ചെറീസ് വില്ലയിലെത്തുന്ന ഏതൊരാളും മടങ്ങിപ്പോകാൻ നേരം മടിയോടെയെങ്കിലും മോയി ജോർജിനോടു ചോദിക്കും, ‘ദേ, അക്കാണുന്ന പൂച്ചെടിയുടെ ഒരു കമ്പു തരുമോ?’ ഒന്നല്ല, ഒട്ടേറെ ഇനങ്ങളുടെ കമ്പുകൾ ആഹ്ലാദത്തോടെ നൽകും തിരുവല്ല ചെറിസ് വില്ലയിലെ ഈ വീട്ടമ്മ. പൂവു ചോദിച്ചവർക്കു പൂക്കാലംതന്നെ ലഭിച്ച സന്തോഷം.
പൂച്ചെടി വിൽപനയോ തൈ നഴ്സറിയോ ഒന്നുമില്ല ഈ വീട്ടമ്മയ്ക്ക്. അഴകുള്ള ചെടികൾ ആസ്വദിച്ചു പരിപാലിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം മാത്രമാണ് ലക്ഷ്യം. അങ്ങനെ സന്തോഷത്തിനു തുടങ്ങിയ പൂച്ചെടിവളർത്തൽ ഇന്ന് ചെറീസ് വില്ലയെ അപൂർവ മനോഹരമായ പൂച്ചെടികളും ഇലച്ചെടികളും പൂമരങ്ങളും ചെറു ശിൽപങ്ങളും പൊയ്കയുമെല്ലാം ചേർന്ന പൂങ്കാവനമായി മാറ്റിയിരിക്കുന്നു. നാലു ചുറ്റും ഉദ്യാനം, നടുവിൽ വീട് എന്ന രൂപകല്പനയുടെ പൂർണത ആസ്വദിക്കാം ചെറീസ് വില്ലയിൽ. ഈ രീതിയിൽ വീടും ഉദ്യാനവും ലയിച്ചു നിൽക്കുന്ന ഡിസൈൻ 20 വർഷം മുൻപ് ഗൃഹനിർമാണകാലത്തുതന്നെ രൂപപ്പെടുത്തിയതും മോയി തന്നെ.
ഇരുപതു സെന്റിനു മുകളിൽ വരും വീടും ഉദ്യാനവും ചേരുന്ന പുരയിടം. പൂച്ചെടികൾക്കും ഇലച്ചെടികൾക്കും തുല്യ പ്രാധാന്യം നൽകിയാണ് ചെടികളുടെ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ഏതു സീസണിലും ഈ പൂന്തോട്ടത്തിനുണ്ട് കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പച്ചപ്പ്. മുൻവശത്തെ മുറ്റത്ത് മതിലിനോടു ചേർന്നുള്ള കൊറിയൻ ഗ്രാസ് വിരിച്ച പുൽത്തകിടിയും മുപ്പതിലേറെ വർഷങ്ങൾ പ്രായമുള്ള ബോൺസായ് ചെടികളും മോയിയുടെ പരിപാലന മികവിന് ഉദാഹരണങ്ങൾ. തിരുവല്ല പുഷ്പമേളയിലെ മത്സരയിനങ്ങളിൽ മികച്ച ഉദ്യാനത്തിനുള്ള പുരസ്കാരം തുടർച്ചയായി ഈ വീട്ടമ്മയെ തേടിയെത്തുന്നതിൽ ആശ്ചര്യമില്ലെന്നു സാരം.

ബൊഗൈന് വില്ലയിലും ഓർക്കിഡിലും ആന്തൂറിയത്തിലും തുടങ്ങി യൂഫോർബിയകളും അഡീനിയങ്ങളും കടന്ന് അഗ്ലോനിമ, മണിപ്ലാന്റ് ഇനങ്ങളിലൂടെ നീങ്ങുന്ന മലയാളിയുടെ ഉദ്യാനതാൽപര്യങ്ങൾ മുഴുവനും പൂവിട്ടു നിൽക്കുന്നു മോയിയുടെ പൂന്തോട്ടത്തിൽ. 30 വർഷം മുൻപു പരിപാലനം തുടങ്ങിയ ഫൈക്കസ് ഇനങ്ങൾ ഉൾപ്പെടെയുള്ള ബോൺസായികൾക്കുതന്നെ കൂട്ടത്തിൽ ഏറ്റവും തലയെടുപ്പ്.

എല്ലാ ചെടികളുടെയും ഏഴഴകിനു പിന്നിലുള്ള രഹസ്യം ചാണകം തന്നെയെന്ന് മോയി. പുതിയൊരു ചെടി നടുമ്പോൾ, നിലവിലുള്ള ചെടികളുടെ ചുവട്ടിലെ ജൈവാവശിഷ്ടങ്ങളാണ് തടത്തിൽ നിറയ്ക്കുക, ഒപ്പം ചാണകപ്പൊടിയും. ചെടിയുടെ ഇലകൾ കൊഴിഞ്ഞു വീണ് ചാണകവുമായി ചേർന്ന് നാളുകൾകൊണ്ട് പൊടിഞ്ഞു രൂപപ്പെടുന്ന ജൈവാവശിഷ്ടം ചെടിയുടെ വളർച്ചയും പൂവിടലും ദ്രുതഗതിയിലാക്കുമെന്നു മോയി. വർഷത്തിൽ പല തവണ ഓരോ ചെടിയുടെ ചുവട്ടിലും ചാണകം കൂട്ടിക്കൊടുക്കുകയും ചെയ്യും. അടുക്കളയിൽനിന്നുള്ള പഴം–പച്ചക്കറി അവശിഷ്ടങ്ങളും ചെടികൾക്കു വളമാക്കും. പഴത്തൊലിയും പച്ചക്കറികളുടെ തോലുമല്ലാം വളരാനും പൂവിടാനും പൂച്ചെടികൾക്ക് ഒന്നാന്തരം പോഷകം തന്നെയെന്നും മോയി.
കുറ്റിച്ചെടികളുടെയും ചെറു പൂമരങ്ങളുടെയും കാര്യത്തിൽ നിശ്ചിത ഇടവേളയിലുള്ള കമ്പുകോതൽ (പ്രൂണിങ്) പ്രധാനം. വിശ്രമജീവിതത്തിനു മടിപിടിച്ചിരിക്കാതെ അതൊക്കെയും സ്വന്തം കൈകൊണ്ടു തന്നെ മനോഹരമായി ചെയ്യുന്നു ഈ വീട്ടമ്മ. ഓരോ ചെടിക്കും തണൽ എത്ര വേണം, സൂര്യപ്രകാശം എത്ര ലഭിക്കണം എന്നൊക്കെ കൃത്യമായി നിരീക്ഷിച്ചു തന്നെയാണ് പരിപാലനം.

ചെറുതോ വലുതോ ആകട്ടെ, ഇത്തിരി മുറ്റത്തോ ബാൽക്കണിയിലോ ആകട്ടെ, ഉദ്യാന പരിപാലനം എല്ലാ വരും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പറയുന്നു ഈ വീട്ടമ്മ. ഏതു പ്രായത്തിലും ജീവിതത്തെ ഉത്സാഹ ഭരിതമാക്കും പൂച്ചെടി പരിപാലനമെന്നും മോയി ഓർമിപ്പിക്കുന്നു.
ഫോൺ: 9544418360, 0469 2601305
English summary: Gardening for happiness: How to grow plants for joy and contentment