നഗരഹൃദയത്തിലെ 6 സെന്റ് വീട്ടുവളപ്പിൽ എന്തൊക്കെ കൃഷിയാവാം? ഗ്രോബാഗിൽ കുറച്ചു പച്ചക്കറി നടാം. അതിനപ്പുറം എന്തു ചെയ്യാന്‍, അല്ലേ? ഇങ്ങനെ കരുതുന്നവര്‍ എറണാകുളത്തെ കുണ്ടന്നൂർ ദേശീയപാതയോടു ചേർന്നുള്ള ചിലവന്നൂർ അറയ്ക്കൽ വീട്ടിലെ ഈ പുരയിടം കണ്ടാൽ അമ്പരക്കും. അത്രയേറെ വിളസമൃദ്ധം. വളർത്തുപക്ഷികളും മത്സ്യങ്ങളും വേറെ.
കൃഷിയിലൂടെ ആരോഗ്യവും ആഹ്ലാദവും കണ്ടെത്തുകയാണ് ജോസ് ആന്റോ -സോഫി ജോസ് ദമ്പതികള്‍. കനറാ ബാങ്ക് മാനേജരായിരുന്ന ജോസ് ആന്റോ വിരമിച്ച ശേഷം മുഴുവൻസമയ കൃഷിയിലാണ്. തേവര സേക്രഡ് ഹാർട്ട് സ്കൂളിൽ അധ്യാപികയായിരുന്ന സോഫിയും അങ്ങനെ തന്നെ.
ഔഷധസസ്യങ്ങളായ തിപ്പലി, പനിക്കൂർക്ക, രാമച്ചം, ആടലോടകം, കൃഷ്ണതുളസി തുടങ്ങിയവയാണ് മുൻവശത്തെ മുറ്റത്ത്, ഫൈബർ ചട്ടികളില്‍. ഇഞ്ചിപ്പുല്ല്, പൊന്നാങ്കണ്ണിച്ചീര, സഫേദ് മുസലി എന്നിവ നിലത്തു പടർത്തിയിരിക്കുന്നു. അലങ്കാരച്ചെടികൾ, ഓർക്കിഡ്, ചാമ്പ എന്നിവ മുറ്റത്തോടു ചേർന്നുണ്ട്. അടുക്കളയുടെ പുറംഭിത്തിയിൽ 10 അടി നീളത്തിൽ മെറ്റൽ സ്റ്റാൻഡ് ഘടിപ്പിച്ച് ചെടികൾക്ക് ഇടം കണ്ടെത്തുന്നു. നഗരസാഹചര്യങ്ങളിൽ സ്ഥലപരിമിതി എങ്ങനെ മറികടക്കാം എന്നതിനൊരു ഉദാഹരണം. മുകളിൽ സൺ ഷെയ്ഡ് ഉള്ളതിനാൽ അധികം വെയിലും, മഴയും ആവശ്യമില്ലാത്ത ബിഗോണിയ ചെടികൾ ഇവിടെ. പച്ച, ചുവപ്പ്, തവിട്ട് ഇലകളുള്ള 12 ഇനം ബിഗോണിയ ഇവിടെയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ നനച്ചാൽ മതി. തൊട്ടടുത്തായി മണിത്തക്കാളിയും സ്റ്റാൻഡിനു താഴെനിലത്ത് ചട്ടിയിൽ ആന്തൂറിയവുമുണ്ട്.

കുരുമുളകുവള്ളികൾ പടർത്താൻമരം വേണ്ടെന്നു കാണിക്കുന്നു ജോസ് ആന്റോ. ഭിത്തിയോടു ചേർത്തുറപ്പിച്ച പിവിസി പൈപ്പിൽ കയർ ചുറ്റി കുരുമുളകുവള്ളികൾ പടർത്തി. മഴ പെയ്താലും കയർ ദ്രവിക്കില്ല. കായ്ഫലമുള്ള മുരിങ്ങയുടെ ശിഖരങ്ങള്‍ കോതി നിർത്തുന്നു. കൂടുതൽ ഫലം തരാൻ ഇത്സഹായിക്കും. ചാക്കിൽ നിറച്ച മണ്ണിൽ കാച്ചിൽ, നനകിഴങ്ങ്, അടുത്താപ്പ് എന്നിവ കൂടാതെ മുള്ളാത്ത, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളുമുണ്ട്.
മഞ്ഞൾ, കരിമഞ്ഞൾ എന്നിവ പ്ലാസ്റ്റിക് ഡ്രമ്മിൽ മണ്ണു നിറച്ചാണ് കൃഷി. ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പ് (ഇല കറിവച്ചു കഴിക്കാം), ചേന, കറുവപ്പട്ട ഇനത്തിലുള്ള ഇടന. കറിവേപ്പില, കോവല്‍, വെള്ളരി, പാഷൻഫ്രൂട്ട്..... ഇങ്ങനെ പോകുന്നു ആറു സെന്റിലെ വിളവൈവിധ്യം.
മത്സ്യം: രോഹുമത്സ്യങ്ങളെ ടാങ്കിൽ വളർത്തുന്നു. ടാങ്കിലേക്ക് ശുദ്ധജലം ലഭിക്കുന്നതിനും അഴുക്കുജലം ചെടിച്ചുവട്ടിലേക്കു പോകുന്നതിനും ഹോസ് ഉണ്ട്. മറ്റൊരു ടാങ്കിൽ ധാതുസമ്പന്നമായ ഞവണിക്ക വളരുന്നു. 2 അടി വ്യാസമുള്ള കോൺക്രീറ്റ് വളയത്തില്‍ വെള്ളം നിറച്ചാണ് ഞവണിക്ക കൃഷി. ഒരടി ഉയരത്തിൽ ഇവ റിങ്ങിലെ വശങ്ങളിൽ മുട്ടയിടും. വലുതായ ഞവണിക്ക എടുത്തു മാറ്റുമ്പോൾ പുതിയവ മുട്ടയിടും. ശുദ്ധജലത്തിൽ വളരുന്ന ഇവയുടെ മുഖ്യ ആഹാരം മുരിങ്ങ ഇലയാണ്.
കോഴി: മുട്ടയിടുന്ന 6 കരിങ്കോഴികളുണ്ട് വീടിനു പിന്നിലെ കോഴിക്കൂട്ടിൽ. 3 ടർക്കി കോഴികൾ, 9 ഫ്ലയിങ് ഡക്ക് അഥവാ മണിത്താറാവുകൾ എന്നിവയും. തീറ്റയും വെള്ളവും നൽകാനും മുട്ട നഷ്ടപ്പെടാതെ പുറത്തെടുക്കാനുമുള്ള സംവിധാനമുള്ളതാണ് കോഴിക്കൂട്. കോഴിക്കാഷ്ഠം ജൈവ വളമായി ഉപയോഗിക്കുന്നു. വീടിനു പിന്നിലുള്ള ബയോഗ്യാസ് പ്ലാന്റിലെ സ്ലറി 1 :5 അനുപാതത്തിൽ നേർപ്പിച്ച്ചെടികളുടെ ചുവട്ടിൽ ഒഴിക്കുന്നു. പച്ചമുളകിന്റെ മുരടിപ്പ് മാറാൻ കഞ്ഞിവെള്ളം പുളിപ്പിച്ച് ഇലകളിൽ തളിക്കും.

വീപ്പകളില്‍ മട്ടുപ്പാവുകൃഷി
ഇരുനില വീടിനു മുകളിലെ മട്ടുപ്പാവുകൃഷി ആകർഷകം. 50 ലീറ്റർ ശേഷിയുള്ള വീപ്പകളിൽ മണ്ണ് നിറച്ചാണ് ഇവിടെ ചെടികളും ഫലവൃക്ഷങ്ങളും നട്ടിരിക്കുന്നത്. ടെറസിനു കേടുപാടുകൾ വരാതിരിക്കാനും ഈ രീതിയാണ് നല്ലത്. 4 ഇനം പേര, 8 ഇനം നാരകം, ഇലന്തപ്പഴം, സീതപ്പഴം, ഡ്രാഗൺ ഫ്രൂട്ട്, വിയറ്റ്നാം ഏര്‍ലി പ്ലാവ്, സ്ട്രോബെറി, ബുഷ് ഓറഞ്ച്, മാവ്, കശുമാവ് എന്നീ പഴവർഗങ്ങളും, ഹൈബ്രിഡ് മുരിങ്ങ, വഴുതന, അമരപ്പയർ, പടവലം, വെണ്ട തുടങ്ങിയ പച്ചക്കറികളും ഇവിടെ കൃഷിയുണ്ട്.
ഫോൺ: 9495429292