മല്ലിച്ചപ്പ് തയാറാക്കാൻ എന്തെളുപ്പം! തഴച്ചു വളരും, ചെടിച്ചട്ടിയിലും: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
മല്ലിയില വീട്ടില്‍ത്തന്നെ ഉല്‍പാദിപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മല്ലിയില വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാം.
ഏതു കൃഷിക്കും ആദ്യ പടി മണ്ണൊരുക്കലാണ്. പുതിയ മണ്ണാണങ്കില്‍ കുമ്മായം ചേര്‍ത്ത് മണ്ണ് സൗകര്യം പോലെ വെയില്‍ കൊള്ളിച്ച ശേഷം വലിയ കല്ലുകളെല്ലാം നീക്കി ചാണകപ്പൊടി, ചകിരിച്ചോറ്, അല്‍പം വേപ്പിന്‍ പിണ്ണാക്ക്, അല്‍പം കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുക്കുക. അതല്ലെങ്കിൽ, നന്നായി കയ്ഫലം കിട്ടിയതും രോഗ ബാധ ഉണ്ടാകാത്തതും ചെളി ഇല്ലാത്തതും നല്ല ഇളക്കമുള്ളതുമായ ഒരു ഗ്രോബാഗിലെ മണ്ണ് എടുക്കുക. അതില്‍ കുറച്ച് ചാണകപ്പൊടി, അല്‍പം കമ്പോസ്റ്റ് എന്നിവ ചേര്‍ക്കുക (മറ്റ് വളങ്ങളും ചേര്‍ക്കാം, ഒന്നും അമിതം ആകണ്ട).
ഗ്രോബാഗിനേക്കാള്‍ നല്ലത് അടുക്കളത്തോട്ടത്തിന് ചട്ടിയോ, വിസ്താരമുള്ള ബേസിനോ ആണ്. മഴ ഏറിയാല്‍ ഇവ അനായാസം മാറ്റി വയ്ക്കാന്‍ കഴിയും.
ചട്ടിയില്‍ മുക്കാല്‍ ഭാഗത്തോളം നടീൽ മിശ്രിതം നിറയ്ക്കണം. മൂന്നോ നാലോ ദിവസം നന്നായി നനയ്ക്കുക. വിത്ത് പാകുന്നതിന്റെ അന്ന് കാലത്തെ നനയ്ക്കുക. വിത്ത് പാകാനായി വട്ടത്തില്‍ ഒരു ചാലെടുക്കുക. വിരല്‍ കൊണ്ട് വരച്ചാല്‍ മതിയാകും. ഈ ചാലിലേക്ക് വിത്ത് പാകാം.
വിത്ത് വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തതോ, തേയില വെള്ളത്തില്‍ 20 മിനിട്ട് ഇട്ടതോ ആകാം.
പിളര്‍ത്തിയ ശേഷം പാകുന്നത് അതിവേഗം മുളയ്ക്കാൻ സഹായിക്കും.
വിതറിയ മല്ലി വിത്തിനു മുകളില്‍ വിത്ത് മൂടത്തക്ക വിധം സംസ്‌കരിച്ച ചകിരിച്ചോര്‍ ഇടുക. ചകിരിച്ചോറിനു മുകളില്‍ വെള്ളം തളിച്ചുകൊടുക്കാം. മുളയ്ക്കുന്നതു വരെ ഇങ്ങനെ നനയ്ക്കാം. വെള്ളം അധികമാകരുത്. മുകള്‍ ഭാഗത്ത് എപ്പോഴും നനവ് മാത്രം മതി.
മുളച്ചു തുടങ്ങിയാല്‍ വെയിലില്‍ വച്ച് കൊടുക്കാം. വെയില്‍ കിട്ടുന്ന സണ്‍ഷേഡിന് താഴെ വച്ചാല്‍ മഴയില്‍നിന്നും രക്ഷപ്പെടാം. ആവശ്യത്തിന് വെയില്‍ കിട്ടാതിരുന്നാല്‍ മുളച്ച് നീണ്ട് ആരോഗ്യമില്ലാതെ വളരും.
മുളച്ചു വരുന്ന തൈകള്‍ക്ക് വെള്ളം സ്‌പ്രേ ചെയ്ത് നല്‍കാം. നന ശ്രദ്ധിച്ചില്ലെങ്കില്‍ ചെടികള്‍ ചെരിയും പിന്നെ നന്നായി കിട്ടില്ല.