കുർകുമിൻ അളവ് കൂടിയ ആലപ്പി മഞ്ഞൾ; ആഗോളവിപണിയിൽ പേരുകേട്ട കൊച്ചിൻ ജിഞ്ചറും കാലിക്കറ്റ് ജിഞ്ചറും; വിളവുയർത്താൻ ചെയ്യേണ്ടത്
Mail This Article
കാർത്തിക (ഞാറ്റുവേല) യുടെ കന്നിക്കാലിൽ, കാനൽപ്പാടിൽ (അല്‍പം തണൽ ആകുന്നതിൽ തെറ്റില്ല), കാശോളം വിത്ത് (ഒന്നോ രണ്ടോ മുളകൾ ഉണ്ടാകണം), കാഞ്ഞിരത്തോൽ പുതച്ച്, കാലടി അകലത്തിൽ നട്ടാൽ പിന്നെ ഇഞ്ചിയായി, ഇഞ്ചിയുടെ പാടായി എന്നൊരു സുവർണകാലമുണ്ടായിരുന്നു, മലയാളക്കരയിൽ. ആവശ്യത്തിനു മാത്രം മണ്ണിളക്കി, അല്‍പം മാത്രം വിത്തുകൾ ഉപയോഗിച്ച്, കരിയിലകൾ പുതയായി ഇട്ടു കൊടുത്ത്, രോഗ-കീട നിയന്ത്രണത്തിനു കാഞ്ഞിരംപോലുള്ള കീടവികർഷിണികൾ മണ്ണിൽ ചേർത്ത് കൃഷി ചെയ്യാനാണ് നമ്മുടെ പൂർവികർ ശ്രമിച്ചത്. എന്നാൽ, കാലാന്തരത്തിൽ കീടാണുക്കളെ നിയന്ത്രിക്കാൻ അത് പോരാ എന്നായി. ഗവേഷകസമൂഹം ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, പോചോണിയ എന്നീ ജീവാണുക്കളെ കണ്ടെത്തി വീണ്ടും കൃഷി രാസരഹിതമാക്കുന്നതിൽ ഒരളവുവരെ വിജയിച്ചു.
ഇഞ്ചിക്കൃഷി
ലോകത്തിലെ ഏറ്റവും വലിയ ഇഞ്ചി ഉല്‍പാദകര്‍ ഇന്ത്യയാണ്. രണ്ടാം സ്ഥാനത്തു ചൈനയും. പക്ഷേ മികച്ച ഇനങ്ങളുണ്ടായിട്ടും നമ്മുടെ ഉല്‍പാദനക്ഷമത വളരെ കുറവാണ്. ആഗോളവിപണിയിൽ പേരുകേട്ട ഉല്‍പന്നങ്ങളാണ് കൊച്ചിൻ ജിഞ്ചർ, കാലിക്കട്ട് ജിഞ്ചർ എന്നിവ. ഈ ഇഞ്ചി (ചുക്ക്) ഒന്നും ആലപ്പുഴയിലും കൊച്ചിയിലും അല്ല ഉല്‍പാദിപ്പിക്കുന്നത്. ഈ വാണിജ്യകേന്ദ്രങ്ങൾ വഴി വിപണനം നടക്കുന്നതുകൊണ്ടാണ് അങ്ങനെ അറിയപ്പെട്ടത്.
ഇഞ്ചിയിൽനിന്ന് Unbleached Dry Ginger, Bleached Dry Ginger, ഇഞ്ചിയെണ്ണ (Ginger oil), ഇഞ്ചി സത്ത് (Ginger Oleoresin), ഇഞ്ചി മിഠായി, ഇഞ്ചി ബിയർ, ഇഞ്ചി വൈൻ, ഇഞ്ചി സ്‌ക്വാഷ് തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉല്‍പ ന്നങ്ങളുണ്ടാക്കാം. എന്നാല്‍, ഈ സാധ്യതകൾ നമ്മുടെ കർഷകർ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല.
ഇഞ്ചിയിൽ ഒരു പിടി മികച്ച ഇനങ്ങൾ നമുക്കു സ്വന്തമായുണ്ട്. ഇറക്കുമതിയിനങ്ങളുമുണ്ട്. മാരൻ, കുറുപ്പംപടി, അസം, ഹിമാചൽ, വയനാട് ലോക്കൽ, സുരുചി, സുരവി, സുരോമ, വരദ, മഹിമ, രജത, നാദിയ എന്നിങ്ങനെ. റിയോ ഡി ജനീറോ, ചൈന എന്നീ വരത്തൻ ഇനങ്ങൾ വേറെയും. ചുക്കിനു പറ്റിയതാണ് മാരനും നാദിയയും. സത്തിന് പറ്റിയത് റിയോയും ചൈനയും. എണ്ണ എടുക്കാൻ പറ്റിയവയാണ് നരസപ്പെട്ട, ഹിമാചൽ എന്നിവ. പച്ച ഇഞ്ചിയായി റിയോയും ചൈനയും മാരനും വരദയും ഒക്കെ കേമം.
ഇഞ്ചിക്കൃഷിയില്‍ മികച്ച വിളവു കിട്ടാൻ
സ്ഥിരമായി ഒരേ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യരുത്. മൃദുചീയൽ രോഗസാധ്യത കൂടും. ഇഞ്ചി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മുൻപു തക്കാളി, മുളക്, വഴുതന, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് ബാക്ടീരിയൽ വാട്ടം വന്നിട്ടുണ്ടെങ്കിൽ അവിടെയും ഇഞ്ചി നടരുത്. ഇതേ രോഗം ഇഞ്ചിക്കും വരാം. കേരളത്തിൽ മഴയെ ആശ്രയിച്ച് കൃഷി ചെയ്യാൻ പറ്റിയ സമയം കാർത്തിക ഞാറ്റുവേലയുടെ ഒന്നാം കാൽ (മേയ് 10 മുതൽ 14വരെ) ആണ്. അക്കാര്യം ശ്രദ്ധിക്കുക.
മൃദുചീയൽ, ബാക്ടീരിയൽ വാട്ടം, ശല്‍ക്കകീടം എന്നിവയുടെ ശല്യം ഇല്ലാത്ത തോട്ടങ്ങളിൽനിന്നു മാത്രമേ വിത്തിഞ്ചി എടുക്കാവൂ. ഇങ്ങനെ ഒക്കെയാണെങ്കിൽ പോലും നടാനെടുക്കുന്ന വിത്തിഞ്ചി ഒരു ലീറ്റർ വെള്ളത്തിൽ 3 ഗ്രാം മാങ്കോസെബ് പൊടിയും 2 മില്ലി ക്വിനാൽഫോസ് ലായനിയും ചേർത്ത മിശ്രിതത്തിൽ അര മണിക്കൂർ മുക്കിയിട്ട്, 3–4മണിക്കൂർ കാറ്റത്ത് ഉണക്കി വേണം നടാൻ.
ഒരു കാരണവശാലും വെള്ളക്കെട്ട് ഇഞ്ചിത്തടത്തിൽ ഉണ്ടാകാൻ പാടില്ല. കൃഷിക്കു നല്ല നീർവാർച്ചയുള്ള സ്ഥലം തന്നെ വേണം. നല്ല വെയിൽ ഇഷ്ടപ്പെടുന്ന വിളയാണെങ്കിലും അല്‍പം തണലൊക്കെ സഹിക്കും. അതിനാൽ തെങ്ങിൻതോട്ടങ്ങളിലും മറ്റും ഇടവിളയാക്കാം. ചെറിയ അളവിൽ കൃഷി ചെയ്യുന്നവർ ഇഞ്ചിപണകൾ, ചട്ടികളിൽ ഉപയോഗിക്കുന്ന വളർച്ചമിശ്രിതം എന്നിവ 20-30 ദിവസം സൂര്യതാപീകരണം (solarization ) ചെയ്യുന്നതു െകാള്ളാം. കുമ്മായ-ജൈവ വള പ്രയോഗം കഴിഞ്ഞ പണകളെ സുതാര്യവും കട്ടിയുള്ളതുമായ UV stabilised ഷീറ്റ് ഉപയോ ഗിച്ച് വായു കടക്കാത്ത രീതിയിൽ 20-30 ദിവസം പൊതിഞ്ഞു സൂക്ഷിക്കണം. 25ഗ്രാമിൽ കൂടാത്ത 2 മുളയെങ്കിലു മുള്ള കഷണങ്ങൾ നടാം. 5ഗ്രാം മാത്രം തൂക്കമുള്ള ഒരു കണ്ണെ (മുള) ങ്കിലുമുള്ള കഷണങ്ങൾ പ്രോട്രേയിൽ, 30-40 ദിവസം വളർത്തി അവ നടീൽവസ്തുവായി ഉപയോഗിക്കാം. അങ്ങനെ കൃഷിച്ചെലവ് കുറയ്ക്കാം.
ഒരു സെന്റിലേക്ക് 5-6 കിലോ വരെ വിത്തിഞ്ചി വേണ്ടിവരും, പരമ്പരാഗത രീതിയിൽ. ഒരു സെന്റിൽ ഏതാണ്ട് 100 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ എന്നിവ സമ്പുഷ്‌ടീകരിച്ച് കൊടുക്കണം. അടിസ്ഥാനവളമായി ചാണകപ്പൊടി-വേപ്പിൻ പിണ്ണാക്ക് മിശ്രിതത്തിനൊപ്പം ഒരു സെന്റിൽ ഒരു കിലോ റോക്ക് ഫോസ്ഫേറ്റ് കൂടി ചേർത്തു കൊടുക്കാം. നട്ട്, ഒന്നരമാസം കഴിഞ്ഞ് ഒരു സെന്റിലേക്കു 300 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും ചേർത്തു കൊടുക്കണം. ഈ സമയത്ത് കളയെടുക്കലും ഇടയിളക്കലും ചെയ്യാം. നട്ട്, 3 മാസം കഴിഞ്ഞ് ഇതേ അളവിൽ ഒരിക്കൽക്കൂടി വളം കൊടുക്കണം. കള നീക്കം ചെയ്യണം. ഇടയിളക്കണം. ഇതിനുശേഷമാണ് വൻതോതിൽ ചിനപ്പ് പൊട്ടി കിഴങ്ങുകൾ വലുപ്പം വയ്ക്കാൻ തുടങ്ങുന്നത്. നട്ടതിനുശേഷം പരമാവധി കരിയിലകളും മടൽ നീക്കം ചെയ്ത ഓലക്കാലുകളും കച്ചിയും ഒക്കെ ചേർത്ത് പുതയിട്ടു കൊടുക്കണം. അവ ദ്രവിച്ചു തീരുന്നതിനനുസരിച്ചു രണ്ടോ മൂന്നോ തവണ വീണ്ടും പുത വച്ച് കൊടുക്കണം. ഇത് പണകളിൽ നിന്നു മണ്ണ് ഒലിച്ചു പോകുന്നത് തടയുകയും മണ്ണിനെ ഇളക്കമുള്ളതാക്കി നിലനിർത്തി കിഴങ്ങുകൾ വലുപ്പം വയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട രോഗ, കീടങ്ങൾ
മൃദുചീയൽ (Soft rot), ബാക്ടീരിയൽ വാട്ടം, നിമാ വിരകൾ, ഇല കരിച്ചിൽ, ശല്‍ക്കകീടം, തണ്ടുതുരപ്പൻ എന്നിവ യാണ് പ്രധാന രോഗ, കീടങ്ങള്‍. ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിൽ തണ്ടുതുരപ്പൻ ശല്യം തുടങ്ങുന്നതിനു മുന്നേ തന്നെ വേപ്പെണ്ണ-വെളുത്തുള്ളി-ബാർ സോപ്പ് മിശ്രിതം തളിച്ചു കൊടുക്കാം. മണ്ണിന്റെ പുളിപ്പ് കുറയ്ക്കാൻ സെന്റ് ഒന്നിനു 3 കിലോ കുമ്മായം മുൻപേ തന്നെ പണകളിൽ ചേർത്തിളക്കി ഇടണം. നിമാവിരകളെ പ്രതിരോധിക്കാൻ ഓരോ തടത്തിലും അല്‍പം Pochonia കൾച്ചർ ചേർത്തു കൊടുക്കാം. വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നിമാവിര ശല്യം കുറയ്ക്കും. ഓരോ തടത്തിലും ഇടയ്ക്കിടെ പച്ചച്ചാണകം കലക്കി ഒഴിക്കുന്നത് കൂടുതൽ ചിനപ്പുകൾ പൊ ട്ടാൻ സഹായിക്കും. പച്ച ഇഞ്ചിക്കായി ആറാം മാസം മുതലും ചുക്ക് ആക്കാൻ എട്ടാം മാസം മുതലും വിത്തിഞ്ചി ക്കായി ചെടികൾ പഴുത്ത് ഉണങ്ങുന്നതുവരെയും കാക്കാം.
മഞ്ഞൾക്കൃഷി
ഇന്ത്യയിൽ പൊതുവേ രണ്ടു തരം മഞ്ഞൾ ഉല്‍പാദിപ്പിക്കുന്നു. കടുത്ത മഞ്ഞ നിറമുള്ളതും ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ളതും. ആദ്യത്തേതിനെ മദ്രാസ് മഞ്ഞൾ എന്നും രണ്ടാമത്തേതിനെ ആലപ്പി മഞ്ഞൾ എന്നും വിദേശികൾ വിളിക്കുന്നു. ആലപ്പി മഞ്ഞളിൽ കുർകുമിന്റെ (Curcumin) അളവ് കൂടും. ഏതാണ്ട് 4% മുതൽ 7% വരെ. എണ്ണയുടെ അളവും കൂടുതലാണ്. 3.5 മുതൽ 5.5 വരെ. ഈ ഇനമാണ് അമേരിക്കക്കാർക്കു പ്രിയം. എന്നാൽ, മദ്രാസ് മഞ്ഞളിൽ കുർകുമിനും എണ്ണയും ഏതാണ്ട് 2 ശതമാനമാണ്. യുകെയും ഗൾഫ് രാജ്യങ്ങളും ഇഷ്ടപ്പെടുന്നത് ഈയിനമാണ്.
ദുഗിരാല, തെക്കൂർപെട്ട, കസ്തൂരി പശുപ, റോമ, സുരോമ, പ്രതിഭ എന്നിങ്ങനെ ഒട്ടേറെ മികച്ച ഇനങ്ങളുണ്ട്. പ്രതി ഭയിൽ കൂടിയ അളവിൽ കുര്‍കുമിന്‍ അടങ്ങിയിരിക്കുന്നു. ശാസ്ത്രീയ പരിചരണം നൽകിയാൽ ഒരു ഏക്കറിൽ നിന്ന് 8-10 ടൺ വിളവെടുക്കാം. ഉണക്കുമ്പോൾ ഏതാണ്ട് അഞ്ചിലൊന്ന് ഉണക്കമഞ്ഞൾ കിട്ടും.
മേയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യം മഞ്ഞൾ നടുന്നതാണ് കേരളത്തിൽ നല്ലത്. ഇഞ്ചിക്കൃഷി പോലെതന്നെ പണകൾ എടുത്താണ് കൃഷി. ഇവിടെ ഫിംഗേഴ്സ് (Fingers) എന്നറിയപ്പെടുന്ന ചെറുകഷണങ്ങളും ബള്‍ബ് (Bulb) എന്നറിയപ്പെടുന്ന തടിച്ച മാതൃഭാഗവും (തട, കൊണ്ട) നടീൽ വസ്തുക്കളായി ഉപയോഗിക്കാം.
മഞ്ഞൾകൃഷിയിൽ മികച്ച വിളവിന്
കൃഷിസ്ഥലം നല്ല നീർവാർച്ച ഉള്ളതായിരിക്കണം. ഒരു സെന്റിൽ 2 കിലോ കുമ്മായം പണ (വാരം) കോരുമ്പോൾ മണ്ണിൽ നന്നായി ചേർത്തിളക്കണം. അടിസ്ഥാന വളമായി സെന്റിന് 100 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം ചേർക്കണം. ഒരു സെന്റിലേക്ക് 5-6 കിലോ വിത്ത് വേണ്ടിവരും. ഇഞ്ചിയിലെ പോലെത്തന്നെ ഒരു മുളയുള്ള ചെറു കഷണങ്ങൾ പ്രോട്രേയിൽ പാകി 30-40 ദിവസത്തെ വളർച്ചയിൽ പറിച്ചു നടാം.
പണയിൽ മഞ്ഞൾ നട്ടു കഴിഞ്ഞ് നല്ല കനത്തിൽ കരിയിലകൾകൊണ്ടു പുതയിടണം. വളപ്രയോഗം ഇഞ്ചിയിലെ പോലെ തന്നെ ചെയ്യണം. നടുമ്പോൾ സെന്റിന് ഒരു കിലോ റോക്ക് ഫോസ്ഫേറ്റ് ചേർത്തുകൊടുക്കാം. നട്ട് ഒന്നര മാസം, മൂന്നു മാസം കഴിയുമ്പോൾ മേൽവളങ്ങൾ കൊടുക്കാം. രണ്ടോ മൂന്നോ തവണ ചെറിയ രീതിയിൽ ഇടയിള ക്കുന്നത് കിഴങ്ങുകൾ വലുതാകാൻ സഹായിക്കും. എരുക്കുപോലെയുള്ള ചെടികളുടെ തോല് മണ്ണിൽ ചേർക്കുന്നത് കൂടുതൽ പൊട്ടാസ്യം കിട്ടാൻ സഹായിക്കും. നട്ട് 7-8 മാസങ്ങൾ കഴിഞ്ഞ്, ഇലകൾ മഞ്ഞളിച്ച് ഉണങ്ങിക്കഴിയു മ്പോൾ വിളവെടുക്കാം. തണലിനെ സഹിക്കുന്ന വിളയായതിനാൽ തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി വളർ ത്താം. മികച്ച ഇനങ്ങൾക്കായി കോഴിക്കോടുള്ള ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി (IISR) ബന്ധപ്പെ ടാം.
വാൽകഷണം: ഇഞ്ചിയിലും മഞ്ഞളിലും പുതയിടല്‍ പ്രധാനം. കരിയിലകളോ വൈക്കോലോ കൊണ്ട് പുതയിടു മ്പോൾ മണ്ണൊലിപ്പ് തടയാനും മുളശേഷി കൂട്ടാനും മണ്ണിലെ ഈർപ്പം നിലനിർത്താനും മണ്ണിന്റെ ജൈവാംശം കൂട്ടാനും അനുകൂല സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും സാധിക്കും. കൃഷി ചെയ്യാൻ നേരമായി. ഇനി ഒട്ടും വൈകേണ്ട.