ADVERTISEMENT

റംബുട്ടാനിൽ പുതു സാധ്യതകൾ തേടുന്ന യുവകർഷകനാണ് ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് വഴിത്തല മൂലശ്ശേരിൽ ജോർജ് ജോൺസ്. എംബിഎ നേടി ഏതാനും വർഷം വിദേശത്തു ജോലി ചെയ്ത ശേഷം ജോർജും കുടുംബത്തിന്റെ കൃഷിപാരമ്പര്യത്തിന്റെ ഭാഗമായി. കർണാടകയിലുള്ള തോട്ടം പിതാവ് ജോൺസ് നോക്കി നടത്തുമ്പോൾ പുരയിടത്തിലെ പഴവർഗക്കൃഷിയുടെ ചുമതല ജോർജിനാണ്. പഴവർഗക്കൃഷിയും വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് തൊടുപുഴ കേന്ദ്രമാക്കി 6 മാസം മുൻപു പ്രവർത്തനം തുടങ്ങിയ ഫ്രൂട്സ് വാലി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സിഇഒ കൂടിയാണ് ജോർജ്. 

നിലവിൽ ആദായത്തിലുള്ള 85 റംബുട്ടാൻ മരങ്ങളാണ് ജോർജിന്റെ പുരയിടത്തിലുള്ളത്. ഒമ്പതാം വർഷമെത്തിയ 45 എണ്ണവും ആറാം വർഷമെത്തിയ 40 എണ്ണവും. കഴിഞ്ഞ വർഷം ഈ ഒരേക്കറില്‍നിന്നു ലഭിച്ചത് നാലര ലക്ഷം രൂപ. മൊത്തമായി വാങ്ങിയ കച്ചവടക്കാർതന്നെ പഴത്തിനു വലയിടൽ നടത്തിയതിനാൽ അതിന്റെ ചെലവു കിഴിച്ചുള്ള തുകയാണിത്. എട്ടേക്കർ റബറിൽനിന്നു കഴിഞ്ഞ വർഷം ലഭിച്ച അറ്റാദായമാകട്ടെ, രണ്ടര ലക്ഷം രൂപ. എന്നാൽ ഇപ്പോഴുള്ള  നേട്ടം സുസ്ഥിരമാകണമെങ്കിൽ പുതിയ വിപണനസാധ്യതകൾ തുറക്കണമെന്നു ജോർജ്. 

rambutan-george-2

ജോർജിന്റെ റംബുട്ടാൻകൃഷി 20X20 അടി അകലത്തിലാണ്. മരങ്ങൾ മുതിർന്നതോടെ പരസ്പരം കടന്നു കയറുന്ന സ്ഥിതി. ഓരോന്നിന്റെയും ഉൽപാദനക്ഷമതയും വ്യത്യസ്തം. ആരോഗ്യകരമായ വളർച്ചയ്ക്കും ഒരേ ഉൽപാദനമികവിനും 40X40 അടി തന്നെ യോജിച്ച ഇടയകലമെന്നു ജോർജ്. ഈ രീതിയിൽ ശരാശരി 33 തൈകൾ നടാം. അനുകൂല സാഹചര്യമെങ്കിൽ 12–14 വർഷം പ്രായമെത്തുന്നതോടെ ശരാശരി ഉല്‍പാദനം 200 കിലോയിലെത്തും. പുരയിടത്തിലെ 85 മരങ്ങളിൽനിന്ന് ഓരോ വർഷവും നിശ്ചിത എണ്ണം മുറിച്ചു നീക്കി 40x40 ഇടയകലത്തിലെത്തിച്ച് പരമാവധി ഉൽപാദനം നേടാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ജോർജ്. 

പഴം പാകമാകുന്നതോടെയുള്ള വലയിടലാണ് ചെലവുയർത്തുന്ന ഒരു ഘടകം. തൊഴിലാളികളെ സംഘടിപ്പിച്ച് പരിശീലനം നൽകി ന്യായമായ നിരക്കിൽ ഈ സേവനമിപ്പോൾ ഫ്രൂട്സ് വാലി കമ്പനി നല്‍കുന്നുണ്ടെന്നു ജോർജ്. ന്യായവിലയ്ക്ക് വല വിൽപനയുമുണ്ട്.

റംബുട്ടാന്റെ വിലയിലും വിപണിയിലും സ്ഥിരത നേടാൻ ഗൾഫ് വിപണിക്കൊപ്പം മറുനാടന്‍ വിപണികളിലും ശ്രദ്ധ വയ്ക്കണമെന്നാണ് ജോർജിന്റെ അഭിപ്രായം. റംബുട്ടാൻരുചി പരിചയിക്കാത്ത സംസ്ഥാനങ്ങളാണ് ഭൂരിപക്ഷവും. ഇത്തരം പരിചയപ്പെടുത്തലുകൾക്കാണ് കമ്പനി ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിൽ ലിച്ചി വിളവെടുപ്പുകാലമാണ് മേയ്. ഈ സമയം ചാലക്കുടി മേഖലയിൽ റംബുട്ടാൻ വിളവെടുപ്പു തുടങ്ങും. മറ്റു പ്രദേശങ്ങളിൽ അൽപം കൂടി വൈകും. ചാലക്കുടി മേഖലയിലെ വിളവിൽ നല്ല പങ്കും ഇവിടെത്തന്നെ വിറ്റഴിക്കാനാവും. മറ്റു പ്രദേശങ്ങളിൽ വിളവെടുപ്പെത്തുമ്പോഴേക്കും ലിച്ചി സീസൺ ഏറക്കുറെ കഴിയുമെന്നതിനാൽ വടക്കേ ഇന്ത്യൻ വിപണിയിലും റംബുട്ടാനു പിടിച്ചു കയറാനാവും. ഈ രീതിയിൽ ഉൽപാദനവും വിപണനവും ആസൂത്രണം ചെയ്യാനായാൽ പഴവർഗക്കൃഷി സുരക്ഷിത വരുമാന മേഖലയായി വളരുമെന്ന് ജോർജ് പറയുന്നു.

ഫോൺ: 9778412261

English summary: Rambutan farming of George Johns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com