിക്കുരുമുളകിന്റെ തൈകളാണ് കൃഷിഭവനുകൾക്കായി തയാറാക്കുന്ന മറ്റൊരു ഇനം. പന്നിയൂരും കരിമുണ്ടയുമാണു കൂടുതലും. 

മക്കളായ നസ്റിനും നാസിഹയും മരുമകൻ നൗഷാദും സഹായത്തിനുണ്ട്.

ഫോൺ: 9744376033

English summary: Success Story of a Woman Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com