ADVERTISEMENT

കിഴങ്ങുവിളകൾക്ക് കേരളത്തിലെ പുരയിടങ്ങളിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ടായിരുന്നു. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്യുന്നതുവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം  വികസിപ്പിച്ചെടുത്ത മിനി സെറ്റ് രീതിയിൽ വളരെ കുറഞ്ഞ അളവിലുള്ള വിത്തുപയോഗിച്ച് കൂടുതൽ അളവിലും വേഗത്തിലും കിഴങ്ങുവിളകളുടെ വിത്തുൽപാദനം സാധ്യമാണ്. വിത്തിന്റെ ദൗർലഭ്യം പരിഹരിക്കാനും കൂടുതൽ വരുമാനം നേടാനും ഈ രീതി സഹായിക്കുന്നു. ടിഷ്യൂകൾച്ചർ പോലുള്ള പ്രവർധനരീതിയെക്കാൾ ചെലവുകുറഞ്ഞതും പ്രായോഗികവുമാണിത്. 

മരച്ചീനി

തെക്കു-പടിഞ്ഞാറൻ കാലവർഷം തുടങ്ങുന്ന മേയ് -ജൂൺ  മാസങ്ങളിലാണ് മരച്ചീനി നടുക. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലെ വടക്കു കിഴക്കൻ കാലാവർഷത്തോടെയും നടാം.

മികച്ച ഇനങ്ങൾ

തിരുവനന്തപുരം കേന്ദ്രകിഴങ്ങുവിളഗവേഷണ കേന്ദ്രത്തിൽനിന്നുള്ള ഇനങ്ങൾ ശ്രീ രക്ഷ , ശ്രീ പവിത്ര,  ശ്രീ സുവർണ, ശ്രീ ശക്തി, ശ്രീ സ്വർണ, ശ്രീ അപൂർവ, ശ്രീ അതുല്യ, ശ്രീ വിജയ തുടങ്ങിയവയാണ്. ഇവയിൽ ശ്രീ രക്ഷ, ശ്രീ സുവർണ, ശ്രീ ശക്തി എന്നിവ വൈറസ് മൂലമുള്ള മൊസൈക് രോഗത്തിനു പ്രതിരോധ ശേഷി ഉള്ളവയാണ്. മികച്ച പാചകഗുണമുള്ള ശ്രീ പവിത്ര കുറഞ്ഞ തോതിൽ മാത്രം പൊട്ടാഷ് ആവശ്യമുള്ള ഇനമാണ്. കൂടുതൽ കരോട്ടീൻ ഉള്ളതിനാൽ  ശ്രീ സുവർണയുടെ കിഴങ്ങിന് ഇളം മഞ്ഞ നിറമാണ്. 6–7 മാസത്തിൽ വിളവെടുക്കാവുന്ന ശ്രീ ജയ, വെള്ളായണി ഹ്രസ്വ എന്നിവയാണ് മൂപ്പ് കുറഞ്ഞ ഇനങ്ങൾ. ഇതുകൂടാതെ കർഷകർക്കിടയിൽ പ്രചാരത്തിലുള്ള ഉള്ളിച്ചുവല, നാടൻ ചുവപ്പ്, കാന്താരിപടപ്പൻ, വെള്ള തണ്ടൻ, ആമ്പക്കാടൻ, പടപ്പൻ, മിക്ച്ചർ ചുവപ്പ്, പതിനെട്ട് , കലികാലൻ , സിംഗപ്പൂർ കറുപ്പ്, ആറുമാസ ചുവപ്പ്, ആറുമാസ വെള്ള, ഉമ്മൻ, ദിവാൻ, കൊട്ടാരക്കര വെള്ള, മലബാർ കപ്പ, പുല്ലാട് കപ്പ, ഏത്ത കപ്പ എന്നിവ മികച്ച നാടൻ ഇനങ്ങളാണ്.

sree-raksha

നടീൽവസ്തു തിരഞ്ഞെടുക്കൽ

ആരോഗ്യമുള്ളതും രോഗവിമുക്തവുമായ വിത്തുകമ്പുകൾ ശേഖരിക്കുക. നടാനുള്ള കഷ്ണങ്ങൾക്ക് 20 സെ.മീ നീളവും 5 മുകുളങ്ങളും ഉണ്ടായിരിക്കണം. കമ്പിന് 2-3 സെ.മീ കനംവേണം. വിത്തുകമ്പ് മുറിക്കുമ്പോൾ മൂടുഭാഗത്തെ 10 സെ.മീ.യും മുകളറ്റത്തെ ഇളം ഭാഗവും ഒഴിവാക്കണം. രണ്ടു മാസത്തിൽ കൂടുതൽ സൂക്ഷിച്ചുവച്ച കമ്പുകൾ നടാനെടുക്കരുത്. ശരാശരി ഒരുഹെക്ടറിന്  2000 –3000 കമ്പുകൾ വേണ്ടിവരും. രോഗകീടബാധയുടെ ലക്ഷണമുള്ള കമ്പുകൾ നശിപ്പിച്ചുകളയണം. മൂർച്ചയുള്ള കത്തിയോ വാളോ ഉപയോഗിച്ചുവേണം കമ്പുകൾ മുറിച്ചെടുക്കാൻ. ആരോഗ്യമുള്ള കമ്പുകൾ മരത്തണലിൽ അഥവാ ചൂടേൽക്കാത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് കുത്തനെയോ ചാരിയോ അടുക്കിവയ്ക്കണം. തൊലിയ്ക്കും മുകുളത്തിനും കേടോ ചതവോ ഉണ്ടാവരുത്.

മിനിസെറ്റ് രീതി

പരമ്പരാഗതരീതിയിൽ മുടുഭാഗത്തെ 10 സെ.മീറ്ററും അഗ്രഭാഗത്തെ 30 സെ.മീറ്ററും ഒഴിവാക്കിയാണ് വിത്തുകമ്പെടുക്കുക.  എന്നാൽ മിനി സെറ്റ്   രീതിയിൽ ഇവയും ഉപയോഗിക്കാം. കമ്പുകൾ രണ്ടുമുകുളം മാത്രമുള്ള ചെറിയ കഷണങ്ങളാക്കുന്നു. അങ്ങനെ ഒരുകമ്പിൽനിന്ന് ശരാശരി 60 തൈകൾ വരെ (പരമ്പരാഗത രീതിയേക്കാൾ പത്തു മടങ്ങുവരെ) ലഭിക്കും. ഇവയെ നഴ്സറിയിലോ പ്രോട്രേയിലോ മുളപ്പിച്ചശേഷം കൃഷിയിടത്തിൽ നടണം. കൃഷിയിടം അടുത്തുതന്നെയാണെങ്കിൽ തവാരണയിലും ദൂരെയാണെങ്കിൽ കൊണ്ടുപോകാനുള്ള സൗകര്യാർഥം ട്രേയിലും ഇവ മുളപ്പിക്കാവുന്നതാണ്. ഒരുഹെക്ടർ കൃഷിക്കാവശ്യമായ നടീൽവസ്തു ഉൽപാദിപ്പിക്കാൻ 145 ചതുരശ്രമീറ്റർ നഴ്സറി മതിയാകും.

മിനിസെറ്റ് തൈകൾ പണകളിൽ ഇടയകലം കുറച്ചു (ചെടികൾ തമ്മിൽ 45സെ.മി) നടാം. ഇതുവഴി 75-80 ടൺ കിഴങ്ങിന് പുറമെ നടീൽവസ്‌തുവായി 60,000 കമ്പുവരെ ഒരു ഹെക്ടറിൽനിന്ന്  ലഭിക്കും.

നിലമൊരുക്കൽ

കിളച്ചു കൂനകളാക്കിയാണ് വിത്തുകമ്പ് നടുന്നത്. വേനൽ മഴ കിട്ടിയാലുടനെ നിലം ഒരുക്കാം. വലിയ തോട്ടങ്ങളിൽ ട്രാക്ടർ ഉപയോഗിച്ച് 3 -4 തവണ ഉഴുതും നടാവുന്നതാണ്. 25-30 സെ.മി. ഉയരമുള്ള കൂനകളിലോ വാരങ്ങളിലോ നട്ടാൽ മതി. മുറിച്ചെടുത്ത കമ്പുകൾ 5 സെ.മി. ആഴത്തിൽ നടണം. ശിഖരങ്ങൾ വീശുന്ന  ഇനമാണെങ്കിൽ 90 x 90 സെ.മി. (3x3 അടി) അകലത്തിലും അല്ലാത്തവ 75 x75 സെ.മി. അകലത്തിലും നടാം. മുളയ്ക്കാത്ത കമ്പുകൾ 15 -20 ദിവസത്തിനുള്ളിൽ  മാറ്റി നടണം. ഇതിനായി  5 % കമ്പുകൾ നഴ്സറിയായി മാറ്റിനടണം. മുളച്ച് 10 -15 ദിവസത്തിനുള്ളിൽ രണ്ടിലധികം ചിനപ്പുകളുണ്ടെങ്കിൽ  നുള്ളിക്കളയണം

അടിവളം 

അടിവളമായി ഹെക്ടറൊന്നിന് 12.5 ടൺ  കാലിവളമോ കമ്പോസ്റ്റോ നിലമൊരുക്കുമ്പോൾ മണ്ണിൽ ചേർക്കണം. കൂടാതെ 110 കി. ഗ്രാം യൂറിയ, 250 കി. ഗ്രാo രാജ്‌ഫോസ്, 85 കി. ഗ്രാം മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും അടിവളമായി ചേർക്കണം.

വിലാസം

ഡോ. കെ.സുനിൽകുമാർ (പ്രിൻസിപ്പൽ സയന്റിസ്റ്റ്), ഡോ. കെ. സൂസൻ ജോൺ, പ്രിൻസിപ്പൽ സയന്റിസ്റ്റ്

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ശ്രീകാര്യം, തിരുവനന്തപുരം

English Summary:

Disease-Resistant Cassava Varieties for Enhanced Crop Yield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com