പ്ലാവിനു വേണ്ടി വാദിക്കാൻ വക്കീൽ ഹാജർ: ഒപ്പം അറുപതോളം ആടുകളും 5 പോത്തുകളും

HIGHLIGHTS
  • 4 ഏക്കറിലെ പ്ലാവുകൃഷി അഞ്ചാം വർഷത്തിലെത്തി
jackfruit-advocate-rajeev
തപോവൻ ഫാമിൽ വെളിയം രാജീവ്
SHARE

കൊല്ലം ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനായ വെളിയം രാജീവിന്റെ 4 ഏക്കറിലെ പ്ലാവുകൃഷി അഞ്ചാം വർഷത്തിലെത്തി നിൽക്കുകയാണ്. കേസും കോടതിയും താമസവും കൊല്ലത്താണെങ്കിലും അൽപം ഇടവേള ലഭിച്ചാൽ കിലോമീറ്ററുകൾ അകലെ വെളിയത്തുള്ള തപോവൻ ജാക്സ് എന്ന പ്ലാവുതോട്ടത്തിലെത്തും വക്കീൽ. 

കുടുംബസ്വത്തായുള്ള നാലേക്കറിലെ റബർ വെട്ടി നീക്കി 5 വർഷം മുൻപ് അറുപതോളം പ്ലാവുകൾ നട്ടാണ് തുടക്കം. പ്ലാവ് പ്ലാന്റേഷനു ശ്രമിക്കുന്നവർ പുതിയ ഇനങ്ങളിലേക്കു തിരിയുമ്പോൾ രാജീവ് പാരമ്പര്യ ഇനങ്ങളെ തിരിച്ചു പിടിക്കാനാണ് ശ്രമിച്ചത്. നാടെങ്ങും ചുറ്റിനടന്ന് കണ്ടെത്തിയ മികച്ച ഇനങ്ങൾ  കുരു പാകി മുളപ്പിച്ച തൈകളിൽ ബഡ് ചെയ്താണ് തൈകളുണ്ടാക്കിയത്. പഴത്തിലും പച്ചയിലും മികച്ച രുചിയും പാചകഗുണവുമുള്ള ഒട്ടേറെ ഇനങ്ങൾ ഈ രീതിയിൽ വളർത്തിയെടുത്തു. പലതും കായ്ച്ചു തുടങ്ങി. മികച്ച ചക്കപ്പഴത്തിനുള്ള  അന്വേഷണങ്ങളും സ്വീകാര്യതയുമാണ്   രുചിവൈവിധ്യങ്ങൾകൊണ്ടു സമ്പന്നമായ പാരമ്പര്യ ഇനങ്ങളിലേക്കു മടങ്ങിപ്പോകാൻ പ്രേരണയെന്നു രാജീവ്. കായ്ച്ചു തുടങ്ങിയ  ഒട്ടേറെ വിയറ്റ്നാം ഏർളി ഇനം പ്ലാവുകളും തോട്ടത്തിലുണ്ട്.  

പ്ലാവുകൃഷിക്കൊപ്പം അനുബന്ധ ആദായവഴികൾ കൂടി ചൂണ്ടിക്കാണിക്കുന്നു എന്നതാണ് തപോവൻ ജാക്സിനെ വ്യത്യസ്തമാക്കുന്നത്.  പ്ലാവ് നാലാം വർഷം എത്തിയതോടെ അറുപതോളം ആടുകൾക്കും 5 മുറ പോത്തിനങ്ങൾക്കും താവളമാക്കി തോട്ടത്തെ മാറ്റിയിരിക്കുകയാണു രാജീവ്. പ്ലാവുകളെല്ലാം മുതിർന്നതിനാൽ ആടുകളെ സ്വതന്ത്രമായി അഴിച്ചു വിടുന്നു. അവയ്ക്ക് തോട്ടത്തിലെ പുൽമേടുകളിലൂടെ മേഞ്ഞുനടന്ന്  പുല്ലും പ്ലാവിലകളും ആഹാരമാക്കാം. സാന്ദ്രിത തീറ്റയ്ക്കു മാത്രമാണ് ചെലവ്.  തോട്ടത്തിനോടു ചേർന്ന് വയലും ജല ലഭ്യതമുള്ളതിനാൽ പോത്തുകളും സന്തുഷ്ടർ. ആടും പോത്തും മാത്രമല്ല, കോഴിയും താറാവും മത്സ്യക്കുളവുമെല്ലാം പ്ലാവുതോട്ടത്തിൽ പരിപാലിക്കാമെന്നു രാജീവ്. പ്ലാവിന്  ജൈവ വളം ലഭിക്കാനും അധികാദായത്തിനും അതു വഴിതെളിക്കും. ക്രമേണ, മാമ്പഴ സീസണിൽ വടക്കേ ഇന്ത്യയിലെ മാന്തോട്ടങ്ങളിൽ പരീക്ഷിക്കുന്ന മാംഗോ ടൂറിസം മാതൃക ഇവിടെയും സ്വീകരിക്കാനാവും.

അതേസമയം കാലാവസ്ഥാവ്യതിയാനവും നിലയ്ക്കാത്ത മഴയും പ്ലാവിനും ചക്കയ്ക്കും രോഗഭീഷണി ഉയര്‍ത്തുന്നുണ്ടെന്നു രാജീവ് പറയുന്നു. ചീക്കിനെതിരെ പതിവായി ബോർഡോ മിശ്രിതം തളിക്കേണ്ടിവരുന്നു. തുടർച്ചയായ മഴമൂലം ചക്കയുടെ പുറത്ത് അടിഭാഗത്ത് വെള്ളം ഊറി നിന്ന് ആദ്യം കറുത്ത പാടും ക്രമേണ ചീയലും വരുന്നതാണ് മറ്റൊരു പ്രശ്നം. പ്ലാവുകൃഷിയും ചക്കസംരംഭങ്ങളും വളരുന്നതിന് അനു സൃതമായി പുതിയ വെല്ലുവിളികളും ഉടലെടുക്കും. അവ പരിഹരിച്ചു മുന്നേറാൻ കഴിയണമെന്ന് രാജീവ് പറയുന്നു.

ഫോൺ: 9656777707

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS