കൃഷിയിടത്തിലേക്കുള്ള പമ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

pump
SHARE

വെള്ളം പമ്പ് ചെയ്യേണ്ട ഉയരം, വിളയ്ക്ക് ആവശ്യമുള്ള വെള്ളത്തിന്റെ അളവ് എന്നിവ അനുസരിച്ച് പമ്പിന്റെ എച്ച്പി(ഹോഴ്സ് പവര്‍) തീരുമാനിക്കണം.

പമ്പ് ചെയ്യേണ്ട വെള്ളത്തിന്റെ അളവും നനരീതിയും അനുസരിച്ചുവേണം പമ്പ് തിരഞ്ഞെടുക്കാൻ. അതിന് ആദ്യം ജലത്തിന്റെ അളവ് നിർണയിക്കണം. വിളകളുടെ തരം, കൃഷിഭൂമിയുടെ വിസ്തീർണം, മണ്ണിന്റെ ഘടന, കൃഷിസ്ഥലത്തിന്റെ ചരിവ് തുടങ്ങിയവയാണ് ജലത്തിന്റെ തോതു നിർണയിക്കുന്ന ഘടകങ്ങൾ. 

വെള്ളം താഴ്ന്ന പ്രദേശത്തുനിന്ന് നിശ്ചിത മർദത്തിൽ വലിച്ചെടുത്ത് പൈപ്പുകളിലൂടെ കടത്തിവിടുന്നതിനാൽ നനയ്ക്കു പമ്പ് കാതലായ ഘടകമാണ്. കർഷകർ പല നനരീതികളാണ് അവലംബിക്കുന്നത്. തടം ഹോസ്, ചാലു കീറിയിട്ടുള്ളത്, ജലം കെട്ടിനിർത്തിയിട്ടുള്ളത് തുടങ്ങിയ പരമ്പരാഗത രീതികളിൽ വിളകൾക്കു ലഭ്യമാകുന്നത് നല്‍കുന്നതിന്റെ 30 മുതൽ 45 ശതമാനം വെള്ളം മാത്രമാണ്. എന്നാൽ സൂക്ഷ്മനന രീതികളിൽ ജലവിനിയോഗക്ഷമത ഉയർന്ന തോതിലാണ്. എന്നാൽ തളി (സ്പ്രിങ്ക്ളർ) നനയിൽ 70 മുതൽ 80 ശതമാന വും തുള്ളിനന (ഡ്രിപ്) യിൽ 95 ശതമാനവുമാണ് കാര്യക്ഷമത.

പമ്പുകളെ അവയുടെ പ്രവർത്തന തത്വം അടിസ്ഥാനമാക്കി പ്രധാനമായും രണ്ടു തരമായി തിരിക്കാം. പോസിറ്റീവ് ഡിസ്പ്ലേസ്മെന്റ് പമ്പും വേരിയബിൾ ഡിസ്പ്ലേസ്മെന്റ് പമ്പും. വെള്ളം പുറന്തള്ളപ്പെടേണ്ട ഉയരം കൂടുന്നതിന് അനുസരിച്ച്,  ജലനിർഗമനശേഷി കുറയുന്നതിനാൽ പോസിറ്റീവ് ഡിസ്പ്ലേസ്മെന്റ് പമ്പ് വിളകൾ നനയ്ക്കാൻ അധികം ഉപയോഗിക്കുന്നില്ല. വേരിയബിൾ ഡിസ്പ്ലേസ്മെന്റ് പമ്പാണ്  കൃഷിയിൽ  ഉപയോഗിക്കുന്നത്.

പലതരം പമ്പുകൾ: പ്രൊപ്പല്ലർ , സെൻട്രിഫ്യൂഗൽ, സബ്മേഴ്സിബിൾ, ടർബൈൻ, ജെറ്റ് എന്നിവയാണ് പ്രധാനം.

സവിശേഷതകൾ

പ്രൊപ്പല്ലർ: കുറഞ്ഞ ആഴത്തിൽനിന്നു ജലം വലിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നു (4 മീറ്റർ ആഴം). കൂടുതൽ ഉയരത്തിലേക്കു പമ്പ് ചെയ്യാൻ സാധിക്കില്ല. എന്നാല്‍  കുറഞ്ഞ സമയത്തിൽ കൂടുതൽ ജലം പമ്പ് ചെയ്യാം. നദി, തോട്, കനാൽ എന്നിവിടങ്ങളിൽനിന്നു കൃഷിസ്ഥലത്തേക്കു പമ്പ് ചെയ്യാം.

സബ്മേഴ്സിബിൾ: കൂടുതൽ ആഴത്തിൽനിന്നു ജലം വലിച്ചെടുക്കുന്നു. സബ്മേഴ്സിബിൾ പമ്പും മോട്ടറും വെള്ളത്തിനടിയിലാണ് സ്ഥാപിക്കുന്നത്. 6 മീറ്ററിൽ അധികം ആഴത്തിലുള്ള കുഴൽക്കിണറുകളിലും ഉപയോഗിക്കാം.

സെൻട്രിഫ്യൂഗൽ: കർഷകർക്കിടയിൽ ഏറ്റവും അധികം പ്രചാരത്തിലും ഉപയോഗത്തിലുമുള്ള പമ്പ്. ജലനിരപ്പ് ഭൂമി നിരപ്പിൽനിന്ന് 6 മീറ്റർ വരെ ആഴത്തിലുള്ള കിണറുകളിലും ജലാശയങ്ങളിലും പമ്പ് ചെയ്യാൻ ഉപയോഗിക്കാം. അതേസമയം ഹെഡ് 6 മീറ്റർ മുതൽ 35 മീറ്റർ വരെയുള്ള സാഹചര്യത്തിൽ സെൻട്രിഫ്യൂഗൽ പമ്പ് സെറ്റ് സ്ഥാപിക്കുക. സെൻട്രിഫ്യൂഗൽ പമ്പുകളിൽ സിംഗിൾ സ്റ്റേജ്, മൾട്ടിസ്റ്റേജ് പമ്പുകൾ ഉപയോഗിക്കാം. കൂടുതൽ ഉയരത്തിലേക്കു പമ്പു ചെയ്യാൻ മൾട്ടിസ്റ്റേജ് ഉപയോഗിക്കാം.

ടർബൈൻ: സെൻട്രിഫ്യൂഗൽ പമ്പിനു സമാനം. കൂടുതൽ ആഴത്തിൽനിന്നു ജലം വലിച്ചെടുക്കുന്നു. ജലനിർഗ മനശേഷി കുറവാണ്.

ജെറ്റ്: കൂടുതൽ ആഴത്തിലുള്ള ജലം പമ്പ് ചെയ്യാം. (6 മീറ്ററിൽ കൂടുതൽ). പമ്പ് ജലസ്രോതസ്സിൽ ഇറക്കി വയ്ക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ ജെറ്റ് പമ്പ് ഉപയോഗിക്കാം. ജലനിർഗമനശേഷി കുറവാണ്.

സ്രോതസിന്റെ ജലനിരപ്പിൽനിന്നു കൃഷിസ്ഥലത്തേക്കുള്ള ഉയരം (ഹെഡ്), ഒരു സെക്കൻഡിൽ ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് (കപ്പാസിറ്റി) എന്നിവയ്ക്ക് അനുസരിച്ച് ആവശ്യമുള്ള മോട്ടറിന്റെ കുതിരശക്തി  (എച്ച്പി–Hp) നിർണയിക്കാൻ പട്ടിക കാണുക.

pumpset

വിലാസം: സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ്, െകവികെ, മിത്രനികേതന്‍, വെള്ളനാട്. ഫോണ്‍: 9400288040

English summary: How to Choose the Right Agricultural Pump

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA