ADVERTISEMENT

‘‘എട്ടു പത്തു കൊല്ലമായി ഈ പ്രദേശങ്ങളിൽ മലയിഞ്ചിക്കൃഷി വ്യാപകമായുണ്ട്. നവംബർ മുതൽ മാർച്ച് വരെ നീളുന്ന വിളവെടുപ്പുകാലത്ത് ദിവസവും ടൺ കണക്കിന് മലയിഞ്ചിയാണ് ഇവിടനിന്നു ലോറിയിൽ കയറ്റിവിടുന്നത്. കൃഷിച്ചെലവില്ല എന്നതും മോശമല്ലാത്ത വിലയുണ്ട് എന്നതും കൃഷിക്കാരെ ആകർഷിക്കുന്നു. റബറിന് ഇടവിളയാക്കാം എന്ന മേന്മയുമുണ്ട്’’, ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് മുട്ടത്തുള്ള റബർത്തോട്ടത്തിലെ മലയിഞ്ചിക്കൃഷി ചൂണ്ടിക്കാട്ടി രാധാകൃഷ്ണന്റെ വാക്കുകൾ. 

മൂലമറ്റം മുരളീസദനത്തിൽ എം.വി.രാധാകൃഷ്ണൻ ഉൾപ്പെടെ തൊടുപുഴയുടെ പരിസരപ്രദേശങ്ങളിലെ മലയോരങ്ങളിൽ മലയിഞ്ചി (Alpina zerumbet) കൃഷി ചെയ്യുന്ന കർഷകർ ഒട്ടേറെയുണ്ട്. മൂലമറ്റത്തു ബിസിനസ് നടത്തുന്ന രാധാകൃഷ്ണൻ മുട്ടത്തും കുടയത്തൂരുമായി റബറിന് ഇടവിളയായും തനിവിളയായും 12 ഏക്കറോളം സ്ഥലത്താണ് മലയിഞ്ചി നട്ടിരിക്കുന്നത്. ഔഷധനിർമാതാക്കളാണ് മലയിഞ്ചിയുടെ ആവശ്യക്കാർ. വടക്കേ ഇന്ത്യയിലേക്കാണ് ഇവിടെനിന്നു ചരക്കു പോകുന്നത്. വേദനസംഹാരിലേപനങ്ങളുടെ ചേരുവയായാണ് മുഖ്യ ഉപയോഗം. സത്തും വിവിധ ഉൽപന്നങ്ങളിൽ പ്രയോജനപ്പെടുത്തുന്നു. കയറ്റുമതിയുമുണ്ട്. 

സാധാരണ ഇഞ്ചിയുടെ കാര്യത്തിലെന്നപോലെ, പറിച്ച്, വേരു നീക്കി ഉണക്കിയെടുത്ത മലയിഞ്ചി കിലോയ്ക്ക് 120–140 രൂപ ഇപ്പോൾ വിലയുണ്ടെന്ന് രാധാകൃഷ്ണൻ. പച്ചയ്ക്ക് ശരാശരി 60 രൂപയും. വിളവെടുപ്പുകാലത്ത് മൂലമറ്റം, മുട്ടം, അറക്കുളം പ്രദേശങ്ങളിലെ മലഞ്ചരക്കുവ്യാപാരികള്‍ കർഷകരിൽനിന്നു മലയിഞ്ചി നേരിട്ടു സംഭരിക്കാറുണ്ട്. തോട്ടം അടങ്കൽ എടുക്കുന്ന കച്ചവടക്കാരുമുണ്ട്. ഈ രീതിയില്‍ കർഷകനു ലഭിക്കുന്ന വില കുറയുമെങ്കിലും വിളവെടുപ്പിന്റെ ചെലവും അധ്വാനവും ഒഴിവാകും. 

malayinchi-3

സീറോ ബജറ്റ് കൃഷി

കൃഷിയും വിലയുമൊക്കെ ആകർഷകമെങ്കിലും മലയിഞ്ചിക്ക് ചില പോരായ്മകളുണ്ട്. 3–4 വർഷമെങ്കിലും വേണം വിളവെടുക്കാൻ എന്നതുതന്നെ മുഖ്യം. അതായത്, കാര്യമായ വരുമാനമില്ലാത്തതും തരിശായി കിടക്കുന്നതും മറ്റു കൃഷികൾക്കു യോജ്യമല്ലാത്തതുമായ കൃഷിയിടങ്ങൾക്കു ചേർന്ന വിളയാണു മലയിഞ്ചി. ഉടനടി വരുമാനം പ്രതീക്ഷിക്കുന്ന കർഷകർ മലയിഞ്ചിയെ മൈൻഡ് ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന പക്ഷം വിളവെടുപ്പുസമയത്ത് ഒരുമിച്ച് നല്ലൊരു തുക കയ്യിലെത്തുകയും ചെയ്യും. മലയിഞ്ചി വിളവെടുക്കുമ്പോൾ വിത്തുകിഴങ്ങുകൾ മണ്ണിൽത്തന്നെ നിലനിർത്തുകയാണെങ്കിൽ തുടർന്നുള്ള വളർച്ച വേഗത്തിലാകും. അടുത്തവട്ടം ഒരു വർഷം നേരത്തേ വിളവെടുക്കാം.  

പൈനാപ്പിൾപോലെ റബർതൈകൾക്ക് ആദ്യ 3 വർഷം ഇടവിളയായി മലയിഞ്ചി നടുന്നവരുണ്ട്. മലയിഞ്ചിക്കു നല്ല സൂര്യപ്രകാശം വേണ്ടതിനാൽ റബർ വളരുന്നതോടെ ഒഴിവാക്കേണ്ടിവരും. പ്രായമേറിയ റബർ തോട്ടങ്ങൾക്കും മലയിഞ്ചി യോജിക്കുമെന്ന് രാധാകൃഷ്ണൻ. ഇടയ്ക്കു മരങ്ങൾ നഷ്ടപ്പെട്ടിരിക്കാം എന്നതിനാലും ഇലക്കൊഴുപ്പു കുറവെന്നതിനാലും ഇത്തരം തോട്ടങ്ങളിൽ സൂര്യപ്രകാശലഭ്യതയേറും.

malayinchi-2

തൂമ്പയ്ക്ക് ഒരു കിളയെടുത്ത് അതിൽ കിഴങ്ങു നടാം. വിത്തായി വയ്ക്കുന്ന കിഴങ്ങ് സാമാന്യം വലുപ്പമുള്ളതാവണം. മുളച്ചുയർന്ന് ഏലം പോലെ ഒരു ചുവട് ഒരു കൂട്ടമായി മാറുന്ന രീതി തന്നെയാണു മലയിഞ്ചി യുടേതും. തണ്ടുകൾ ഒരാൾപ്പൊക്കത്തിൽ വളരും. മൂന്നു വർഷമെത്തുമ്പോൾത്തന്നെ 30 കിലോ തൂക്കം വയ്ക്കുന്ന ചുവടുകളുണ്ട്. വളമൊന്നും ആവശ്യമില്ലെങ്കിലും ആണ്ടിലൊരുവട്ടം ചാരവും ചാണകവും വിതറിയാൽ വിളവു കൂടുമെന്നും രാധാകൃഷ്ണൻ. ഇക്കാലത്തിനിടയിൽ 3 തവണ മലയിഞ്ചി വിളവെടുത്തു വിറ്റ് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നു രാധാകൃഷ്ണൻ പറയുന്നു. കഴിഞ്ഞ വർഷം രണ്ടു ലക്ഷം രൂപയോളം ലഭിച്ചു. 

ഔഷധനിർമാതാക്കളാണ് മലയിഞ്ചിയുടെ ആവശ്യക്കാർ എന്നു പറഞ്ഞല്ലോ. ഒരു പ്രദേശത്ത് ഒട്ടേറെ കർഷകർ ഒരുമിച്ചു കൃഷി ചെയ്യുന്നത് ഔഷധശാലകൾക്കു വേണ്ടി ടൺകണക്കിനു സംഭരിക്കുന്ന കച്ചവടക്കാർക്കു സൗകര്യമാകും. അതുതന്നെയാണ് ഈ പ്രദേശത്തെ കർഷകർക്കു നേട്ടമാകുന്നതും. എന്നാല്‍, ഒറ്റപ്പെട്ടു മലയിഞ്ചി കൃഷി ചെയ്യുന്നവർ വിപണി കണ്ടെത്താൻ പ്രയാസപ്പെടും. ഡിമാൻഡിന് ആനുപാതികമല്ലാതെ കൃഷിയും ഉല്‍പാദനവുമേറിയാല്‍ വിലയിടിയുമെന്ന ആശങ്കയുണ്ടെങ്കിലും നിലവിൽ ഈ സീറോ ബജറ്റ് വിളയിൽ ഉറച്ചു നിൽക്കാനാണ് രാധാകൃഷ്ണന്റെ തീരുമാനം.

ഫോൺ: 9446717833

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com