കര്‍ഷകരുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ആടുമാടുകളും വരെ വില്‍പനയ്ക്ക്; ഇത് നാടിനെ നന്നാക്കിയ എലിക്കുളം ചന്ത

elikkulam-3
എലിക്കുളം നാട്ടുചന്ത
SHARE

കർഷകരുടെ ഒരുമയുടെയും സംഘാടക മികവിന്റെയും പ്രതീകമാണ്, കോട്ടയം ജില്ലയില്‍ പൊൻകുന്നത്തിനു സമീപമുള്ള എലിക്കുളം നാട്ടുചന്ത. പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂട് കവലയിലുള്ള ആഴ്ചച്ചന്ത, ഒരിക്കൽപോലും പ്രവർത്തനം മുടങ്ങാതെ 198 ആഴ്ചകൾ പിന്നിടുകയാണ്. തളിർ പച്ചക്കറി ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ, എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് ചന്തയുടെ പ്രവർത്തനം. ഇടനിലക്കാരെ ഒഴിവാക്കി, കർഷകരുടെ ഉൽപന്നങ്ങൾക്ക് പരമാവധി വില ഉറപ്പാക്കുകയാണ് ലക്ഷ്യം. 

കൊറോണ ലോക്‌ഡൗൺ കാലത്തുപോലും എലിക്കുളം ചന്തയുടെ പ്രവർത്തനം മുടങ്ങിയില്ല. നിയന്ത്ര ണങ്ങൾ പാലിച്ച്, അവശ്യസാധനങ്ങളുമായി തുറന്നു പ്രവർത്തിച്ചു. നാട്ടുചന്ത നടത്തിപ്പുകാർ കർഷകരുടെ വീടുകളിലെത്തി, ഉൽപന്നങ്ങൾ ശേഖരിക്കുകയും, അവ ചന്തയിൽ വിറ്റഴിച്ച് പണം   എത്തിച്ചുകൊടുക്കുകയും ചെയ്തു. തിരക്കൊഴിവാക്കാനായി, ഹോം ഡെലിവറിയും ഒരുക്കി.  

elikkulam-1
എലിക്കുളം നാട്ടുചന്ത ഭാരവാഹികൾ

വ്യാഴാഴ്ചകളിൽ രാവിലെ 7.30 മുതൽ 1 വരെയാണ് പ്രവർത്തനസമയമെങ്കിലും, ഇപ്പോൾ ബുധനാഴ്ച വൈകുന്നേരങ്ങളിലും  പ്രവർത്തിക്കുന്നു(കോവിഡ് കാലത്ത് തിരക്കൊഴിവാക്കാനായി, ബുധനാഴ്ച വൈകുന്നേരങ്ങളിൽ കർഷകർ സാധനങ്ങൾ എത്തിച്ചിരുന്നു. ഈ സമയത്തു വന്നിരുന്ന ആവശ്യക്കാർക്ക് ഉൽപന്നങ്ങൾ നൽകിയിരുന്ന പതിവ് ഇന്നും തുടരുന്നു).

2019 ലാണ് എലിക്കുളം നാട്ടുചന്ത പ്രവർത്തനമാരംഭിച്ചത്. വി.എസ്.സെബാസ്റ്റ്യൻ വെച്ചൂർ(പ്രസിഡന്റ്), ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ(സെക്രട്ടറി), വിൽസൺ പാമ്പൂരി(ട്രഷറർ) എന്നിവരാണ് ഭരണസമിതി ഭാരവാഹികൾ. മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, രാജു അമ്പലത്തറ, സോണി ഗണപതിപ്ലാക്കൽ, ഔസേപ്പച്ചൻ ഞാറക്കൽ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് രക്ഷാധികാരിയാണ്.

നാട്ടുചന്തയുടെ വരവോടെ, ഗ്രാമപ്രദേശമായ കുരുവിക്കൂട്ടില്‍ ആളും ആരവവുമായി. ഇടനിലക്കാരുടെ ചൂഷണമില്ലാത്ത വിപണി ഉറപ്പായതോടെ കൃഷി വളര്‍ന്നു. കൃഷിക്കാരുടെ എണ്ണം കൂടി. ഗ്രാമീണ ഉൽപാദന വ്യവസ്ഥ ശക്തമായി. 100 കർഷകരുമായി തുടങ്ങിയ തളിർപച്ചക്കറി ഉൽപാദകസംഘത്തിൽ ഇപ്പോൾ മുന്നൂറിലേറെ അംഗങ്ങള്‍. 

elikkulam-2
ചന്തയിലെ ഉൽപന്നങ്ങൾ

ഏത്തക്കുലയാണ്  മുഖ്യ ഉൽപന്നം. മിക്ക ചന്ത ദിവസങ്ങളിലും 5-6 ടൺ കായ വിറ്റഴിയുന്നു. പൂവൻ, ഞാലിപ്പൂവൻ, കദളി, പാളയംകോടൻ എന്നിവയ്ക്കും ഡിമാൻഡുണ്ട്. തനത് ഉൽപന്നമായ എലിക്കുളം റൈസും, നീളൻ പാമ്പൻ കാച്ചിലും ഇവിടുത്തെ സ്പെഷല്‍. ഔസേപ്പച്ചൻ ഞാറയ്ക്കലാണ് എലിക്കുളം റൈസ് ചന്തയിലെത്തിക്കുന്നത്. ആറടിയിലേറെ നീളമുള്ള പാമ്പൻ കാച്ചിലും ഇദ്ദേഹത്തിന്റേതുതന്നെ.

കപ്പ, തേങ്ങ, ചക്ക, മാങ്ങ, ചേന, ചേമ്പ്, നനകിഴങ്ങ് തുടങ്ങി നാട്ടിൽ വിളയുന്നതെന്തും ഈ ചന്തയിലെത്തുന്നു. നാടൻ വെള്ളരി, വെണ്ട, പയർ, കത്രിക്ക, കോവയ്ക്ക, പച്ചത്തക്കാളി എന്നിവയാണ് പ്രധാന പച്ചക്കറിയിനങ്ങൾ. തേൻ, (പനംകള്ളിൽ നിന്നെടുക്കുന്ന) പാനി, നെയ്യ്, വാട്ടുകപ്പ, കൂവപ്പൊടി തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളുമേറെ. വീട്ടമ്മമാരുണ്ടാക്കുന്ന അച്ചാർ, ചമ്മന്തിപ്പൊടി, നാടൻ പലഹാരങ്ങൾ എന്നിവ എടുത്തുപറയേണ്ട വിഭവങ്ങൾ. ചേന, ഇഞ്ചി, മധുരക്കിഴങ്ങ് എന്നിവയുടെ വിത്തുകളും ഇവിടെ കിട്ടും. വാട്സാപ് ഗ്രൂപ്പിലൂടെ ആടുമാടുകളുടെ വിപണനവും നടത്തുന്നുണ്ട്. 

വിപണി വിലയ്ക്ക് അനുസൃതമായി കർഷകർ പറയുന്ന വിലയ്ക്കാണ്  ഉൽപന്നങ്ങൾ വിൽപനയ്ക്കു വയ്ക്കുന്നത്. കർഷകർ സ്വന്തം വിറ്റുവരവിന്റെ 5 ശതമാനം, ചന്തയുടെ പ്രവർത്തനച്ചെലവിലേക്കു നൽകേണ്ടതുണ്ട്. ഇതിനു പുറമേ 200 രൂപ അംഗത്വ ഫീസും 50 രൂപ വാർഷിക വരിസംഖ്യയും. 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS