മാങ്കോസ്റ്റിൻ ഈ ഗ്രാമത്തിന്റെ ഐശ്വര്യം: ഫ്രൂട്ട്സ് ഹബ് എന്ന നിലയിലേക്കു വളരുന്ന ഗ്രാമം

HIGHLIGHTS
  • പരിയാരത്തിപ്പോൾ മാങ്കോസ്റ്റിനും റംബുട്ടാനുമില്ലാത്ത വീടുകൾ കുറവ്
  • 2469 ഹെക്ടർ കൃഷിഭൂമിയിൽ മൂന്നിലൊന്നു ഭാഗത്തോളം ഇപ്പോൾ പഴവർഗക്കൃഷി
fruits-village
മാങ്കോസ്റ്റിൻ കർഷകനായ മെർളിന്റെ മക്കൾ മിഥുനും മനുവും
SHARE

മാങ്കോസ്റ്റിൻ ഈ ഗ്രാമത്തിന്റെ ഐശ്വര്യം എന്നൊരു ബോർഡ് എഴുതി തൂക്കാനും ഒരുക്കമാണ് പരിയാരത്തെ  കർഷകർ. മാങ്കോസ്റ്റിനു പിന്നാലെ റംബുട്ടാന്‍ കൃഷിയുമേറുന്നതിനാൽ ഒന്നുകൂടി ആലോചിച്ചിട്ടാവാം എന്നു മാത്രം. തൃശൂർ ചാലക്കുടിക്കടുത്തുള്ള പരിയാരം, വെറ്റിലപ്പാറ, കോടശ്ശേരി പ്രദേശങ്ങളിൽ ഇത്രയും കാലം വാഴയും ജാതിയുമായിരുന്നു പ്രതാപികൾ. എന്നാൽ  രണ്ടിന്റെയും സ്ഥലം അപഹരിച്ച് മാങ്കോസ്റ്റിൻ, റംബുട്ടാൻ കൃഷി വ്യാപകമാവുകയാണ്. 

‌പരിയാരം പഞ്ചായത്തിലെ 2469 ഹെക്ടർ കൃഷിഭൂമിയിൽ മൂന്നിലൊന്നു ഭാഗത്തോളം ഇപ്പോൾ പഴവർഗക്കൃഷിയാണുള്ളതെന്ന് പരിയാരം കൃഷി ഓഫിസർ ടീന സിമേന്തി പറയുന്നു. കൃഷി വിപുലമായതോടെ പഴവർഗക്കൃഷിക്കു സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ആനുകൂല്യം തേടി കൃഷിഭവനിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. പഴവർഗവിളകളുടെ പുതുകൃഷിക്കു ഹെക്ടറിന് 18,000 രൂപയാണ് സഹായം. പരിയാരത്തിപ്പോൾ ഒന്നോ രണ്ടോ എങ്കിലും മാങ്കോസ്റ്റിനും റംബുട്ടാനുമില്ലാത്ത വീടുകൾ കുറവെന്നും ടീന.

fruits-village-1
റംബുട്ടാൻ കൃഷിയിടത്തിൽ കർഷകനായ ഫ്രാൻസിസ്, പരിയാരം കൃഷി ഓഫീസർ ടീന സിമേന്തി, കൃഷി അസിസ്റ്റന്റ് നാൻസി ജോർജ്

വിപുലമായ ഉൽപാദനമുള്ളതിനാൽ ഒട്ടേറെ കച്ചവടക്കാരും കയറ്റുമതി ഏജൻസികളും ഇവിടെയെത്തുന്നുണ്ട്. മിക്ക തോട്ടങ്ങളും പഴത്തിനു വില പറഞ്ഞ് കച്ചവടക്കാർ മൊത്തമായി കരാറെടുക്കുന്നു. എന്നിട്ടും ആഴ്ചയിൽ 2 ദിവസം മാത്രമുള്ള പരിയാരത്തെ വിഎഫ്പിസികെ വിപണി വഴി കഴിഞ്ഞ വർഷം 12 ലക്ഷം രൂപയ്ക്ക് 17.5 ടൺ മാങ്കോസ്റ്റിനും 6 ലക്ഷം രൂപയ്ക്ക് 4 ടൺ റംബുട്ടാനും വിപണനം ചെയ്യപ്പെട്ടു. ഈ സീസണിൽ ഉൽപാദനം വർധിച്ചിട്ടും ശരാശരി 175 രൂപ നിരക്കിൽ മാങ്കോസ്റ്റിനും ശരാശരി 150 രൂപ നിരക്കിൽ റംബുട്ടാനും വിഎഫ്പിസികെ വിപണിയിൽ കരുത്തു കാട്ടുന്നുണ്ട്. 

പരിയാരം വേളൂക്കരയിലുള്ള ഫ്രാൻസിസ് മുണ്ടൻമാണിയുടെ മൂന്നേക്കർ പുരയിടത്തിലെ അമ്പതോളം വരുന്ന റംബുട്ടാന്റെയും 15 മാങ്കോസ്റ്റിന്റെയും വിളവു മൊത്തമായി രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്കാണ് ഈ സീസണിൽ കച്ചവടക്കാർക്കു നൽകിയത്. അമ്പതോളം ജാതിയുമുണ്ട് ഫ്രാൻസിസിന്. പരിപാലനം, വിളവെടുപ്പ്, ആദായം എന്നിവയെല്ലാം പരിഗണിക്കുമ്പോൾ  ജാതിയെക്കാൾ മികവ്   പഴവർഗങ്ങൾക്കെന്നു ഫ്രാൻസിസ്. ഇതേ നിലപാടുള്ളവരുടെ എണ്ണം പരിയാരത്തു വർധിക്കുകയാണ്.

fruits-village-2

വിപണനം കൂടുതൽ വിശാലമാകുകയും കർഷക കമ്പനികൾ രംഗത്തെത്തുകയും ചെയ്താൽ പരിയാരത്തിന്റെ പഴപ്പെരുമ ഇനിയും ഉയരുമെന്നു കൃഷി ഓഫിസർ ടീന. പരിയാരത്തെയും സമീപപ്രദേശങ്ങളിലെയും ഭൂപ്രകൃതിയും കാലാവസ്ഥയും ജലലഭ്യതയുമെല്ലാം പഴവർഗക്കൃഷിക്കു ഗുണകരമാണ്. കുടിയേറ്റക്കർഷകരാണ് ഏറെയും. മിക്കവരും ഉയർന്ന ഭൂവിസ്തൃതിയുള്ളവര്‍. പഴവർഗത്തോട്ടങ്ങൾ വളർന്നു വരാൻ ഇതും കാരണമാണ്. ടൂറിസം മേഖലയായ അതിരപ്പിള്ളിയോട് അടുത്തു കിടക്കുന്ന പ്രദേശം കൂടിയാണു പരിയാരം. ഈ സാധ്യതകള്‍  പ്രയോജനപ്പെടുത്തി പരിയാരത്തെ ഒരു ഫ്രൂട്സ് ഹബ് ആക്കാനാവുമെന്ന് ടീന പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}