വെറുതെകിടക്കുന്ന ചുറ്റുമതിലിൽനിന്ന് പച്ചക്കറികൾ വിളവെടുക്കാം: നൂതന സംവിധാനം വികസിപ്പിച്ച് യുവാക്കൾ

HIGHLIGHTS
  • മതിലിൽ എത്ര നീളത്തിൽ കൃഷി ചെയ്യണമെന്ന് നാം ആദ്യം തീരുമാനിക്കണം
  • ഓഫിസിലാണെങ്കിലും യാത്രയിലാണെങ്കിലും നനയ്ക്കുന്ന കാര്യത്തിനു ടെൻഷൻ വേണ്ട
green-kairali-agri-startup
പി.എ.സഞ്ജയ് കുമാറും ടോണി തോമസും പോർട്ടബിൾ മഴമറയ്ക്കു സമീപം
SHARE

കൃഷി ചെയ്യാൻ സ്ഥലമില്ല എന്നതാണു പ്രശ്നമെങ്കിൽ വീടിനു ചുറ്റുമുള്ള മതിലിൽ കൃഷി ചെയ്താലോ? മതിലിൽ പ്രത്യേകമായി ഒരുക്കിയ സ്റ്റാൻഡിൽ വച്ച ഗ്രോബാഗിൽ കൃഷി ചെയ്ത് ആവശ്യത്തിനുള്ള പച്ചക്കറി ഉൽപാദിപ്പിക്കാം. അതല്ല ചെടികളാണു വേണ്ടതെങ്കിൽ സ്റ്റാൻഡിൽ ചെടിച്ചട്ടികളും വയ്ക്കാം. 

കൃഷിയോടുള്ള താൽപര്യം മൂലം സ്വകാര്യസ്ഥാപനത്തിലെ ജനറൽ മാനേജർ ജോലി ഉപേക്ഷിച്ച് 10 പശുക്കളുടെ ഫാം തുടങ്ങി അഗ്രി സ്റ്റാർട്ടപ്പ് സംരംഭകനായ തിരുവല്ല പുത്തൻപുരയിൽ പി.എ.സഞ്ജയ് കുമാർ (46) ആണ് വെറുതെ കിടന്നിരുന്ന ചുമരുകളെ കൃഷിയിടമാക്കാമെന്ന ആശയം പ്രാവർത്തികമാക്കിയത്. സഞ്ജയും കോട്ടയം സ്വദേശി ടോണി തോമസും നടത്തുന്ന ഗ്രീൻ കൈരളി എന്ന  സ്റ്റാർട്ടപ് ആണ് മതിലിൽ കൃഷി  നടപ്പാക്കുന്നത്.

മതിലിൽ ഘടിപ്പിക്കുന്ന സ്റ്റാൻഡിനൊപ്പം മഴമറയും വാട്ടർ ടൈമറും ഉള്ളതിനാൽ ഏതു കാലാവസ്ഥയിലും  ഇവിടെ കൃഷി ചെയ്യാൻ പറ്റും. നനയ്ക്കാൻ സമയമില്ലാ എന്നു പറയുന്നവർക്കുവേണ്ടിയാണ് ടൈമർ ഘടിപ്പിക്കുന്നത്. 

green-kairali-agri-startup-2
മതിലിൽ ഘടിപ്പിക്കുന്ന സംവിധാനം

ഓട്ടോമൈബീൽ എൻജിനീയറായ സഞ്ജയ് സ്വന്തം സ്ഥാപനം എന്ന ആശയം നടപ്പാക്കാൻ വേണ്ടിയാണ് ലക്ഷങ്ങൾ വാർഷിക വരുമാനമുള്ള ജോലി ഉപേക്ഷിച്ച് ഫാം തുടങ്ങിയത്. ഫാം നല്ലരീതിയിൽ മുന്നോട്ടുപോകുമ്പോഴാണ് ഗോമൂത്രവും ചാണകവുമെല്ലാം എങ്ങനെ വിപണിയിലെത്തിക്കാമെന്ന ആശയം ഉദിക്കുന്നത്. അതിനു ആകർഷകമായ പാക്കിങ്ങ് ഒരുക്കിയാണ് സഞ്ജയ് എന്ന എൻജിനീയർ തന്റെ സംരംഭം വികസിപ്പിക്കാനുള്ള തുടക്കമിട്ടു. ഏതു കടയിൽ കൊണ്ടുവച്ചാലും ഗോമൂത്രവും ചാണകസ്ലറിയും ആളുകൾ പായ്ക്ക് കണ്ട് വാങ്ങുമെന്ന് സഞ്ജയ്ക്ക് മനസ്സിലായി. 

കൃഷിയിൽ പുതുമ കണ്ടെത്താനായിരുന്നു അടുത്ത ആലോചന. അങ്ങനെയാണ് പോർട്ടബിൾ മഴമറ എന്ന ആശയം നടപ്പാക്കുന്നത്. ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് പോലും അനുയോജ്യമായ വിധത്തിൽ ജിഐ പൈപ്പുകളിൽ സ്വന്തമായി രൂപകൽപനചെയ്ത നൈലോൺ- പ്ലാസ്റ്റിക് മോൾഡുകൾ  ഘടിപ്പിച്ചു  അഴിച്ചുമാറ്റി കൊണ്ടുനടക്കാവുന്ന രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. 75 ചതുരശ്ര അടിയിൽ 100 ഗ്രോ ബാഗ് വരെ വയ്ക്കാമെന്നാണ് സഞ്ജയ് പറയുന്നത്. വീടിനകത്ത് വയ്ക്കാവുന്ന 5 ഗ്രോബാഗുള്ള മഴമറയും ഇവരുടെ കൈവശമുണ്ട്.

ആകർഷണീയമായി നിർമിച്ചിരിക്കുന്ന  സ്റ്റാൻഡിൽ ഓട്ടോമാറ്റിക്കായും സെമി  ഓട്ടോമാറ്റിക്കായും പ്രവർത്തിക്കാവുന്ന തുള്ളിനന സംവിധാനവും ഒപ്പം മഴമറയും ഉള്ളതിനാൽ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാം. 

green-kairali-agri-startup-1
തട്ടുകളായി ഗ്രോബാഗുകൾ വയ്ക്കാവുന്ന പോർട്ടബിൾ മഴമറ

ടെറസിൽ കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ മുന്നിൽ കണ്ടാണ് സഞ്ജയ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. അത് വൻ വിജയമായപ്പോഴാണ് തീരെ സ്ഥലമില്ലാത്തവർക്ക് കൃഷി ചെയ്യാനായി എന്തുചെയ്യാമെന്ന ചിന്ത വരുന്നതും ചുറ്റുമതിലിൽ കൃഷി ചെയ്യാമെന്നു കണ്ടെത്തുന്നതും. ആധുനിക ജീവിതത്തിന്റെ സമയ-സ്ഥല പരിമിതിയിലും മാറുന്ന കാലാവസ്ഥയിലെ ശക്തമായ മഴയിലും കൃഷി മാറ്റിവയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയും പുതിയ സംവിധാനത്തിൽ.

മതിലിൽ എത്ര നീളത്തിൽ കൃഷി ചെയ്യണമെന്ന് നാം ആദ്യം തീരുമാനിക്കണം. അതിനനുസരിച്ചുള്ള സ്റ്റാൻഡ് ഒരുക്കിത്തരും ഗ്രീൻ കൈരളി. കൃഷി സ്മാർട്ട് ആക്കാൻ പറ്റുന്ന രീതിയിലാണ് എല്ലാം ചെയ്തിരിക്കുന്നത്. മൊബൈൽ ഫോണിൽ നിന്ന് എവിടെനിന്നും സ്വന്തം കൃഷിത്തോട്ടത്തിൽ ജലസേചനം നിയന്ത്രിക്കാവുന്ന  സംവിധാനവും ഇതോടൊപ്പമുണ്ടാകും. ഓഫിസിലാണെങ്കിലും യാത്രയിലാണെങ്കിലും നനയ്ക്കുന്ന കാര്യത്തിനു ടെൻഷനടിക്കേണ്ട.  5 മുതൽ 100 വരെ ഗ്രോബാഗുകൾ വയ്ക്കാൻ പറ്റും. ചെടികൾക്കാണെങ്കിൽ ഗ്രോ ബാഗ് മാറ്റി ചട്ടികൾ വച്ചാൽ മതി. മഴമറയുള്ളതിനാൽ മഴയെയും പേടിക്കേണ്ടതില്ല.

എക്സിക്യുട്ടീവുകൾക്കും കൃഷി ചെയ്യാൻ പറ്റുന്ന സംവിധാനമാണ് ഇനി വേണ്ടതെന്നാണ് സഞ്ജയ് പറയുന്നത്. അത്തരത്തിലുള്ള മാറ്റത്തെക്കുറിച്ചാണ് ഇദ്ദേഹം ചിന്തിക്കുന്നത്. കൃഷിയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കുന്നവരെയല്ല, സ്വന്തം ആവശ്യത്തിനു കൃഷി ചെയ്യുന്നവരെയാണ് സഞ്ജയ് ലക്ഷ്യമിടുന്നത്. വെറുതെകിടക്കുന്ന ചുറ്റുമതിലിൽ നിന്ന് തക്കാളിയും വെണ്ടയും പയറും പച്ചമുളകുമെല്ലാം പറിച്ചെടുക്കുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. വീടിന്റെ ചുമരുകളിൽ വരെ കൃഷി ചെയ്യാവുന്ന കാലത്തേക്കാണു നാം യാത്ര ചെയ്യുന്നത്   

ഫോൺ– 9745040277 

 English summary: Portable Rain Shelter for Vegetable Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS