ADVERTISEMENT

വളമായാലും രോഗനിയന്ത്രണ ഉപാധികളായാലും വിളകളുടെ ചുവട്ടിലൊഴിച്ചുകൊടുത്താൽ വേരുപടലത്തിലെത്താന്‍ വൈകും.  ലഭ്യതക്കുറവുമുണ്ടാകും. പകരം അവ നേരിട്ട് വേരുപടലത്തിലെത്തിച്ചാൽ കാര്യക്ഷമത കൂടും.  വെള്ളരിവർഗവിളകളുടെ വേരിനെ മത്തൻവണ്ടിന്റെ പുഴുക്കൾ ആക്രമിക്കുന്നത് തടയാൻ നടത്തിയ ശ്രമം ഇത്തരമൊരു കണ്ടെത്തലിലേക്കു നയിച്ചു.

രാസകീടനാശിനികളില്ലാതെ പുഴുക്കളെ അകറ്റുന്നതിനും വെള്ളരിവിളകൾ വള്ളിവീശിക്കഴിയുമ്പോൾ ഫലപ്രദമായ പോഷണത്തിനും ലളിതമായ ഈ രീതി സഹായകം. കഴിഞ്ഞ വർഷം ഏതാനും വിളകളിൽ വിജയകരമായി പരീക്ഷിച്ച ഈ രീതി കൂടുതൽ വിളകളിൽ ഫലപ്രദമാക്കാമെന്നും ശാസ്ത്രീയപഠനത്തിലൂടെ കണ്ടെത്തി.

vegetable-garden-tips-1

വെള്ളരിവിളകളായ മത്തൻ, വെള്ളരി, സാലഡ് കുക്കുംബർ, വഴുതിന എന്നിവയിലായിരുന്നു  പ്രാഥമിക പരീക്ഷണം. ഡോളമൈറ്റും തൊട്ടുപിന്നാലെ ചകിരിച്ചോർ കംപോസ്റ്റും ചേർത്തൊരുക്കിയ കൃഷിയിടത്തിൽ തടമെടുത്താണ് വിത്തു പാകിയത്. തടത്തിന്റെ അതിരിൽനിന്നു 10 സെ.മീ. ഉള്ളിലായി  വിത്തിട്ടു. വിത്തു പാകിയതിനൊപ്പം 30 സെ.മീ. വ്യാസമുള്ള തടത്തിന്റെ മധ്യത്തിലായി 45 സെ.മീ. നീളമുള്ള ഒരു കഷണം വയറിങ് പൈപ്പ് 10 സെ.മീ താഴ്ത്തി സ്ഥാപിച്ചു. 60 സ.മീ. വ്യാസമുള്ള വലിയ തടമാണെങ്കിൽ 10 സെ.മീ. അകലത്തിൽ 2 പൈപ്പ് കഷണങ്ങൾ മുൻപറഞ്ഞ രീതിയിൽ സ്ഥാപിക്കണം. ഈ കുഴലിലൂടെ പോഷകങ്ങളും വെള്ളവുമൊക്കെ വേരുപടലത്തിനു തൊട്ടടുത്ത് എത്തിക്കാം. 10 സെ.മീ. ആഴത്തിൽ മാത്രം നനയുന്നതിനാൽ മേൽമണ്ണിൽ കളയോ പുല്ലോ വളരുകയില്ല. ഓരോ കുഴലിലും ഒരു തവണ പരമാവധി മുക്കാൽ ലീറ്റർ വെള്ളമേ വേണ്ടിവരൂ. 3 ദിവസത്തേക്ക് അത്രയും ജലം മതി.  

കിളിർക്കുന്ന വിത്തുകൾ മൂന്നില പരുവമായപ്പോൾ പൈപ്പുകളുടെ മുകളിൽ ഫണൽ വച്ച് അതിലൂടെ പിജിപിആർ മിശ്രിതം ഒഴിച്ചുകൊടുത്തു. ഒരു മാസത്തിനു ശേഷം വീണ്ടും പിജിപിആർ പ്രയോഗം.  ആരോഗ്യത്തോടെ വളർന്ന  2 ചെടികളിൽനിന്ന് 12–15 കക്കരി വിളവെടുക്കാനായി. ഇതേ രീതിയിൽ വഴുതനയും പരീക്ഷണകൃഷി നടത്തി. ഒരു തൈ കൺട്രോൾ പ്ലാന്റെന്ന നിലയിൽ ഫെർട്ടിഗേഷൻ നൽകാതെയും നിലനിര്‍ത്തി. ഫെർട്ടിഗേഷൻ ചെയ്ത ചെടികൾ വിളവ് നൽകിത്തുടങ്ങിയിട്ടും കൺട്രോൾ പ്ലാന്റ് പൂവിട്ടില്ല. മാത്രമല്ല, മഞ്ഞനിറം ബാധിച്ച് അവശനിലയിലുമാണ്. വേരുപടലത്തിൽ വെള്ളവും വളവും ലഭിച്ച മറ്റു തൈകളാകട്ടെ, പച്ചനിറത്തിൽ കരുത്തോടെ വളരുന്നു. ഈ തുള്ളിനനരീതിയിൽ അരിച്ചുമാറ്റേണ്ടതില്ലാത്തതിനാൽ ഫിൽറ്ററും വേണ്ടിവരുന്നില്ല.

ജീവാണുവളങ്ങൾ വേരുപടലത്തിൽ എത്തിക്കുന്നതിനു മാത്രമല്ല, നനയ്ക്കാനും ഇതേ സംവിധാനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ വർഷം നട്ട എല്ലാ ഫലവൃക്ഷത്തൈകളും 3 ദിവസത്തിലൊരിക്കൽ മാത്രം നനച്ചു സംരക്ഷിക്കാൻ ഈ സംവിധാനം സഹായകമായി. വെള്ളം തേടി വേരുകൾ മണ്ണിനു മുകളിലേക്കു വളരാതിരിക്കാനും ഇതുപകരിക്കും. വേരുകൾ ആഴത്തിൽ വളരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമാണ്. ഇഞ്ചിക്കണ്ടത്തിൽ നട്ട മുളക്  നേരത്തേ വിളവെടുപ്പിലെത്തുന്നതിനും ഈ രീതി സഹായിക്കും. 4 മുളകിനു നടുവിൽ ഒരു കുഴൽ മാത്രമാണ് ഇതിനായി സ്ഥാപിച്ചത്. വിളകൾ വലുതാകുന്നതനുസരിച്ച് പൈപ്പുകൾ ചുവട്ടിൽനിന്ന് അകറ്റി വയ്ക്കാം. ഒരു ചെടിച്ചുവട്ടിൽ ഈ നാടൻ ഫെർട്ടിഗേഷൻ യൂണിറ്റ് വയ്ക്കുന്നതിന് 10 രൂപയിൽ താഴെയേ  ചെലവ് വരൂ.

English summary: Irrigation And Fertilizer Tips For New Vegetable Growers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com