മഴമറയും പോളിഹൗസും വേണ്ട; ചെലവു കുറഞ്ഞ ഹൈഡ്രോപോണിക്സ് രീതി വികസിപ്പിച്ച് അധ്യാപകർ

HIGHLIGHTS
  • സാധാരണ കർഷകർക്കു പ്രയോജനപ്പെടേണ്ട സാങ്കേതികവിദ്യ
  • സാങ്കേതിക വശങ്ങളും നേട്ടങ്ങളും സാധാരണ കർഷകർ പരിചയിക്കണം
hydroponics
യുപിവിസി പൈപ്പുകൾക്കു പകരം സ്ലാബുകളിൽ വിളഞ്ഞ ചെറി ടൊമാറ്റോയ്ക്കു സമീപം ഫിസാറ്റിലെ വിദ്യാർഥികൾ
SHARE

മണ്ണ് പൂർണമായും ഒഴിവാക്കിയുള്ള ഹൈടെക് കൃഷിരീതിയായ ഹൈഡ്രോപോണിക്സ് കേരളത്തിലെ സാധാരണ കർഷകരെ സംബന്ധിച്ച് ഇന്നും ഒട്ടൊക്കെ അപരിചിതമാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉൽപാദനത്തിനോ അതല്ലെങ്കിൽ എക്സോട്ടിക് ഇലപ്പച്ചക്കറികളുടെ ചെറിയ യൂണിറ്റുകൾക്കോ മാത്രമാണ് ഇപ്പോഴും നമ്മുടെ നാട്ടിൽ ഹൈഡ്രോപോണിക്സ് പ്രയോജനപ്പെടുത്തുന്നത്.  മാത്രമല്ല, ഹൈഡ്രോപോണിക്സ് കൃഷിരീതികളും അതിനുള്ള പോഷകക്കൂട്ടുകളും മറ്റുള്ളവർക്കു വിശദമാക്കിക്കൊടുക്കാൻ ഈ രംഗത്തെ സംരംഭകർ മടിക്കുന്നുമുണ്ട്. 

എന്നാൽ അടുക്കളത്തോട്ടം മുതൽ വാണിജ്യക്കൃഷി വരെയുള്ള തലങ്ങളിൽ, ലളിതവും ചെലവു കുറഞ്ഞതുമായ ഹൈഡ്രോപോണിക്സ് രീതികൾ വികസിപ്പിച്ച് തീർത്തും സൗജന്യമായി കർഷകർക്കു പരിചയപ്പെടുത്തുകയാണ് എറണാകുളം അങ്കമാലിയിലുള്ള ഫിസാറ്റ് (Federal Institute of Science And Technology) എൻജിനീയറിങ് കോളജിലെ  അധ്യാപകരായ ബിജോയ് വർഗീസ്, സി.മഹേഷ്, ടി.ആർ.രാജേഷ് എന്നിവർ. ആദ്യ ഘട്ടത്തിൽ കൃഷി ഫിസാറ്റ് ക്യാംപസിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അങ്കമാലി മുരിങ്ങൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി മുന്നേറുന്നു. ‘‘സാധാരണ കർഷകർക്കു പ്രയോജനപ്പെടേണ്ട സാങ്കേതികവിദ്യയാണ് ഹൈഡ്രോപോണിക്സ്. അത് അടുക്കളത്തോട്ടം നിർമിച്ചു നൽകുന്നവരുടെ ബിസിനസ് സംരംഭമായി മാത്രം നിലനിന്നാൽ പോരാ. അതിന്റെ സാങ്കേതിക വശങ്ങളും നേട്ടങ്ങളും സാധാരണ കർഷകർ പരിചയിക്കണം’’, ബിജോയ് പറയുന്നു.

hydroponics-3
ബട്ടർനട്ട് കൃഷിക്കരികെ അധ്യാപകനായ ബിജോയ്

ഒന്നുമില്ല ഒളിക്കാൻ

ചെടിക്കാവശ്യമായ മുഴുവൻ പോഷകങ്ങളും ജലത്തിലൂടെ നൽകുക എന്നതാണല്ലോ ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വം. ഈ തത്വത്തിൽ ഊന്നിനിന്നുകൊണ്ടുള്ള വ്യത്യസ്ത ഹൈഡ്രോപോണിക്സ് രീതികളുണ്ട്. നമ്മുടെ നാട്ടിൽ ഭൂരിപക്ഷം പേർക്കും പരിചിതം ന്യൂട്രിയന്റ് ഫിലിം ടെക്നിക് (NFT) രീതിയാണെന്നു മാത്രം. ചെടികൾ വളരുന്ന യുപിവിസി ചാനലിലൂടെ നേർത്ത പാടപോലെ പോഷകജലം കടത്തിവിടുന്ന രീതിയാണത്. ചാനലിലെ തുളകളിൽ സ്ഥാപിക്കുന്ന നെറ്റ് പോട്ടിൽ വളരുന്ന ചെടികളുടെ വേരുകൾ വെള്ളത്തിൽനിന്ന് പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്നു. ഇത്, മഴമറയ്ക്കുള്ളിലോ പോളിഹൗസിലോ, അടച്ചിട്ട മുറിക്കുള്ളിൽ ക്രമീകരിക്കുന്ന നിയന്ത്രിത കാലാവസ്ഥയിലോ ഒക്കെ ചെയ്യുകയാണ് പതിവ്. നിയന്ത്രിത ചുറ്റുപാടിൽ ചെയ്യുമ്പോൾ എൽഇഡി ബൾബുകൾ നൽകുന്ന വെളിച്ചം സ്വീകരിച്ച് പ്രകാശസംശ്ലേഷണം (photosynthesis) സാധിച്ചാവും ചെടികൾ വളരുക.  

അകത്തായാലും പുറത്തായാലും ഈ രീതിയിൽ ചെയ്യുമ്പോൾ ചെടികൾ വളരുന്ന അന്തരീക്ഷം വളർച്ചയെ സ്വാധീനിക്കുന്ന നിർണായക ഘടകമാണ്. അതുകൊണ്ടുതന്നെ എൻഎഫ്ടിയിൽ, കുറഞ്ഞത് മഴമറയുടെ സുരക്ഷിതത്വമെങ്കിലും ചെടികൾക്കു നൽകാതെ വയ്യ. എന്നാൽ മഴയും വെയിലും കാറ്റുമെല്ലാം ഏൽക്കുന്ന തുറസ്സായ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറികൾ മുതൽ ഇഞ്ചിയും മഞ്ഞളും ഔഷധസസ്യങ്ങളുമെല്ലാം കൃഷി ചെയ്യാവുന്ന ഹൈഡ്രോപോണിക്സ് മാർഗമാണ് ഫിസാറ്റിലെ ഈ അധ്യാപകർ വികസിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്നത്. ഹൈഡ്രോപോണിക്സ് കൃഷിക്കായി മഴമറയോ പോളിഹൗസോ ഒന്നും ആവശ്യമില്ല എന്നു വരുന്നതോടെ കൃഷിക്കുള്ള മുതൽമുടക്കിൽത്തന്നെ ഗണ്യമായ കുറവുണ്ടാകും.

hydroponics-1
ഫിസാറ്റിലെ അധ്യാപകരായ ജ്യോതിഷ്, മഹേഷ്, രാജേഷ് എന്നിവർ

കൃഷിയിടത്തിൽ, കളവളർച്ച തടയാനുള്ള വീഡ് കൺട്രോൾ മാറ്റ് വിരിച്ച് അതിനു മുകളിൽ, ഫുഡ് ഗ്രെയ്ഡബിൾ പോളി എത്ത്‌ലിൻ ഷീറ്റിനുള്ളിൽ (ഹൈഡ്രോപോണിക്സിൽ ഉപയോഗിക്കുന്ന പൈപ്പുകളായാലും ഷീറ്റുകളായാലും ഗുണമേന്മ പ്രധാനമാണ്, ചെടികൾക്കു നൽകുന്ന രാസപോഷകങ്ങൾ പൈപ്പുകളും ഷീറ്റുകളുമായി പ്രതിപ്രവർത്തിച്ചുണ്ടാകുന്ന ദോഷഘടകങ്ങൾ വിളകൾ സ്വാംശീകരിക്കാതിരിക്കാനുള്ള മുൻകരുതലാണിത്. നിലവാരം കുറഞ്ഞവ ഉപയോഗിച്ചാൽ ആരോഗ്യക്കൃഷി അനാരോഗ്യക്കൃഷിയായി മാറും.) ചകിരിച്ചോറും ചകിരിത്തൊണ്ടും നിറച്ചു തയാറാക്കുന്ന സ്ലാബ് ക്രമീകരിച്ച് അതിൽ സ്ഥാപിക്കുന്ന ഒയാസിസ് ഫോം ക്യൂബിലാലാണ് കൃഷി (കട്ഫ്ലവറുകൾ എളുപ്പം വാടാതിരിക്കാൻ കുത്തിവയ്ക്കുന്ന ഒയാസിസ് ഫോമുകൾ കണ്ടിട്ടുണ്ടാവുമല്ലോ). വെള്ളം സംഭരിച്ചു നിർത്താൻ ശേഷിയുള്ള ഈ ഫോമിൽ ഘടിപ്പിച്ചിരിക്കുന്ന തുള്ളിനന സംവിധാനത്തിലൂടെയാണ് ചെടിക്കാവശ്യമായ മുഴുവൻ പോഷകങ്ങളും ലഭ്യമാകുന്നത്. 

എല്ലാ വിളകളും എവിടെയും

എൻഎഫ്ടി ഹൈഡ്രോപോണിക്സിൽ നമ്മൾ പരിചയിച്ചിട്ടുള്ള യുപിവിസി ചാനലുകൾക്കു പകരം മേൽപ്പറഞ്ഞ സ്ലാബിൽ കൃഷി ചെയ്യുമ്പോഴുള്ള മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. യുപിവിസി പൈപ്പിൽ വലുപ്പം കൂടിയതും പടർന്നു വളരുന്നതുമായ ചെടികൾ കൃഷി ചെയ്യാൻ പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ചാനലുകളിൽ തട്ടുതട്ടായി (vertical) കൂടുതലും ഇലപ്പച്ചക്കറികൾ കൃഷി ചെയ്യാനാണ് എൻഎഫ്ടി  പ്രയോജനപ്പെടുക. എന്നാൽ ഗ്രോബാഗിനു സമാനമായി ക്രമീകരിക്കുന്ന സ്ലാബിൽ പയറും പാവലും വെള്ളരിയും മത്തനും ബട്ടർനട്ടുമെല്ലാം കുത്തനെ പടർത്തി മികച്ച വിളവുണ്ടാക്കാം. ഈ രീതിയിൽ ഏതിനം പച്ചക്കറിയും കുറഞ്ഞ ചെലവിൽ വാണിജ്യാടിസ്ഥാ നത്തിൽ വിളയിക്കാൻ സാധിക്കുമെന്നു മഹേഷ് പറയുന്നു.

hydroponics-4
ബട്ടർനട്ട് ഇനം കൃഷിചെയ്തിരിക്കുന്നു

തുറസ്സായ സ്ഥലത്ത് ഹൈഡ്രോപോണിക്സ് കൃഷി ചെയ്യുമ്പോൾ മഴയും വെയിലും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ ചെടികൾ എങ്ങനെ ചെറുക്കുമെന്നുള്ള സംശയങ്ങൾക്കും ഉത്തര മുണ്ട്. വെള്ളം സംഭരിച്ചു നിർത്താൻ ശേഷിയുള്ള ചെറിയ ഒയാസിസ് ഫോം ക്യൂബിൽ വിത്തിട്ട് മുളപ്പിച്ചാണ് തൈകൾ തയാറാക്കുന്നത്. മുളച്ച് രണ്ടോ മൂന്നോ ദിവസം എത്തുന്ന ഈ തൈകളെ ക്യൂബ് ഉൾപ്പെടെ വലുപ്പം കൂടിയ ഫോം ക്യൂബിനുള്ളിൽ വച്ച് തുറസ്സായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന എൻഎഫ്ടിയിൽ പരിപാലിക്കുന്നു. (ഇവരുടെ എൻഎഫ്ടിയിലുമുണ്ട് സവിശേഷത. കൃഷിക്കായി എൻഎഫ്ടിയിൽ സാധാരണ ഉപയോഗിക്കുന്ന നെറ്റ് പോട്ടുകൾക്കും ക്ലേ ബോൾസിനും പകരം മേൽപ്പറഞ്ഞ ഫോം ഗ്രോ ക്യൂബ്സ് തന്നെ പ്രയോജനപ്പെടുത്തുന്നു. കൃഷിച്ചെലവു ഗണ്യമായി കുറയ്ക്കാൻ ഇതും സഹായകം).

ഈ എൻഎഫ്ടി യൂണിറ്റിൽനിന്ന് 14 ദിവസത്തിനു ശേഷമാണ് തൈകളെ കൃഷിയിടത്തിലേക്കു മാറ്റുന്നത്. ഈ രണ്ടാഴ്ച കാലയളവിനുള്ളിൽ രോഗ–കീടങ്ങളെ പ്രതിരോധിക്കാൻ പ്രാപ്തി നൽകുന്ന മിത്ര സൂക്ഷ്മാണുക്കളുടെ കോളനി ചെടിയിൽ സൃഷ്ടിച്ചിരിക്കും. കൃഷിക്കാലത്ത് രോഗ, കീടങ്ങളൊന്നും ചെടിയെ തീർത്തും ഏശില്ല എന്നല്ല, മറിച്ച് രോഗങ്ങളെ ചെറുത്തുനിന്ന് ഉയർന്ന ഉൽപാദനം നൽകാൻ മിത്ര ബാക്ടീരിയ–ഫംഗസ് സാന്നിധ്യം ചെടിക്കു തുണയാകുന്നു. (മുളച്ചുയ ർന്ന ഫോം ക്യൂബിൽനിന്നു പറിച്ചു മാറ്റാതെ തന്നെ കൃഷി തുടരുന്നു എന്നതിനാൽ പറിച്ചു നടു മ്പോൾ ചെടിക്കു സമ്മർദമുണ്ടാകില്ല എന്നതും ഈ രീതിയുടെ മെച്ചം).     

 പിഎച്ചും(അമ്ല– ക്ഷാരനില) ഇസിയും ക്രമീകരിച്ച സ്ലാബിൽ നിറയ്ക്കുന്ന ചകിരിച്ചോർ–ചകിരിത്തൊണ്ട് അനുപാതവും ചെടിവളർച്ചയിലും ഉൽപാദനത്തിലും പ്രധാനമാണ്. ഓരോ വിളയുടെയും വേരുപടലത്തിന്റെ സ്വഭാവമനുസരിച്ച് തയാറാക്കുന്ന കസ്റ്റമൈസ്ഡ് സ്ലാബുകളാണിവ. ഉദാഹരണത്തിന് തക്കാളിച്ചെടിയുടെ വേരുകൾ താഴേക്കു പോകുന്നതിനു പകരം പടർന്നു വളരുന്ന സ്വഭാവമുള്ളവയാണ്. അധികം വെള്ളം ആവശ്യമുണ്ടുതാനും. അതുകൊണ്ടുതന്നെ 80 ശതമാനം ചകിരിച്ചോറും ബാക്കി ചകിരിത്തൊണ്ടും ചേരുന്ന സ്ലാബാണ് യോജ്യം. അതേസമയം കാരറ്റിന്റെ വേരുകൾ ആഴത്തിലേക്കാണ് പോകേണ്ടത്. വേരുകൾക്ക് സുഗമമായി സഞ്ചരിക്കാൻ സഹായകമാകുന്ന രീതിയിൽ ചകിരിത്തൊണ്ട് കൂടുതലുള്ള മിശ്രിതമാണ് യോജ്യം. ഇത്തരം സ്ലാബുകൾ മുൻപേ വിപണിയിലുണ്ടെങ്കിലും ഓരോ വിളയ്ക്ക് അനുസരിച്ച് അനുപാതം ക്രമീകരിച്ച സ്ലാബുകൾ പൊള്ളാച്ചിയിലുള്ള ഒരു സ്ഥാപനത്തിൽനിന്ന് ആവശ്യാനുസരണം തയാറാക്കി വാങ്ങുകയാണിവർ.

hydroponics-2

സ്ലാബിനു മുകളിൽ വയ്ക്കുന്ന, തൈകൾ നട്ട ഫോം ക്യൂബ്സ് അണുനാശനം (sterile) ചെയ്ത നിർജീവ (inert) മാധ്യമമാണ്. അതുകൊണ്ടുതന്നെ വേരുകൾ വഴിയുള്ള കീടാക്രമണം ഒഴിവാകുന്നു. ഈ ഫോം ക്യൂബിലാണ് പോഷകങ്ങളെത്തിക്കുന്ന ഡ്രിപ് ഘടിപ്പിച്ചിരിക്കുന്നത്. ഫോമിൽ സംഭരിച്ചു നിർത്തുന്ന വെള്ളത്തിലെ പോഷകങ്ങൾ സ്വീകരിച്ച് താഴെ സ്ലാബിലേക്കു വേരുകൾ പടർത്തി ഓരോ വിളയും കരുത്തോടെ വളരുന്നു. ഏകദേശം 200 രൂപ വില വരുന്ന ഓരോ സ്ലാബിലും ചെടിയിനങ്ങളുടെ വലുപ്പമനുസരിച്ച് വ്യത്യസ്ത എണ്ണം ഫോം ക്യൂബുകൾ ക്രമീകരിക്കാം. പയർപോലുള്ള ഇനങ്ങളുടെ കാര്യത്തിൽ 6 എണ്ണം. അതുതന്നെ ഒരു ക്യൂബിൽ രണ്ടു വിത്തിട്ടു വളർത്താം. ഫലത്തിൽ ഒരു സ്ലാബിൽ 12 പയർച്ചെടികൾ. അടുക്കളത്തോട്ടത്തിലാണെങ്കിൽ പല വട്ടമായി രണ്ടര വർഷം വരെ ഒരു സ്ലാബിൽ  കൃഷി ചെയ്യാം. 5 സ്ലാബുകളിൽ (ടാങ്ക് ഒഴികെ)  കൃ ഷി ചെയ്യാൻ 6000 രൂപയെ ചെലവു വരൂ എന്നും ബിജോയ്. കീടനാശിനിമുക്തമായ, സുരക്ഷിത വും ആരോഗ്യകരവുമായ ഒന്നാന്തരം ഭക്ഷ്യോൽപന്നങ്ങളാണ് ഹൈഡ്രോപോണിക്സിൽ വിളയു ന്നത് എന്നോർക്കുക.

എല്ലാവർക്കും സ്വന്തം

ചെടിവളർച്ചയ്ക്കു തയാറാക്കുന്ന പോഷകക്കൂട്ടാണ് ഹൈഡ്രോപോണിക്സിലെ  പ്രധാന ഘടകം. ‘ബെംഗളൂരുവില്‍നിന്നു വരുത്തി’, ‘ഒാൺലൈനിൽ കിട്ടും’ എന്നൊക്കെയാവും ഈ വിഷയത്തിൽ മിക്ക ഹൈഡ്രോപോണിക്സുകാരുടെയും ഉത്തരം. എല്ലാ പോഷകക്കൂട്ടുകളും എല്ലാവർക്കും പങ്കുവയ്ക്കുന്നു എന്നു മാത്രമല്ല, ഒാരോ ചെടിക്കും ഒാരോ സീസണിലും യോജിച്ച അറുപതോളം പോഷകക്കൂട്ടുകൾ തയാറാക്കിയിട്ടുമുണ്ട് ഈ അധ്യാപക സംഘം. ഏതു കാലാവസ്ഥയോടും പൊരുത്തപ്പെട്ട് മികച്ച വിളവുണ്ടാക്കാൻ ഈ പോഷകക്കൂട്ടുകൾ  ചെടിക്ക് കരുത്തു നൽകുന്നു.

തീർന്നില്ല, അടുത്ത ഘട്ടത്തിൽ ഡിസൈനർ പച്ചക്കറികളിലേക്കുകൂടി കടക്കുകയാണ് സംഘം. പൊട്ടാസ്യം  അടങ്ങുന്നതിനാൽ കിഡ്നി രോഗിക്ക് തക്കാളിയും ലെറ്റ്യൂസും പോലുള്ള ഇനങ്ങൾ ഒഴിവാക്കേണ്ടി വരാറുണ്ടല്ലോ. ചെടിക്കു നൽകുന്ന പോഷകക്കൂട്ടുകളിൽ മാറ്റം വരുത്തി പൊട്ടാസ്യമില്ലാത്ത തക്കാളിയും ലെറ്റ്യൂസും ഉൽപാദിപ്പിക്കാം. ഇത്തരം ഡിസൈനർ പഴം–പച്ചക്കറികളുടെ കാലമാണ് വരാനിരിക്കുന്നതെന്നും ഇവർ പറയുന്നു. 

എൻഎഫ്ടിയും സ്ലാബ് രീതിയും പിന്നിട്ട്  സോയിൽലെസ് ടർഫ് ഹൈഡ്രോപോണിക്സിലേക്കും  എത്തിയിരിക്കുന്നു ഇവര്‍. മണ്ണിനു പകരം ചകിരിച്ചോർ–ചകിരിത്തൊണ്ട് തടങ്ങൾ സൃഷ്ടിച്ച് ജല ത്തിലൂടെ പോഷകക്കൂട്ടുകൾ നൽകുന്ന ഈ രീതിയിൽ കാരറ്റ്, മഞ്ഞൾ, ഇഞ്ചി, ഒൗഷധസസ്യങ്ങൾ തുടങ്ങിയ ഇനങ്ങളെല്ലാം രോഗ, കീടബാധകളില്ലാതെയും കീടനാശിനിപ്രയോഗമില്ലാതെയും ഉൽപാദിപ്പിക്കാം.  പോളി എത്‌ലിൻ ട്രേയിൽ ഗ്രോ ഫോം പാളി വിരിച്ച് ഹൈഡ്രോപോണിക്സ് രീതിയിൽ ധാന്യങ്ങൾ മുളപ്പിച്ചു തയാറാക്കുന്ന മൈക്രോഗ്രീൻസും അനായാസം വളർത്തിയെടുക്കാ നാവുമെന്ന് ഇവർ പറയുന്നു. 

ബോംബെ ഐഐടിയുമായി സഹകരിച്ച് ‘സ്മാർട് അഗ്രിക്കൾച്ചറി’ൽ തുടർപഠനങ്ങൾക്കിറങ്ങിയ ഈ അധ്യാപക സംഘത്തിൽനിന്നും അവർക്കു സമ്പൂർണ പിന്തുണ നൽകുന്ന ഫിസാറ്റിൽനിന്നും ഇനിയും കൃഷിക്കാർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ഫോൺ: 9446029662

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS