ADVERTISEMENT

അഞ്ചു വർഷം മുൻപ് ലാൻഡ് റവന്യു കമ്മിഷണർ സ്ഥാനത്തുനിന്നു വിരമിച്ചപ്പോൾ എം.സി.മോഹൻദാസ് ആദ്യം ചെയ്തത്  അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിക്കുകയായിരുന്നു. ജോലിത്തിരക്കൊഴിഞ്ഞപ്പോഴുള്ള ആശ്വാസമായിരുന്നു കൃഷിയിടത്തിൽനിന്നു ലഭിച്ചത്. പക്ഷേ, കൃഷിക്കിറക്കിയ പണം തിരികെ ലഭിച്ചില്ലെങ്കിലും നല്ലൊരു കൃഷിക്കാരനായി മാറി അദ്ദേഹം. 

മലപ്പുറം വഴിക്കടവ് കാരക്കോടൻ പുഴയോരത്തുള്ള വീട്ടിൽ ഇപ്പോൾ മുഴുവൻ സമയ കർഷകനായി ജീവിതം ആഘോഷിക്കുകയാണ് മലപ്പുറം ജില്ലയുടെ മുൻ കലക്ടറായിരുന്ന എം.സി.മോഹൻദാസ്.

ലാഭം മോഹിക്കാത്ത കൃഷിയാണ് മോഹൻദാസിന്റേത്. പൂർണമായും ജൈവരീതിയിൽ ചെയ്യുന്ന പച്ചക്കറികൾ. പയർ, വെണ്ട, പടവലം, ചിരങ്ങ, കുമ്പളം, മത്തൻ, പച്ചമുളക് എന്നിങ്ങനെ എല്ലാം കൃഷി ചെയ്യുന്നു. വിളവെടുത്താൽ സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമായി വീതം വച്ചു നൽകും. ഓരോ വീട്ടിലും ഒരു കറിക്കുള്ള പച്ചക്കറി എന്നതാണ് വീതംവയ്പ്പിന്റെ കണക്ക്. 

വഴിക്കടവിലെ 25 സെന്റ്  താമസസ്ഥലം ഹരിതാഭമാണ്. അമ്മ എം.സി. സുശീല വഴിക്കടവിൽ അധ്യാപികയായി വന്ന സമയത്ത് 4 ഏക്കർ സ്ഥലം വാങ്ങി. അമ്മയും അച്ഛൻ എം.കെ.ഉണ്ണിബാലനും നട്ട മരങ്ങളാണ് പറമ്പിലാകെ. മോഹൻദാസിന്റെ പറമ്പിൽ നിറയെ വലിയ മരങ്ങളാണ്. വീട്ടുവളപ്പിൽ കൃഷിക്കാവശ്യമായ വെയിൽ ലഭിക്കാത്തതിനാൽ കാരക്കോടൻ പുഴയോരത്താണു കൃഷിയെല്ലാം. 

സുഹൃത്തുക്കളായ ഭാസ്കരൻ, കുഞ്ഞുട്ടൻ, കുഞ്ഞീൻകുട്ടി എന്നിവരാണു കൃഷിയിലെ സഹായികൾ. മൂവരും പരമ്പരാഗത കൃഷിക്കാരാണ്. അവരുടെ രീതി തന്നെയാണ് മോഹൻദാസിന്റെ ജൈവകൃഷിയിടത്തിലും.

പുഴയിൽനിന്നുള്ള വെള്ളം മുക്കിയെടുത്താണു നനയ്ക്കുക. കർണാടകയിലെ ഗുണ്ടൽപേട്ടിൽനിന്ന് സുഹൃത്തായ ഹാരിസ് എത്തിച്ചു നൽകുന്ന ഉൽപാദനശേഷി കൂടിയ ഇനങ്ങളുടെ വിത്തുകളാണ് പ്രധാനമായും ഉപയോഗിക്കുക. കൂടാതെ പാലക്കാട് കരിമ്പുഴയിലെ സുഹൃത്ത് അരവിന്ദൻ നൽകുന്ന നാടൻ പച്ചക്കറികളുടെ വിത്തുകളും കൃഷിയിടത്തിൽ വളരുന്നുണ്ട്. ഹൈബ്രിഡും നാടനുമായി കൃഷിയിടത്തിൽനിന്നു നല്ല വിളവാണു ലഭിക്കുന്നതെന്ന് മോഹൻദാസ് പറഞ്ഞു. 5 കിലോഗ്രാം ഉള്ള കുമ്പളമാണു കഴിഞ്ഞദിവസം പറിച്ചെടുത്ത് വീതംവച്ചു നൽകിയത്. ഇപ്പോൾ ചിരങ്ങയാണു കൂടുതൽ കായ്ക്കുന്നത്. തക്കാളിക്കു കിലോഗ്രാമിന് 100 രൂപ കടന്ന സമയത്ത് വിളവെടുത്ത തക്കാളിയെല്ലാം നാട്ടുകാർക്കു നൽകി. 

കാരക്കോടൻ പുഴയിലെ പാലത്തിന്റെ കൈവരികളിൽനിന്നു പുഴയ്ക്ക് കുറുകെ വലകെട്ടിയാണ് മത്തനും കുമ്പളവും പടവലവും പാവയ്ക്കയുമെല്ലാം കൃഷി ചെയ്തത്.  

ആരോഗ്യവകുപ്പിൽ അഡി. ഡയറക്ടറായ ഭാര്യ ഡോ. പാർവതി തിരുവനന്തപുരത്താണു താമസം. മക്കളായ ഡോ.അരുണും ഡോ.അമലും മരുമകൾ ഡോ.അഞ്ജലിയും അവധിക്കു നാട്ടിൽ വരുമ്പോൾ കൃഷിയിടത്തിൽ സഹായികളായി കൂടും. 

കൃഷി ചെയ്യാനുള്ള താൽപര്യമുണ്ടെങ്കിൽ പുഴയോരത്തുനിന്നുപോലും നന്നായി വിളവെടുക്കാമെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് എം.സി.മോഹൻദാസ് പറഞ്ഞു. മുൻപ് മലപ്പുറം കലക്ടറായിരുന്ന സമയത്ത് കലക്ടറുടെ ബംഗ്ലാവിൽ ഞങ്ങൾ കൃഷി ചെയ്യുമായിരുന്നു. അവിടെയുള്ള ജീവനക്കാർക്കാവശ്യമുള്ള നെല്ലും പച്ചക്കറികളും എല്ലാവരും കൂടി കൃഷി ചെയ്തിരുന്നു. 

ഇപ്പോൾ റിട്ടയർമെന്റ് ഞാൻ ശരിക്കും ആസ്വദിക്കുകയാണ്. നാളത്തെ ജോലിയെന്തെല്ലാമാണെന്ന് പ്ലാൻ ചെയ്താണ് ഓരോ ദിവസവും കിടക്കുന്നത്. സൂര്യോദയത്തിൽ കൃഷിയിടത്തിലെത്തുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് എനർജി ഒരു ദിവസം മുഴുവനുണ്ടാകും– അദ്ദേഹം കൂട്ടിച്ചേർത്തു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com