രണ്ടു മാസംകൊണ്ട് വിറ്റത് 370 കിലോ കൂവപ്പൊടി; സാമുവൽ കൃഷി ചെയ്യും, മോളിക്കുട്ടി പാചകം ചെയ്യും
Mail This Article
റബറിനു വിലയിടിഞ്ഞപ്പോൾ പിടിച്ചു നിൽക്കാനാണ് കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മലപ്പേരൂരിലുള്ള സാമുവൽ പണയിൽ എന്ന കർഷകൻ ജൈവകൃഷിയിലേക്കു തിരിഞ്ഞത്. കൃഷി ചതിച്ചില്ല; എന്നു മാത്രമല്ല ഒട്ടേറെ സൗഹൃദങ്ങളും ഒപ്പം സാമ്പത്തിക മെച്ചവുമത് സാമുവലിനു നൽകി. ഇട്ടിവ കൃഷിഭവന്റെയും സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും പിന്തുണയാണ് കൃഷിയിൽ പുതിയ പരീക്ഷണങ്ങൾക്കു ധൈര്യം നൽകിയതെന്നും സാമുവൽ.
ഒന്നരയേക്കർ പുരയിടത്തിൽ റബർകൃഷിയും റബർതൈ നഴ്സറിയുമായിരുന്നു സാമുവലിന്റെ വരുമാന മാർഗം. 6 വർഷം മുൻപത് സമ്മിശ്ര ജൈവകൃഷിക്കു വഴിമാറി. ഈ ജൈവകൃഷിയിടത്തിനു പക്ഷേ പാരമ്പര്യ സമ്മിശ്രക്കൃഷിയുടെ പതിവു മുഖമല്ല ഉള്ളത്. പ്രധാന വിള വെള്ളക്കൂവ. അവയ്ക്കിടയിൽ കപ്പ, മഞ്ഞൾ തുടങ്ങിയവ. ഒപ്പം വീട്ടാവശ്യത്തിനു മാത്രം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും. പുരയിടത്തിലെ പ്ലാവുകളും സാമുവലിന് നല്ല വരുമാനമാർഗം തന്നെ. ചെറുധാന്യങ്ങളായ മണിച്ചോളം, കമ്പ് തുടങ്ങി വിളകൾ വേറെയുമുണ്ട്. ജൈവകൃഷിയിലേക്കു ചുവടു മാറ്റിയപ്പോൾ ആദ്യം ചെയ്തത് മണ്ണിര കംപോസ്റ്റ് യൂണിറ്റ് നിർമിക്കലായിരുന്നു. കൃഷിയിടത്തിലെ മുഴുവൻ ജൈവാവശിഷ്ടങ്ങളും അതുവഴി വളമായി മാറുന്നു. മണ്ണിര കംപോസ്റ്റ്, വെർമിവാഷ്, ജീവാമൃതം, അഞ്ചിലക്കഷായം, ഫിഷ് അമിനോ ആസിഡ് തുടങ്ങിയുള്ള ജൈവവളങ്ങളും ജൈവനിയന്ത്രണോപാധികളും മാത്രം ഉപയോഗിച്ച് മികച്ച ഉൽപാദനം സാധ്യമെന്നും സാമുവൽ പറയുന്നു.
വിലയുള്ളവ മാത്രം
എല്ലാ കൃഷിയിനങ്ങളും ഉൾപ്പെടുത്തുക എന്നതല്ല നല്ല വിലയ്ക്കു വിൽക്കാൻ കഴിയുന്നതു മാത്രം കൃഷി ചെയ്യുക എന്നതാണ് കേരള ജൈവകർഷക സമിതിയുടെ കൊല്ലം ജില്ലാ പ്രസിഡന്റ് കൂടിയായ സാമുവലിന്റെ നയം. അക്കൂട്ടത്തിൽ ഒന്നാം സ്ഥാനം കൂവയ്ക്കാണ്. ഇക്കഴിഞ്ഞ സീസണിൽ വിളവെടുത്ത കൂവ അരച്ച്, തെളിച്ച് തയാറാക്കിയത് 370 കിലോ കൂവപ്പൊടി. കൃഷിയും മൂല്യവർധനയുമെല്ലാം ചെയ്യുന്നത് സാമുവലും ഭാര്യ മോളിക്കുട്ടിയുംതന്നെ. കൂവ അരച്ച്, തെളിച്ച്, ഉണക്കി പൊടിയാക്കി എടുക്കുന്നത് അധ്വാനമുള്ള കാര്യമാണ്. ആഴ്ചകളെടുത്തു സാവകാശമാണതു ചെയ്യുക. ഒറ്റയടിക്ക് ആർക്കെങ്കിലുമതു വിൽക്കുന്ന രീതിയുമില്ല. ‘ഫാം ഫോക്ക്’ എന്ന ലേബലിൽ ആവശ്യക്കാർക്കു കുറിയർ ചെയ്യുന്നു. കിലോ 900 രൂപയ്ക്കാണു വിൽപന. മികച്ച പോഷകഗുണങ്ങളുള്ള കൂവപ്പൊടി മുൻപ് കുട്ടികൾക്കാണു കുറുക്കി കൊടുത്തിരുന്നതെങ്കിൽ ഇന്നു മുതിർന്നവരും കഴിക്കുന്നു. 370 കിലോ കൂവപ്പൊടിയും 2–3 മാസം കൊണ്ടു വിൽക്കാനായത് ജൈവോൽപന്നങ്ങളുടെ, അതിൽത്തന്നെ ആരോഗ്യവിഭവങ്ങളുടെ, വിപണി വളരുന്നതിന്റെ തെളിവെന്നു സാമുവൽ. വരുമാനത്തിന്റെ മൂന്നിലൊന്നു കൃഷിച്ചെലവായി കണക്കിട്ടാലും നല്ലൊരു ലാഭം കൂവ നൽകും.
മഞ്ഞൾപ്പൊടിയാണ് മികച്ച ഡിമാൻഡുള്ള മറ്റൊരുൽപന്നം. ജൈവമഞ്ഞൾപ്പൊടി കിലോ 350 രൂപയ്ക്കു വിൽപന. മഞ്ഞൾപ്പൊടിയും മണിച്ചോളപ്പൊടിയുമെന്നും അധികം ഉൽപാദിപ്പിക്കുന്ന പതിവില്ല. ഉൽപാദിപ്പിക്കുന്നതത്രയും നല്ല വിലയ്ക്കു വിൽക്കുക എന്നതിലാണ് കാര്യമെന്നു സാമുവൽ. ചിപ്സുകളുടെ ചുമതല മോളിക്കുട്ടിക്കാണ്. സമൃദ്ധമായി വിളയുന്ന ചക്കയിൽനിന്ന് വർഷം 250 കിലോയോളം ചിപ്സു തയാറാക്കും. രുചികരമായ ചക്കച്ചിപ്സിന് കിലോ 500 രൂപ വില. പരിമിതമായി മാത്രമാണു കപ്പക്കൃഷി. അതു പക്ഷേ ഒരു കിഴങ്ങുപോലും പച്ചയ്ക്കു വിൽക്കില്ല. ഉണക്കക്കപ്പയാക്കി കിലോ 80 രൂപയ്ക്കും ചിപ്സാക്കി 250 രൂപയ്ക്കും വിൽക്കുന്നു. ഇതിനിടെ തൊമര, ചീര, കടല തുടങ്ങി ചെറുകൃഷികളുമുണ്ട്.
എന്തിനാണോ ആവശ്യക്കാരുള്ളത് അത് ഉത്തരവാദിത്തത്തോടെ കൃഷി ചെയ്യുകയും അതിനു മൂല്യം കാണുന്നവർക്കു മാത്രം വിൽക്കുകയും ചെയ്യുമ്പോഴാണ് ജൈവകൃഷി ആദായകരമാകുന്നതെന്നു സാമുവൽ. ഉൽപന്നം മികച്ചതെന്ന് ആളുകൾ പറയുമ്പോൾ ഉത്തരവാദിത്തം വർധിക്കുമെന്നും ഈ കർഷകൻ ഓർമിപ്പിക്കുന്നു. അതിനൊപ്പം ലാഭവിപണിയും വന്നു ചേരും. കുറഞ്ഞ സ്ഥലത്തുനിന്നു കൂടുതൽ വരുമാനം സാധിക്കുന്നതും അങ്ങനെ തന്നെ.
ഫോൺ: 9400675991