വർഷം 130 ടൺ പച്ചക്കറിയുമായി യുവാവ്, ലുലു ഉൾപ്പെടെ 6 സൂപ്പർ മാർക്കറ്റുകളിൽ 365 ദിവസവും വിൽപന

HIGHLIGHTS
  • 6 മാസം ചെറിയ തോതിൽ സ്വയം കൃഷി ചെയ്തു പഠിക്കണം
  • വിപണിയറിഞ്ഞു വിത്തിടാം
vegetable-farmer-nishad
വിളവെടുത്ത പച്ചക്കറികളുമായി നിഷാദ്
SHARE

പച്ചക്കറി ഉൽപാദനത്തിനും വിപണനത്തിനുമായി പ്രത്യേകം കമ്പനിയുണ്ടാക്കിയ കർഷകനാണ് നിഷാദ്. ബിസിനസ് പങ്കാളിയെ വിപണനം ഏൽപിച്ചശേഷം പൂർണമായി ഉൽപാദനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നുവെന്നതാണ് നേട്ടം. മാരാരി ഫ്രഷ് എന്ന ബ്രാൻഡിനു കീഴിൽ ലാർജ് ഫോർമാറ്റ് കൃഷിയുടെ  വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള ഈ സംരംഭത്തിനു പിന്നിൽ 6 വർഷത്തെ അനുഭവസമ്പത്തുണ്ട്.

ചേർത്തലയിലും കൊഴി‍ഞ്ഞാമ്പാറയിലുമായി 13.5 ഏക്കറിലാണ് നിഷാദിന്റെ കൃഷി. പപ്പായ മുതൽ പാവൽവരെ 14 ഇനങ്ങളാണ് രണ്ടിടത്തുമായി ഉൽപാദിപ്പിക്കുന്നത്. ചേർത്തലയിലെ കൃഷിയിടത്തിൽ പപ്പായ, ചുവന്ന ചീര, മുളക് എന്നിവ മാത്രമേയുള്ളൂ. ബാക്കി ഉൽപാദനം കൊഴിഞ്ഞാമ്പാറയിലും. ഒരു വർഷത്തെ ആകെ ഉൽപാദനം ശരാശരി 130 ടൺ വരും. എന്നാൽ ദിവസേനയുള്ള ഉൽപാദനം ശരാശരി അര ടൺ മാത്രം.  ഈ രീതിയിൽ ഉല്‍പാദനം ക്രമീകരിക്കുന്നതുകൊണ്ടാണ് 365 ദിവസവും വിപണിയിൽ പച്ചക്കറി എത്തിക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം പച്ചക്കറിക്കൃഷിയിലെ വിറ്റുവരവ് 39 ലക്ഷം രൂപയാണെന്ന് നിഷാദ്.  ലുലു ഉൾപ്പെടെ, കൊച്ചിയിലെ 6 സൂപ്പർ മാർക്കറ്റുകളിൽ മാരാരി ഫ്രഷ് എത്തിക്കുന്നുണ്ട്.

vegetable-farmer-nishad-2
നിഷാദ്

ട്രയല്‍കൃഷി ആവശ്യം

വാണിജ്യസംരംഭമായി പച്ചക്കറിക്കൃഷി ചെയ്യുന്നവർ 6 മാസം ചെറിയ തോതിൽ സ്വയം കൃഷി ചെയ്തു പഠിക്കണമെന്ന് നിഷാദ് നിർദേശിക്കുന്നു. സമീപപ്രദേശങ്ങളിലെ ഏതാനും കച്ചവടക്കാരുമായി സംസാരിച്ച് പ്രാദേശിക ഡിമാൻഡുള്ള  ഇനങ്ങൾ കണ്ടെത്തണം. 10 സെന്റ് സ്ഥലത്ത് സ്വയം അധ്വാനിച്ച് കൃഷി ചെയ്യുക. വെറുതെ കൃഷി ചെയ്താൽ പോരാ, അതിനായി നടത്തിയ മുതൽമുടക്കും അധ്വാനവുമൊക്കെ കൃത്യമായി രേഖപ്പെടുത്തുകയും വിലയിടുകയും വേണം.  ആറു മാസത്തെ കൃഷി കഴിയുമ്പോൾ വിവിധ വിളകളുടെ ഉൽപാദനച്ചെലവ്, ഡിമാൻഡ്, കൃഷിരീതി എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കാനാകും. പാളിച്ചകൾ തിരിച്ചറിയാനും സാധ്യതകൾ പ്രയോജനപ്പെടുത്താനും ഈ വിവരശേഖരം ഉപയോഗിക്കണം. നിശ്ചിത വരുമാനം നേടാൻ എത്ര വിസ്തൃതിയിൽ കൃഷി ചെയ്യണമെന്നു കണക്കാക്കി സ്ഥലം കണ്ടെത്തുന്നതിനൊപ്പം അവിടെനിന്നുള്ള ഉൽപാദനം വാങ്ങാൻ താൽപര്യമുള്ള സൂപ്പർമാർക്കറ്റുകളെയും മൊത്തക്കച്ചവടക്കാരെയും കണ്ടെത്തുകയുമാവാം. വർഷം മുഴുവൻ മുടക്കമില്ലാതെ പച്ചക്കറി എത്തിക്കാവുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിക്കുകയും വേണം– അദ്ദേഹം പറ‍ഞ്ഞു. വലിയ തോതിൽ പച്ചക്കറിക്കൃഷി ചെയ്താൽ മാത്രമേ സാമ്പത്തിക വളർച്ച നേടാനാകൂ.  വിസ്തൃതി കൂടുമ്പോൾ അധ്വാനഭാരം കൂടാതിരിക്കാൻ കൃത്യതാക്കൃഷി അനിവാര്യം. എന്നാൽ കൃത്യതാക്കൃഷിയിലെ മികവുകൊണ്ടു മാത്രം കൃഷി വിജയിപ്പിക്കാനാകില്ല. അനുഭവസമ്പത്തുകൊണ്ടേ പല കാര്യങ്ങളും പഠിക്കൂ. വിളവെടുക്കുന്ന സമയം, പായ്ക്ക് ചെയ്യുന്ന രീതി, തൊഴിലാളികളുടെ സഹകരണം, കുടുംബത്തിന്റെ പിന്തുണ, പണം കൈ കാര്യം ചെയ്യാനുള്ള സാമർഥ്യം, കച്ചവടക്കാരുടെ താൽപര്യങ്ങൾ  എന്നിവയൊക്കെ പച്ചക്കറിക്കൃഷിയി ലെ വിജയഘടകങ്ങളാണെന്നു നിഷാദ് കൂട്ടിച്ചേർത്തു.

vegetable-farmer-nishad-1
നിഷാദ്

ഉല്‍പാദന കലണ്ടര്‍ ആപ് 

പച്ചക്കറിക്കൃഷിയിൽ  നൂതനാശയങ്ങൾ നടപ്പാക്കാൻ ഉത്സുകനാണ് നിഷാദ്.  കർഷകർക്ക് ഉൽപാദന കലണ്ടര്‍ അനുസരിച്ച് പ്രവർത്തനം ക്രമീകരിക്കാനും കച്ചവടക്കാരെ കണ്ടെത്താനുമുള്ള മൊബൈൽ ആപ് ഇദ്ദേഹം രൂപപ്പെടുത്തിക്കഴിഞ്ഞു. ചില്ലറവിൽപനയ്ക്കായി മറ്റൊരു ആപ്പും തയാര്‍.  പോരായ്മകൾ പരിഹരിച്ച് വൈകാതെ തന്നെ രണ്ടും കർഷകരിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാണിജ്യ പച്ചക്കറിക്കൃഷിയിൽ കാര്യക്ഷമത കൂട്ടാൻ യന്ത്രവൽക്കരണം അനിവാര്യമാണെന്നു നിഷാദ് അഭിപ്രായപ്പെട്ടു. വാരം കോരുന്നതിനുള്ള ബെഡ് മേക്കർ 70,000 രൂപ മുടക്കി വാങ്ങിയത് ഏറെ പ്രയോജനകരമായി. 30 തൊഴിലാളികളുടെ ജോലി 2 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ ഇതുപകരിക്കുന്നു. മറ്റു കർഷകരുമായി സഹകരിച്ചാൽ ഇതിനുള്ള  ചെലവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പ്രേയർ, വീഡ് കട്ടർ, ഗാർഡൻ ടില്ലർ എന്നിവയൊക്കെ വാണിജ്യക്കൃഷിയിൽ ഏറെ ഉപകാരപ്രദമാണ്. വിപുലമായ പച്ചക്കറിക്കൃഷിക്ക് മുതൽമുടക്കുന്നവർ കേന്ദ്രസർക്കാരിന്റെ സ്മാം പദ്ധതിയിൽ റജിസ്റ്റർ ചെയ്താൽ ഇവ സബ്സിഡിയോടെ വാങ്ങാം.  പച്ചക്കറിക്കൃഷി തുടങ്ങുമ്പോൾതന്നെ കൃഷിഭ വനിൽ അറിയിക്കുന്നത് സാങ്കേതികപിന്തുണ നേടാനും സഹായകമാണ്. 

അനുഭവപാഠം 

വർഷംതോറും 3 കൃഷിയുണ്ടെങ്കിലും 3 തവണയും ബെഡ് ഉണ്ടാക്കുന്ന രീതി നിഷാദിനില്ല. ബെഡിനു മീതേയുള്ള പ്ലാസ്റ്റിക് പുത അനക്കുകപോലുമില്ല. ജൈവവളവും മറ്റും ചേർക്കുന്നതിനായി പലരും പുത ഇളക്കിമാറ്റാറുണ്ട്. മൾചിങ് ഷീറ്റ് ഇളക്കി മാറ്റുമ്പോൾ കൂലിച്ചെലവ് കൂടുമെന്നു മാത്രമല്ല, അവ കീറിപ്പോകാനുമിടയുണ്ട്. ഇതൊഴിവാക്കാന്‍ ഷീറ്റ് വിരിക്കുന്നുതിനു മുന്‍പ്  അവയിൽ താരതമ്യേന വലിയ ദ്വാരങ്ങ ളുണ്ടാക്കുന്നു. ഏകദേശം 1.5  ഇഞ്ച് വ്യാസമുണ്ടാവേണ്ട ദ്വാരങ്ങൾക്കു പകരം 4 ഇഞ്ച് വ്യാസമുള്ള ദ്വാരങ്ങൾ. ആദ്യകൃഷി കഴിയുമ്പോൾ ഓഗർ പ്രവർത്തിപ്പിച്ച്, വിള നിന്നിരുന്ന സ്ഥലത്തെ  മണ്ണിളക്കുന്നു. ഷീറ്റിൽ വലിയ ദ്വാരങ്ങളിട്ടാൽ മാത്രമേ ഇപ്രകാരം ഓഗർ പ്രവർത്തിപ്പിക്കാനാകൂ. ഏതെങ്കിലും സാഹചര്യ ത്തിൽ തുള്ളിനനയ്ക്കു തടസ്സമുണ്ടായാൽ ഹോസ് ഉപയോഗിച്ചു നനയ്ക്കാനും മൾചിങ് ഷീറ്റിലെ വലിയ ദ്വാരങ്ങൾ സഹായിക്കും.  കള വളരാനുള്ള സാധ്യതയാണ് ഇതിന്റെ ദൂഷ്യവശം. എന്നാൽ ഇത് നിയന്ത്രിക്കാവുന്നതേയുള്ളെന്നു നിഷാദ്.

ഫോൺ: 9846335888

English summary: Farmer earning 39 lakh rupees a year from vegetables

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}