അന്തരീക്ഷ താപനില കുറയുന്നതും ആർദ്രത കൂടുന്നതും ഒപ്പം ഈർപ്പം നിറഞ്ഞ മണ്ണിൽ സുഷുപ്താവസ്ഥയിലുള്ള സൂക്ഷ്മ ജീവികൾ ഊർജസ്വലമാകുന്നതും മഴക്കാലത്തു പച്ചക്കറിക്കു കീട, രോഗബാധ കൂട്ടുന്നു. എന്നാല്‍ തുടക്കം തൊട്ട് ശ്രദ്ധിച്ചാൽ പച്ചക്കറികളെ മഴക്കാല കീട, രോഗങ്ങളിൽനിന്നു രക്ഷിക്കാം.
മണ്ണ് നന്നായാൽതന്നെ നല്ല തുടക്കമാകും. മണ്ണ് ഒരുക്കുമ്പോൾ സെന്റിനു രണ്ടര കിലോ കുമ്മായം ചേർത്തിളക്കണം. ഗ്രോബാഗിലാണെങ്കിൽ 50 ഗ്രാമെങ്കിലും പൊടിഞ്ഞ കുമ്മായം ഇളക്കിച്ചേർക്കണം. ഇങ്ങനെ ഒരുക്കിയ മണ്ണിൽ പൊടിഞ്ഞ കംപോസ്റ്റും പച്ചിലവളവും ചേർക്കാന്‍ മറക്കരുത്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള രോഗനിയന്ത്രണം മഴക്കാലത്ത് ഏറെ ഫലപ്രദമാണ്. മണ്ണിൽക്കൂടി പടരുന്ന കുമിൾ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിവുള്ള മിത്രക്കുമിളാണ് ട്രൈക്കോഡെർമ. നന്നായി ഉണക്കിപ്പൊടിച്ച 100 കിലോ ചാണകം പുട്ടിന്റെ നനവിൽ, 2 കിലോ ട്രൈക്കോഡെർമയുമായി ചേർത്ത് രണ്ടാഴ്ചയോളം നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിവച്ചു തയാറാക്കുന്ന ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടി അടിവളമായി നൽകുന്നതു രോഗനിയന്ത്രണത്തിനുതകും.
ഏതു പച്ചക്കറിയാണെങ്കിലും വിത്ത് സ്യൂഡോമോണാസ് പുരട്ടി മാത്രമേ നടാവൂ. കുതിർത്തു നടുന്ന പച്ചക്കറിയാണെങ്കിൽ 75 മില്ലി വെള്ളത്തിൽ 25 ഗ്രാം സ്യൂഡോമോണാസ് കലർത്തി 12 മണിക്കൂർ നേരമെങ്കിലും കുതിർത്തിട്ടു നടുന്നത് രോഗപ്രതിരോധശേഷി കൂട്ടും.
കീടാക്രമണം ചെറുക്കുന്നതിനു മിത്രകുമിളായ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കണം. മണ്ണിലുള്ള കീടങ്ങളുടെ പുഴുദശയെയും ഇലചുരുട്ടിപ്പുഴുവിനെയും നശിപ്പിക്കാനുള്ള ഏറ്റവും ഉപാധിയാണ് ബ്യൂവേറിയ. കായതുരപ്പൻ പുഴുക്കൾ ഏറ്റവും സജീവമാകുന്നത് മഴക്കാലത്താണ്. ബാസിലസ് തുറിഞ്ചിയൻസിസ് തളിക്കുന്നതാണ് ഇതിനുള്ള ജൈവ നിയന്ത്രണമാർഗം.
തക്കാളി, പച്ചമുളക് തുടങ്ങിയ വഴുതനവർഗവിളകൾ കൃഷി ചെയ്ത സ്ഥലത്ത് അതേ കുടുംബത്തിൽപ്പെട്ട വഴുതന ഉടനെ കൃഷി ചെയ്യാൻ പാടില്ല.
English summary: Monsoon Home Gardening Tips