ADVERTISEMENT

റംബുട്ടാൻ

വിത്തുപയോഗിച്ചും ബഡിങ്, ഗ്രാഫ്റ്റിങ് രീതികളിലും റംബുട്ടാൻ തൈകൾ തയാറാക്കാം. ആൺചെടികൾ ഉണ്ടാകുന്നതിനാലും വിളവിലെത്താൻ 8-10 വർഷമെടുക്കുന്നതിനാലും വിത്തുതൈകള്‍ വാണിജ്യക്കൃഷിക്കു പറ്റില്ല. 

ഒട്ടുതൈകളുണ്ടാക്കാന്‍ ആരോഗ്യമുള്ള മരങ്ങളിൽനിന്നു വിത്ത് ശേഖരിക്കണം. വിത്തുകൾക്ക് സൂക്ഷിപ്പു കാലാവധി കുറവായതിനാൽ ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കുകയും 4-5 ദിവസത്തിനുള്ളിൽ പ്രത്യേക തവാരണകളിൽ പാകി മുളയ്ക്കുന്നതിനു സാഹചര്യമൊരുക്കുകയും വേണം. മുളച്ചു വരുന്ന തൈകളിൽനിന്ന് ആരോഗ്യമുള്ളതും തായ്‌വേരുകൾ നേരെ വളരുന്നതുമായ തൈകൾ എടുത്ത് പോളിത്തീൻ കവറുകളിലോ റൂട്ട് ട്രെയിനർ കപ്പുകളിലോ നട്ടു പരിപാലിക്കുക. ശരിയായി പരിപാലിച്ചാല്‍ ഈ തൈകൾ 4–5 മാസത്തിനകം ബഡ് ചെയ്യാം. 

ഇനങ്ങൾ: സീസർ, കിങ്, റോങ്റിയാൻ, മൽവാന, സ്കൂൾ ബോയ്, N18 തുടങ്ങി ഒട്ടേറെ ഇനങ്ങൾ ലഭ്യമാണെങ്കിലും ഉയർന്ന വിളവും സൂക്ഷിപ്പുകാലാവധിയുമുള്ള N18 ആണ് വാണിജ്യക്കൃഷിക്കു കൂടുതൽ യോജ്യം.   

നടുന്ന വിധം: നീർവാർച്ചാസൗകര്യവും 2–3 മീറ്റർ ആഴം ഉള്ളതും ജൈവാംശം കൂടിയതുമായ പശ്ചിമരാശി മണ്ണാണ് കൃഷിക്കുത്തമം. ഉല്‍പാദനത്തെ സൂര്യപ്രകാശലഭ്യത നന്നായി സ്വാധീനിക്കുന്നതിനാൽ നല്ല തുറസ്സായ സ്ഥലങ്ങൾ വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. 2 തൈകൾ തമ്മിൽ കാലാവസ്ഥ, സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ സ്വഭാവം എന്നിവ അനുസരിച്ച് 8 മുതൽ 12 മീറ്റർ വരെ അകലം നൽകി വേണം നടാൻ. ഏക്കറിൽ 35 – 40 തൈ നടാം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് രണ്ടര മുതൽ 3 അടി വരെ വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് 10 കിലോ ജൈവവളവും 250 ഗ്രാം റോക്ക് ഫോസ്ഫേറ്റും മേൽമണ്ണുമായി ചേർത്ത് ഇളക്കി കുഴിയിൽ നിറച്ചശേഷം തൈകൾ നടാം.

Mangosteen fruits. Image credit: enviromantic/iStockPhoto
Mangosteen fruits. Image credit: enviromantic/iStockPhoto

മാങ്കോസ്റ്റിൻ

റംബുട്ടാനിൽനിന്നു വ്യത്യസ്തമായി ബീജസംയോജനം നടക്കാതെ വിത്തുകൾ ഉല്‍പാദിപ്പിക്കുന്ന സസ്യമാണ് മാങ്കോസ്റ്റിൻ. തന്മൂലം മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും വിത്തുതൈകൾക്കുമുണ്ടാകും. നല്ല വളർച്ചയും രോഗപ്രതിരോധശേഷിയുമുള്ളതും ഗുണനിലവാരമുള്ള കായ്കൾ ഉല്‍പാദിപ്പിക്കുന്നതുമായ വൃക്ഷങ്ങളിൽനിന്നു വിത്ത് ശേഖരിക്കണം. 25–50 വർഷം പ്രായമുള്ള മരങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്തുകളില്‍നിന്നു കൂടുതൽ ഊർജസ്വലമായ തൈകള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. വിത്തുകളിൽ നിന്ന് ഉല്‍പാദിപ്പിക്കുന്ന തൈകൾ വിളവിലെത്താന്‍ 8–12 വർഷമെടുക്കാറുണ്ട്. മാങ്കോസ്റ്റിന്റെ വേരുകളിൽ മൂലലോമങ്ങൾ ഇല്ലാത്തതും അവ ശാഖകളായി പൊട്ടി വളരാത്തതുമാണ് സാവധാനത്തിലുള്ള വളർച്ചയുടെ പ്രധാന കാരണം. 3 വർഷത്തിലേറെ പ്രായമുള്ള തൈകൾ നടുന്നതിലൂടെ ഈ കാലതാമസം കുറയ്ക്കാം. ശരിയായ നനയും വളപ്രയോഗവും ഉറപ്പാക്കിയും തൈവളർച്ച മെച്ചപ്പെടുത്താം.

ക്ലഫ്റ്റ് ഗ്രാഫ്റ്റിങ്, സൈഡ് ക്ലഫ്റ്റ് ഗ്രാഫ്റ്റിങ്, അടുപ്പിച്ചൊട്ടിക്കൽ രീതികളിലൂടെ ഗ്രാഫ്റ്റ് ചെയ്യാമെങ്കിലും പല കാരണങ്ങളാലും മാങ്കോസ്റ്റിനിൽ ഗ്രാഫ്റ്റിങ് ശുപാർശ ചെയ്തിട്ടില്ല. ഗ്രാഫ്റ്റ് തൈകളുടെ വളർച്ച വിത്തു തൈകളുടേതിനെക്കാൾ സാവധാനമാണെന്നാണ് പ്രധാന കാരണം. ഗ്രാഫ്റ്റിങ്ങിന് ആ വശ്യമായ വേരുകാണ്ഡം അഥവാ റൂട്സ് സ്റ്റോക്ക് ഉല്‍പാദിപ്പിക്കുന്നതിന് 2–3 വർഷമെടുക്കുമെന്നതും കാരണമാണ്.  

dragon-fruit

ഡ്രാഗൺ ഫ്രൂട്ട്  

ഡ്രാഗൺ ഫ്രൂട്ടിൽ വെള്ള / പർപ്പിൾ /ചുവപ്പ് നിറമുള്ള കാമ്പോടു കൂടിയ പഴങ്ങൾ ഉൽപാദിപ്പിക്കുന്ന ഇനങ്ങൾ ലഭ്യമാണ്. കായയുടെ പുറംതൊലിക്ക് മഞ്ഞ നിറമുള്ള ഇനവും ലഭ്യമാണ്. എല്ലാ ഇനങ്ങളിലും കായ്കൾ ഉണ്ടായ ശിഖരങ്ങൾ കോതുമ്പോൾ അവയിൽനിന്നു 30 സെ.മീ. വലുപ്പമുള്ള കഷണങ്ങൾ മുറിച്ചെടുത്ത് തവാരണകളിൽ പാകി വേര് പിടിപ്പിച്ചാണ്  തൈകൾ ഒരുക്കുന്നത്. ചെടികൾ പടർത്താനു ള്ള പോസ്റ്റുകൾ തമ്മിൽ 3 മീറ്റർ അകലം നൽകണം.  പോസ്റ്റിന് 7 അടി ഉയരവും വേണം. അവ 2 അടി ആഴത്തിൽ ഉറപ്പിക്കണം.

passion-fruit

പാഷൻ ഫ്രൂട്ട് 

ഗുണനിലവാരമുള്ള മാതൃസസ്യത്തിന്റെ വിത്തു പാകിയും വള്ളികൾ മുറിച്ചുനട്ടും ഗ്രാഫ്റ്റ് ചെയ്തും പതി വച്ചും തൈകൾ ഉണ്ടാക്കാം. വിത്തുപയോഗിക്കുമ്പോൾ പഴങ്ങളിൽനിന്നു പുറത്തെടുത്ത വിത്തുകൾ 12 മണിക്കൂർ വെള്ളത്തിലിട്ടു ഞെരടി വൃത്തിയായി കഴുകണം. അവ പ്രത്യേകം തയാറാക്കിയ മാധ്യമത്തിൽ പാകി ആവശ്യമായ ഈർപ്പം നിലനിർത്തുന്നപക്ഷം  3-4 ആഴ്ചയ്ക്കുള്ളിൽ മുളയ്ക്കും.

വള്ളികൾ മുറിച്ച് വേരുപിടിപ്പിക്കുമ്പോൾ അധികം പ്രായമാകാത്തതും എന്നാൽ വളരെ ഇളപ്പമല്ലാത്തതുമായ വള്ളികൾ തിരഞ്ഞെടുക്കണം. മുറിച്ചെടുത്ത വള്ളിയുടെ താഴ്ഭാഗത്തെ ഇലകൾ മുറിച്ചു നീക്കിയ ശേഷം മുട്ടുകൾ നടീൽമാധ്യമത്തിനുള്ളിൽ പൂർണമായി മൂടുന്ന വിധം നട്ട് ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പോളിത്തീൻ ടണലുകളിൽ സൂക്ഷിക്കണം.

ഗ്രാഫ്റ്റ്  തൈകൾ ഉണ്ടാക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള പാഷൻ ഫ്രൂട്ടിന്റെയോ പാഷൻഫ്രൂട്ട് കുടുംബത്തിൽപെടുന്ന ചെടികളുടെയോ വിത്തുതൈകൾ തയാറാക്കണം. ഇത്തരം തൈകളിലേക്ക് തിരഞ്ഞെടുത്ത മാതൃ ചെടികളുടെ വള്ളികൾ ക്ലഫ്റ്റ് ഗ്രാഫ്റ്റിങ് രീതി ചെയ്യാം.

തയാറാക്കിയത്

ഡോ. റിൻസി കെ. ഏബ്രഹാം, കൃഷിവിജ്ഞാനകേന്ദ്രം, പത്തനംതിട്ട

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com