ADVERTISEMENT

ചെരിഞ്ഞ മേൽക്കൂരയുള്ളവർ എങ്ങനെയാണ് മട്ടുപ്പാവിൽ കൃഷി ചെയ്യുക? ഗ്രോബാഗും ബെഡുകളുമൊക്കെ താഴെവീഴാതെ നിരത്താൻ മാർഗമില്ലല്ലോ? ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയിരിക്കുന്നു റിട്ടയേർഡ് എൻജിനീയര്‍ സജീവൻ. 

എംഎസ് (മൈൽഡ് സ്റ്റീൽ) പൈപ്പ് ഉപയോഗിച്ചു നിർമിച്ച ചെറിയ പ്ലാറ്റ്ഫോം (സ്റ്റാൻഡ് )  വീടിന്റെ ചെരിഞ്ഞ മേൽക്കൂരയ്ക്കു മുകളിൽ സ്ഥാപിച്ചു നിരപ്പുള്ള പ്രതലം സൃഷ്ടിക്കുകയാണ് വൈപ്പിൻ എടവനക്കാട് വാച്ചാക്കൽ തുണ്ടിയിൽ വീട്ടിൽ ടി.കെ.സജീവൻ. ചെരിഞ്ഞ മേൽക്കൂരയായതിനാൽ സ്റ്റാൻഡിന്റെ കാലുകൾ ഒരു വശം ഉയർന്നും മറുവശം താഴ്ന്നുമാണ്. സ്റ്റാന്‍ഡിനു മീതെ ഗ്രോബാഗിലും പ്ലാസ്റ്റിക് ചട്ടിയിലുമായി ചെടികൾ നടും. ചെടികൾ പരിചരിക്കാൻ ശ്രദ്ധിച്ചു നടക്കണമെന്നു മാത്രം. 

സാധാരണ ഗ്രോബാഗുകൾക്കു പകരം കൂടുതല്‍ ഈടും ഉറപ്പുമുള്ള ബാഗുകളാണ് സജീവൻ ഉപയോഗിക്കുന്നത്. സാധാരണ ബാഗുകൾ ഒന്നോ രണ്ടോ വർഷം കൊണ്ട് ഉപയോഗശൂന്യമാകുമ്പോൾ ഗേജ് കൂടിയ ഈ ബാഗുകൾ വർഷങ്ങളോളം നിലനിൽക്കും.  ഇപ്പോഴുള്ള ബാഗുകള്‍  ഉപയോഗിച്ചുതുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞെന്നു സജീവന്‍. ഗേജും വലിപ്പവും അനുസരിച്ച് ഒരെണ്ണത്തിന് 50 രൂപ മുതൽ 150 രൂപവരെ വിലയുണ്ട്. ഓൺലൈനായും ഇവ വാങ്ങാം. 

terrace-farmng-1
ടി.കെ.സജീവൻ ടെറസിലെ തോട്ടത്തിൽ

ഗ്രോബാഗ് സ്ഥിപിക്കുന്ന സ്റ്റാൻഡിന്റെ ഒരു ഭാഗവും ഇരുമ്പല്ല. ഉപയോഗത്തിന് അനുസരിച്ചുള്ള ഈടും കുറഞ്ഞ ഉല്‍പാദനച്ചെലവുമാണ് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തക്കാളിക്ക് താങ്ങായി ഉപയോഗിക്കാൻ മറ്റൊരു സ്റ്റാൻഡും ഇദ്ദേഹം ഉണ്ടാക്കി.  കുത്തനെ വളരുന്ന കൊത്തമരയ്ക്കും, വെണ്ടയ്ക്കുമൊക്കെ ഇത് ഉപയോഗിക്കാം. വണ്ണം കുറഞ്ഞ (അര ഇഞ്ചിൽ താഴെയുള്ള ) സ്ക്വയർ പൈപ്പും അത് തറയിലോ ഗ്രോബാഗിനുള്ളിലെ മണ്ണിലോ ഉറപ്പിച്ചു നിർത്താൻ വേണ്ടിയുള്ള കാലുകളും ചേർന്നതാണിത്. നേരെ മുകളിലേക്കു വളരുന്ന തണ്ടും ചെടിയും മറിഞ്ഞു വീഴാതിരിക്കാൻ സ്ക്വയർ പൈപ്പിനോടു ചേർത്ത് തണ്ടു കെട്ടിവയ്ക്കണം. എന്നാൽ തക്കാളി വളരുംതോറും കൂടുതൽ ശാഖകൾ ഉണ്ടാകുകയും  ഭാരം താങ്ങാനാകാതെ ശാഖകൾ ഒടിഞ്ഞു പോകുകയും ചെയ്യും. വശങ്ങളിലേക്ക് വളരുന്ന ശാഖകൾ സ്ക്വയർ പൈപ്പിൽ കെട്ടിവയ്ക്കുന്നത് പ്രായോഗികമല്ല. ഇത്തരം ശാഖകൾക്ക് താങ്ങ് നൽകുന്നതിനു  സ്ക്വയർ പൈപ്പിന്റെ ഏറ്റവും മുകളിലായി കമ്പികൊണ്ടുള്ള വളയം ( റിങ് ) ഉണ്ട്. ഈ വളയത്തെ തക്കാളിയുടെ ശാഖകളുമായി വള്ളി ഉപയോഗിച്ച് ബന്ധിപ്പിച്ചാൽ ഒടിഞ്ഞു പോകില്ല. കാലുകൾക്കും വളയത്തിനും തീരെ വണ്ണം കുറഞ്ഞ കമ്പി മതി.  മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന കാലുകൾ തുരുമ്പെടുക്കാതി രിക്കാന്‍ ഇരുമ്പുകമ്പികൾ ഒഴിവാക്കാം. ശാഖകൾ ഇല്ലാത്ത ചെടികൾക്കായി ഉപയോഗിക്കുമ്പോൾ വളയം ഊരിമാറ്റാം. 

ഫോൺ: 9446436678

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com