മൂന്നിനം പച്ചക്കറികളിലൂടെ നേടുന്നത് വർഷം 45 ലക്ഷം രൂപ: ഇത് പത്മനാഭന്റെ കൃഷിതന്ത്രം

HIGHLIGHTS
  • പാവൽ, പടവലം, പയർ എന്നീ പന്തൽവിളകൾ മാത്രം
  • മറ്റു വിളകളേക്കാൾ ആദായകരം
padmanabhan-vegetable-farmer
പത്മനാഭൻ
SHARE

പന്ത്രണ്ടേക്കർ കൃഷി. 2 സീസണിലായി 10 മാസംകൊണ്ട് 45 ലക്ഷം രൂപയുടെ പച്ചക്കറി. പ്രതിവർഷം 12 ലക്ഷം രൂപ അറ്റാദായം –   ഇലവഞ്ചേരിയിലെ ചേർത്തലോട്ടുകളം ആർ.പത്മനാഭൻ ശ്രദ്ധേയനാകുന്നത് ടൺ ടണക്കിനുള്ള ഉൽപാദനത്തിലൂടെയാണ്.  മൂന്നിനം പച്ചക്കറികൾ മാത്രം കൃഷി ചെയ്താണ് ഈ നേട്ടം – പാവൽ, പടവലം, പയർ എന്നീ പന്തൽവിളകൾ മാത്രം. മറ്റു വിളകളെക്കാൾ ആദായകരമായതുകൊണ്ടാണ് ഇവ തിരഞ്ഞെടുത്തതെന്ന് പത്മനാഭൻ പറയുന്നു. 

പന്തല‍ിടുന്നതിനു കൂടുതൽ മുതൽമുടക്ക് വേണ്ടിവരുമെങ്കിലും ആദായവും അതേ തോതിൽ കൂടുമെന്നതാണ് ഈ വിളകളെ ആകർഷകമാക്കുന്നത്. ഇക്കഴിഞ്ഞ ഓണം സീസണിൽ നാടൻ പാവലിനു(പ്രീതി) 45 രൂപയും മായ ഇനത്തിന് 35 രൂപയും വില കിട്ടി.  പാവലിന്റെ ഉൽപാദനച്ചെലവ് കിലോയ്ക്ക് ഏകദേശം 25 രൂപയാണ്. ഒരേക്കറിൽ 10–15 ടൺ ഉൽപാദനം പ്രതീക്ഷിക്കാം. പടവലത്തിനു വില താഴുമെങ്കിലും ഏക്കറിന് 18 ടൺവരെ വിളവു കിട്ടാറുണ്ട്. ഏക്കറിന് 4–6 ടൺ മാത്രം കിട്ടുന്ന പയറിനാണ് താരതമ്യേന ആദായക്ഷമത കുറവ്. കിലോയ്ക്ക് 40 രൂപയായിരുന്നു ഇത്തവണ വില.  

വിപണിയുടെ താൽപര്യം മനസ്സിലാക്കി കൃഷി ചെയ്താൽ വാണിജ്യ പച്ചക്കറിക്കൃഷി മികച്ച വരുമാനമാർഗമാണെന്നതിൽ പത്മനാഭനു സംശയമില്ല. തമിഴ്നാട്ടിലെ പച്ചക്കറികളുമായി വില കുറച്ചു മത്സരിക്കേണ്ടി വരുന്നത് ചില സന്ദർഭങ്ങളിൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തക്കാളിപോലുള്ള ഇനങ്ങൾക്കാണ് അമിത ഉൽപാദനം മൂലമുള്ള വിലത്തകർച്ച വരാറുള്ളത്. വില അമിതമായി താഴ്ത്താതിരിക്കാൻ ഇരുഭാഗത്തെയും കർഷകർ പരസ്പരധാരണയോടെ നീങ്ങുകയേ വേണ്ടൂ. ആസൂത്രിത ഉൽപാദനത്തിലൂടെ വില പിടിച്ചുനിർത്താൻ ഈ മേഖലയിലെ കൃഷിക്കാർ ചില ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട്. ഒരാൾ ഒരു സമയം ഒരു വിള 10 ഏക്കറിലധികം ചെയ്യില്ലെന്ന തീരുമാനം അതിന്റെ ഭാഗമാണ്. 

ഇലവഞ്ചേരിയിൽ കൃഷി ആരംഭിച്ച് ഒരു മാസം കഴിയുമ്പോൾ മാത്രമാണ് മുതലമടയിലെ തന്റെ കൃഷിയിട ത്തിൽ പത്മനാഭൻ വിത്തിടുക. നാട്ടിലെ ഉൽപാദനം കുറഞ്ഞുതുടങ്ങുമ്പോൾ വിപണിയിലെത്തി നേട്ടമുണ്ടാക്കാൻ ഇതുവഴി സാധിക്കുന്നു. പൊള്ളാച്ചിയിലെ ഉൽപാദനം സജീവമാക്കുന്നതിനു മുന്‍പ് വിൽപന പൂർത്തിയാക്കാനും ശ്രദ്ധിക്കും.  നാടൻ പാവക്കായ്ക്ക് തമിഴ്നാട് വില തീരെ പ്രശ്നമാകാറില്ല. എന്നാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമാണ് അവയ്ക്കു ഡിമാൻഡ്. തന്മൂലം രണ്ടിനം പാവയ്ക്കായും ഇദ്ദേഹത്തിന് ഉപേക്ഷിക്കാനാവില്ല.

പൂർണമായും വിഎഫ്പിസികെ വിപണിയെ ആശ്രയിച്ചുള്ള കൃഷിയാണ് ഇദ്ദേഹത്തിന്റേത്. വിപണനത്തിന്റെ തലവേദനകളില്ലാതെ പൂർണമായും ഉൽപാദനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നത് വിഎഫ്പിസികെയു ടെ വിപണന പിന്തുണയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപാദന ബോണസ്, സാങ്കേതിക പിന്തുണ എന്നിവയും വിഎഫ്പിസികെയുടെ സേവനം കൂടുതൽ സ്വീകാര്യമാക്കുന്നുണ്ട്.  ചില്ലറ വിൽപനശാലകളിലെത്തിച്ചാൽ ആദായം കൂടുതൽ ലഭിച്ചേക്കാം. എന്നാൽ അതിനുള്ള  പ്രയത്നവും  സമയവ്യയവും കർഷകനു താങ്ങാവുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. ഏക്കറിന് 12000 രൂപയോളം പാട്ടം നൽകേണ്ടിവരും. സ്ഥിരം പന്തലിടുന്നതിന് ഏക്കറിന് 2.5 ലക്ഷം രൂപ മുടക്കണം. കോൺക്രീറ്റ് കാലുകളും ഇരുമ്പുകമ്പിയുംകൊണ്ടുള്ള സ്ഥിരം പന്തലാണ് നല്ലതെന്ന് പത്മനാഭൻ. മുളംകാലുകൊണ്ടുള്ള പന്തലിന് 80,000 രൂപയേ ചെലവുള്ളൂ. എന്നാൽ 2 വർഷം മാത്രമാണ്  ആയുസ്സ്. കൂടുതൽ കാലം പാട്ടക്കൃഷി സാധ്യമാണെങ്കിൽ 15 വർഷത്തിലേറെ ആയുസ്സുള്ള സ്ഥിരം പന്തല്‍ തന്നെ ഉചിതം.

സൽകൃഷിരീതികളാണ് പിന്തുടരുന്നത്. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ രാസകീടനാശിനിപ്രയോഗം നടത്തൂ.  അതും വിഷാംശം കുറഞ്ഞ ഗ്രീൻ ലേബൽ പച്ചക്കറികൾ മാത്രം. എന്നാൽ ജൈവവളത്തോടൊപ്പം രാസവളവും നൽകാറുണ്ട്. കൂലിച്ചെലവാണ്  ലാഭത്തിന് ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നത്. കൃത്യതാക്കൃഷിയിലൂടെ കൂലിച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുന്നുണ്ട്. ഇത്തവണ ഓണക്കാലത്ത് പച്ചക്കറികൾക്ക് തരക്കേടില്ലാത്ത വില ലഭിച്ചു. നാടൻ പച്ചക്കറികൾക്ക് തമിഴ്നാടന്‍ പച്ചക്കറികളെക്കാൾ വില ലഭിക്കുന്നുണ്ട്.  കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുന്നതുകൊണ്ടാണ് പച്ചക്കറികളെ മാത്രം ആശ്രയിച്ചു ജീവിക്കാൻ സാധിക്കുന്നത്.

അനുഭവപാഠം

പാവലിനെയും മറ്റും ബാധിക്കുന്ന വൈറസ് രോഗങ്ങളെ ചെറുക്കുന്നതിന് നേർപ്പിച്ച കഞ്ഞിവെള്ളം തളിക്കുന്നത് ഫലപ്രദം. ഏതാനും ദിവസം പുളിപ്പിച്ച ശേഷം പത്തിരട്ടി വെള്ളം ചേർത്താണ് കഞ്ഞിവെള്ളം തളിക്കേണ്ടത്.

ഫോൺ: 9446829170

English summary: Farmer earning 45 lakh rupees a year from vegetables

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}