‘കേരളത്തിൽ എവിടാ കൃഷി, കൃഷി ആന്ധ്രയിലൊക്കെ അല്ലേ, ഇവിടെ കടലാസിൽ അല്ലേ കൃഷി’: ശരിക്കും അങ്ങനെയാണോ?
Mail This Article
ഞങ്ങളെപ്പോലുള്ള കർഷകരുടെ വീഡിയോകളിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന ഒരു കമന്റ് ഇങ്ങനെയാണ് ‘കേരളത്തിൽ എവിടാ കൃഷി, കൃഷി ആന്ധ്രയിലൊക്കെ അല്ലേ... ഇവിടെ കടലാസിൽ അല്ലേ കൃഷിയുള്ളു... അല്ലേൽ പിന്നെ റബറോ എലമോ ഒക്കെ ആയിരിക്കേണം.’
എന്നാൽ, ശരിക്കും അങ്ങനെ ആണോ?
അല്ല. എന്ന് നിസംശയം പറയാം... ഇവിടെ പരിമിതികളിൽ നിന്നുകൊണ്ട് ചെയ്യാവുന്നത്ര കൃഷിയുണ്ട്.
നമുക്ക് കേരളത്തിലെ കൃഷിയെ കുറച്ചു ചെല്ലപ്പേരിട്ട് വിളിച്ച് ഒന്ന് വിശകലനം ചെയ്യാം. ഞാൻ ഒരു പച്ചക്കറിക്കർഷകൻ ആയതുകൊണ്ട് പച്ചക്കറിക്കൃഷിൽ ഊന്നൽ നൽകി പറയാം.
- വ്യാവസായിക കൃഷി
- ചെറുകിട, നാമമാത്ര ക്രിഷി
- സബ്‌സിഡി കൃഷി
- സോഷ്യൽ മീഡിയ കൃഷി
വ്യവസാക കൃഷി
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ശാസ്ത്രീയമായി ഉൽപാദനം നടത്തി ഉൽപന്നങ്ങൾ വിറ്റ് പണമാക്കുന്ന കൃഷിരീതി ആണിത്. കേരളത്തിൽ നിലവിലില്ല എന്ന് കുറെ പേർ പ്രചരിപ്പിച്ചുവരുന്ന ഒരു തരം കൃഷി രീതി കൂടി ആണിത്. എന്നാൽ, ആ പറയുന്നവർ പലപ്പോഴും പുറത്തിറങ്ങി കാര്യങ്ങൾ കണ്ടു മനസിലാക്കാത്തവർ ആണോ എന്ന് എനിക്ക് സംശയമുണ്ട്. എന്നുവെച്ച് കേരളം മുഴുവൻ പച്ചക്കറി വിപ്ലവം ആണെന്നൊന്നും ഞാൻ പറയില്ല. കേരളത്തിൽ വ്യാവസായിക പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കുറവും പരിമിതവുമാണ്. ഇതിനു പ്രധാന കാരണം ഇവിടുത്തെ ജനസാന്ദ്രതയാണ്. ഇന്ത്യയിൽ ആകെ ജനസാന്ദ്രത എന്നു പറയുന്നത് 420/ച.കി.മീ. ആണ്. എന്നാൽ ഇത് കേരളത്തിൽ മാത്രമായി നോക്കിയാൽ 860/ച.കി.മീ. വരും. ഇത് ആന്ധ്രയിലേക്ക് എത്തുമ്പോൾ 310ൽ താഴെ മാത്രം. ഈ കണക്കിൽത്തന്നെ നമുക്ക് എന്തുകൊണ്ട് കൃഷി കുറയുന്നു എന്നുള്ളതിന്റെ ഒരുത്തരം ഉണ്ട്.
ഇനി ഈ അവസ്ഥ തരണം ചെയ്ത്, സ്ഥലമൊക്കെ കണ്ടെത്തി 5 ഏക്കറിനു മുകളിൽ സ്ഥലം എടുത്ത് കൃഷി ചെയ്താൽ, നമ്മളോട് സർക്കാർ സംവിധാനങ്ങൾക്ക് സ്നേഹമുണ്ടോ? ഇതിനുത്തരം ഞാൻ പിന്നീടെപ്പോഴെങ്കിലും വിശദമായി പറയാം.
വ്യാവസായിക കൃഷി കേരളത്തിൽ ഏറ്റവും കൂടുതലുള്ളത് പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലുമാണ്. കേരളത്തിൽ കൃഷി ഇല്ല എന്ന് പറയുന്നവർ വെറുതെ ഈ 2 ജില്ലയിലെയും VFPCK സമിതികൾ മാത്രം ഒന്ന് സന്ദർശിച്ചു നോക്കിയാൽ മതി. ഇപ്പോൾ നാട്ടിലെ ചൂടൻ സംസാരവിഷയമായ തക്കാളിയൊക്കെ ടൺ കണക്കിന് ഉൽപാദിപ്പിച്ച് കൊണ്ടുവരുന്ന കർഷകരെ കാണാം. തൃശൂർ ചേലക്കര ഭാഗത്ത് ചെന്നാൽ ടൺ കണക്കിന് പയറും പാവലും പടവലവുമൊക്കെ കൊണ്ടുവരുന്ന കർഷകരെ കാണാം.
നാണ്യവിളകൾ
കേരളത്തിൽ നണ്യവിളകൾ മാത്രമേ കൃഷിയുള്ളു. ബാക്കി എല്ലാം കടലാസിലാണെന്ന് പറയുന്ന ഒരു കൂട്ടർ ഉണ്ട്. എന്നാൽ, കേരളത്തിന്റെ ഇപ്പോഴുള്ള വളർച്ചയ്ക്ക് നാണ്യവിളകൾക്ക് പ്രാധാന്യമുണ്ടെന്നുള്ളത് വിസ്മരിക്കരുത്. മാത്രമല്ല, നാണ്യവിള കൃഷി ചെയ്യുന്നത് പലപ്പോഴും അതിനു അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലം ആയത് കൊണ്ടും, അവിടെ വേറെ കൃഷികൾക്ക് അഭികാമ്യം അല്ലാത്തതു കൊണ്ടുമാണ്. കുറച്ചു ഉദാഹരണങ്ങൾ പറയാം...
സമുദ്രനിരപ്പിൽ നിന്ന് 100 മുതൽ 300 വരെ മീറ്റർ ഉയരത്തിൽ ചെരിവുള്ള സ്ഥലങ്ങളിലാണ് നമ്മുടെ നാട്ടിൽ റബർ കൃഷി ചെയ്യുന്നത്. ഇവിടെ പച്ചക്കറിയോ വാഴയോ കൃഷി ചെയ്താൽ ഉൽപാദനച്ചെലവ് വളരെ കൂടുകയും, മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ പറ്റാതെ വരുകയും ചെയ്യും.
വെള്ളം കുറവുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന കശുമാവ് പോലയുള്ള നാണ്യവിളകളുടെ സ്ഥാനത്ത് പച്ചക്കറിയോ വാഴയോ കൃഷി ചെയ്താൽ വെള്ളം എവിടെനിന്ന് ലഭിക്കും?
സമുദ്ര നിരപ്പിൽ നിന്ന് 400 മീറ്റർ ഉയരത്തിനു മുകളിലേക്ക് കൃഷി ചെയ്യുന്ന ഏലം പോലുള്ള സുഗന്ധവിളകൾ മാറ്റി പച്ചക്കറിവയ്ക്കാമെന്ന് തീരുമാനിച്ചാൽ വിഷം അന്യനാട്ടിൽനിന്ന് ലോറിയിൽ കൊണ്ടുവരേണ്ടിവരും. കാരണം ഈർപ്പം കൂടുതലും തണുപ്പ് അധികവുമായതിനാൽ കുമിൾ (fungal) രോഗങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടും.
Read also: വിത്തിന്റെ വിലയറിഞ്ഞ് കൃഷി ചെയ്താൽ 'വിലയിൽ വേവില്ല'; അടുക്കളക്കൃഷിക്കു വേണ്ട ചില പൊടിക്കൈകൾ
മേൽ പറഞ്ഞ ഉദാഹരണങ്ങളിൽ എല്ലാം പ്രയോഗികത മാത്രമാണ് ഞാൻ പറഞ്ഞത്. ഇനി കുറച്ചു നിയമങ്ങളും അവസ്ഥകളും കൂടി പറയാം.
തോട്ടം മേഖലകൾ പൊതുവെ പ്ലാന്റേഷൻ ആക്ടിന്റെ കീഴിൽ വരുന്നതും ഏകവിള ചട്ടത്തിന്റെ കീഴിൽ വരുന്നതുമാണ്. ആയതിനാൽ അവിടെ മറ്റു കൃഷികൾ ഇടവിളയായോ, 5 ശതമാനത്തിൽ കൊള്ളിച്ചോ മാത്രമേ ചെയ്യാൻ സാധിക്കൂ.
വരുമാനം കണക്കാക്കുമ്പോൾ താരതമ്യേന ഉയർന്ന വരുമാനം കിട്ടുന്ന നാണ്യവിളകൾ വേണ്ടന്നുവെച്ച് അവിടെ മറ്റ് ഉൽപന്നങ്ങൾ കൃഷി ചെയ്താൽ കർഷകൻ വിഡ്ഡി ആവില്ലേ?
പൊതുവെ ട്രോപിക്കൽ റീജൺ കാടുകളും വന്യജീവികളുമായി അടുത്തു കിടക്കുന്നവ ആയതുകൊണ്ടുതന്നെ ചെറു കൃഷികൾ ചെയ്യാൻ അനുയോജ്യമായി എനിക്ക് തോന്നുന്നില്ല.
ചെറുകിട, നാമമാത്ര കൃഷി
5 ഏക്കറിൽ താഴെ കൃഷി ഉള്ളവർ. ഇതിൽ വീടുകളിൽ ചെറിയ തോതിൽ കൃഷി ചെയ്യുന്നവരും ഗ്രോബാഗ് കൃഷി ചെയ്യുന്നവരും ഉൾപ്പെടുന്നു. കേരളത്തിലെ 80% മുകളിൽ കർഷകരുള്ള മേഖല ആണിത്. ഇവർ ചേർന്ന് ചെയ്യുന്ന സംഭാവന വളരെ വലുതാണ്. എന്നാൽ ഈ ഉൽപാദനം ചിതറിക്കിടക്കുന്നതുകൊണ്ടും, കണക്കെടുക്കാൻ പറ്റാത്തതുകൊണ്ടും ഇവർ അവഗണിക്കപെടുന്നു.
സബ്‌സിഡി കൃഷി
കടലാസിൽ കൃഷി ചെയ്ത് സർക്കാർ ഖജനാവിൽനിന്ന് കൊടുത്ത നികുതി മടക്കി എടുക്കുന്ന മുൻകാല ഉദ്യോഗസ്ഥരും, നിലവിലെ ഉദ്യോഗസ്ഥരുമൊക്കെ ധരാളം. അതിനെ നമുക്ക് സബ്‌സിഡിക്കൃഷി എന്ന് വിളിക്കാം. ഈ കൃഷി പലപ്പോഴും കടലാസിൽ ഒതുങ്ങും.
സോഷ്യൽ മീഡിയ കൃഷി
ഈ കൂട്ടർ കൃഷി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊന്നും ആർക്കും അറിയില്ല. പക്ഷേ വീഡിയോകൾക്ക് യാതൊരു കുറവുമില്ല. എന്നാൽ, ഇവർ പ്രോത്സാഹിപ്പിക്കുന്നപോലെ, കൃഷി വകുപ്പ് പോലും ആൾക്കാരെ പ്രോത്സാഹിപ്പിച്ചു കൃഷിലേക്കു കൊണ്ടുവരാറില്ല.
ഈ അവസാനം പറഞ്ഞ 2 കൂട്ടരേം കണ്ടോണ്ട് കഷ്ടപ്പെട്ട് പണി എടുത്ത് ഉൽപാദനം പുറത്ത് കൊണ്ടുവരുന്ന കർഷകരെ ഇനി പുച്ഛിക്കണോ എന്ന് നമുക്ക് ഒന്നുകൂടി ആലോചിച്ചുകൂടെ?
ഇത്തവണ ഓണമൊരുക്കാന്‍ സ്വന്തം പഴം– പച്ചക്കറിയാവട്ടെ. ഇപ്പോൾത്തന്നെ ഒരുക്കാം ഒന്നാന്തരം അടുക്കളത്തോട്ടം. വിഷപ്പച്ചക്കറി കഴിക്കേണ്ട, വിലക്കയറ്റം പേടിക്കേണ്ട. വീട്ടാവശ്യത്തിനു പച്ചക്കറി വീട്ടിൽത്തന്നെ വിളയിക്കാനുള്ള സമ്പൂർണ വിവരങ്ങൾ കർഷകശ്രീ ജൂലൈ ലക്കത്തിൽ. ഒപ്പംചീര, വെണ്ട, പയര്‍ വിത്തുകൾ സൗജന്യം.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Is there agriculture in Kerala?