ADVERTISEMENT

ജൈവവള നിർമാണത്തിനും വിപണനത്തിനും ഇന്നു കേരളത്തില്‍ ഏറെ സാധ്യതയുണ്ട്. വിപണിയിൽ ലഭ്യമായ കാർഷികോപാധികൾ പൊതുവെ നിലവാരം കുറഞ്ഞതാണെന്ന് എറണാകുളം കൃഷിവിജ്ഞാ നകേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ എക്സ്പർട്ട് പുഷ്പരാജ് ചൂണ്ടിക്കാട്ടുന്നു. വേപ്പിൻപിണ്ണാക്കായാലും തേങ്ങാപ്പിണ്ണാക്കായാലും ഡോളമൈറ്റായാലും നിശ്ചിത നിലവാരമില്ലാത്തതാണ് പലർക്കും ജൈവകൃഷി യിൽ തിരിച്ചടിയുണ്ടാക്കുന്നത്. അതിനാല്‍ ഉയർന്ന നിലവാരമുള്ള ജൈവ കാർഷികോപാധികൾ പ്രാദേശികമായി ലഭ്യമാക്കുന്ന സംരംഭങ്ങള്‍ക്കു നല്ല സാധ്യതയാണ്.  

ഐവിയുടെ ഫിഷ്‌ലൈസർ

എറണാകുളം മുനമ്പം ഹാർബറിനടുത്താണ് ഐവിയുടെ വീട്. ഹാർബറിലും സമീപപ്രദേശങ്ങളിലും മത്സ്യാവശിഷ്ടങ്ങൾ ധാരാളമായി കിട്ടുമെന്നതിനാൽ അവ ഉപയോഗിച്ചുള്ള സംരംഭത്തിനു സാധ്യത ഏറെ. മീൻവളത്തിന് ആവശ്യക്കാരും ഏറെ. ഗ്രോബാഗുകളിൽ പച്ചക്കറി വളർത്തുന്നവർക്ക് ഇഷ്ടപ്പെട്ടതും പ്രയോജനപ്രദവുമായ ഫിഷ്‌ലൈസർ നിർമാണത്തിലേക്കു കടന്നത് അങ്ങനെയാണ്. പ്രാദേശികമായി കിട്ടുന്ന ജൈവമാലിന്യങ്ങള്‍ വളമാക്കി മാറ്റുന്നതില്‍ എറണാകുളം സിഎംഎഫ്ആർഐ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ പരിശീലനമാണ് ഐവിക്കു വഴികാട്ടിയത്. പരിശീലനം പൂർത്തിയാക്കിയപ്പോൾ ഫിഷ്‌ലൈസർ നിർമാണത്തിനുള്ള ലൈസൻസും കെവികെ നൽകി. ലളിതമാണ് നിർമാണരീതിയെന്ന് ഐവി. അധ്വാനിക്കാൻ മനസ്സുണ്ടാവണം എന്നു മാത്രം. ഭർത്താവ് ജോസ് സഹായത്തിനുണ്ട്. 

സൂക്ഷ്മജീവികളുടെ സഹായത്തോടെയാണ് മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കുന്നത്. ഇതിനുള്ള  ഇനോക്കുലം (കയർപിത്തിൽ വളർത്തിയ മിത്ര ബാക്ടീരിയ കൾചർ) വാങ്ങാൻ കിട്ടും. കേരള കാർഷിക സർവകലാശാലയുടെയും ചില സ്വകാര്യ സംരംഭകരുടെയും ഇനോക്കുലമാണ് ഫിഷ്‌ലൈസർ നിർമാണത്തിനു ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഡോ. ജോഷി ചെറിയാന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലുണ്ടാക്കുന്ന ഇനോക്കുലമാണ് താൻ ഉപയോഗിക്കുന്നതെന്ന് അവർ പറഞ്ഞു. കയർപിത്തിൽ സൂക്ഷ്മജീവികളെ വളർത്തി ഉണ്ടാക്കുന്ന ഈ മാധ്യമം 50:50 അനുപാതത്തിൽ ഫിഷ് മത്സ്യാവശിഷ്ടങ്ങളുമായി ഭാഗികമായി കൂട്ടിക്കലർത്തണം. ഈ മിശ്രിതം ഒരു ബെഡ് പോലെ നിലത്തുവിരിച്ച ശേഷം ബാക്കിയുള്ള ഇനോക്കുലം ഉപയോഗിച്ചു പൂർണമായി മൂടും. നാലു ചുറ്റും വലകൊണ്ടു മറച്ച ഷെഡ്ഡിനുള്ളില്‍ ബെഡ്  40-50 ദിവസം സൂക്ഷിച്ചാൽ മാത്രമേ സംസ്കരണം പൂർത്തിയാവുകയുള്ളൂ. 

സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം മത്സ്യാവശിഷ്ടങ്ങൾ അതിവേഗം വളമായി മാറുന്നു. സംസ്കരണ പ്രക്രിയയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വലിയ തോതിൽ ചൂടുണ്ടാവും. 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്. അപ്പോൾ ബെഡ് നന്നായി ഇളക്കണം. ക്രമേണ ചൂട് കുറഞ്ഞു വരും. മിശ്രിതത്തിന്റെ ചൂട് അളക്കുന്നതിനു തെർമോമീറ്റർ ഉപയോഗിക്കുന്നുണ്ട്. മിശ്രിതത്തിന്റെ ചൂട് അന്തരീക്ഷ താപനിലയ്ക്ക് തുല്യമാകുമ്പോൾ സംസ്കരണ പ്രക്രിയ പൂർത്തിയായി എന്ന് മനസ്സിലാക്കാം. ആദ്യ ദിവസങ്ങളിൽ നേരിയ മത്സ്യഗന്ധം പ്രതീക്ഷിക്കാമെങ്കിലും ദുർഗന്ധമുണ്ടാവാറില്ല, 8 - 10 ദിവസം കഴിയുമ്പോൾ ജൈവവള മിശ്രിതത്തിൽനിന്നു പുഴുക്കൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബെഡിൽനിന്ന്  ഒരു ദ്രാവകം ഒലിച്ചിറങ്ങുകയും ചെയ്യും. ഇനോക്കുലമായി ഉപയോഗിക്കുന്ന കയർപിത്ത് കൊണ്ട് മത്സ്യാവശിഷ്ടങ്ങളെ മൂടിയാൽ ഈ പ്രശ്നം ഒഴിവാക്കാം.   

പുഴുക്കളെ ഒഴിവാക്കാൻ ഐവി സ്വീകരിച്ച മാർഗമാണ് കൂടുതൽ ശ്രദ്ധേയം. ഓരോ ബാച്ച് ആരംഭിക്കുമ്പോഴും ഏതാനും കരിങ്കോഴിക്കുഞ്ഞുങ്ങളെ ഐവി വാങ്ങും. പുറത്തുവരുന്ന പുഴുക്കളെ ഓരോന്നായി അവർ കൊത്തിത്തിന്നുകൊള്ളും. മാംസ്യസമ്പുഷ്ടമായ തീറ്റയാണിതെന്ന് ഐവി ചൂണ്ടിക്കാട്ടി. മറ്റു തീറ്റകളൊന്നും കാര്യമായി നൽകാതെ കോഴിക്കുഞ്ഞുങ്ങൾ അതിവേഗം വളരും. ഒരു ബാച്ച് ജൈവവളം നിർമാണം പൂർത്തിയാകുമ്പോഴേക്കും ഉപോൽപന്നമായി ഒരു കൂട്ടം കരിങ്കോഴികളെയും ലഭിക്കുമെന്ന് സാരം. 2 മാസം പ്രായമായ കരിങ്കോഴികളെ നല്ല വിലയ്ക്ക് വിൽക്കാനാകും. 

ഏകദേശം 50 ദിവസം കഴിയുമ്പോൾ പൊടിരൂപത്തിലുള്ളതും ദുർഗന്ധം ഇല്ലാത്തതുമായ ഒന്നാം തരം ജൈവവളം ലഭിക്കും. കെവികെയുടെ ഫിഷ്‌ലൈസർ ബ്രാൻഡിലാണ് വിപണനം നടത്തുന്നത്. എറണാകുളം കെവികെയുടെ സെയിൽസ് കൗണ്ടറിലൂടെ ധാരാളമായി ഫിഷ് ലൈസർ പാക്കറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ഇപ്പോൾ ആവശ്യക്കാർക്ക് കുറിയർ ആയും പാഴ്സലായും എത്തിച്ചു കൊടുക്കുന്നുണ്ട്.  അടുക്കളത്തോട്ടങ്ങളിലേക്കാണ് മിക്കവരും ഫിഷ് ലൈസർ വാങ്ങുന്നതെന്ന് ഐവി പറഞ്ഞു. മറ്റു കൃഷികൾക്കും ഇത് നന്നാണ്. ഒരു കിലോ പാക്കറ്റ് മുതൽ 50 കിലോയുടെ ചാക്ക് വരെ അയച്ചു കൊടുക്കാൻ സാധിക്കും.

അനുഭവപാഠങ്ങൾ

ജൈവവളവിപണനത്തിൽ പരിചയവും സാധ്യതയുമുള്ളവർക്ക്  കൂടുതൽ യോജിച്ച സംരംഭമാണിത്. സൗജന്യമായോ തുച്ഛമായ ചെലവിലോ മത്സ്യാവശിഷ്ടങ്ങൾ കിട്ടുമെന്നുറപ്പാക്കണം. ദുർഗന്ധമുണ്ടാകാമെന്നതിനാൽ ആൾതാമസം ഇല്ലാത്ത സ്ഥലങ്ങളിൽ നടത്തുന്നതാണ് നന്ന്. ബെഡ് ചകിരിപ്പിത്ത് ഉപയോഗിച്ച് പൂർണമായി മൂടണം. ജൈവവസ്തുക്കൾ ശരിയായി അഴുകി വളമാക്കാൻ സാഹായിക്കുന്ന ഇനോക്കുലം വേണ്ടത്ര തോതിൽ തുടർച്ചയായി കിട്ടുമെന്ന് ഉറപ്പാക്കുക.

ഫോൺ: 7736641844

English summary: Turning fish waste into fertiliser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com