കൃഷി ചെയ്യാന്‍ വിളിക്കുന്നു; പദ്ധതിയെക്കുറിച്ച് അറിയാൻ മിസ്ഡ് കോള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം

vegetables
SHARE

ഞങ്ങളും കൃഷിയിലേക്ക് എന്ന പുതിയ മുദ്രാവാക്യവുമായി വീട്ടങ്കണത്തിലെയും കര്‍ഷകഗ്രൂപ്പുകളിലെയും കൃഷി ആഭിമുഖ്യത്തെ പരിപോഷിപ്പിക്കാനൊരുങ്ങുകയാണ് കൃഷിവകുപ്പ്. ജൈവകൃഷിയുടെ പ്രോത്സാഹനം, സംഘക്കൃഷിയുടെ വ്യാപനം, സ്വയം പര്യാപ്തമായ കൃഷിജീവിതത്തിലേക്കുള്ള വളര്‍ച്ച തുടങ്ങിയ ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് കൃഷിമുന്നേറ്റം.

സമൂഹത്തിലെ മുഴുവന്‍ വ്യക്തികളെയും വലുപ്പച്ചെറുപ്പമില്ലാതെ കൃഷി ഇടങ്ങളിലേക്ക് കൊണ്ടു വരികയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഒന്നിച്ചുള്ള പ്രയത്‌നമാണ് ഉന്നംവയ്ക്കുന്നത്. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, വിഷരഹിത ഭക്ഷണത്തിലേക്ക് ചുവടുവയ്ക്കുക തുടങ്ങിയവയില്‍ വിപുലമായ ബോധവല്‍കരണവും യോജിച്ചു പ്രധാന ദൗത്യം. 

സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി 10,000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കാനാണു തീരുമാനം. ഇതിന്റെ ഭാഗമാണ് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി. പുതുതായി 10,000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിക്കും. എല്ലാ വീടുകളിലും പോഷകത്തോട്ടം നിര്‍മിക്കാനും കൃഷി വകുപ്പ് തീരുമാനിച്ചു. പദ്ധതിയെ പറ്റി അറിയുന്നതിനായി മിസ്ഡ് കോള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എല്ലാ ജില്ലകളിലും ഉടന്‍ നിലവില്‍ വരും. 

പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കൃഷി ചെയ്യാന്‍ ആവശ്യമായ ഭൂമി കണ്ടെത്താന്‍ കൃഷി വകുപ്പ് സഹായിക്കും. കൃഷിക്കാവശ്യമായ വിത്തും തൈകളും നല്‍കും. വിസ്തൃതി/ഇനം അനുസരിച്ച് പരിപാലന മുറകള്‍ നിശ്ചയിച്ചു നല്‍കും. വീടുകള്‍, സ്‌കൂള്‍, കോളജ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. പച്ചക്കറി കൃഷിക്ക് മുന്‍ഗണന. വ്യക്തികള്‍, ഗ്രൂപ്പുകള്‍ സംഘടനകള്‍ എന്നിവയ്ക്ക് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കും. 140 സ്മാര്‍ട് കൃഷി ഭവനുകള്‍ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 140 സ്മാര്‍ട് കൃഷി ഭവനുകളുടെ പ്രഖ്യാപനവും ഉണ്ടാകും. 14 കാര്‍ഷിക മാതൃകാ പ്ലോട്ടുകള്‍, ജൈവകൃഷി മിഷന്‍, നഴ്‌സറി ആക്ട്, സോഷ്യല്‍ ഓഡിറ്റിങ്, കൃഷി വിപണി ഇടപെടലുകളുടെ ഉദ്ഘാനം 500 സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണം തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടങ്ങള്‍ (ഒറ്റയ്‌ക്കോ, കൂട്ടായോ) സജ്ജമാക്കും. ഓരോ കൂട്ടത്തിലും കുറഞ്ഞത് 10 അംഗങ്ങള്‍ ഉണ്ടായിരിക്കും. ഇപ്രകാരം ഒരു പഞ്ചായത്തില്‍ കുറഞ്ഞത് ഇത്തരം 10 ഗ്രൂപ്പുകളാണ് രൂപീകരിക്കുക. നെല്ല്, പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവയില്‍ ഗ്രൂപ്പുകള്‍ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും ഒരുമിച്ചോ, പലയിടങ്ങളിലായോ കുറഞ്ഞത് 2 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്യണം. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും. തരിശു കൃഷിക്കാണ് കൂടുതല്‍ സഹായം. 

വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുക മുഖ്യ ലക്ഷ്യം. ഇതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് നല്‍കും. ഒരു സെന്റ് പച്ചക്കറികൃഷി, മട്ടുപ്പാവിലെ കൃഷി, വീട്ടുവളപ്പിലെ പോഷകത്തോട്ടം, മഴമറ കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാനാണു തീരുമാനം.

പദ്ധതിക്കായി 4 കോടി രൂപയാണു നീക്കി വച്ചിരിക്കുന്നത്. ഇതിലൂടെ പരോക്ഷമായി 10,000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നു കരുതുന്നു. 10,000 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കുന്നതിനായി 10 കോടിയും, 10000 കാര്‍ഷിക ഗ്രൂപ്പുകള്‍ക്കായി 15 കോടി രൂപയും നീക്കിവച്ചു. 

10,000 കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിലൂടെ 1 ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും 20,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരം ഉണ്ടാകും. 10,000 ഹെക്ടര്‍ ജൈവകൃഷിയിലൂടെ 20,000 പേര്‍ക്ക് പരോക്ഷമായും, 1000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം ഉണ്ടാകും. 

നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 5 ഇനം പഴം-പച്ചക്കറികള്‍ക്ക് കൂടി താങ്ങുവില പ്രഖ്യാപിക്കാനും ഉദ്ദേശ്യമുണ്ട്. വിപണിയിലെ വിലനിലവാരം താരതമ്യം ചെയ്ത ശേഷം താങ്ങുവില ഏര്‍പ്പെടുത്തേണ്ട ഇനങ്ങളെക്കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ സംസ്ഥാന വിലനിര്‍ണയ ബോര്‍ഡിന് നിര്‍ദേശം നല്‍കി. വിശദമായ ചര്‍ച്ചയ്ക്കു ശേഷം താങ്ങുവില ഏര്‍പ്പെടുത്തേണ്ട പഴം-പച്ചക്കറി ഇനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ 16 പഴം-പച്ചക്കറി ഇനങ്ങള്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. പച്ചക്കറിക്കൃഷിയില്‍ സ്വയംപര്യാപ്തതയ്‌ക്കൊപ്പം സുരക്ഷിത ഭക്ഷണവും പദ്ധതിയുടെ ലക്ഷ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA