എട്ടാം നിലയിൽ പച്ചക്കറികൾ മുതൽ പഴവർഗങ്ങൾ വരെ: ഇത് ഹസീനയുടെ ആകാശത്തോട്ടം

HIGHLIGHTS
  • ഗരക്കൃഷിക്ക് മികച്ച മാതൃകയാണ് ഇവിടെയൊരുക്കുന്നത്
  • ഫ്ലാറ്റ്സമുച്ചയമാകെ പ്ലാന്റർബോക്സുകളാൽ പൊതിഞ്ഞു നിര്‍മാതാക്കള്‍
haseena-balcony-kitchen-garden-3
ഡോ. എച്ച്.ഹസീന ബാൽക്കണിയിലെ പച്ചക്കറിത്തോട്ടത്തിൽ
SHARE

ഫ്ലാറ്റിൽ ജീവിക്കുന്നവരുടെ കൃഷിയൊക്കെ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ, അല്ലേ? എന്നാല്‍ ഈ ചിന്ത തിരുത്തുകയാണ് കാക്കനാട് നോയൽ ഗ്രീൻ നേച്ചറിലെ ഹസീന. 4 വെണ്ടയും 5 ചീരയും 2 മുളകും മാത്രമല്ല ഇവിടെ കൃഷി. മുന്തിരിയും പാഷൻഫ്രൂട്ടും മുതൽ സപ്പോട്ട വരെ വളരുന്ന ഫ്ലാറ്റാണ് ഇവരുടേത്. 3 ബാൽക്കണികളാണ് ഇവർക്ക്. മൂന്നിന്റെയും സംരക്ഷണഭിത്തി(പാരപ്പറ്റ്)ക്കു പകരം കോൺക്രീറ്റ് പ്ലാന്റർ ബോക്സുകൾ. ഗ്രീൻ നേച്ചർ എന്ന പേരിനെ അന്വർഥമാക്കി ഈ ഫ്ലാറ്റ്സമുച്ചയമാകെ ഇത്തരം പ്ലാന്റർബോക്സുകളാൽ പൊതിഞ്ഞു നിര്‍മാതാക്കള്‍. ബോക്സുകളിൽ ചെടി നടാന്‍ മണ്ണും അവർ നിറച്ചുനൽകി.  ചെടി നനയ്ക്കുന്ന വെള്ളം ബോക്സിനടിയിലെ കുഴലിലൂടെ ഡ്രെയിനേജിലേക്കു പോകാനും സംവിധാനമൊരുക്കിയ അവർ നഗരക്കൃഷിക്ക് മികച്ച മാതൃകയാണ് ഇവിടെയൊരുക്കുന്നത്.    

haseena-balcony-kitchen-garden-2
ഫ്ലാറ്റ് സമുച്ചയത്തിലെ പ്ലാന്റർബോക്സുകൾ. ഹസീനയുടെ ബാൽക്കണിയിൽനിന്നുള്ള ദൃശ്യം.

പേരിനൊരു പ്ലാന്റർ ബോക്സല്ല, ശരാശരി 60 സെ.മീ. ആഴമുള്ള 3 ബോക്സുകളിലായി 12.6 ച.മീ. കൃഷി സ്ഥലമാണ് എട്ടാംനിലയിൽ ഹസീനയ്ക്കുള്ളത്. അതും സമൃദ്ധമായ സൂര്യപ്രകാശവും കാറ്റും സഹിതം.  

ബോക്സിനു പുറമെ‌, ബാൽക്കണിയിൽ നിരത്തിയ സ്റ്റാൻഡുകളിലും ചെടികൾ വച്ചിട്ടുണ്ട്. പൂച്ചട്ടികളിലും മറ്റുമാണ് ഇവ നട്ടിരിക്കുന്നത്. ജലവിനിയോഗം പരമാവധി കുറയ്ക്കുന്നതിലും ഹസീന നഗരക്കർഷകർക്കു മാതൃക.  ഹോസ് ഉപയോഗിച്ചു ചെടികൾ നനയ്ക്കാറില്ല. ആവശ്യത്തിനു ജലം തളിച്ചുകൊടുക്കുകയാണ്. ബോക്സിന്റെ അടിയിലൂടെ വാർന്നുവരുന്ന ജലം ഡ്രയിനേജിലേക്കു വിടാതെ പാത്രങ്ങളിൽ സംഭരിച്ച് അടുത്ത ദിവസം നനയ്ക്കാനെടുക്കും. 

haseena-balcony-kitchen-garden-1

പയർ, പാവൽ, വെണ്ട, ചീര, വഴുതന തുടങ്ങിയ പച്ചക്കറികൾ മാത്രമല്ല, കുറ്റിക്കുരുമുളക്, അമ്പഴം, കറ്റാർവാഴ, കറിവേപ്പ്, സപ്പോട്ട, ഇഞ്ചി, മഞ്ഞൾ എന്നിവയും അലങ്കാരസസ്യങ്ങളും ഇവിടെയുണ്ട്. അപ്പാർട്ടുമെന്റിലേക്കു പ്രവേശിക്കുന്ന തുറസ്സായ സിറ്റൗട്ടിലാണ് ആദ്യ പ്ലാന്റർബോക്സ്. ഇവിടെ അലങ്കാരസസ്യങ്ങളാണ് കൂടുതൽ. മറ്റു രണ്ടു ബോക്സുകളോടും ചേർന്നുള്ള ബാൽക്കണിയിലേക്ക് മുറികളിൽനിന്നു പ്രവേശിക്കാം. പ്ലാന്റർബോക്സിൽ മാത്രമല്ല, ഈ ബാൽക്കണികളിൽ സ്ഥാപിച്ച സ്റ്റാൻഡുകളിൽ ചട്ടികളും ഗ്രോബാഗും വച്ചും ഇവർ കൃഷി ചെയ്യുന്നുണ്ട്.

കൊച്ചി ശാസ്ത്ര സാങ്കേതികസർവകലാശാലയിൽ അധ്യാപികയായ ഹസീനയും എൻജിനീയറായ ഭർത്താവ് ഹംസ വി. ബാവയും ഈ ഫ്ലാറ്റ് വാങ്ങിയിട്ടു 10 വർഷമായി. കൃഷി ചെയ്യാൻ സൗകര്യമുണ്ടെന്നത് വലിയ ആകർഷണമായിരുന്നു.  ഫ്ലാറ്റിനോടു ചേർന്നുള്ള സ്ഥലങ്ങളിലും ചെടി നട്ടുവളർത്താൻ അനുവാദമുണ്ട്. ചുറ്റും ഒട്ടേറെ ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയെന്നും ഹസീന പറഞ്ഞു.

Email: haseenahamsa@gmail.com

English summary: Balcony Vegetable Gardening at Ernakulam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA