ADVERTISEMENT

ടെൻഷൻ കുറയ്ക്കാനാണു പലരും കൃഷി തുടങ്ങുന്നത്. കൃഷി തന്നെ ടെൻഷനായി മാറിയലോ? ടെൻഷൻ അടിക്കേണ്ട, കൃഷി അനായാസമാക്കുന്ന ആധുനിക സങ്കേതികവിദ്യകൾ ഇന്നു ലഭ്യമാണെന്നു പറയുന്നു കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവാബിയ എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ വേങ്ങേരി ഹരികൃഷ്ണൻ. കർഷകർക്കും കാർഷിക സംരംഭകർക്കുമായി കൃഷിവകുപ്പ്  ഒരുക്കിയ ഇസ്രയേൽയാത്രയിൽ പങ്കെടുത്ത ഈ യുവ കാർഷിക സംരംഭകൻ അവിടെ കണ്ടതൊക്കെ നമ്മുടെ സാഹചര്യത്തിനു യോജിച്ച രീതിയില്‍ പുനര്‍സൃഷ്ടിക്കാനുള്ള യത്നത്തിലാണ്. 

നിർമിതബുദ്ധി (artificial intelligence) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഒരുമിച്ചു ചേരുന്ന ഐഒടി (internet of things) യാൽ നിയന്ത്രിക്കപ്പെടുന്ന ഒട്ടേറെ വൻകിട കൃഷിയിടങ്ങളുണ്ട് ഇസ്രയേലിൽ. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽനിന്ന് ബിടെക് നേടിയ ഹരികൃഷ്ണൻ പഠനത്തിനിടയിൽ സ്ഥാപിച്ച സ്റ്റാർട്ടപ് കമ്പനിയാണ് ഇവാബിയ. സ്റ്റാർട്ടപ് മിഷന്റെ പിന്തുണയും കേന്ദ്ര സർക്കാരിന്റെ ധനസഹായവും നേടിയാണ് ഇവാബിയയുടെ പ്രവർത്തനം.   

ഹരികൃഷ്ണൻ
ഹരികൃഷ്ണൻ

അളവിൽ കവിയാതെ നന

‘സംസ്ഥാനത്തു രണ്ടു തരത്തിലുള്ള കൃഷിക്കാരാണു ഭൂരിപക്ഷവും, ആദ്യത്തേത് വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ഫലവർഗങ്ങളും മാത്രം ഉൽപാദിപ്പിക്കാൻ സമയവും സാഹചര്യവുമുള്ളവർ. രണ്ടാമത്തേത് ഒന്നോ, ഒന്നരയോ ഏക്കർ മാത്രം കൃഷിയിടമുള്ള ചെറുകിട കർഷകർ. ഈ രണ്ടു വിഭാഗങ്ങളുടെയും കൃഷി എളുപ്പമാക്കുകയാണ് തന്റെ സ്റ്റാർട്ടപ്പിന്റെ ഉദ്ദേശ്യമെന്നു ഹരികൃഷ്ണൻ. വീട്ടാവശ്യത്തിനു പച്ചക്കറികൾ വിഷമില്ലാതെ വിളയിക്കാൻ മാത്രം ആഗ്രഹിക്കുന്ന അടുക്കളത്തോട്ടക്കാര്‍ക്കു സമയം ലാഭിക്കുക പ്രധാനമാണ്.  നിത്യേനയുള്ള നനയാണ് അവർ നേരിടുന്ന പ്രധാന പ്രശ്നം. ടൈമർ ക്രമീകരിച്ചൊക്കെ നന സാധ്യമെങ്കിലും അതു കാലാവസ്ഥയ്ക്കോ വിളയുടെ ആവശ്യകതയ്ക്കോ അനുസരിച്ചാവില്ല. ഹരികൃഷ്ണൻ വികസിപ്പിച്ച ഗ്രോറേറ്റർ എന്ന ഐഒടി സംവിധാനം ഈ പ്രശ്നത്തിനു പരിഹാരമാണ്. 

വൈഫൈ വഴി മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ഗ്രോറേറ്ററിന്റെ പ്രവർത്തനം. ഗ്രോറേറ്ററിന്റെ നിയന്ത്രണത്തിൽ കൃഷി നടക്കുന്ന അടുക്കളത്തോട്ടത്തിലെ ചെടികൾക്ക് ഗൂഗിൾ നൽകുന്ന കാലാ വസ്ഥാറിപ്പോർട്ടിന് അനുസരിച്ചായിരിക്കും നന ലഭിക്കുക. അതായത്, അന്നേ ദിവസം ചൂട് കുറവെങ്കിൽ നനയുടെ അളവ് ഗ്രോറേറ്റർ സ്വയം പുതുക്കി നിശ്ചയിക്കും ഓരോ ദിവസവും ഈ രീതിയിൽ നന നിശ്ചയിക്കാൻ ഗ്രോറേറ്ററിനു കഴിയും. ഓരോ ചെടിക്കും ആവശ്യമായ വെള്ളത്തിന്റെ അളവും വ്യത്യസ്തമായിരിക്കുമല്ലോ. അടുക്കളത്തോട്ടത്തിലെ ഓരോ ചെടിയുടെ കാര്യത്തിലും ഈ രീതിയിൽ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയുണ്ട് ഗ്രോറേറ്ററിനെന്ന് ഹരികൃഷ്ണൻ പറയുന്നു. 

iot-3
ഗ്രോറേറ്റർ സംവിധാനം ഉപയോഗിച്ചു നന നടക്കുന്ന വേങ്ങേരിയിലെ അടുക്കളത്തോട്ടം (മാടാപറമ്പത്ത് സുഷീജ)

നനയ്ക്കൊപ്പം വളം നൽകുന്ന ഫെർട്ടിഗേഷൻ രീതിയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനാവും. അ‌ടുക്കളത്തോട്ടത്തിൽ പക്ഷേ നന മാത്രമേ സ്വയം നിയന്ത്രിതമാക്കേണ്ടതുള്ളൂ എന്നാണ് ഹരിയുടെ അഭിപ്രായം. വീട്ടിൽനിന്നു മാറിനിൽക്കുന്ന ദിവസങ്ങളിൽ നനയ്ക്കാൻ കഴിയാതെ ചെടി നശിച്ചുപോകുമെന്നാണ് മിക്കവരുടെയും ആശങ്ക. ആവേശത്തോടെ അടുക്കളത്തോട്ടം തുടങ്ങിയ പലരും പിന്നീട് പിൻതിരിഞ്ഞതും നന മുടങ്ങുന്നതുകൊണ്ടെന്ന് ഹരികൃഷ്ണൻ.  

നിറവോടെ കൃഷി

സംസ്ഥാനത്ത് അടുക്കളത്തോട്ടക്കൃഷിക്കു വൻപ്രചാരം ലഭിച്ചപ്പോൾ അതിന്റെ മികച്ച മാതൃകയായി അവതരിപ്പിക്കപ്പെട്ട കൂട്ടായ്മയാണ് കോഴിക്കോട് വേങ്ങേരിയിലുള്ള നിറവ് റസിഡന്റ്സ് അസോസിയേഷൻ. ഈ കൂട്ടായ്മയുടെ ഭാഗമായി മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുടുംബമാണ് ഹരികൃഷ്ണന്റേത്. നിറവ് പിന്നീട് കർഷക കമ്പനിയായി വളരുകയുണ്ടായി. നിറവിന് നബാർഡ് അനുവദിച്ച പദ്ധതിയടെ ഭാഗമായി വേങ്ങേരിയിലെ 15 വീടുകളിൽ ഗ്രോറേറ്റർ യൂണിറ്റ് സ്ഥാപിച്ച അടുക്കളത്തോട്ടങ്ങളുണ്ട്. നിലവിൽ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച് കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള നനയാണ് ഈ വീടുക ളിൽ ഒരുക്കിയിട്ടുള്ളത്. ഈ ഗ്രോറേറ്ററിൽ അപ്ഡേഷൻ നടത്തി വളപ്രയോഗം ഉൾപ്പെടെ മുഴുവൻ പരിപാലനവും സ്വയം നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന് ഹരികൃഷ്ണൻ പറയുന്നു. പക്ഷേ ചെലവേറും. 15 ചട്ടിയും ചെടിയും നടീൽമിശ്രിതവും, നനസംവിധാനവും കൺട്രോൾ യൂണിറ്റും സർവീസും ഉൾപ്പെടെ ഒരു വീടിന് 22,500 രൂപയാണ് വേങ്ങേരിയിലെ പദ്ധതിയിൽ ചെലവു വന്നത്. എന്നാൽ, നബാർഡ് നൽകുന്ന സബ്സിഡി കിഴിച്ച് ബാക്കി 5000 രൂപയേ വീട്ടുകാർക്കു ചെലവു വന്നുള്ളൂ.

iot-2
ഗ്രോറേറ്റർ സംവിധാനം ഉപയോഗിച്ചു നന നടക്കുന്ന വേങ്ങേരിയിലെ അടുക്കളത്തോട്ടം (പനംകുന്നു പറമ്പത്ത് മോഹനനും ഭാര്യയും)

അടിമുടി മാറും കൃഷി

ചെറുകിട കർഷകര്‍ക്കു നനയെക്കാൾ ഉൽപാദനവും രോഗ, കീടബാധകളുമാണ് പ്രശ്നം. നിലവിൽ കൃ ഷിയിടത്തിൽ സെൻസറുകൾ സ്ഥാപിച്ച് മണ്ണും മൂലകങ്ങളും ഈർപ്പവുമൊക്ക തിട്ടപ്പെടുത്താനുള്ള സംവി ധാനങ്ങളുണ്ട്. രോഗ, കീടബാധകള്‍ക്കു പരിഹാരമായി അപ്പപ്പോൾ ചെടികൾക്കു പ്രതിവിധികൾ ലഭ്യമാക്കുന്ന സംവിധാനങ്ങളുള്ള ഫാമുകളുമുണ്ട്. എന്നാൽ, കൃഷിയുടെ അടത്ത ഘട്ടം ഐഒടി നിയന്ത്രണത്തി ലായിരിക്കുമെന്ന് ഹരികൃഷ്ണൻ പറയുന്നു. ഡേറ്റയായിരിക്കും കൃഷിവിജയത്തിന്റെ അടിസ്ഥാന ഘടകം. കൃഷിയിടത്തെ സംബന്ധിച്ചും കൃഷിയിനത്തെ സംബന്ധിച്ചുമുള്ള സമ്പൂർണ ഡേറ്റയുടെ അടിസ്ഥാനത്തി ലാകും കൃഷി മുന്നേറുക. അങ്ങനെ വരുമ്പോൾ, രോഗം വന്ന ശേഷം മരുന്നടിക്കുക എന്ന രീതി മാറി രോഗസാധ്യത തന്നെ ഒഴിവാക്കാനാകും. സംസ്ഥാനത്തെ ചെറുകിട കർഷകർക്കു വേണ്ടി അത്തരമൊരു ഐഒടി സംവിധാനം ഇവാബിയ താമസിയാതെ അവതരിപ്പിക്കുമെന്ന് ഹരികൃഷ്ണൻ പറയുന്നു.

ഫോൺ: 8075363182

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com