കപ്പലിൽനിന്നു പോളിഹൗസിലേക്ക്... വീട്ടാവശ്യത്തിനു തുടങ്ങി, വരുമാനമായി മാറിയ കൃഷി

siju
സിജു പോളിഹൗസിനുള്ളിൽ
SHARE

കടലിൽനിന്നു കരയിലേക്കു ജീവിതം പറിച്ചു നട്ടപ്പോൾതന്നെ ചവറ തേവലക്കര സ്വദേശി സിജു ശിവാനന്ദൻ പച്ചപ്പിനെയും ഒപ്പം കൂട്ടി. വീട്ടിലേക്കു വേണ്ടതെല്ലാം തൊടിയിൽനിന്നു കണ്ടെത്തണമെന്ന നിർബന്ധബുദ്ധിയാണ് ഈ മുൻ നാവികനെ പോളിഹൗസിനുള്ളിലാക്കിയത്. വരുമാനത്തിനായല്ല സിജു കൃഷി തുടങ്ങിയത്. എന്നാൽ ഇന്ന് തേവലക്കരയിലെ വീട്ടുവളപ്പിൽ നാട്ടുകാർക്കു വേണ്ടതു കൂടി ഉൽപാദിപ്പിക്കു കയാണ് ഈ യുവാവ്. 

സർവീസിലുള്ളപ്പോൾതന്നെ പോളിഹൗസുകളിലെ പച്ചക്കറിക്കൃഷി സിജുവിന്റെ സ്വപ്നമായിരുന്നു. എന്നാൽ  തീരെ പരിചിതമല്ലാത്ത മേഖലയിൽ മുതൽമുടക്കുന്നതിനെ കുടുംബാംഗങ്ങൾ അനുകൂലിച്ചില്ല. ഹൈടെക് കൃഷിപദ്ധതിയായ ‘കൃഷികർണ’യുടെ പിന്തുന്ന ലഭിച്ചതോടെ പോളിഹൗസ് കൃഷിതന്നെ  എന്നുറപ്പിച്ചു. 

നൂറു ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പോളിഹൗസാണ് വീടിനോടു ചേർന്ന്  ഒരുക്കിയിട്ടുള്ളത്. ഉള്ളിൽ 5 നിരകളായി വ്യത്യസ്ത പച്ചക്കറി ഇനങ്ങൾ. ഓരോ നിരയിലും 108 ചുവടുകൾ. ചുവടുകൾ തമ്മിൽ 2 അടി അകലം. ഓരോ നിരയിലും രണ്ടു വിളകൾ വീതം  പയർ, പാവൽ, വെണ്ട, ചീര, പച്ചമുളക്, തക്കാളി, വഴു തന, പാലക്, പടവലം, കുക്കുമ്പർ എന്നീ 10 വിളകളാണ് സിജു നട്ടത്. ഓരോന്നിന്റെയും അമ്പതോളം ചുവടു വീതം. വീട്ടാവശ്യത്തിനുള്ള പച്ചക്കറി മാത്രം ആഗ്രഹിച്ചതിനാൽ വിളവൈവിധ്യത്തിനാണ് ആദ്യകൃഷിയിൽ പ്രാധാന്യം നൽകിയത്. എന്നിട്ടുപോലും ഉൽപാദനം സ്വന്താവശ്യത്തിലും അധികമായതിനാല്‍ വിപണനം ചെയ്യാൻ നിർബന്ധിതനായി. ഇതുവരെ 7000 രൂപയുടെ പച്ചക്കറി  വിറ്റതായാണ് സിജുവിന്റെ കണക്ക്.

കീടശല്യം തീരെ കുറവായതിനാൽ വിഷപ്രയോഗം വേണ്ടിവരുന്നില്ലെന്നതാണ് പോളിഹൗസ്   സിജുവിനു പ്രിയങ്കരമാക്കിയത്.  തുറസ്സായ സ്ഥലത്തെ കൃഷിയെ അപേക്ഷിച്ച് വിളവു വളരെ  കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.  ഉൽപന്നങ്ങളുടെ നിലവാരം ഏറെ മെച്ചമാണ്.

ഒട്ടേറെപ്പേരുടെ കൈ പൊള്ളിച്ച സംരംഭമാണെന്ന് അറിഞ്ഞുതന്നെയാണ് പോളിഹൗസ് കൃഷിയിലേക്ക് ഇറങ്ങിയത്.  എന്നാൽ മികച്ച ഹൈടെക് കർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവായ അനീഷിന്റെ നേതൃത്വത്തിൽ ‘കൃഷി കർണ’ പിന്തുണയുമായെത്തിയപ്പോൾ ആത്മവിശ്വാസമായി. കുടുംബവുമൊത്ത് അനീഷിന്റെയും മറ്റു കർഷകരുടെയും പോളിഹൗസുകൾ സന്ദർശിച്ചശേഷമാണ്   മുതൽമുടക്കാമെന്ന് ഉറപ്പിച്ചുതന്നു സിജു. പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കുന്നതു മുതൽ ആദ്യവിളവെടുപ്പുവരെ കൃഷികർണ ഒപ്പമുണ്ടായിരുന്നു. പോളിഹൗസ് നിർമാണം പൂർത്തിയായപ്പോൾ  ആവർത്തനച്ചെലവുൾപ്പെടെ 3.15 ലക്ഷം രൂപ മുതൽമുടക്കു വേണ്ടിവന്നു. കൃഷിവകുപ്പിൽനിന്ന് 50, 000 രൂപ സബ്സിഡി ലഭിച്ചു

ശാസ്ത്രീയമായും ചിട്ടയായും കൃഷിചെയ്താൽ പോളിഹൗസുകൾ നമ്മുടെ നാട്ടിലും വിജയിക്കുമെന്ന് സിജു പറയുന്നു. വിദഗ്ധ പിന്തുണ ഉറപ്പാക്കാതെ പോയതാണ് ഈ രംഗത്തെ തിരിച്ചടിക്കു കാരണം. യഥാസമയം സാങ്കേതികപിന്തുണ നൽകാൻ ‘കൃഷികർണ’യുടെ അനുഭവസമ്പത്തും വൈദഗ്ധ്യവുമാണ് തനിക്ക് തുണയാകുന്നത്. തേവലക്കര കൃഷിഭവനിലെ ഉദ്യോഗസ്ഥരും  ഒപ്പം നിന്നു. വൈകാതെ  കൃഷി വിപുലീകരിക്കാനുള്ള ആലോചനയിലാണ് സിജു. 

ഫോൺ: 9379441884

English summary: Polyhouse Vegetable Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA