70 ഏക്കറിൽ 390 ടൺ പച്ചക്കറിക്കൃഷി: എംബിഎ ക്ലാസിൽ പഠിച്ചത് കൃഷിയിടത്തിൽ നടപ്പാക്കി യുവകർഷകൻ

HIGHLIGHTS
  • ആസൂത്രണം ആവശ്യം
  • തുറസ്സായ സ്ഥലത്തെ കൃത്യതാക്കൃഷി
philip-chacko-vegetable-farmer
ഫിലിപ്പ് ചാക്കോയും ഭാര്യ ആൻ മേരിയും പാലക്കാട് ലക്കിടിയിലെ കൃഷിയിടത്തിൽ. ഫോട്ടോ∙ സിദ്ദിഖ് കായി
SHARE

മുണ്ടക്കയത്തെ എസ്റ്റേറ്റിൽ  ബർമുഡയും ടീ ഷർട്ടും സൺഗ്ലാസുമൊക്കെ ധരിച്ച്  റബർമരങ്ങൾക്കിടയിലൂടെ ബുള്ളറ്റ് ഓടിച്ചു നടക്കാമായിരുന്നു. മാസംതോറും അക്കൗണ്ടിൽ നല്ല തുക ശമ്പളമായി എത്തുമായിരുന്നു. എന്നിട്ടും എംബിഎക്കാരനായ ഫിലിപ് ചാക്കോ ‌മുഹമ്മയിലെ പഞ്ചാരമണലിലേക്കു വന്നത് പ്ലാന്റേഷൻ ഉദ്യോഗം മടുത്തിട്ടല്ല, മറിച്ച്, വേറിട്ട ഒരു എസ്റ്റേറ്റ് സൃഷ്ടിക്കാനുള്ള ആഗ്രഹത്തോടെയാണ്. പച്ചക്കറി എസ്റ്റേറ്റ് എന്നു കേട്ടപ്പോള്‍ വീട്ടുകാരും നാട്ടുകാരുമൊക്കെ മൂക്കത്തു വിരൽവച്ചുപോയി. എതിർപ്പുകൾ തുടരുമ്പോഴും കുറഞ്ഞത് നൂറേക്കറില്‍  പച്ചക്കറിത്തോട്ടം  സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ചാക്കോ. സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിച്ച സേഫ് ടു ഈറ്റ് പച്ചക്കറി ‘പ്യൂവർ ഹാർവെസ്റ്റ്’ എന്ന ബ്രാൻഡിൽ കേരളമെമ്പാടും വിതരണം ചെയ്യുകയാണ് ലക്ഷ്യം. സൽകൃഷിരീതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറി മാത്രമാണ് (safe to eat) ഇപ്രകാരം വിൽക്കുകയെന്നു ചാക്കോ പറയുന്നു.  

ആലപ്പുഴ ജില്ലയിലെ ചേർത്തല കഞ്ഞിക്കുഴിയിൽ 3 വർഷം മുന്‍പ് കേരളത്തിലാരും അതുവരെ ചിന്തിക്കാത്ത വിധത്തിൽ 36 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു തുടക്കം. വേനൽകൃഷി മാത്രം സാധ്യമായ ചേർത്തലയിലെ ചൊരിമണലിൽ  കേവലം 5 മാസത്തിനകം 56 ടൺ പച്ചക്കറി ഉൽപാദിപ്പിച്ച് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടി.  മുതൽമുടക്കിയ  ഏകദേശം 18 ലക്ഷം രൂപ ആദ്യവിളവെടുപ്പിൽതന്നെ തിരിച്ചുകിട്ടുകയും ചെയ്തു.

അത് പോരല്ലോ. അധ്വാനത്തിന്റെ കൂലിയും മുതല്‍മുടക്കിനു ലാഭവും വേണ്ടേ? വർഷം 2 കൃഷിയെങ്കിലും ചെയ്താലേ ലാഭം കിട്ടൂ. ചേർത്തലയിലെ സാഹചര്യം അത്ര സുഖകരമായിരുന്നില്ല.  വേനൽകൃഷി മാത്രമേ സാധ്യമാകൂ. ഉൽപാദനക്ഷമത ശരാശരി 3 ടൺ മാത്രം കാലാവസ്ഥയും ഭൂപ്രകൃതിയും മാത്രമല്ല,  സാമൂഹിക സാഹചര്യവും പ്രതികൂലം.  മല്ലിടാൻ നിൽക്കാതെ ചാക്കോ വണ്ടികയറി പാലക്കാട് ജില്ലയിലേക്ക്. അവിടെ തികച്ചും വ്യത്യസ്ത സാഹചര്യമായിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് 30 ഏക്കർ സ്ഥലം  പാട്ടത്തിനെടുത്തു. നല്ല മണ്ണ്, പച്ചക്കറിക്കു യോജിച്ച കാലാവസ്ഥ, ആവശ്യാനുസരണം വെള്ളം, സൗഹൃദ മനോഭാവമുള്ള നാട്ടുകാർ.  തൃശൂർ–പാലക്കാട് അതിർത്തിയിലെ ലക്കിടിയിൽ ചാക്കോ തന്റെ പച്ചക്കറി പ്ലാന്റേഷൻ ഉറപ്പിച്ചു. രണ്ടാം ഘട്ടമായി മലമ്പുഴയിൽ 24 ഏക്കർ പച്ചക്കറിത്തോട്ടം ഏറ്റെടുത്തു നടത്തുന്നു.  ഊട്ടിയിൽ 4 ഏക്കർ ശീതകാല പച്ചക്കറിക്കൃഷിയും. 58 ഏക്കറില്‍  32 ഇനം പച്ചക്കറികളുടെ കൃഷി! ദിവസേന 3.5 ടൺ ഉല്‍പന്നം വിൽക്കാവുന്ന രീതിയിലാണ് ഇപ്പോൾ ഉൽപാദനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വിറ്റത് 390 ടൺ.

philip-chacko-vegetable-farmer-1

പച്ചക്കറിക്കൃഷിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന തന്റെ ഉദ്യമം പക്ഷേ, വലിയൊരു സംഭവമാണെന്ന് അവകാശപ്പെടുന്നില്ല ഈ യുവാവ്.  മറ്റേതൊരു ബിസിനസിനെയുംപോലെ പ്ലാനിങ്ങും തന്ത്രങ്ങളുമൊക്കെ ആവശ്യമുള്ള സംരംഭമായാണ് പച്ചക്കറിക്കൃഷിയെ ചാക്കോ കാണുന്നത്. എംബിഎ ക്ലാസിൽ പഠിച്ചതൊക്കെ ഇവിടെ നടപ്പാക്കുന്നു. കൃഷിക്കിറങ്ങും മുന്‍പേ വിപണി കണ്ടെത്തുകയാണ് (market research) വേണ്ടത്.  പിന്നെ  യോജിച്ച സ്ഥലവും, ഉൽപാദന സാങ്കേതികവിദ്യയും തിരഞ്ഞെടുക്കണം (infrastructure development & technology selection), തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിക്കണം (HR management), അസംസ്കൃതവസ്തുക്കൾ നിശ്ചിത നിലവാരത്തിലും കുറഞ്ഞ ചെലവിലും എത്തിക്കണം (materials & purchase management), ഉൽപാദനപ്രക്രിയ മുടങ്ങാതെ നടത്തണം (Production management), വിതരണശൃംഖല വികസിപ്പിക്കണം (supply chain  and logistic management). ഉപഭോക്താക്കളുടെ പ്രതികരണം തേടണം (customer feedback), പരാതി പരിഹരിക്കണം (after sales service), കണക്ക് സൂക്ഷിക്കണം (accounting), കൂടുതൽ  ഉപഭോക്താക്കളെ കണ്ടെത്തണം (marketing and publicity). 

വ്യവസായ സംരംഭങ്ങളിലും മറ്റു ബിസിനസുകളിലും ഇവയോരോന്നും ചെയ്യാന്‍ പ്രത്യേകം ആളുകള്‍ കാണും. എന്നാല്‍ കര്‍ഷകൻ ഇവയെല്ലാം ഏറക്കുറെ തനിച്ചു ചെയ്യാൻ നിർബന്ധിതനാണ്.  അറിഞ്ഞോ അറിയാതെയോ ചെറുകിട കർഷകരെല്ലാം  ഇതൊക്കെ ചെയ്യുന്നുണ്ട്. ബോധപൂർവം മെച്ചപ്പെടുത്താൻ ആരും ശ്രമിക്കാറില്ലെന്നു മാത്രം. കൂടുതൽ തുക മുതൽമുടക്കി ചെയ്യുമ്പോൾ  ഇവയോരോന്നിലും പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടിവരും.

വിപണി കണ്ടെത്തി അതിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപാദനവും വിതരണവും ക്രമീകരിക്കുകയാണ് വാണിജ്യ  പച്ചക്കറിക്കൃഷിയിൽ പരമപ്രധാനമെന്ന്  ചാക്കോ പറയുന്നു. നാടൻ പച്ചക്കറിയുടെ വിപണിക്കുവേണ്ടിയാണ് തന്റെ കൃഷിയെന്നതിനാല്‍  തമിഴ്നാട്ടിൽനിന്നും മറ്റും വരുന്ന പച്ചക്കറിയുമായി നേരിട്ടു മത്സരമില്ല. അവയുടെ വിലയ്ക്കൊപ്പമല്ല നാടൻ പച്ചക്കറിയുടെ വില നീങ്ങുന്നതും. തക്കാളിയും വെണ്ടയ്ക്കയുമൊക്കെ തമിഴ്നാട്ടിൽനിന്നു തുച്ഛവിലയ്ക്ക് എത്തുമ്പോഴും ഇവിടത്തെ കർഷകർ പിടിച്ചുനിൽക്കുന്നത് നാടൻ പച്ചക്കറി എന്ന ബലത്തിലാണ്.  മാധ്യമവാർത്തകളിലൂടെ നാടൻ പച്ചക്കറികളുടെ ഗുണമേന്മ തിരിച്ചറിഞ്ഞ ഒരു വിഭാഗം ഉപഭോക്താക്കളാണ്  വില നിലംപൊത്താതെ കാത്തുസൂക്ഷിക്കുന്നത്. അവർക്കായാണ് തന്റെ കൃഷിയെന്നും നാടൻ എന്ന പ്രീമിയം ബ്രാൻഡ് ആണ് കേരളത്തിൽ വാണിജ്യ പച്ചക്കറിക്കൃഷി നിലനിര്‍ത്തുന്നതെന്നും ചാക്കോ പറയുന്നു. അതിനാല്‍തന്നെ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ വരവു പച്ചക്കറി കലരുന്നില്ലെന്ന് നമ്മുടെ കര്‍ഷകര്‍ ഉറപ്പാക്കിയാലേ വിപണിയുടെ പ്രിയം പിടിച്ചുപറ്റാനും അതു നിലനിര്‍ത്താനും  കഴിയുകയുള്ളൂ.  

philip-chacko-vegetable-farmer-3

തുറസ്സിലെ  കൃത്യതാക്കൃഷി

തുറസ്സായ സ്ഥലത്തെ കൃത്യതാക്കൃഷിയാണ് ചാക്കോയുടേത്. ഉൽപാദനക്ഷമത കൂട്ടാനും കൃഷിച്ചെലവ്, കാലദൈര്‍ഘ്യം എന്നിവ  കുറയ്ക്കാനും  ഈ രീതി  ഉപകരിക്കുന്നു.  അൽപം ഉത്സാഹിച്ചാൽ ഏതു കർഷകനും പഠിച്ചെടുക്കാവുന്നതേയുള്ളൂ  ഈ രീതി.  ടൺകണക്കിനു പച്ചക്കറിയുണ്ടാക്കുമ്പോൾ അതിനുള്ള  ആവശ്യക്കാരെയും കണ്ടെത്തേണ്ടതുണ്ട്. വൻകിട പച്ചക്കറിക്കർഷകനെന്ന നിലയിൽ സ്വന്തം ബ്രാൻഡ് സൃഷ്ടിക്കേണ്ടിവരുന്നത്  ഇവിടെയാണ്.  എന്നാൽ ഗാർഹിക ഉപഭോക്താക്കളുടെ ഇടയിലല്ല  ബ്രാന്‍ഡ് അവബോധമുണ്ടാക്കേണ്ടത്. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള പച്ചക്കറിക്കച്ചവടക്കാരാണ് ചാക്കോയുടെ കസ്റ്റമർ ഗ്രൂപ്പ്.  അവരുടെ ശ്രദ്ധയും വിശ്വാസവും പിടിച്ചുപറ്റുന്നതിനുള്ള  വിപണനതന്ത്രങ്ങളാണ് ഇത്രയേറെ പച്ചക്കറി വിറ്റഴിക്കാൻ തന്നെ സഹായിക്കുന്നതെന്ന് ചാക്കോ പറയുന്നു. മാധ്യമവാർത്തകളും യുട്യൂബ് വിഡിയോകളും ഇക്കാര്യത്തിൽ ഏറെ സഹായകമാണ്. താന്‍ ഉല്‍പന്നമെത്തിക്കുന്ന  വിപണികളിലെ പച്ചക്കറിവിലയും ഡിമാൻഡും മുൻകൂട്ടി കാണാൻ കർഷകനു കഴിയണം. ‘‘ഓണത്തിനു വില കുറയാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഞാൻ  ഇത്തവണ ഓണമായപ്പോഴേക്കും പച്ചക്കറി വിറ്റുതീര്‍ത്തു.  ഒന്നര ആഴ്ച കഴിഞ്ഞ്  വീണ്ടും ഉൽപാദനത്തിൽ സജീവമായി.’’

ആസൂത്രണം ആവശ്യം

ഓരോ ഇനവും എത്രമാത്രം കൃഷിചെയ്യണമെന്നും നമുക്കൊരു കണക്കുകൂട്ടല്‍ വേണമെന്നു ചാക്കോ. മത്തൻപോലുള്ള ഇനങ്ങൾ ഒരേസമയം 20 സെന്റിൽ കൂടുതൽ ചെയ്യാറില്ല. ഈ രീതിയിൽ ഡിമാൻഡ് അനുസരിച്ചുള്ള ഉൽപാദനക്രമീകരണത്തിന് ഏതാനും വർഷത്തെ പരിചയസമ്പത്തും നിരീക്ഷണവും വേണം. ‘‘നിലവാരമുള്ള പച്ചക്കറി ഉൽപാദിപ്പിക്കാൻ സമ്പൂർണ ജൈവകൃഷിയല്ല വേണ്ടത്. അതൊരു   മിഥ്യാസങ്കൽപമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞുകഴി‍ഞ്ഞു. എന്റെ പച്ചക്കറികൾ ജൈവമല്ലെന്നു ഞാൻ തുറന്നുപറയാറുണ്ട്. അതുവഴി വിശ്വാസ്യത വർ‌ധിച്ചിട്ടേയുള്ളൂ. സൽകൃഷിരീതികളാണ് ഞാൻ പിന്തുടരുന്നത്. കീടനാശിനി അവക്ഷിപ്തമുണ്ടോയെന്നറിയാൻ ഇടയ്ക്ക് ലാബ് പരിശോധനകള്‍ നടത്താറുണ്ട്’’– ചാക്കോ പറഞ്ഞു.

സബ്സിഡി നോക്കി പച്ചക്കറിക്കൃഷി നടത്താനാവില്ലെന്നും ചാക്കോ. കൃഷിച്ചെലവ് കുറയ്ക്കാൻ കർഷകരെ സഹായിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. കൃഷിവകുപ്പ് നിർദേശിക്കുന്നതുപോലെ കൃഷി ചെയ്താൽ ഏക്കറിന് 1,95,000 രൂപ ചെലവ് വരും . എന്നാൽ തനിക്ക് ഇത് 80,000 രൂപ മാത്രമാണ്. സബ്സിഡിക്കു പകരം വിത്ത്, വളം, മൾചിങ് ഷീറ്റ് തുടങ്ങിയവ കൃഷിവകുപ്പ് മൊത്തവിലയ്ക്കു വാങ്ങി കൃഷിക്കാർക്ക് നൽകണം. യന്ത്രവൽക്കരണത്തിലൂടെയും ഉൽപാദനച്ചെലവ് കുറയ്ക്കാം. എന്നാൽ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന പല യന്ത്രങ്ങള്‍ക്കും സബ്സിഡിയില്ല. ട്രാക്ടറിനു സബ്സിഡി നൽകും. എന്നാൽ ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള റോട്ടവേറ്ററിനില്ല. ബെഡ് ഉണ്ടാക്കുന്നതിനും മൾചിങ് ഷീറ്റ് വിരിക്കുന്നതിനുമൊക്കെ യന്ത്രമുണ്ടെങ്കിലും അവയ്ക്കു കേരളത്തിൽ സബ്സിഡിയില്ല. ഞങ്ങൾ തകരം വെട്ടി സ്വന്തമായി ഒരു ബെഡ് മേക്കർ നിർമിക്കുകയായിരുന്നു. അഗ്രിക്കൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ശരിയായ മാർഗനിർദേശം നൽകാൻപോലും ആരുമില്ല. 

philip-chacko-vegetable-farmer-2

ചെറുകിടക്കാർക്ക് അവസരം

വിപുലമായി കൃഷി ചെയ്യുമ്പോഴും നാടൻ പച്ചക്കറി വിപണിയിലെ ഡിമാൻഡ് നിറവേറ്റാനായി ചെറുകിട കർഷകരുമായി കൈകോർക്കുകയാണ് ചാക്കോ. വിപണിവിലയെക്കാൾ വളരെ കുറ‍ഞ്ഞ നിരക്കിൽ വി ത്തും വളവും മൾചിങ് ഷീറ്റും ഡ്രിപ് ഇറിഗേഷന്‍ സംവിധാനവുമൊക്കെ നൽകി കുറഞ്ഞത് ഒരു ഏക്കറി ല്‍ കൃഷി ചെയ്യിപ്പിച്ച് ഉല്‍പന്നമെടുക്കുന്നു. കോഴിവളർത്തലിലെ ഇന്റഗ്രേഷൻപോലെ. ഫാക്ടറികളിൽ നിന്ന് മൊത്തമായി വാങ്ങുന്നതുകൊണ്ടാണ് കാർഷികോപാധികൾ വില കുറച്ച് നൽകാനാകുന്നത്. കൃഷിരീതികൾ കമ്പനി നിർദേശിക്കുന്നതുപോലെ മാത്രമേ പാടുള്ളൂ. സൽകൃഷിരീതികളാണ്  ഇതിനുള്ള മാനദണ്ഡം.  പൂവിട്ട ശേഷം പച്ചക്കറിവിളകൾക്ക് മരുന്നടിക്കാനാവില്ലെന്ന നിബന്ധന ഉദാഹരണം. ഗുണ നിലവാരം ഉറപ്പാക്കുന്നതിനാണിത്. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറിയും വിപണിവിലയേക്കാൾ ഒരു രൂപ അധികം നൽകി തിരികെ വാങ്ങുമെന്ന ഉറപ്പും ചാക്കോ നൽകുന്നുണ്ട്. ഇപ്രകാരം വാങ്ങു ന്ന പച്ചക്കറികൾ നഗരങ്ങളിലെ ഫ്ലാറ്റുകളിലും  വില്ലകളിലുമാണ്  വിൽപന.  ദിവസവും ഫ്രഷ് പച്ചക്കറി എത്തിക്കുകയും 24 മണിക്കൂർ കഴിയുമ്പോൾ മാറ്റുകയും ചെയ്യുന്ന ഈ സംവിധാനത്തിനു നവംബർ ആദ്യ വാരം കൊച്ചിയിൽ തുടക്കമിടും. സർക്കാർ ഏജൻസികൾക്ക് നടപ്പാക്കാവുന്ന ബിസിനസ് മാതൃകയാണിതെന്ന് ചാക്കോ ചൂണ്ടിക്കാട്ടി

ഫോൺ: 9847243658

English summary: Young Farmer Cultivate 390 Ton a Year and Make Good Profit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS