കൂർക്കക്കൃഷിക്ക് കാലമായി; ഒരു സെന്റിലെ കൂർക്കക്കൃഷി ഇങ്ങനെ
Mail This Article
അധികം പ്രയാസമില്ലാതെ വീട്ടുവളപ്പിൽ ആർക്കും കൃഷി ചെയ്യാവുന്നതാണു കൂർക്ക. വെള്ളം കെട്ടി നിൽക്കാത്ത നല്ല നീർവാർച്ചയുള്ള സാമാന്യം നല്ല ഫലപുഷ്ടിയുള്ള മണ്ണാണു കൂർക്ക കൃഷി ചെയ്യാനുത്തമം. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സീസണിലാണ് വള്ളിത്തലപ്പുകൾ കൃഷിയിടത്തിൽ നടേണ്ടത്. ഇതിന് ഒരു മാസം മുൻപ് തവാരണയിൽ വിത്തു കിഴങ്ങു നട്ടു തലപ്പുകൾ തയാറാക്കണം.
ഒരു സെന്റിലെ കൂർക്കക്കൃഷി ഇങ്ങനെ...
രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തവാരണ അല്ലെങ്കിൽ തടം തയാറാക്കി അരക്കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ ചാണകം മണ്ണിൽ ചേർത്തു കൊടുക്കുക. മുക്കാൽ മുതൽ ഒരു കിലോ കൂർക്കക്കിഴങ്ങു കൊണ്ട് ഒരു സെന്റിനു വേണ്ട വള്ളിത്തലപ്പു തയാറാക്കാം. അവ 30 x 15 സെന്റിമീറ്റർ ഇടയകലത്തിൽ തടത്തിൽ നടുക. മൂന്നാഴ്ചയ്ക്കു ശേഷം 15 സെന്റിമീറ്റർ നീളത്തിൽ വള്ളിത്തലപ്പുകൾ മുറിച്ചെടുത്തു കൃഷിയിടത്തിൽ നടാം. മാതൃ വള്ളികൾക്കു 200ഗ്രാം പച്ചച്ചാണകം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്തു തളിച്ചു കൊടുക്കുന്നതു പുതിയ കിളിർപ്പു വരാൻ സഹായിക്കും. പിന്നീട് വരുന്ന കിളിർപ്പുകളും നടാൻ ഉപയോഗിക്കാം.
വിള പരിപാലനം
നടാൻ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി നല്ലതുപോലെ കിളച്ചു സെന്റിന് ഒരു കിലോഗ്രാം കുമ്മായം എന്ന തോതിൽ ചേർത്തു പരുവപ്പെടുത്തുക. 2-3 അടി വീതിയും ആവശ്യാനുസരണം നീളവും ഒരടി ഉയരത്തിലും വരമ്പുകൾ തയാറാക്കുക. വരമ്പുകൾ തമ്മിൽ ഒരടി അകലം ക്രമീകരിക്കണം. ഒരു സെന്റ് സ്ഥലത്തു 40 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ ചാണകവും 8 കിലോഗ്രാം വേപ്പിൻ പിണ്ണാക്കും യോജിപ്പിച്ചു ചേർക്കുക. നിമാവിരയെ പ്രതിരോധിക്കാൻ ഇത് ഉപകരിക്കും.
വള്ളിത്തലപ്പുകൾ 30 x 15 സെന്റിമീറ്റർ അകലത്തിൽ നടാം. തടങ്ങളിൽ ശീമക്കൊന്നയുടെ ഇല പുതയിടുന്നതും നിമാവിര നിയന്ത്രണത്തിനു നല്ലതാണ്. അടിവളമായി സെന്റൊന്നിന് 250 ഗ്രാം യൂറിയ 1.250 കിലോഗ്രാം രാജ്‌ഫോസ്, 300 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. പ്രധാനയിനങ്ങളായ ശ്രീധര, നിധി, സുഫല അല്ലെങ്കിൽ വിപണിയിൽ നിന്നു ലഭിക്കുന്ന കീടരോഗ ബാധയില്ലാത്ത വലുപ്പമുള്ള കൂർക്കക്കിഴങ്ങും വള്ളിത്തലപ്പുണ്ടാക്കാൻ ഉപയോഗിക്കാം.
നട്ട് ഒന്നര മാസത്തിനു ശേഷം 250 ഗ്രാം യൂറിയ 350 ഗ്രാം പൊട്ടാഷും ചേർത്ത് മണ്ണ് കയറ്റി കൊടുക്കുക. ഇടയ്ക്കിടയ്ക്ക് ചെടിയുടെ ചുവട്ടിൽ മണ്ണു കയറ്റി കൊടുക്കുന്നതു ഉൽപാദനം വർധിക്കാൻ സഹായിക്കും. ചെടി ഉണങ്ങി തുടങ്ങുന്നതു വിളവെടുപ്പിനു സമയമായി എന്നതിന്റെ ലക്ഷണമാണ്. നാലര -അഞ്ച് മാസത്തിനുള്ളിൽ വിളവു ലഭിക്കും. ഒരു സെന്ററിൽ നിന്ന് ഏകദേശം 75 കിലോഗ്രാം വരെ കിഴങ്ങു ലഭിക്കാം.
സ്ഥലപരിമിതിയുള്ളവർക്ക് ഗ്രോ ബാഗിലോ അരിച്ചാക്കിലോ കൃഷി ചെയ്യാം. ഒരു ബാഗിൽ 3 വള്ളി വരെ നടാം.
കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി വിഭാഗത്തിൽ അത്യുൽപാദന ശേഷിയുള്ള കൂർക്കയിനത്തിന്റെ വള്ളിത്തലപ്പുകൾ ലഭ്യമാണ്.ഫോൺ: 9188248481 (രാവിലെ 9 മുതൽ വൈകിട്ട് 4 വരെ).
വിവരങ്ങൾക്കു കടപ്പാട്:
ഡോ.വന്ദന വേണുഗോപാൽ,
പ്രഫസർ (അഗ്രോണമി), കാർഷിക സർവകലാശാല, വെള്ളാനിക്കര.