ADVERTISEMENT

പരമ്പരാഗത രീതികളിൽനിന്ന് ഹൈടെക് സങ്കേതങ്ങളിലേക്ക് കൃഷി പറിച്ചു നട്ടതാണ്, തൃശൂർ നടത്തറ കാക്കാനിയിൽ സിജോ ജോർജിന്റെ വിജയരഹസ്യം. 3000 വാഴ നട്ടു കടം കയറിയപ്പോൾ കൃഷി ഉപേക്ഷിക്കുകയല്ല സിജോ ചെയ്തത്, പകരം 7000 വാഴ നട്ടു ലാഭകരമാക്കുകയാണ്. നിലമൊരുക്കാൻ യന്ത്ര മണ്ണുമാന്തി, വെള്ളവും വളവും നേരിട്ടു നൽകാൻ തുള്ളിനന, വാഴയ്ക്ക് ചൂളക്കാൽ താങ്ങിന് പകരം പ്ലാസ്റ്റിക് വള്ളി... അങ്ങനെ കൃഷി മോഡേണായപ്പോൾ ചെലവ് ഗണ്യമായി കുറഞ്ഞു. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ‘കർഷകന്റെ കട’ കൂടി തുറന്നതോടെ നഷ്ടക്കണക്കുകൾ വഴിമാറി.

ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമക്കാരനായ സിജോ പെട്രോളിയം വിതരണ ശൃംഖലയിലെ സർവീസ് എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ കർഷകനായത്. 2017ലാണ് വ്യാവസായികാടിസ്ഥാനത്തിൽ വാഴക്കൃഷി തുടങ്ങിയത്. 15 ലക്ഷം രൂപ മുടക്കി തുടങ്ങിയ കൃഷി രണ്ടു വർഷം നഷ്ടത്തിൽ! നഷ്ടത്തിൽ പതറാതെ 10 ലക്ഷം രൂപ ലോണെടുത്ത് ഹൈടെക്ക് കൃഷിയിലേക്കു തിരിഞ്ഞത് രക്ഷയായി. 

കേരള ഫാം ഫ്രഷ്, കർഷകന്റെ കട

പാട്ടത്തിനെടുത്ത എട്ടരയേക്കറിൽ ഏത്തവാഴയാണ് കൂടുതലും. ഞാലിപ്പൂവൻ, റോബസ്റ്റ, കദളി ഇനങ്ങളുമുണ്ട്. ഇടവിളയായി മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പയർ, തക്കാളി, കോളിഫ്ലവർ, പച്ചമുളക് എന്നിവയും നട്ടിട്ടുണ്ട്. ഒരേക്കറിൽ കപ്പയും ചേനയും പപ്പായയും. കുളത്തിൽ വരാൽ മത്സ്യമാണ് കൃഷി. ഉൽപ്പന്നങ്ങളിൽ ഏറിയപങ്കും തൃശൂർ നഗരത്തി(പാട്ടുരായ്ക്കൽ)ലുള്ള സ്വന്തം കട ‘കേരള ഫാം ഫ്രഷി’ലൂടെ നേരിട്ട് ഉപഭോക്താക്കളിലേക്ക്. ഇതുവഴി, കച്ചവടക്കാരന്റെ മാർജിനും കർഷകന്റെ പോക്കറ്റിൽ. ദിവസവും 200 കിലോയോളം കായും 100 കിലോയിലെറെ പച്ചക്കറിയും ഇവിടെ വിൽക്കുന്നു. മിച്ചമുള്ളത് കൃഷിഭവന്റെ ആഴ്ചച്ചന്തയിലും വിൽക്കും.   

sijo-farmer-2
സിജോയുടെ വിപണനകേന്ദ്രം

വർഷം മുഴുവനും വാഴക്കുല

കൃഷിയിടം പല ഭാഗങ്ങളായി തിരിച്ചു വാഴ നടുന്നതിനാൽ സിജോയുടെ തോട്ടത്തിൽ എന്നും കുലയുണ്ട്. കിന്റൽ ഏത്തവാഴയായ സ്വർണമുഖിയാണ് മുഖ്യയിനം. 15 - 20 കിലോ തൂക്കം വരും ഇതിന്റെ കുലയ്ക്ക്. തൃശൂർ സ്പെഷൽ ചങ്ങാലിക്കോടനുമുണ്ട്. കൃഷിഭവനിൽനിന്ന് വിതരണം ചെയ്യുന്ന വാഴ- പച്ചക്കറി വിത്തുകളും ഇദേഹം ഉപയോഗിക്കാറുണ്ട്. 

ഇരട്ട വാഴക്കൃഷി

മണ്ണുമാന്തികൊണ്ട് വാരംകോരി അതിൽ ചെറിയ കുഴികളുണ്ടാക്കിയാണ് വാഴക്കന്നു നടുന്നത്. ഇരട്ട വാഴക്കൃഷി(ഒരു കുഴിയിൽ രണ്ടു വാഴ വയ്ക്കുന്ന രീതി)യാണ് സിജോയുടെ മാസ്റ്റർപീസ്. വെള്ളവും വളവും പൂർണമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ മെച്ചം. കിന്റൽ വാഴയുടെ കുലയ്ക്ക് തൂക്കം കൂടുതലായതിനാൽ, കായയുടെ വലുപ്പം കുറയ്ക്കുന്നതിനു കൂടിയാണിത്. ചൂളക്കാലിന് വില കൂടുതലായതിനാൽ താങ്ങിനു പകരം പ്ലാസ്റ്റിക് വള്ളി കൊണ്ട് വാഴകൾ വലിച്ചു കെട്ടുന്നു. വള്ളി കിലോ 80 രൂപയേയുള്ളൂ. 

നടീലും പരിചരണവും

തൃശ്ശൂർ മൃഗശാലയിൽനിന്നു കൊണ്ടുവരുന്ന മൃഗകാഷ്ഠവും, ചാണകം, ചാരം എന്നിവയും അടിവളമായി ചേർത്താണ് നടീൽ. മൂന്നു മാസം വരെ, മോണോ അമോണിയം ഫോസ്ഫേറ്റ്, 19 19 19, കാത്സ്യം നൈട്രേറ്റ്, സമ്പൂർണ(മൈക്രോ ന്യൂട്രിയന്റ്) വളങ്ങൾ ഇലയിൽ സ്പ്രേ ചെയ്യും. അതിനുശേഷം യൂറിയ, പൊട്ടാഷ്, കാത്സ്യം നൈട്രേറ്റ് എന്നിവ ഡ്രിപ്പിലൂടെ നൽകും. ജൈവ- രാസവളങ്ങളുടെ സംയോജിത കൃഷിരീതിയാണ് ഇവിടെ. ഒരു വാഴയ്ക്ക് മൊത്തം 100 ഗ്രാമിൽ താഴെ രാസവളമേ ആവശ്യമുള്ളൂവെന്ന് സിജോ. പിണ്ടിപ്പുഴുവിന് കേരള കാർഷിക സർവകലാശാല വികസിപ്പിച്ച മിത്രകീടമായ കടാവറാണ് ഉപയോഗിക്കുന്നത്. Cijo's Kerala Farm Fresh എന്ന യൂട്യൂബ് ചാനലിലൂടെ (https://youtube.com/@cijogeorge2022) കൃഷിയറിവുകൾ പങ്കുവയ്ക്കുന്നുണ്ട്. 

sijo-farmer-5
കപ്പക്കൃഷി

അതിരില്ലാത്ത സംരംഭകത്വം 

വിത്തും വളവും തുള്ളിനനയ്ക്കുള്ള സാമഗ്രികളും തമിഴ്നാട്ടിൽനിന്നാണ് വാങ്ങിയത്. കേരളത്തെ അപേക്ഷിച്ച് അവിട പാതി വിലയേയുള്ളൂവെന്ന് സിജോ. കൃഷിയിടത്തിലും കടയിലുമായി മൂന്നു തൊഴിലാളികളുണ്ട്. ഇവരുടെ കൂലിയും, വിത്തിനും വളത്തിനും വേണ്ട തുകയും എല്ലാം ചേർത്ത് പരമാവധി 200 രൂപയേ ഒരു കുലയ്ക്ക് ചെലവുള്ളൂ. വരവോ, ശരാശരി 600 രൂപയും. ഉത്സവസീസണിൽ ഇത് 1000 രൂപ വരെയാകാം. 20-25 രൂപയ്ക്കാണ് വാഴവിത്തു വിൽക്കുന്നത്. കപ്പക്കോലിന് 10 രൂപ. ഹൈടെക് ആയപ്പോൾ മുൻപ് എൻജിനീയറിങ് ജോലിയിൽ ലഭിച്ചിരുന്നതിനേക്കാൾ വരുമാനം കൃഷിയിൽനിന്നുണ്ടെന്ന് സിജോ. 

sijo-farmer-4
സിജോയും കുടുംബവും

കുടുംബം

അഞ്ചേരി ഗവ. സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിലറായ അനുവാണ് ഭാര്യ. മക്കൾ: റോമിൻ, ഏദൻ, ഹെവൻ.

ഫോൺ: 9747737364

English summary: This Farmer's Success Story which Inspire the Young Generation to Promote Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com