6 മണിക്കൂർ വെയിൽ, തമ്മിൽ 15 അടിയും മതിലിൽനിന്ന് 2 അടിയും അകലം; വീട്ടിൽ ഫലവൃക്ഷങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

fruit-tree-1
Image credit: BY-_-BY/ShutterStock
SHARE

പഴച്ചെടികൾ കൂടി ഉള്‍പ്പെടുത്തി ഭംഗിയുള്ള ഉദ്യാനമൊരുക്കാം. നിത്യഹരിത പ്രകൃതമുള്ള പഴവർഗച്ചെടികളാണ് ഉദ്യാനത്തിലേക്കു  യോജ്യം.  അത്ര ഉയരം വയ്ക്കാത്ത ഗ്രാഫ്റ്റ് ചെടികള്‍ നന്ന്. ആണ്ടുവട്ടം മഴക്കാലത്തും വേനലിലും പഴങ്ങൾ ഉണ്ടാകുന്ന ഇനങ്ങള്‍ നട്ടു വളര്‍ത്തിയാല്‍ സ്വന്തം ആവശ്യത്തിനു വിപണിയില്‍നിന്നു വാങ്ങേണ്ടിവരില്ല. വിഷരഹിതമെന്ന ഉറപ്പോടെ യഥേഷ്ടം കഴിക്കാം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുക്കാം. 

fruit-tree-3
Image credit: MNStudio/ShutterStock

ഉദ്യാനം രൂപകൽപന ചെയ്യുമ്പോൾതന്നെ ഫലവൃക്ഷങ്ങൾക്കുള്ള സ്ഥാനം കൃത്യമായി അടയാള പ്പെടുത്തണം. ഉദ്യാനത്തിലെ സ്ഥലസൗകര്യമനുസരിച്ചു വേണം അവിടെ നട്ടുവളർത്തേണ്ട ഫല വൃക്ഷങ്ങളുടെ എണ്ണം. ദിവസം 6 മണിക്കൂറെങ്കിലും നേരിട്ട് വെയിൽ കിട്ടുന്നതും നല്ല നീർവാർച്ചയുള്ളതുമായ ഇടത്തേ ഫലവൃക്ഷങ്ങൾ നന്നായി പൂവിടുകയും കായ്ക്കുകയുമുള്ളൂ. ഓരോ മരവും നന്നായി വളരാന്‍ മരങ്ങൾ തമ്മിൽ 15 അടിയെങ്കിലും അകലം വേണം. മതിലിനരികിൽ നടുമ്പോൾ മതിലിൽനിന്ന് 2 അടിയെങ്കിലും അകലം നൽകണം. ബാലാരിഷ്ടത കഴിഞ്ഞ തൈകൾ മാത്രം തിരഞ്ഞെടുക്കുക. ഫലവൃക്ഷങ്ങൾ പൂന്തോട്ടത്തിന്റെ പല ഭാഗത്തായി വളർത്തുമ്പോൾ അവിടെയെല്ലാം ഭാഗികമായി തണലാകും. ഇവിടെയെല്ലാം പാതി തണലത്തു വളരുന്ന പേൾ ഗ്രാസ് അല്ലെങ്കിൽ ബഫല്ലോ ഗ്രാസ്കൊണ്ടു നിലം നിറയ്ക്കാം.  

fruit-tree-2
Image Credit: wwing/iStockPhoto

മരത്തിന്റെ ചുവട്ടിലെ ചോലയുള്ള ഭാഗത്ത് പുല്ലിനു പകരം വെള്ളാരംകല്ലുകൾ വിരിച്ച് കൂടുതൽ മോടിയാക്കാം. കല്ലുകൾ നിരത്തുന്നതിനു മുൻപ് അടിയിൽ 2 ഇഞ്ച് എങ്കിലും കനത്തിൽ നന്നായി കഴുകിയെടുത്ത ബേബി മെറ്റൽ നിറയ്ക്കണം. ഇതിനു മുകളിലാണ് പെബിള്‍ നിരത്തേണ്ടത്. ഇവി ടെ ചാരുബെഞ്ചോ അല്ലെങ്കിൽ ഗാർഡൻ ചെയറോ സ്ഥാപിച്ച് വിശ്രമത്തിനുള്ള ഇടമാക്കാം. ഉദ്യാനത്തില്‍ നേരിട്ടു വെയിൽ കിട്ടുന്ന ഭാഗങ്ങളിൽ പൂച്ചെടികൾ നട്ടുവളർത്താം. പാതി തണലില്‍ വളരുന്ന പീസ് ലില്ലി, അഗ്ലോനിമ, മാറാൻഡാ, സിങ്കോണിയം, നിലത്തു പടർന്നു വളരുന്ന  മാർബിൾ പ്ലാന്റ്, മുറികൂട്ടി ഇവയെല്ലാം മരങ്ങളുടെ ചോലയിൽ നട്ടുവളര്‍ത്താം.  മാങ്ങ, ചാമ്പയ്ക്ക, പേരയ്ക്ക എന്നിവയെ ബാധിക്കുന്ന പുഴുക്കളെ ഉല്‍പാദിപ്പിക്കുന്ന കായീച്ചകൾ പീസ് ലില്ലിയുടെ കൈപ്പത്തി ആകൃതിയിലുള്ള പൂക്കളുടെ നടുവിലുള്ള തിരിയിൽ കൂട്ടമായി വന്നിരിക്കും. അപ്പോള്‍ ഇവയെ അനായാസം ശേഖരിച്ചു നശിപ്പിക്കാൻ പറ്റും.

ഉദ്യാനത്തിൽ പഴച്ചെടികൾ നട്ടിരിക്കുന്നിടത്തേക്കെല്ലാം ചെന്നെത്തി പഴങ്ങൾ ആവശ്യാനുസരണം ശേഖരിക്കാന്‍ പാകത്തിനു നടപ്പാതകൾ ആവശ്യമാണ്. ഗ്രാഫ്റ്റ്  ചെയ്തോ അല്ലെങ്കിൽ പതി വച്ചോ വളർത്തിയെടുത്ത കൊംക്യാറ്റ്‌, മിറക്കിൾ ഫ്രൂട്ട്, മൾബെറി തുടങ്ങി പല ഫലവൃക്ഷങ്ങളും വലിയ ചട്ടിയിൽ വളര്‍ത്താം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS