ജയലക്ഷ്മിക്ക് പ്രിയം കൃഷി: പ്രധാനമന്ത്രി അഭിനന്ദിച്ച കുട്ടിക്കർഷക

HIGHLIGHTS
  • മഴമറയ്ക്കുള്ളിൽ ഗ്രോ ബാഗിലാണ് ജയലക്ഷ്മിയുടെ കൃഷി
jayalakshmi-student-farmer
ജയലക്ഷ്മി സമ്മാനിച്ച പേരത്തൈ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നു (ഇടത്ത്), ജയലക്ഷ്മി കൃഷിയിടത്തിൽ (വലത്ത്)
SHARE

പഠനത്തോടൊപ്പം കൃഷിയെയും മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാർഥികൾ നമ്മുടെ സമൂഹത്തിൽ വളരെ കുറവാണ്. എന്നാൽ, മാവേലിക്കര ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസുകാരി ജയലക്ഷ്മി അത്തരത്തിൽ ഒരാളാണ്. ജയലക്ഷ്മിയുടെ മനസ്സുനിറയെ കൃഷിയാണ്. വീട്ടുമുറ്റത്തെ ഇത്തിരി സ്ഥലത്ത് എല്ലാ തരത്തിലുള്ള പച്ചക്കറികളും പൂർണമായും ജൈവരീതിയിൽ ഈ കൊച്ചു മിടുക്കി വിളയിച്ചെടുക്കുന്നു. ചെറുപ്പം മുതലേ മണ്ണിനോടും കൃഷിയോടും അതിയായ താൽപര്യം ജയലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ചെറുപ്പകാലത്ത് പൂക്കളോട് തോന്നിയ ഇഷ്ടമാണ് പിന്നീട് പച്ചക്കറിക്കൃഷിയിലേക്ക് വഴിമാറിയത്. ജയലക്ഷ്മിയുടെ ഈ ഇഷ്ടം മനസ്സിലാക്കിയ മാതാപിതാക്കൾ കൃഷി ചെയ്യാൻ ആവശ്യമായ എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും നൽകി. മാതാപിതാക്കളും അധ്യാപകരും നൽകിയ അകമഴിഞ്ഞ പ്രോത്സാഹനം തന്നെയാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിലേക്ക് സംസ്ഥാന സർക്കാരിന്റെ കർഷകതിലക പുരസ്കാരം വരെ എത്താൻ കാരണമായത്.

jayalakshmi-student-farmer-2

മഴമറയ്ക്കുള്ളിൽ ഗ്രോ ബാഗിലാണ് ജയലക്ഷ്മിയുടെ കൃഷിയുടെ ഏറിയ പങ്കും. പല വലുപ്പത്തിലുള്ള ഗ്രോബാഗുകളിൽ മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, കുമ്മായം തുടങ്ങിയവ നനവില്ലാതെ നിറച്ചാണ് കൃഷിക്ക് സജ്ജമാക്കുന്നത്. കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി വഴി ലഭിച്ച ഫാമിലി ഡ്രിപ്പ് സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ജലസേചനം. കൂടാതെ പറമ്പിലെ മഴവെള്ള സംഭരണിയുടെ ഉപയോഗവും പരമാവധി പ്രയോജനപ്പെടുത്തുന്നു. മറ്റുള്ളവരുടെ കൃഷി രീതികളിൽനിന്ന് ജയലക്ഷ്മിയെ വ്യത്യസ്തമാക്കുന്നത് കൃഷി ചെയ്യാൻ പ്രത്യേകം തയാറാക്കിയ ടൈംടേബിൾ തന്നെയാണ്. ഓരോ കാലാവസ്ഥയിലും ചെയ്യേണ്ട കൃഷി രീതികൾ, ചെടിയുടെ ഓരോ വളർച്ച ഘട്ടത്തിലും പ്രയോഗിക്കേണ്ട വളപ്രയോഗ രീതികൾ, കീടനിയന്ത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവ പട്ടികപ്പെടുത്തി ചിത്രങ്ങൾ സഹിതം ജയലക്ഷ്മി സൂക്ഷിച്ചിരിക്കുന്നു. തന്റെ പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാൻ ടൈം ടേബിൾ തയാറാക്കുന്ന അതേ രീതി കൃഷിയിടത്തിൽ പ്രയോഗിക്കുക വഴി മികച്ച വിളവ് ലഭ്യമായെന്ന് ജയലക്ഷ്മി പറയുന്നു. ജയലക്ഷ്മി ഈ ടൈംടേബിൾ തന്റെ സഹപാഠികൾക്കും നൽകി അവരെയും കൃഷിയിലേക്ക് ആകർഷിക്കുന്നു. ജയലക്ഷ്മിയുടെ കൃഷിയിടം സന്ദർശിച്ച അധ്യാപകരും സഹപാഠികളും അടക്കം ഏകദേശം മുപ്പതിലധികം പേരാണ് വീട്ടുമുറ്റത്ത് സ്വന്തമായി അടുക്കളത്തോട്ടം ഒരുക്കിയത്. അടുക്കളയിലെ ജൈവമാലിന്യത്തെ കംപോസ്റ്റ് വളമാക്കി കൃഷിയിടത്തിൽ ഉപയോഗപ്പെടുത്തുകയാണ് ജയലക്ഷ്മി. കൂടാതെ മണ്ണിര കംപോസ്റ്റ് വീട്ടിൽ നിർമിക്കുകയും ചെയ്യുന്നുണ്ട്. പുളിപ്പിച്ച കഞ്ഞിവെള്ളം, കടലപ്പിണ്ണാക്ക് തെളി, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം തുടങ്ങിയവ ഉപയോഗിച്ചാണ് കീടനിയന്ത്രണം.

jayalakshmi-student-farmer-1

അത്യുൽപാദനശേഷിയുള്ള നാടൻ വിത്തുകൾ കർഷകരിൽനിന്ന് ശേഖരിച്ചാണ് കൂടുതലായും കൃഷി ചെയ്യുന്നത്. പടുമുളയ്ക്ക് വളം വേണ്ട, കുംഭത്തിൽ നട്ടാൽ കുട്ടയോളം, മീനത്തിൽ നട്ടാൽ മീനോളം, ഭൂകാണ്ഡങ്ങൾ നടുവാൻ ബുധനാഴ്ച തുടങ്ങി നാട്ടറിവുകളും, മറ്റു നാടൻ കൃഷിരീതികളും പരമ്പരാഗത കൃഷിക്കാരിൽനിന്ന് പരമാവധി സ്വന്തമാക്കി കൃഷിയിടത്തിൽ ജയലക്ഷ്മി പ്രയോഗിക്കുന്നു. നമ്മുടെ നാട്ടിൽ അന്യം നിന്നു പോകുന്ന ഔഷധസസ്യങ്ങളെ കണ്ടെത്തി കൃഷിയിടത്തിൽ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്റെ കൃഷിയിടം സന്ദർശിക്കുന്നവർക്ക് സൗജന്യമായി വിത്തുകളും തൈകളും നൽകാനും ജയലക്ഷ്മി ശ്രദ്ധിക്കുന്നു. എന്നാൽ ചെടിയിൽ പൂക്കളും കായകളും ഉണ്ടാകുമ്പോൾ അതിന്റെ ചിത്രം അയച്ചു നൽകണം എന്നൊരു നിബന്ധന ഉണ്ടെന്നു മാത്രം. താൻ നൽകുന്ന തൈകളും വിത്തുകളും മികച്ച രീതിയിൽ അവർ പാലിക്കുന്നുണ്ടോ എന്ന് അറിയാൻ മാത്രമാണ് ഈ നിബന്ധന എന്ന് ജയലക്ഷ്മി പറയുന്നു. കൃഷിയിടത്തിലെ വിഷരഹിത പച്ചക്കറികളിൽ ഏറിയ പങ്കും കാൻസർ രോഗികൾക്കും കിഡ്നി സംബന്ധമായ രോഗികൾക്കും നൽകിവരുന്നു.

jayalakshmi-student-farmer-4
ജയലക്ഷ്മിയുടെ കൃഷിയിടം

വീട്ടുമുറ്റത്തും മാത്രമല്ല സ്കൂളിലും കാർഷിക പ്രവർത്തനങ്ങൾക്ക് ജയലക്ഷ്മി നേതൃത്വം നൽകുന്നു. വിദ്യാലയത്തിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ മുൻനിരയിലാണ് ജയലക്ഷ്മിയുടെ സ്ഥാനം. ജൈവ പച്ചക്കറി കൃഷി, ശലഭോദ്യാനം, ഔഷധസസ്യ തോട്ടം തുടങ്ങിയവ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. കൃത്രിമ രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ പൂർണമായും ഒഴിവാക്കി പ്രകൃതിക്കും മനുഷ്യനും ഹിതകരമായ കാർഷിക വിദ്യകൾ നടപ്പിലാക്കാൻ തന്നാലാവുന്ന വിധത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും ജയലക്ഷ്മി ചെയ്യുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതായിരുന്നു കൃഷിയെക്കുറിച്ചുള്ള തന്റെ ആശയങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്. വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ എല്ലാവരോടും മാൻ കി ബാത്തിലൂടെ ഓർമ്മപ്പെടുത്തണം എന്ന് കത്തിൽ ജയലക്ഷ്മി പ്രത്യേക രേഖപ്പെടുത്തി. ഒട്ടും പ്രതീക്ഷിക്കാതെ ഇതിന് മറുപടിയായി ജയലക്ഷ്മിക്ക് പ്രധാനമന്ത്രിയുടെ പക്കൽ നിന്ന് അഭിനന്ദന കത്തും തിരിച്ചെത്തി. കൂടാതെ ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ച ജയലക്ഷ്മിയെ കാണാൻ എംപി സുരേഷ് ഗോപി വീട്ടിലെത്തുകയും ചെയ്തിരുന്നു. അദ്ദേഹം വഴി പ്രധാനമന്ത്രിക്ക് ജയലക്ഷ്മി പേര തൈ എത്തിച്ചു നൽകുകയും ചെയ്തു.

jayalakshmi-student-farmer-3
ജയലക്ഷ്മിയുടെ കൃഷിയിടം സന്ദർശിക്കാൻ സുരേഷ് ഗോപി എത്തിയപ്പോൾ

കൃഷിയെ അത്രമേൽ സ്നേഹിക്കുന്ന ജയലക്ഷ്മിയുടെ മനസ്സിലെ ആഗ്രഹം കൃഷിശാസ്ത്രജ്ഞ ആകണമെന്നാണ്. അതുകൊണ്ടുതന്നെ പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിനു ശേഷം ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത് വിഎച്ച്എസ്ഇ അഗ്രികൾച്ചർ തന്നെയാണ്. വിഷവിമുക്ത പച്ചക്കറികൾ ഉൽപാദിപ്പിച്ചു വിപണനം നടത്തുന്നതിലൂടെ ഒരു സ്ഥിരവരുമാനം നേടിയെടുക്കാൻ ജയലക്ഷ്മിക്ക് ഈ ചെറു പ്രായത്തിൽ തന്നെ സാധിക്കുന്നു. ഈ വരുമാനത്തോടൊപ്പം വിത്ത്, പച്ചക്കറി തൈകൾ എന്നിവയുടെ വിൽപ്പനയിലൂടെയും ആദായം ലഭ്യമാക്കുന്നുണ്ട്.

ഫോൺ: 9656259692

English summary: This Student Farmer is an Inspiration for all School Students

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}