ADVERTISEMENT

വൻവൃക്ഷങ്ങളായി പടര്‍ന്നു പന്തലിക്കുന്ന അരയാലും പേരാലും മറ്റും ചെറിയ ചട്ടിയിൽ ഒതുക്കി വളർത്തുന്ന ബോൺസായ് രീതിക്ക് ലോകമെമ്പാടും ആരാധകർ ഏറെ. ആദ്യകാലത്ത് ആലിന്റെ വിവിധ ഇനങ്ങളാണ് ബോൺസായ് ചെടികളായി വളർത്തിയിരുന്നതെങ്കിൽ ഇന്ന് വാളൻപുളി, കണിക്കൊന്ന, ചൂളമരം, ഷഫ്‌ളീറ, ബ്രസീലിയൻ മഴമരം, ബൊഗൈൻവില്ല തുടങ്ങി ഒട്ടേറെ നാടൻ, മറുനാടൻ ചെടികൾ ഈ വിധത്തിൽ പരിപാലിച്ചുവരുന്നു.

വെള്ളവും വളവും നൽകാതെ ചെടിയെ വെറുതെ വെട്ടിയൊതുക്കി മുരടിപ്പിച്ചു നിർത്തുന്നതാണ് ബോൺസായ് എന്നാണ് പൊതുവേ ധാരണ. എന്നാല്‍ അതു തെറ്റാണ്. വേരുകൾക്ക് ആവശ്യാനു സരണം വളരാൻ മണ്ണും മണലും വളവും ചേർന്ന, നല്ല നീർവാർച്ചയുള്ള നടീൽമിശ്രിതത്തിൽ നട്ട് വേണ്ട നനയും മറ്റു ശുശ്രൂഷയും നൽകിയാണ് ബോൺസായ് പരിപാലിക്കുക. ഒപ്പം കമ്പുകൾ കലാപരമായി കോതി കുള്ളൻ മരത്തിനെ സസ്യപ്രകൃതിയിൽ ദീർഘകാലം നിലനിർത്തുന്നു. മണ്ണിനു മുകളിൽ പടർന്നു കാണുന്ന വേരുകൾ, ചുവട്ടിൽ വണ്ണം കൂടിയും മുകളിലേക്കു പോകുന്തോറും വണ്ണം കുറഞ്ഞതുമായ, നിറയെ ശാഖകളോടുകൂടിയ തായ്ത്തടി എന്നിവയെല്ലാം ബോൺസായിയുടെ രൂപഭംഗിക്കു മാറ്റുകൂട്ടുന്നു. 

നമ്മുടെ നാട്ടിൽ വിനോദത്തിനായാണ് മിക്കവരും ബോൺസായ് ചെടികൾ വളർത്തുക. വളരെക്കുറച്ചുപേർ മാത്രമേ  ഇതു വിപണനം നടത്തി ആദായമുണ്ടാക്കുന്നുള്ളൂ. ബോൺസായ് 90% കലയും 10% മാത്രം കൃഷിയുമാണ്. ജീവനുള്ള കലാസൃഷ്ടിയായ ബോൺസായിക്ക് പഴകുന്തോറും  ഭംഗിയും മൂല്യവുമേറും. ചെടിയുടെ ആകൃതി, പ്രായം, ഇനം ഇവയെ ആധാരമാക്കിയാണ് വില നിശ്ചയിക്കുന്നത്. 

bonsai-trees-1

ചെടികൾ തിരഞ്ഞെടുക്കല്‍

നിറയെ ശാഖകൾ ഉണ്ടാകുന്ന പ്രകൃതം, പ്രതികൂല കാലാവസ്ഥയിലും വളരാനുള്ള കഴിവ്, വേരുകൾ വേഗത്തിൽ വളരുന്ന സ്വഭാവം, നിറയെ ഇലച്ചിലോടുകൂടി നിത്യഹരിത പ്രകൃതം ഇവ യെല്ലാമുള്ള മരത്തിന്റെയോ കുറ്റിച്ചെടിയുടെയോ തൈകളാണ് ബോൺസായ് ആയി വളർത്താൻ യോജ്യം. പതി വച്ചും കമ്പു മുറിച്ചു നട്ടും ഉല്‍പാദിപ്പിച്ചവയെ അപേക്ഷിച്ച്, വിത്തു വഴി ഉണ്ടായിവന്ന ചെടികൾ സാവധാനമേ വളരുകയുള്ളൂ എന്നതുകൊണ്ട് കഴിവതും വിത്തുവഴിയുള്ളതു തിരഞ്ഞെടുക്കുക. തിരഞ്ഞെടുത്ത ചെടിക്ക് തണ്ടിന്റെ താഴെ മുതൽ ശിഖരങ്ങളും നന്നായി വേരുകളും ഉണ്ടായിരിക്കണം. 

bonsai-trees-2

പ്രീ ട്രെയിനിങ് 

ബോൺസായ് ആക്കാന്‍  തിരഞ്ഞെടുത്ത ചെടി നേരിട്ട് ബോൺസായ് ചട്ടിയിൽ നടാതെ ആഴമുള്ള ചട്ടിയിൽ നട്ട് ആവശ്യത്തിന് ആരോഗ്യമുള്ളതാക്കിയെടുക്കണം. ഈ പ്രീ ട്രെയിനിങ്ങിനായി 8 ഇഞ്ച് എങ്കിലും ആഴമുള്ള ചട്ടിയിൽ, ജൈവവളം കലർത്തിയ മിശ്രിതം നിറച്ചതിൽ ചെടി നടാം.  ഈ സമയത്തുതന്നെ ചെടിയെ ബോൺസായ് രീതിയിൽ പരിപാലിക്കാൻ ഉദ്ദേശിക്കുന്ന ആകൃതിയെക്കുറിച്ച് നല്ല ധാരണയുണ്ടാകണം. ചെടിയുടെ നിലവിലുള്ള ആകൃതിയിൽനിന്നു ഫോർമൽ അപ്പ് റൈറ്റ്, ഇൻഫോർമൽ അപ്പ് റൈറ്റ്, വിൻഡ് സ്വെപ്റ്റ്, കാസ്കേഡ് തുടങ്ങി ഏതെങ്കിലും ഒരു ബോൺസായ് ആകൃതിയിലേക്ക് മാറ്റിയെടുക്കാവുന്ന വിധത്തിൽ കമ്പുകൾ ആവശ്യാനുസരണം മുറിച്ചു നീക്കണം. പ്രീ ട്രെയിനിങ്ങിനായി ചട്ടിയിലേക്ക് നടുന്നതിനു മുൻപ് തായ്‌വേരിന്റെ മുകൾഭാഗം നിർത്തി ബാക്കി മുറിച്ചു നീക്കുകയോ നടുവേ പിളർത്തി ചെടിയിൽത്തന്നെ നിർത്തുകയോ ആവാം. വേണ്ട ശ്രദ്ധയും ശുശ്രൂഷയും നൽകി ചെടിയെ ആരോഗ്യവും ദൃഢപ്രകൃതവുമുള്ളതാക്കണം. ഇതിനായി ചിലപ്പോൾ 6-7 മാസം സമയം വേണ്ടി വരും. ഇതിനുശേഷമാണ് ബോൺസായ് ചട്ടിയിലേക്ക് ചെടി മാറ്റി നടേണ്ടത്. 

bonsai-trees-4

ബോൺസായ് ആയി വളർത്താം 

ചെടിയുടെ സസ്യപ്രകൃതമനുസരിച്ച് വളര്‍ത്താനുള്ള ചട്ടി തിരഞ്ഞെടുക്കണം. ഇവ സാധാരണ ചട്ടിയെക്കാൾ നല്ല വിസ്താരമുള്ളതും ആഴം കുറഞ്ഞതുമായിരിക്കണം. ബോൺസായ് ചട്ടിയുടെ അടിഭാഗത്ത് വെള്ളം വേഗത്തിൽ വാർന്നു പോകാൻ 3-4 വലിയ ദ്വാരങ്ങളും കൂടാതെ കമ്പി ഉപയോഗിച്ച് ചെടിയെ ചുറ്റിക്കെട്ടി നിവർത്തി നിർത്താൻ വേണ്ട ചെറിയ ദ്വാരങ്ങളും ഉണ്ടാവണം. പ്രീ ട്രെയിനിങ്ങിനായി വളർത്തിയ ചെടി ചട്ടിയിൽനിന്ന് എടുത്തശേഷം വേരുകളിലെ മണ്ണ് നീക്കം ചെയ്യണം. ചെടി ബോൺസായ് ചട്ടിയിൽ നടുന്നതിനു മുൻപ്  വലിയ ദ്വാരങ്ങൾ നേർത്ത വല ഉപയോഗിച്ച് അടയ്ക്കണം. ചട്ടിയിൽ വച്ച ശേഷം മറിഞ്ഞുവീഴാതിരിക്കാൻ നേർത്ത കമ്പി ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിലൂടെ താഴെ കെട്ടി ഉറപ്പിക്കണം. ഇതിനുശേഷം അടിഭാഗത്ത് ബേബി മെറ്റൽ നിരത്തി അതിനുമേൽ ചാണകപ്പൊടിയോ മണ്ണിരവളമോ കലർത്തിയ, നല്ല നീർവാർച്ചയുള്ള മിശ്രിതം നിറയ്ക്കാം. മിശ്രിതത്തിൽ ആറ്റുമണൽ  ഏറെ ചേര്‍ക്കണം.

bonsai-trees-3

പ്രൂണിങ്ങും  വയറിങ്ങും 

കൊമ്പുകോതലും (പ്രൂണിങ്) വയറിങ്ങുമാണ് ബോൺസായ് ചെടിയുടെ കുള്ളൻ പ്രകൃതവും പ്രത്യേക ആകൃതിയും നിലനിർത്തുന്നത്. കമ്പുകളുടെയും വേരുകളുടെയും പ്രൂണിങ് ചെടിയുടെ വളർച്ചയുടെ എല്ലാ ദശയിലും വേണ്ടിവരും. ചട്ടിയിലെ പരിമിത അളവിലുള്ള  മിശ്രിതത്തിൽ വേരുകൾ വേഗത്തിൽ തിങ്ങി നിറയും. ചെടിക്ക് ആവശ്യത്തിനു നനച്ചാലും ഇലകൾ വാടുന്നതാണ് പ്രകടമായ ലക്ഷണം. ഈ അവസ്ഥയിൽ വേരുൾപ്പെടെ ചെടി, മിശ്രിതത്തിൽനിന്നു ശ്രദ്ധാപൂർവം ഇളക്കിയെടുത്ത് ഒന്നര-രണ്ട് ഇഞ്ച് കനത്തിൽ താഴെ ഭാഗത്തെ വേര് ഉൾപ്പെടെയുള്ള മിശ്രിതം മുറിച്ചു നീക്കണം. ബാക്കിയുള്ള വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മിശ്രിതം കമ്പി ഉപയോഗിച്ച് ഇളക്കി കളയണം. ഇതിനൊപ്പം ഇളം തണ്ടുകളുമെല്ലാം ആവശ്യാനുസരണം പ്രൂൺ ചെയ്യാം. പ്രൂൺ ചെയ്ത ചെടി ചട്ടിയിൽ നിറച്ച പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടണം. മിക്ക ഇനം ചെടികളിലും വർഷത്തിൽ ഒരിക്കൽ വേരും മിശ്രിതവും മാറ്റേണ്ടതായി വരും. 

ബോൺസായ് ചെടിയിൽ രണ്ടു വിധത്തിൽ കമ്പു കോതാം. നടീൽമിശ്രിതം മാറ്റുന്ന വേളയിൽ ഇളം കമ്പുകൾ നീക്കം ചെയ്യുന്നതിനൊപ്പം അനാവശ്യമായി വളർന്നു പോകുന്നതും ചെടിയുടെ ആകൃതി നഷ്ടപ്പെടുന്നതുമായ ശാഖകൾ നീക്കം ചെയ്യണം. വളർച്ചയുടെ എല്ലാ ഘട്ടത്തിലും കൂമ്പു നുള്ളല്‍(നിപ്പിങ്) ആവശ്യമാണ്. 

ബോൺസായ് ചെടിക്ക് പ്രത്യേക ആകൃതിയുണ്ടാകാനാണ് വയറിങ്. ചെടിവളര്‍ച്ചയുടെ പ്രാരംഭ ദശയിൽ ചില ശാഖകൾ അലക്ഷ്യമായി വളരാറുണ്ട്. ഇവ മുറിച്ചുമാറ്റിയാൽ ചെടി ഉണങ്ങിപ്പോയക്കാം. ഇത്തരം ശാഖകൾ മുറിച്ചുനീക്കാതെ നേർത്ത അലൂമിനിയം കമ്പി ചുറ്റി ഉദ്ദേശിക്കുന്ന വശത്തേക്ക് വളച്ചെടുക്കാൻ പറ്റും. ഈ വിധത്തിൽ കമ്പി ചുറ്റി ആവശ്യാനുസരണം വളച്ചുനിർത്തിയ ശിഖരത്തിൽനിന്നു 3 - 4 മാസം കഴിയുമ്പോൾ കമ്പി അഴിച്ചു നീക്കാം. കമ്പി നീക്കിയശേഷവും ശാഖകൾ ഉദ്ദേശിക്കുന്ന ആകൃതിയിൽ തന്നെ നിന്നുകൊള്ളും. കുത്തനെ മുകളിലേക്ക് വളരുന്ന തായ് തണ്ട്, കമ്പി ഉപയോഗിച്ച് ചാഞ്ഞുനിൽക്കുന്ന രൂപത്തിലാക്കിയെടുക്കാം. 

കാലാവസ്ഥ അനുസരിച്ച് ബോൺസായ് ചെടി നനയ്ക്കണം. വേനൽക്കാലത്ത് ചെടി വാടാൻ അനുവദിക്കാത്ത വിധത്തിൽ നനയ്ക്കണം. ജൈവ വളമാണ് ചെടിക്ക് കൂടുതൽ യോജിച്ചത്. ദ്രവരൂപത്തിലുള്ള ജൈവവളം നൽകിയാൽ മിശ്രിതം എക്കാലവും വൃത്തിയായിരിക്കും. പ്രൂൺ ചെയ്ത ചെടികളുടെ തുടർവളർച്ചയ്ക്കായി എന്‍പികെ രാസവളം ഇലകളിൽ തുള്ളിനനയായി നൽകുന്നത് ഗുണം ചെയ്യും.

English summary: How to grow a Bonsai tree, for beginners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com