പുകയിലക്കഷായം, വേപ്പിൻകുരു മിശ്രിതം, മണ്ണെണ്ണക്കുഴമ്പ്: വീട്ടിൽ തയാറാക്കാം കീടനാശിനികൾ

Mail This Article
പുകയിലക്കഷായം
അരക്കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞു നാലര ലീറ്റർ വെള്ളത്തിൽ ഒരു ദിവസം മുക്കി വയ്ക്കുക. പുകയില പിഴിഞ്ഞ് ചണ്ടി മാറ്റുക. ഈ പുകയിലച്ചാറിൽ 120 ഗ്രാം ബാർ സോപ്പ് ചെറുതായി അരിഞ്ഞ് അര ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായനി ചേർത്ത് നന്നായി ഇളക്കുക. ഇത് ആറോ ഏഴോ ഇരട്ടി വെള്ളം ചേർത്ത് ഇലപ്പേൻ, മീലിമൂട്ട തുടങ്ങിയ പ്രാ ണികളെ നിയന്ത്രിക്കാൻ ചെടികളിൽ തളിക്കാം.
വേപ്പിൻകുരു മിശ്രിതം
ഒരു ഗ്രാം വേപ്പിൻകുരു കല്ലുകൊണ്ട് ഇടിച്ചോ പൊടിച്ചോ തുണിക്കിഴിയിൽ കെട്ടി 12 മണിക്കൂർ നേരം ഒരു ലീറ്റർ വെള്ളത്തിൽ മുക്കി വയ്ക്കുക. സത്ത് നന്നായി ഊറിയിറങ്ങുന്നതു വരെ കിഴി ഞെക്കിപ്പിഴിയണം. ഇലതീനിപ്പുഴുക്കൾ, ഹോപ്പർ എന്നീ ചെറുപ്രാണികളെ ഇതുപയോഗിച്ച് നശിപ്പിക്കാം.
മണ്ണെണ്ണക്കുഴമ്പ്
500ഗ്രാം ബാർസോപ്പ് നേർമയായി അരിഞ്ഞ് നാലര ലീറ്റർ വെള്ളത്തിൽ ചെറുതായി ചൂടാക്കി ലയിപ്പിക്കുക. തണുത്ത ലായനിയിലേക്ക് 9 ലീറ്റർ മണ്ണെണ്ണ ഒഴിച്ച് ഇളക്കുക. ഇതിൽ 15-20 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നശിപ്പിക്കുവാൻ ഉപയോഗിക്കാം.
വേപ്പെണ്ണ ഇമൽഷൻ
അര ലീറ്റർ ചെറു ചൂടുവെള്ളത്തിൽ ലയിപ്പിച്ചെടുത്ത 60 ഗ്രാം ബാർസോപ്പുലായനി വേപ്പെണ്ണയുമായി ചേർത്ത് ഇലതീനിപ്പുഴുക്കൾ, പയറിന്റെ ചിത്രകൂടം, പയർപ്പേൻ തുടങ്ങിയവയെ തുരത്താൻ പ്രയോഗിക്കാം.
വെളുത്തുള്ളി മിശ്രിതം
20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് അരിച്ച് തെളിയൂറ്റുക. ഇതിലേക്ക് ലീറ്ററിന് 4 മില്ലിലീറ്റർ എന്ന തോതിൽ മാലത്തിയോൺ ചേർത്ത് പച്ചത്തുള്ളൻ പ്രാണികളെ നിയന്ത്രിക്കാം.
വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം
60 ഗ്രാം ബാർ സോപ്പ് അരിഞ്ഞ് അര ലീറ്റർ ഇളം ചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ചതിൽ 200 മില്ലിലീറ്റർ വേപ്പെണ്ണ ചേർത്തിളക്കി പത പ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 മില്ലിലീറ്റർ വെള്ളവുമായി ചേർത്ത് അരിച്ച് വേപ്പെണ്ണ ഇമൽഷനുമായി ചേർക്കുക. ഇത് 9 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
കടപ്പാട്: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം
English summary: Best Homemade Organic Pesticides for Vegetable Plants