പരിയാരത്തിന്റെ മാങ്കോസ്റ്റിൻ മാഹാത്മ്യത്തിൽ മെർളിൻ മൂത്തേടന്റെ കുടുംബത്തിനു കാര്യമായ പങ്കുണ്ട്. മൂത്തേടൻ കുടുംബത്തിലെ മൂന്നു തലമുറ മുൻപുള്ള കാരണവർ മലേഷ്യയിൽ പോയി മടങ്ങിയപ്പോൾ കൊണ്ടുവന്നു കായ് പാകി മുളപ്പിച്ചു വളർത്തിയത് എന്നു കരുതുന്ന, നൂറ്റാണ്ടു പ്രായമുള്ള മാങ്കോസ്റ്റിൻ മരങ്ങൾ മെർളിന്റെ തറവാട്ടു പുരയിടത്തിലുണ്ട്.

അതിന്റെ വിത്തു പാകി മുളപ്പിച്ച് 34 വർഷം മുൻപു തുടങ്ങിയതാണ് മെർളിന്റെ മാങ്കോസ്റ്റിൻകൃഷി. അന്ന് തെങ്ങിന് ഇടവിളയായി 5 ഏക്കറിൽ 100 തൈകളാണ് നട്ടത്. തെങ്ങു കേടുവന്ന് നശിച്ച മുറയ്ക്ക് പലപ്പോഴായി മാങ്കോസ്റ്റിനുകളുടെ എണ്ണം കൂട്ടി. നിലവിൽ 34 വർഷം മുതൽ 7 വർഷം വരെ പ്രായമുള്ള ആയിരത്തോളം മരങ്ങൾ ഈ അഞ്ചേക്കറിലുണ്ട്. ആണ്ടിൽ 300–350 കിലോ പഴം കായ്ക്കുന്ന മരം വരെയുണ്ട് കൂട്ടത്തിൽ. അഞ്ചേക്കർ മാങ്കോസ്റ്റിൻ തോട്ടത്തിൽനിന്ന് വർഷം 27–28 ലക്ഷം രൂപ വരുമാനമുണ്ടെന്നു മെർളിൻ. അത്രതന്നെ സ്ഥലത്തു വളരുന്ന ജാതിയിൽനിന്നുള്ള വരുമാനം അതിന്റെ അഞ്ചിലൊന്നു മാത്രം.

കേരളത്തിൽ ചാലക്കുടി മേഖലയിലാണ് ആദ്യം മാങ്കോസ്റ്റിൻ കായ്ക്കുന്നത്. അതുകൊണ്ടുതന്നെ സീസണിന്റെ തുടക്കത്തിൽ മികച്ച വില ലഭിക്കും. ഉൽപാദനം വർധിക്കുന്നതോടെ ചില്ലറവില കിലോയ്ക്ക് 200 രൂപയിലേക്കു താഴും. അതും ലാഭകരമായ വില തന്നെ. നട്ട് 10 വർഷം എത്തുന്നതോടെയാണ് മാങ്കോസ്റ്റിൻ മികച്ച വിളവിലേക്കും വരുമാനത്തിലേക്കും എത്തുക എന്ന് മെർളിൻ. ഈ ഘട്ടത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 100 കിലോ പഴം പ്രതീക്ഷിക്കാം. മരത്തിൽ കയറി പഴം പറിച്ചെടുക്കുന്നതിനാണ് മുഖ്യമായും ചെലവു വരുന്നത്.

മെർളിന്റെ തോട്ടത്തിലെ പഴങ്ങളുടെ വിൽപന രണ്ടു വഴിക്കാണ്. ഉൽപാദനത്തിലൊരു പങ്ക് വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന ഏജൻസികൾക്കു നൽകുന്നു. മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ കച്ചവടക്കാർക്കു പോകുന്നു മറ്റൊരു പങ്ക്. കിലോയ്ക്ക് 200 രൂപ നിരക്കിൽ 10 കിലോ പായ്ക്കുകളാക്കി വയ്ക്കുകയേ വേണ്ടൂ. കച്ചവടക്കാരുടെ പ്രതിനിധികൾ ഫാമിലെത്തി എടുത്തുകൊള്ളും. മുൻപ് നാട്ടിലെതന്നെ മൊത്തക്കച്ചവടക്കാർക്ക് ഒരുമിച്ചു വിറ്റിരുന്ന കാലത്തെക്കാൾ പല മടങ്ങ് നേട്ടമുണ്ട് നേരിട്ടു വിപണനം തുടങ്ങിയതോടെയെന്ന് മെർളിൻ.
ഫോൺ: 9400846369
English summary: Success Story of Mangosteen Farmer