കുടുംബക്ഷേമ കേന്ദ്രത്തിൽനിന്ന് ആരോഗ്യ അറിവുകൾ മാത്രമല്ല കൃഷിയറിവുകളും; വേറിട്ട മാതൃക

family-health-center-nurse-and-vegetable-farming
SHARE

തൃശൂർ മുള്ളൂർക്കര അമ്പലംകുന്ന് ഫാമിലി ഹെൽത് സബ് സെന്ററിനുള്ളില്‍ എവിടെയും പഴം–പച്ചക്കറി അറിവുകള്‍, പോഷകഭക്ഷണത്തെക്കുറിച്ചു കുറിപ്പുകൾ. തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാൻ കോവയ്ക്ക ഉത്തമമെന്നും പ്രമേഹം മുതൽ സോറിയാസിസ് വരെ നിയന്ത്രിക്കാൻ കോവയ്ക്ക നന്നെന്നും മുള്ളൂർക്കരയിലെ പലരും ആദ്യം അറിയുന്നത് ഹെൽത് സബ് സെന്ററിൽ കോവയ്ക്കാവിശേഷം എഴുതിയ ഡാംഗ്ലറിലൂടെയാണ്. 

അസിഡിറ്റിയുള്ളവർക്കു വെള്ളരിക്ക ഔഷധമാണെന്നും ഭക്ഷണക്രമത്തിൽ ബീൻസ് ഉൾപ്പെടുത്തിയാൽ വിളർച്ച മാറുമെന്നും ശരീരത്തിൽ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാനും അനീമിയ മാറ്റാനും കറിവേപ്പില ഉത്തമമെന്നും മുള്ളൂർക്കരയിലെ ഗർഭിണികൾ പലരും തിരിച്ചറിഞ്ഞതും ഈ കുറിപ്പുകൾ കണ്ടുതന്നെ. പ്രായമായവർക്കു ജീവിതശൈലീരോഗങ്ങളെയും രോഗനിയന്ത്രണത്തെയും കുറിച്ച് ചൊവ്വാഴ്ചകളിൽ ഇവിടെ നൽകുന്ന ക്ലാസ്സുകളിൽ ആരോഗ്യക്കൃഷിയാണ് പ്രധാന വിഷയം. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതു ഫാമിലി ഹെൽത് സബ് സെന്ററിലെ നഴ്സ് അമ്പിളി തങ്കപ്പൻ. ചക്കയും മാങ്ങയും പപ്പായയും ഉൾപ്പെടെയുള്ള  നാട്ടുപഴങ്ങളെയും  കീടനാശിനിപ്രയോഗം ഒഴിവാക്കിയുള്ള പച്ചക്കറിക്കൃഷിയെയും കുറിച്ച്  സ്വന്തം കൃഷിയിടം  ഉദാഹരണമാക്കിയാണ് അമ്പിളിയുടെ ക്ലാസ്. 

family-health-center-nurse-and-vegetable-farming-2

തേക്കിനെ തോൽപിച്ച് 

തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള മുള്ളൂർക്കര അമ്പലംകുന്ന് ഫാമിലി ഹെൽത് സബ് സെന്ററിൽ 6 വർഷം മുൻപ് ജോലിക്കെത്തുമ്പോൾ അതൊരു തേക്കിൻകാടായിരുന്നെന്ന് അമ്പിളി. തേക്കുമരങ്ങൾക്കിടയിൽ ഞെങ്ങിഞെരുങ്ങി ഒരു കെട്ടിടം. തേക്കിലകൾ മുറ്റവും പറമ്പും നിറയെ പൊഴിഞ്ഞുകിടക്കുന്നു. ഇന്നും സെന്ററിന്റെ മുറ്റത്തെ  തേക്കുകൾക്ക് മാറ്റമില്ല. എന്നാൽ അവയുടെ ഗാംഭീര്യം മറികടന്ന് സെന്ററിന് അകവും പുറവും മുഴുവൻ പച്ചക്കറികളും പൂച്ചെടികളും. 

മുറ്റവും പറമ്പും ഉൾപ്പെടെ 20 സെന്റിലാണ് സെന്റർ. അമ്പിളി കുടുംബസമേതം താമസിക്കുന്നതും ഇവിടെത്തന്നെ. തേക്കിലകൾ നീക്കി വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്താണു തുടക്കം. സെന്ററില്‍ എത്തുന്നവർ ഈ കൃഷിയിടം കണ്ട് വിത്തുകളും തൈകളുമൊക്കെ ആവശ്യപ്പെടാൻ തുടങ്ങിയതോടെ ആരോഗ്യക്ലാസിൽ കൃഷിയും പാഠ്യവിഷയമാക്കിയാലോ എന്ന് അമ്പിളി ചിന്തി ച്ചു. ഗർഭിണികൾ, കുട്ടികൾ, പ്രായമെത്തിയവർ എന്നിവരുടെ ആരോഗ്യജീവിതമാണല്ലോ ഫാമിലി ഹെൽത് സെന്ററിന്റെ മുഖ്യ ലക്ഷ്യം. 

ആരോഗ്യരക്ഷയ്ക്ക് എന്തൊക്കെ പോഷകങ്ങൾ ആവശ്യമുണ്ട്, അതിന് ഏതൊക്കെ പച്ചക്കറികൾ കഴിക്കണം എന്നെല്ലാം  കാണിച്ചുതന്നെ പഠിപ്പിക്കാൻ സ്വന്തം കൃഷികൊണ്ടു കഴിയുന്നുവെന്ന് അമ്പിളി. സുരക്ഷിത ഭക്ഷണക്രമം മനസ്സിലായതോടെ കുറെപ്പേര്‍ അടുക്കളത്തോട്ടം തുടങ്ങാന്‍ സന്നദ്ധരായി. ഹെൽത് സെന്ററിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. 

family-health-center-nurse-and-vegetable-farming-1

വിളയിനങ്ങൾ

ശീതകാലവിളകളായ കാബേജും കോളിഫ്ലവറും ഉൾപ്പെടെ അടുക്കളയിലേക്കു വേണ്ട മിക്ക പച്ച ക്കറികളും അമ്പിളിയുടെ തോട്ടത്തിലുണ്ട്. ഗ്രോബാഗിലും നിലത്തുമായി സൂര്യപ്രകാശ ലഭ്യതയുള്ളിടത്തെല്ലാം കൃഷി. നാടൻ, ഹൈബ്രിഡ് വിത്തുകളും ഉപയോഗിക്കും. വെണ്ടയും വഴുതനയും ചീരയും പച്ചമുളകും തക്കാളിയും കാബേജും കോളിഫ്ലവറുമെല്ലാം നിത്യഭക്ഷണത്തിന്റെ വൈവിധ്യം വർധിപ്പിക്കുമെന്ന് അമ്പിളി. പന്തലിൽ പാവലും പയറും കോവലുമുണ്ട്. തേക്കുകള്‍ക്കിടയിൽ വാഴയ്ക്കും ഇടം നൽകി. നാടൻ മുട്ടക്കോഴികളെയും വളര്‍ത്തുന്നു. പിൻമുറ്റത്ത് കമ്പിവലയിട്ട് അതിരു തിരിച്ച കൂട്ടിൽ അഴിച്ചുവിട്ടാണ് കോഴിവളർത്തൽ. ഭക്ഷ്യാവശിഷ്ടങ്ങളാണ് തീറ്റ.

മുറ്റവും പറമ്പും നിറയെ പച്ചക്കറികളെങ്കിൽ വരാന്തയിലും ഓഫിസ് മുറിയിലും പൂച്ചെടികളും ഇലച്ചെടികളുംകൊണ്ടുള്ള നിറവസന്തം. പല ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്നവര്‍ക്ക് ഇവ കണ്ണിനും മനസ്സിനും ആശ്വാസവും ആഹ്ലാദവും നൽകുന്നു.

 മുറ്റത്തെ ഏതാനും തേക്കുമരങ്ങൾ മുറിച്ചു നീക്കി കൂടുതൽ സൗകര്യമൊരുക്കിയും ആവശ്യമായ സഹകരണം നൽകിയും മുള്ളൂർക്കര പഞ്ചായത്ത് അമ്പിളിക്കു തുണയുണ്ട്. ആരോഗ്യവകുപ്പിലെ മേലധികാരികളും അമ്പിളിക്കു പ്രോത്സാഹനം നൽകുന്നു. 

ഫോൺ: 9496312438

English summary: A New Health Care Prevention

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}