ADVERTISEMENT

മട്ടുപ്പാവിൽ ഒന്നാംതരം അടുക്കളത്തോട്ടമുള്ള വീട്ടമ്മയാണ് എറണാകുളം കാക്കനാട് ‘കിളിവീട്ടി’ലെ രൂപ ജോസ്. വ്യത്യസ്ത പച്ചക്കറികളും പൂച്ചെടികളുമൊക്കെ  മികവോടെയും സ്ഥിരതയോടെയും കൃഷി ചെയ്യുന്ന രൂപ, ഹൈഡ്രോപോണിക്സ് യൂണിറ്റ് വാങ്ങിയത് പ്രത്യേക ആവശ്യത്തിനാണ്– ചൈനീസ് കാബേജ്, കെയ്ൽ, പാലക്, ബോക്ചോയി, സെലറി, പാഴ്സിലി, ഇറ്റാലിയൻ ബേസിൽ തുടങ്ങിയ വിദേശ ഇലക്കറികൾ ആവശ്യാനുസരണം ഉൽപാദിപ്പിക്കണം.  ആലുവയിലെ ‘പ്ലാന്റ് മി’ നിർമിച്ചുനൽകുന്ന ഹൈഡ്രോപോണിക്സ് സംവിധാനമാണ് ഇതിനായി  തിരഞ്ഞെടുത്തത്. തന്റെ വീട്ടാവശ്യം  ഏറക്കുറെ പൂർണമായി നിറവേറ്റാൻ കഴിയുന്നതായി രൂപ പറഞ്ഞു.

മട്ടുപ്പാവിന്റെ ഒരു അരികില്‍ സ്ഥാപിച്ച  ഹൈഡ്രോപോണിക്സ് യൂണിറ്റിലെ ചെടികൾക്ക് മികച്ച വളർച്ച ലഭിക്കുന്നുണ്ട്. ഒരു മാസം കഴിയുമ്പോൾതന്നെ വിളവെടുത്തു തുടങ്ങാം. പുറമെനിന്നു വാങ്ങുന്ന  ഇലവർഗങ്ങളെക്കാൾ മികച്ചവയാണ് ഹൈഡ്രോപോണിക്സിലൂടെ ലഭിക്കുന്നത്. പുതുമ മാറാത്തതും  ക്രിസ്പിയുമായ ഇലവർഗങ്ങൾ കുട്ടികൾ  ഇഷ്ടത്തോടെ കഴിക്കുന്നു, വിശേഷിച്ച് സാലഡായും സ്നാക്കായും.

roopa-jos-terrace-farming-mini-hydroponics-unit-1
രൂപ ടെറസിലെ പച്ചക്കറിക്കൃഷിയിടത്തിൽ

താൻ വളർത്തുന്ന ഇലവർഗങ്ങൾക്ക് ഇപ്പോഴത്തെ കാലാവസ്ഥയിൽ നേരിട്ടുള്ള സൂര്യപ്രകാശം നല്ലതല്ലാത്തതിനാൽ തണല്‍വലകൊണ്ടു സംരക്ഷിക്കാവുന്ന യൂണിറ്റാണ് വാങ്ങിയത്. 48  ചെടികൾ നടാവുന്ന  ഒരു യൂണിറ്റിന് 23,000 രൂപ വിലയായി. ചെടികൾ വളരുന്ന പോഷകലായനി ഇടയ്ക്ക്  ഒഴിച്ചുകൊടുക്കേണ്ടിവരുന്നതാണ് ഏക ആവർത്തനച്ചെലവ്. ഇതിന് 575 രൂപ വിലയുണ്ട്. പ്ലാന്റ് മീയിൽനിന്നുതന്നെയാണ് പോഷകലായനിയും വാങ്ങുക. ലയിച്ചു ചേർന്ന ഖരവസ്തുക്കളുടെ ( TDS)  അളവ് പരിശോധിച്ച ശേഷം വേണം പോഷകക്കൂട്ട് നൽകേണ്ടത്. വെള്ളം തീരുന്നതനുസരിച്ച് ഒഴിച്ചുകൊടുക്കുകയും വേണം. സ്വയം കൂട്ടിച്ചേർക്കാവുന്ന ഹൈഡ്രോപോണിക്സ് യൂണിറ്റുകളും പോഷകലായനിയുമൊക്കെ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെ വാങ്ങാവുന്നതേയുള്ളൂ.

നഗരവാസികൾക്ക് തികച്ചും യോജിച്ച കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്. മണ്ണ് മാത്രമല്ല, സ്ഥലവും സമയവുമൊക്കെ ലാഭിക്കാൻ ഇതു സഹായകമാണെന്ന് രൂപ. മണ്ണിലെ കൃഷിയെ അപേക്ഷിച്ചു കീടശല്യം വളരെ കുറവാണ്.  പല തരം സാലഡുകളിലും ചില കേരളീയ  വിഭവങ്ങളിലും ഹൈഡ്രോപോണിക്സ് ഇലവർഗങ്ങൾ പരീക്ഷിച്ചതു വിജയകരമായെന്നു രൂപ പറഞ്ഞു. 

ഫോൺ: 9895964957

English summary: How to Grow Leafy Vegetables on a Simple Hydroponic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com