ഉദ്യാനത്തിനു യോജിച്ച പഴച്ചെടികള്‍; ഏതാനും മറുനാടൻ ഫലവൃക്ഷങ്ങളെ പരിചയപ്പെടാം
Mail This Article
പേര, ചാമ്പ, സപ്പോട്ട തുടങ്ങിയ നാടൻ ഫലവൃക്ഷങ്ങൾ കൂടാതെ നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും സ്വാദിഷ്ഠമായ പഴങ്ങൾ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഏതാനും മറുനാടൻ ഫലവൃക്ഷങ്ങളെ പരിചയപ്പെടാം.
മേമി സപ്പോട്ട
മെക്സിക്കൻ സ്വദേശി. 10-15 അടി ഉയരത്തിൽ വളരുന്നു. വിത്ത് നട്ടു വളർത്തുന്ന മേമി സപ്പോട്ട 4 വർഷത്തോളം വളർച്ചയായാൽ സ്വാദിഷ്ഠമായ പഴങ്ങള്‍ ഉല്‍പാദിപ്പിക്കും. ഒരു കിലോയോളം വലുപ്പമുള്ള പഴത്തിനുള്ളിലെ മാംസള ഭാഗമാണ് ഭക്ഷ്യയോഗ്യം. നാടൻ സപ്പോട്ടപോലെ വർഷത്തിൽ പല തവണ കായ്ക്കുന്ന ഈ മരം ആവശ്യാനുസരണം കൊമ്പുകോതി ഉയരം ക്രമീകരിക്കാം.
അബിയു
വിത്തുവഴി വളർത്തിയെടുക്കുന്നു. ജന്മദേശം യൂറോപ്പ്. ചെടി നട്ടു രണ്ടാം വര്‍ഷം ക്രിക്കറ്റ് ബോളിന്റെ ആകൃതിയിൽ കായകൾ ഉണ്ടായിത്തുടങ്ങും. നമ്മുടെ കാലാവസ്ഥയിൽ ജനുവരി-മാർച്ച് കാലത്താണ് അബിയു നന്നായി കായ്ക്കുന്നത്. ഉള്ളിലെ കാമ്പ് സ്വാദിഷ്ഠം. 10 - 15 അടി വരെ ഉയരത്തിൽ വളരുന്ന ഈ മരം ആവശ്യാനുസരണം പ്രൂൺ ചെയ്യാം.
മരമുന്തിരി (ജബോട്ടികാബ)
സ്വദേശം തെക്കേ അമേരിക്ക. നമ്മുടെ കാലാവസ്ഥയിൽ മുന്തിരി പോലെ കറുത്ത, ഗോളാകൃതിയിലുള്ള പഴങ്ങൾ നിറയെ ഉല്‍പാദിപ്പിക്കും. വിത്തോ, ഗ്രാഫ്റ്റിങ്ങോ വഴി വളർത്തിയെടുക്കുന്ന മരമുന്തിരിയുടെ സങ്കരയിനങ്ങൾ വലിയ ഉയരത്തിൽ വളരില്ല. തായ്ത്തടിയിലാണ് പഴങ്ങൾ ഇടതൂർന്ന് ഉണ്ടായി വരിക. പഴത്തിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. വർഷത്തിൽ പല തവണ കായ്ക്കുന്നു. നന്നായി കായ്ക്കാന്‍ തായ്ത്തടിയിൽ വെയിൽ കിട്ടണം. ഇതിനായി കമ്പുകൾ ആവശ്യാനുസരണം കോതി നിർത്തണം.
മട്ടോവ
15-20 അടി വരെ ഉയരം വയ്ക്കുന്നു. ജന്മദേശം ഇന്തൊനീഷ്യ. ഗ്രാഫ്റ്റിങ് വഴി വളർത്തിയെടുത്ത തൈകളാണ് നടുന്നത്. വർഷത്തിൽ 3–4 തവണ കായ്ക്കുന്നു. റംബുട്ടാൻ പോലെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. കട്ടി കുറഞ്ഞ തൊലിയുള്ള മട്ടോവയുടെ കാമ്പിനു റംബൂട്ടാന്റേതിനെക്കാൾ മധുരമുണ്ട്. ആവശ്യത്തിന് വളർച്ചയായാൽ പ്രൂൺ ചെയ്ത് ഉയരം ക്രമീകരിക്കാനാവും.
ഒലോസാപ്പോ
മധ്യ അമേരിക്കൻ സ്വദേശി. കായ്കൾക്ക് പൂവൻപഴത്തിന്റെ ആകൃതിയും വലുപ്പവും. തൊലി ഉൾപ്പെടെ കഴിക്കാം. 10-15 അടി ഉയരത്തിൽ വളരുന്നു. വിത്ത് വഴിയുള്ള തൈകളാണ് നടുന്നത്. നമ്മുടെ നാട്ടിൽ നന്നായി കായ്ക്കുന്നത് ഏപ്രിൽ – മേയ് കാലത്താണ്. വിത്തു നട്ടാൽ മൂന്നാം വര്‍ഷം മുതൽ കായ്കൾ ഉണ്ടാകും. കൊമ്പുകോതി ഉയരം ക്രമീകരിക്കാം.
റെഡ് ഫൈസാൻ
തെക്കേ അമേരിക്കൻ സ്വദേശിയായ ഈ പഴമരം 10-15 അടി ഉയരം വയ്ക്കും വിത്ത് ഉപയോഗിച്ച് റെഡ് ഫൈസാൻ അനായാസം വളർത്തിയെടുക്കാം. 4 വര്‍ഷത്തിനുമേൽ വളർച്ചയായാൽ കായ്ക്കുന്നു. വർഷത്തിൽ പല വട്ടം കായ്ക്കുന്ന റെഡ് ഫൈസാൻ പഴത്തിന്റെ ഉള്ളിലെ കാമ്പാണ് ഭക്ഷ്യയോഗ്യം.
വിവരങ്ങൾക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : ശ്രീകുമാർ മേനോൻ, കൊച്ചി. ഫോൺ: 9544280007
English summary: Top Fruit Trees for Home Gardens