പൊന്നുപോലെ വളർത്തിയിരുന്ന ചെടികളെല്ലാം 2018ലെ മഹാപ്രളയത്തിൽ ഒലിച്ചുപോകുക, വീണ്ടും ഒന്നിൽനിന്നു തുടങ്ങുക, കേരളത്തിൽ പലർക്കും പങ്കുവയ്ക്കാനുണ്ടാകും ഈ അനുഭവം. ചാലക്കുടി കിഴക്കൂടൻ വീട്ടിൽ ബിജു ബോസ്സിന് പറയാനുള്ളതും ഇത്തരം ഒരു അതിജീവനത്തിന്റെ കഥയാണ്.
പ്രളയത്തിനുശേഷം വീണ്ടും തുടങ്ങിയപ്പോൾ പക്ഷേ, വിപണിയിലെ ആവശ്യകതയറിഞ്ഞ് ബിജു അകത്തളച്ചെടികളിലേക്കു ചുവടു മാറ്റി. തുടര്‍ന്ന് അപൂർവ ഇനം ഇൻഡോർ ചെടികൾ ശേഖരിക്കുന്നതിനു കൂടുതൽ ശ്രദ്ധ നൽകി. വീടിനോടു ചേർന്ന് ഈ ആവശ്യത്തിനായി 2 വലിയ പോളിഹൗസുകളും തണൽ ഗൃഹവും ഒരുക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് കിട്ടാവുന്നത്ര അകത്തളച്ചെടികൾ ശേഖരിച്ചു. പലതും മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഓൺലൈനില്‍ വരുത്തി. ഒരിനത്തിനു മാത്രമായി കിലോമീറ്ററുകളോളം യാത്ര ചെയ്ത അനുഭവവുമുണ്ട്. എഴുപതിലേറെ വർഗങ്ങളിലുള്ള അയ്യായിരത്തോളം അകത്തളച്ചെടികൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അലോക്കേഷ്യാ, ഫിലോഡെൻഡ്രോൺ, സ്‌നേക് പ്ലാന്റ്, കലാഡിയം, ബിഗോണിയ, പന്നൽ ഇനങ്ങൾ, ഇന്ത്യൻ റബർ പ്ലാന്റ് തുടങ്ങി മിക്ക ഇലച്ചെടിയിനങ്ങളും ഇവിടെയുണ്ട്.
വിപണനത്തിനുള്ളവയെല്ലാം ചട്ടികളിലാണ് വച്ചിരിക്കുന്നത്. തൈ ഉൽപാദനത്തിനായി അലോക്കേഷ്യാ, സ്‌നേക് പ്ലാന്റ്, സിങ്കോണിയം, ഇന്ത്യൻ റബർ പ്ലാന്റ് തുടങ്ങിയവയുടെ മാതൃസസ്യങ്ങൾ നിലത്താണ് നട്ടുവളർത്തുന്നത്. പല നൂതന ഇനങ്ങളിലും പ്രത്യുൽപാദനം അത്ര എളുപ്പമല്ലെന്നാണ് ബിജുവിന്റെ അനുഭവം. അതുകൊണ്ടുതന്നെ ചെടികള്‍ക്കു നല്ല വിലയാണ്.
ഫിലോഡെൻഡ്രോൺ, ഫോളിയേജ് ആന്തൂറിയം തുടങ്ങി പല ഇൻഡോർ ചെടികളും ചാണകപ്പൊടി വളമായി ചേർത്ത ചകിരിനാരിലാണ് നടുന്നത്. അതുകൊണ്ട് ഇവയ്ക്ക് ചീയൽ ഉൾപ്പെടെയുള്ള രോഗങ്ങളില്ല. അകത്തളച്ചെടികൾ നശിച്ചുപോകാന്‍ മുഖ്യ കാരണം അമിത നനയാണെന്നു ബിജു. പരിപാലനത്തിനും, വിപണനത്തിനുമെല്ലാം ഭാര്യ രേഖ ഒപ്പമുണ്ട്.
ഫോണ്‍: 9495332389