ADVERTISEMENT

ഓരോ വ്യക്തിയുടെയും കൃഷിരീതി വ്യത്യസ്തമായിരിക്കും. നടീല്‍രീതി, വളപ്രയോഗം, പരിചരണം, ജലസേചനം എന്നിങ്ങനെ ഒട്ടേറെ വ്യത്യസ്തതകള്‍. എറണാകുളം സ്വദേശിയായ വാസന്തി പത്മ തന്റെ കൃഷിരീതികള്‍ പങ്കുവയ്ക്കുന്നു.

സ്ഥല പരിമിതി കാരണം ഞാന്‍ പ്രധാനമായും ടെറസ് കൃഷിയാണ് ചെയ്യുന്നത്. മണ്ണും വളവും കീടനാശിനിയും ഒക്കെ ഭര്‍ത്താവും മകനും വാങ്ങിത്തരും. കൃഷി ഞാന്‍ തന്നെ ചെയ്യുന്നു. ഗ്രോ ബാഗ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മകന്‍ മാറ്റിവച്ചു തരും. അമ്മ കൃഷി ചെയ്തു ഉണ്ടാക്കുന്ന പച്ചക്കറികള്‍ വെച്ചുള്ള കറികള്‍ക്ക് നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറയും. അതു കേള്‍ക്കുമ്പോള്‍ നല്ല സന്തോഷം തോന്നും, മനസ്സു നിറയും.

കാബേജും കോളിഫ്‌ളവറും നല്ല വിളവ് തന്നു. രണ്ടിനും വീണ്ടും കുറച്ച് വേപ്പിന്‍ പിണ്ണാക്ക് ഇട്ടു കൊടുത്തു. കാബേജ് ഒടിച്ചെടുത്തതിനു ശേഷവും ചുറ്റും പുതിയ മുളകള്‍ ഉണ്ടാകുന്നുണ്ട്. കോളിഫ്‌ളവറില്‍ പുതിയ ചിനപ്പുകള്‍ പൊട്ടി വന്ന് പൂവ് ഉണ്ടാകുന്നുണ്ട്. 

vegetable-1

മണ്ണ് വെയിലത്തിട്ടു നന്നായി ഉണക്കും. ഗ്രോ ബാഗില്‍ മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി (1:1:1 അനുപാതം) നിറച്ച് 2 സ്പൂണ്‍ ഡോളോമൈറ്റ്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് ഇളക്കി 4 ദിവസം വെള്ളം തളിച്ചു വയ്ക്കും. അടുത്ത ദിവസം വൈകുന്നേരം തൈ നടും. നന്നായി വെള്ളം ഒഴിച്ചു കൊടുക്കും. പിന്നീട് ദിവസം രണ്ടു നേരം കുറേശ്ശേ വെള്ളം ഒഴിച്ചു കൊടുക്കും. 10 ദിവസം കഴിഞ്ഞു മേല്‍വളം ഇട്ട് 1 ലീറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ഒഴിച്ചു കൊടുക്കും.

എല്ലാ ചെടികള്‍ക്കും ഇടയ്‌ക്കൊക്കെ സ്യൂഡോ കലക്കി ഒഴിക്കാറുണ്ട്. പത്തു ദിവസം കൂടുമ്പോള്‍ മേല്‍വളം കൊടുക്കും. മാസത്തില്‍ ഒരിക്കല്‍ മണ്ണ് ഇളക്കി ഇടും, വേരു പൊട്ടാതെ. അവര്‍ക്കും ശ്വസിക്കണ്ടെ?

ജൈവ കീടനാശിനി ആഴ്ചയില്‍ 2 ദിവസം തളിക്കും. കാബേജിനും കോളിഫ്‌ളവറിനും കീടശല്യം ഒന്നും ഉണ്ടായില്ല. 

മറ്റുള്ള പച്ചക്കറികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം ജൈവ കീടനാശിനി അടിച്ച് കൊടുക്കാറുണ്ട്. തക്കാളിക്കു മാസത്തില്‍ ഒരിക്കല്‍ 1/2 സ്പൂണ്‍ എല്ലുപൊടി ഇടും. 1 സ്പൂണ്‍  കുമ്മായം കലക്കി ഒഴിക്കും. 2 നേരം നന്നായി വെള്ളം ഒഴിച്ച് കൊടുക്കും. ഇലകളില്‍ വെള്ളം വീഴാതെ നോക്കണം. കൂടാതെ, എല്ലാ പച്ചക്കറി ചെടികള്‍ക്കും ഇടയ്‌ക്കൊക്കെ ജൈവ സ്ലറി ഒഴിച്ചു കൊടുക്കാറുണ്ട്.

പുറത്തുനിന്നും പച്ചക്കറി അധികമൊന്നും വാങ്ങാറില്ല. ഉരുളകിഴങ്ങ്, ഉള്ളി, സവാള, വെളുത്തുള്ളി ഇതൊക്കെ വാങ്ങും. ഇവ നാലും ഒന്നു കൃഷി ചെയ്തു നോക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com